ADVERTISEMENT

രാജ്യാന്തര ബഹിരാകാശ നിലയത്തിലെ ഇരുന്നൂറ് ദിവസത്തെ വാസത്തിനു ശേഷം നാല് സഞ്ചാരികള്‍ ഭൂമിയിലിറങ്ങി. സ്പേസ്എക്സിന്റെ ക്രൂ ഡ്രാഗനിലായിരുന്നു യാത്ര. ഫ്ലോറിഡ തീരത്താണ് പേടകം സുരക്ഷിതമായി ഇറങ്ങിയത്. എട്ട് മണിക്കൂറിലേറെ നീണ്ടതായിരുന്നു ഭൂമിയിലേക്കുള്ള യാത്ര. ഇതിനിടെ സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ ക്യാപ്‌സ്യൂളിലെ ശുചിമുറിയിലെ ചോര്‍ച്ചയും സഞ്ചാരികൾക്ക് വലിയ വെല്ലുവിളിയായിരുന്നു.

 

നാസയുടെ മക്ആര്‍തര്‍, ഷെയ്ന്‍ കിംബ്രോ, ജപ്പാന്റെ അകിഹികോ ഹോഷിഡെ, യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ തോമസ് പെസ്‌ക്വറ്റ് എന്നിവരാണ് ഐഎസ്എസില്‍ നിന്നും ഭൂമിയിൽ തിരിച്ചെത്തിയത്. ഗൾഫ് ഓഫ് മെക്സിക്കോയിൽ പതിച്ച പേടകത്തിനുള്ളിൽ നിന്നും യാത്രികരെ റെസ്ക്യൂ ഷിപ്പുകളാണ് സുരക്ഷിതമായി തീരത്തെത്തിച്ചത്. പിന്നാലെ പേടകവും കരയ്ക്കെത്തിച്ചു. റഷ്യയുടെ രണ്ടും അമേരിക്കയുടെ ഒരാളുമാണ് ഇനി ബഹിരാകാശ നിലയത്തില്‍ ഉള്ളത്. കഴിഞ്ഞ ഏപ്രലിലാണ് ഇവർ ബഹിരാകാശത്തേക്ക് തിരിച്ചത്.

 

ശുചിമുറി മാത്രമായിരുന്നില്ല ഈ യാത്രയില്‍ ബഹിരാകാശ സഞ്ചാരികള്‍ക്ക് മുന്നിൽ‌ വെല്ലുവിളിയായിരുന്നത്. മോശം കാലാവസ്ഥയും കൂട്ടത്തില്‍ ഒരു സഞ്ചാരിയുടെ മോശം ആരോഗ്യ സ്ഥിതിയുമെല്ലാം തലവേദനയായിരുന്നു. ആരുടെ ആരോഗ്യസ്ഥിതിയിലാണ് ആശങ്കയുള്ളതെന്ന കാര്യം ഇതുവരെ പുറത്തുവിട്ടിട്ടില്ല. ബഹിരാകാശ സഞ്ചാരികളുടെ തിരിച്ചുവരവ് പതിവുപോലെ നാസ തല്‍സമയം സംപ്രേക്ഷണം ചെയ്തിരുന്നു.

 

ഏതാണ്ട് 240 കിലോഗ്രാം ഭാരം വരുന്ന വസ്തുക്കളും ഭൂമിയിലേക്ക് സഞ്ചാരികള്‍ കൊണ്ടുവന്നിട്ടുണ്ട്. വിവിധ പരീക്ഷണങ്ങളുടെ ഫലങ്ങളും ബഹിരാകാശ നിലയത്തിലെ ചില ഉപകരണങ്ങളുമെല്ലാം ഇക്കൂട്ടത്തില്‍ പെടും. ബഹിരാകാശത്ത് വിജയകരമായി വിളയിച്ച മുളകിന്റെ പൊടിയും ഭൂമിയിലേക്ക് കൊണ്ടുവന്ന വസ്തുക്കളില്‍ പെടും. കഴിഞ്ഞ ആഴ്ചയായിരുന്നു രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ മുളകിന്റെ വിളവെടുപ്പ് നടന്നത്.

 

English Summary: SpaceX splashdown: Astronauts return home from six-month ISS mission

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com