ഹിരോഷിമയിലല്ല; ജപ്പാനിലെ ഏറ്റവും രൂക്ഷ ആക്രമണം നടന്നത് ടോക്യോയിൽ
Mail This Article
പേൾഹാർബർ... ഹവായിയൻ തീരത്തു സ്ഥിതി ചെയ്യുന്ന അമേരിക്കയുടെ ഈ നാവിക കേന്ദ്രത്തിൽ ജപ്പാൻ നടത്തിയ ആക്രമണമാണ് രണ്ടാം ലോകയുദ്ധത്തിലേക്ക് അമേരിക്കയെ ഇറക്കിയത്. ആക്രമണത്തിനു മറുപടിയായി ജപ്പാനിൽ അമേരിക്ക നടത്തിയ ആക്രമണങ്ങളിൽ ഏറ്റവും പ്രശസ്തമായത് ഹിരോഷിമയും നാഗസാക്കിയുമാണ്.
പേൾ ഹാർബറിനു തിരിച്ചടിയായി യുഎസ് നടത്തിയ ആക്രമണങ്ങളെ പസിഫിക് വാർ എന്നാണ് അവർ വിളിക്കുന്നത്.
ആയുദ്ധത്തിലെ ഏറ്റവും തീവ്രമായ ആക്രമണം നടന്നത് ഹിരോഷിമയിലോ നാഗസാക്കിയിലോ അല്ല, മറിച്ച് ജപ്പാന്റെ തലസ്ഥാന നഗരമായ ടോക്യോയിൽ തന്നെയാണ്.
1945 മാർച്ച് 9–10 തീയതികളിൽ നടത്തിയ ഈ ആക്രമണം ഓപ്പറേഷൻ മീറ്റിങ് ഹൗസ് എന്നറിയപ്പെടുന്നു. ‘കരിമഞ്ഞ് പെയ്ത രാത്രി’ എന്നാണ് ജപ്പാൻകാർ ഇതിനെ വിളിച്ചത്. പേൾ ഹാർബറിനു ശേഷം 1942ൽ തന്നെ യുഎസ് ജപ്പാനെ ആക്രമിച്ചു.1944ൽ യുഎസ് വ്യോമസേന, ബി 29 യുദ്ധവിമാനങ്ങൾ ഉപയോഗിച്ചത് ആക്രമണത്തിന്റെ മൂർച്ച കൂട്ടി. അയ്യായിരം കിലോമീറ്ററുകൾക്കപ്പുറം ഇവയ്ക്ക് റേഞ്ച് ഉള്ളതിനാൽ ചൈനയിൽ നിന്നും പസിഫിക് ദ്വീപുകളിൽ നിന്നും ജപ്പാനിലേക്കു പറന്ന് യുദ്ധം ചെയ്യാൻ ഇവ യുഎസ് സൈനികരെ അനുവദിച്ചു. ജപ്പാന്റെ വ്യാവസായിക, സൈനിക കേന്ദ്രങ്ങളായിരുന്നു യുഎസിന്റെ പ്രധാന ലക്ഷ്യങ്ങൾ. ജപ്പാനും കടുത്ത പ്രതിരോധമൊരുക്കി.
1945 ജനുവരിയിൽ മേജർ ജനറൽ കർട്ടിസ് ലീമെയ് എന്ന ഉന്നത സൈനിക ഉദ്യോഗസ്ഥൻ ജപ്പാനിലെ യുഎസ് ആക്രമണങ്ങളുടെ ചുമതല ഏറ്റെടുത്തു. ഏതു വിധേനയും ജപ്പാനെ തറപറ്റിക്കണമെന്ന നിർദേശം കർട്ടിസിനുണ്ടായിരുന്നു. ഇതെത്തുടർന്ന് സാധാരണ ബോംബുകൾക്ക് പകരം ഇൻസെൻഡിയറി ബോംബുകൾ ഉപയോഗിക്കാൻ തീരുമാനിച്ചു. നാപാം എന്ന രാസവസ്തു ഉപയോഗിക്കുന്ന ബോംബുകളായിരുന്നു ഇവ.
വലിയൊരു സ്ഫോടനമുണ്ടാക്കുന്നതിനു പകരം വീഴുന്ന കേന്ദ്രങ്ങളിൽ കനത്ത, വ്യാപകമായ, നിയന്ത്രിക്കാനാകാത്ത അഗ്നിബാധയുണ്ടാക്കുന്നവയായിരുന്നു നാപാം ബോംബുകൾ. ജപ്പാനിലെ വീടുകളും മറ്റും അന്ന് കൂടുതലും തടിയുപയോഗിച്ചായിരുന്നു നിർമിച്ചത്.
ആക്രമണത്തിനായി ടോക്യോയിലെ ഒരു ചെറിയ മേഖലയാണു കർട്ടിസ് തിരഞ്ഞെടുത്തത്. ഏഴരലക്ഷത്തോളം ജനങ്ങൾ തിങ്ങിപ്പാർക്കുന്ന, ജാപ്പനീസ് കുടിൽവ്യവസായങ്ങൾ കേന്ദ്രീകരിച്ചിരുന്ന മേഖല.മാർച്ച് ഒൻപതിന് പത്തരയോടെ ബി 29 ബോംബർ വിമാനങ്ങൾ പസിഫിക്കിലെ അമേരിക്കൻ ബേസുകളായ മരിയാന ദ്വീപുകളിൽ നിന്നു ജപ്പാൻ ലക്ഷ്യമാക്കി പറന്നു. 15 ലക്ഷം കിലോയോളം നാപാം രാസായുധങ്ങൾ വിമാനങ്ങളിൽ നിറച്ചിരുന്നു. രണ്ടുമണിക്കൂറിനു ശേഷം ഇവ ടോക്യോയുടെ ആകാശത്തിനു മുകളിലെത്തി.
താമസിയാതെ ആക്രമണം തുടങ്ങി. നഗരത്തെ വിഴുങ്ങുന്ന അഗ്നിയിൽ നിന്നു രക്ഷപ്പെടാനായി ജനങ്ങൾ വീടുകളിൽ നിന്നിറങ്ങി തെരുവുകളിലൂടെ ഓടി. ആക്രമണസ്ഥലത്ത് 1800 ഡിഗ്രി വരെ താപനില ഉയർന്നു. അന്തരീക്ഷവായുവിലെ ഓക്സിജൻ ഈ തീ വലിച്ചെടുത്തു.വെന്തുമരിക്കാത്തവർ, ശ്വാസവായുവില്ലാതെ പിടഞ്ഞുവീണു മരിച്ചു. പലയാളുകളും രക്ഷതേടി കുളങ്ങളിലേക്കും മറ്റും ചാടി.നീന്തൽക്കുളത്തിൽ ഇറങ്ങിയവർക്കും രക്ഷയില്ലായിരുന്നു.
രണ്ടായിരത്തിനടുത്ത് ഡിഗ്രിയിൽ ഉടലെടുത്ത താപനില കുളത്തിലെ വെള്ളത്തിനെ തിളച്ചുപൊന്തിച്ചു. പലരും വെന്തുമരിച്ചു. പസിഫിക് യുദ്ധത്തിന്റെ ഏറ്റവും ഭീകരമായ ഏടുകളിലൊന്നാണ് അന്ന് ടോക്യോയിൽ നടന്നത്. പിറ്റേദിവസവും അഗ്നിയൊടുങ്ങിയില്ല. കത്തിയമർന്ന മനുഷ്യമാംസത്തിന്റെ ഗന്ധം കിലോമീറ്റളുകളോളം വ്യാപിച്ചിരുന്നു. ഒരുലക്ഷത്തിലധികം പേർക്ക് ജീവഹാനി സംഭവിച്ചു, പത്തു ലക്ഷം പേർക്ക് വീടില്ലാതായി. ജപ്പാന്റെ കുടിൽ വ്യവസായമേഖല ഈ ആക്രമണത്തിൽ പാടെ തകർന്നു.
English Summary: Hiroshima atomic bombing anniversary