ADVERTISEMENT

ഇലോണ്‍ മസ്‌കിന്റെ ബഹിരാകാശ കമ്പനിയായ സ്‌പേസ് എക്‌സിന്റെ മൂല്യം 13,700 കോടി ഡോളറെന്ന് (ഏകദേശം 11.32 ലക്ഷം കോടി രൂപ) റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി കമ്പനിയുടെ മൂല്യം കണക്കാക്കിയപ്പോഴാണ് സ്‌പേസ് എക്‌സിന്റെ കുത്തനെയുള്ള വളര്‍ച പ്രകടമായതെന്ന് സിഎന്‍ബിസി റിപ്പോര്‍ട്ട് പറയുന്നു. സ്‌പേസ് എക്‌സില്‍ തുടക്കം മുതലേ നിക്ഷേപമുള്ള ആന്‍ഡ്രസെന്‍ ഹൊറോവിറ്റ്‌സാണ് ഇക്കുറിയും നിക്ഷേപത്തിന് ചുക്കാന്‍ പിടിക്കുന്നത്.

 

∙ സ്വപ്‌നം വിറ്റു തുടക്കം

 

റോക്കറ്റുകള്‍ പുനരുപയോഗിച്ച് ചെലവ് കുറക്കുക, ചൊവ്വയില്‍ കോളനി സ്ഥാപിക്കുക എന്നിങ്ങനെയുള്ള ലക്ഷ്യങ്ങള്‍ പ്രഖ്യാപിച്ച് 2002ൽ ആണ് ഇലോണ്‍ മസ്‌ക് സ്‌പേസ് എക്‌സ് സ്ഥാപിക്കുന്നത്. രണ്ട് പതിറ്റാണ്ടിനുള്ളില്‍ നാസയുടെ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്രകളിലടക്കം വിശ്വസനീയ പടക്കുതിരയാവാന്‍ സ്‌പേസ് എക്‌സിന് കഴിഞ്ഞു. ഇപ്പോള്‍ നാസയുടെ ആര്‍ട്ടിമിസ് ദൗത്യത്തിന്റെ ഭാഗമായി മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള ചരിത്ര ദൗത്യത്തിലേക്ക് മുന്നേറുകയാണ് സ്‌പേസ് എക്‌സ്.

Cape Canaveral: SpaceX Crew-4 astronauts, from left, pilot Bob Hines, mission specialist Jessica Watkins, commander Kjell Lindgren, and European Space Agency astronaut Samantha Cristoforetti, of Italy, wave as they leave the Operations and Checkout Building for a trip to Launch Complex 39-A Wednesday, April 27, 2022, at the Kennedy Space Center in Cape Canaveral, Fla. The four astronauts will fly to the International Space Station.AP/PTI(AP04_27_2022_000030A)
Photo: AP/PTI

 

∙ എല്ലാം മസ്‌ക്

 

spacex-crew

സ്‌പേസ് എക്‌സിന്റെ എല്ലാമെല്ലാം ഇലോണ്‍ മസ്‌കാണ്. സ്ഥാപനത്തിലെ 47.4 ശതമാനം ഓഹരിയും 78.3 ശതമാനം വോട്ടിങ് ശേഷിയും മസ്‌കിനുണ്ട്. ഈ അധികാരമുപയോഗിച്ച് സ്‌പേസ് എക്‌സിന്റെ ചെയര്‍മാന്‍, സിഇഒ, സിടിഒ എന്നിങ്ങനെയുള്ള താക്കോല്‍ സ്ഥാനങ്ങളിലേക്ക് മസ്‌ക് സ്വയം അവരോധിക്കുകയും ചെയ്തിരുന്നു. ഇന്ന് 12,000 ലേറെ പേര്‍ പണിയെടുക്കുന്ന ബഹിരാകാശ ശാസ്ത്ര രംഗത്തെ മുന്‍ നിര സ്വകാര്യ കമ്പനിയാണ് സ്‌പേസ് എക്‌സ്. 

 

Photo: Spacex
Photo: Spacex

∙ നാസയുടെ പടക്കുതിര

 

പുനരുപയോഗിക്കാന്‍ കഴിയുന്ന ഫാല്‍ക്കണ്‍ 9 എന്ന കൂറ്റന്‍ റോക്കറ്റിന്റെ നിര്‍മാണം ആരംഭിച്ചതോടെയാണ് സ്‌പേസ് എക്‌സിനെ ലോകം ശ്രദ്ധിക്കുന്നത്. കഴിവു തെളിയിച്ചതോടെ നാസയുടെ ബഹിരാകാശ ദൗത്യങ്ങള്‍ക്കടക്കം സ്‌പേസ് എക്‌സ് റോക്കറ്റുകളെ ആശ്രയിച്ചു തുടങ്ങി. 2012 മെയില്‍ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് ചരക്കെത്തിക്കുന്ന ആദ്യത്തെ സ്വകാര്യ കമ്പനിയായി സ്‌പേസ് എക്‌സ് മാറി. ഇതോടെ സ്‌പേസ് എക്‌സിന്റെ മൂല്യം 120 കോടി ഡോളറായി മാറി. 

 

2015 ഡിസംബറില്‍ ഫാല്‍ക്കണ്‍ 9 റോക്കറ്റിന്റെ പ്രധാന ഭാഗം വിക്ഷേപണ ശേഷം വിജയകരമായി തിരിച്ചെടുക്കുന്നതില്‍ സ്‌പേസ് എക്‌സ് വിജയിച്ചു. 2017ല്‍ തിരിച്ചെടുത്ത ഭാഗം ഉപയോഗിച്ച് ഫാല്‍ക്കണ്‍ 9 വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കാനും സ്‌പേസ് എക്‌സിന് സാധിച്ചു. ഇതോടെ കമ്പനിയുടെ മൂല്യം 2100 കോടി ഡോളറായി മാറി. 2019ല്‍ സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റുകള്‍ കൂടി വിക്ഷേപിച്ചതോടെ 3300 കോടി ഡോളറിലേക്ക് സ്‌പേസ് എക്‌സ് വളര്‍ന്നു. 

 

∙ മനുഷ്യരെ ബഹിരാകാശത്തെത്തിച്ച കമ്പനി

 

രണ്ട് നാസ സഞ്ചാരികളെ വിജയകരമായി രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് എത്തിച്ചാണ് 2020ല്‍ സ്‌പേസ് എക്‌സ് ഞെട്ടിച്ചത്. ഇന്ത്യ അടക്കം ഭൂരിഭാഗം രാജ്യങ്ങള്‍ക്കും ഇതുവരെ സാധിക്കാത്ത കാര്യമാണ് സ്‌പേസ് എക്‌സ് ചെയ്തു കാണിച്ചത്. ഇതിനൊപ്പം സ്റ്റാര്‍ലിങ്കിന്റെ ഇന്റര്‍നെറ്റ് സര്‍വീസുകള്‍ കൂടി വന്നതോടെ സ്‌പേസ് എക്‌സ് മൂല്യം 10000 കോടി ഡോളര്‍ തൊട്ടു. റഷ്യ യുക്രെയ്‌നെ ആക്രമിക്കുകയും യൂറോപ്പ് റഷ്യക്കെതിരെ നിരോധനം കൊണ്ടുവരികയും ചെയ്തതും സ്‌പേസ് എക്‌സിന് ഗുണമായി. നിരോധനത്തോടെ റഷ്യന്‍ സോയൂസ് റോക്കറ്റുകള്‍ ഉപയോഗിക്കാന്‍ സാധിക്കാതെ വന്നതോടെ യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി വിക്ഷേപണങ്ങള്‍ക്ക് സ്‌പേസ് എക്‌സിനെ ആശ്രയിച്ചിരിക്കുകയാണ്. 

 

∙ ഇനിയും ഉയരെ

 

പുനരുപയോഗിക്കാവുന്ന ഫാല്‍ക്കണ്‍ റോക്കറ്റില്‍ 60 വിക്ഷേപണങ്ങള്‍ സ്‌പേസ് എക്‌സ് പൂര്‍ത്തിയാക്കി കഴിഞ്ഞു. യുക്രെയ്‌നും ഇറാനും അടക്കമുള്ള സംഘര്‍ഷ മേഖലയില്‍ അതിവേഗ ഇന്റര്‍നെറ്റ് സേവനം നല്‍കാന്‍ സ്‌പേസ് എക്‌സിന് സാധിച്ചു. എങ്കിലും ഇപ്പോഴും അവരുടെ സ്വപ്‌നങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ തുടക്കക്കാരാണ് സ്‌പേസ് എക്‌സ്. ചാന്ദ്ര ദൗത്യവും തുടര്‍ച്ചയായുള്ള ചൊവ്വയിലെ മനുഷ്യ കോളനിയുമെല്ലാം യാഥാര്‍ഥ്യമായാല്‍ ഇപ്പോള്‍ തന്നെ 11.32 ലക്ഷം കോടി രൂപ മൂല്യമുള്ള സ്‌പേസ് എക്‌സ് കൂടുതല്‍ ഉയരങ്ങളിലേക്ക് കുതിക്കും.

 

English Summary: SpaceX's valuation soars to $137 billion even as Tesla tanks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com