വ്യത്യസ്തനാണ് ആർഎൻഎ തന്മാത്ര, പ്രതീക്ഷയാണ് ആർഎൻഎ വാക്സീൻ; ചരിത്രവും വർത്തമാനവും
Mail This Article
വൈദ്യശാസ്ത്രവും ആരോഗ്യപരിപാലന രംഗവും ഏറ്റവുമധികം പരീക്ഷിക്കപ്പെടുന്ന കാലമാണ് കോവിഡും അതിനു പിൻപുള്ള സമയവും. ആർഎൻഎ വാക്സീനുകളുടെ കാലമാണിതെന്നു പറയേണ്ടിവരും. അമേരിക്കയിലെ വമ്പൻ മരുന്നുകമ്പനിയായ ഫൈസർ ജർമനിയിലെ ബയോഎൻടെക്കുമായി ചേർന്നു വികസിപ്പിച്ചെടുത്ത ഫൈസർ ബയോഎൻടെക്ക് വാക്സീനും യുഎസിലെ തന്നെ കേംബ്രിജിലെ മൊഡേണയുടെ വാക്സീനും ആഗോള കോവിഡ് യുദ്ധത്തിലെ മുന്നണിപ്പോരാളികളായിരുന്നു.
സാധാരണക്കാർക്കു പോലും സുപരിചിതമായ ഈ വാക്സീനുകളുടെ പിറകിൽ ആർഎൻഎ എന്ന തന്മാത്ര ഉപയോഗിച്ചുള്ള വാക്സീൻ സാങ്കേതികവിദ്യയുടെ വികസനത്തിന്റെ കഥ കൂടിയുണ്ടായിരുന്നു. ലോകത്തിലെ എല്ലാ വമ്പൻ മരുന്നുകമ്പനികളും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ഈ സാങ്കേതികവിദ്യയുടെ പ്രയോഗസാധ്യത ഇപ്പോൾ തേടുന്നു. ഈ വർഷത്തെ നൊബേൽ സമ്മാനം പോലും ആർഎൻഎ അടിസ്ഥാനമാക്കിയുള്ള വാക്സീൻ വികസനത്തിന് ആധാരമായ ഗവേഷണങ്ങൾക്കാണ്.
വ്യത്യസ്തനാം ആർഎൻഎ
ഡിഎൻഎയും ആർഎൻഎയുമാണ് ജീവകോശങ്ങളിലെ അടിസ്ഥാന ജനിതകഘടകം. റൈബോ ന്യൂക്ലിക് ആസിഡ് എന്നതിന്റെ ചുരുക്കരൂപമാണ് ആർഎൻഎ (RNA). മെസഞ്ചർ ആർഎൻഎ (mRNA), ട്രാൻസ്ഫർ ആർഎൻഎ (tRNA), റൈബോസോമൽ ആർഎൻഎ (rRNA) എന്നിങ്ങനെ സവിശേഷമായ ധർമങ്ങൾ നിർവഹിക്കുന്ന ആർഎൻഎകളുണ്ട്. ഡിഎൻഎയിൽ അടങ്ങിയിരിക്കുന്ന ജനിതക സന്ദേശം റൈബോസോമുകളിൽ എത്തിക്കുന്നവയാണ് സന്ദേശവാഹകരായ മെസഞ്ചർ ആർഎൻഎകൾ. അതായത് ഡിഎൻഎയുടെ പകർത്തെഴുത്താണ് mRNA.
ഈ സന്ദേശം ഉപയോഗിച്ച് റൈബോസോമൽ ആർഎൻഎയും ,ട്രാൻസ്ഫർ ആർഎൻഎയും ഉൾപ്പെടുന്ന സംവിധാനം കോശത്തിലെ റൈബോസോമുകളിൽ പ്രോട്ടീൻ ഉൽപാദനം നടത്തുന്നു. ഒരു ജീവജാതിയുടെ ജനിതക വസ്തു ഡിഎൻഎയോ ആർഎൻഎയോ ആകാം. ഏതായാലും അവയുടെ പ്രധാന ജോലി ജീവിക്കാവശ്യമായ പ്രോട്ടീൻ നിർമിക്കുകയെന്നതാണ്. അതിനായി ജനിതകവസ്തുവായ ഡിഎൻഎയിൽ നിന്നോ ആർഎൻഎയിൽ നിന്നോ ഒരു മെസഞ്ചർ ആർഎൻഎ നിർമിക്കപ്പെടുന്നു. ട്രാൻസ്ക്രിപ്ഷൻ എന്നാണ് ഈ പ്രവർത്തനത്തെ വിളിക്കുന്നത്.
മെസഞ്ചർ ആർഎൻഎ യിലെ കോഡുകളെ അടിസ്ഥാനമാക്കി പ്രോട്ടീൻ ഉൽപാദിപ്പിക്കുന്ന അടുത്ത പ്രവർത്തനം ട്രാൻസ്‌ലേഷൻ എന്നും അറിയപ്പെടുന്നു. ഇങ്ങനെ നിർമിക്കപ്പെടുന്ന വൈവിധ്യമുള്ള പ്രോട്ടീനുകളാണ് ശാരീരിക പ്രവർത്തനങ്ങൾ നിർവഹിക്കാൻ നമ്മെ സഹായിക്കുന്നത്. ചുരുക്കത്തിൽ ജനിതക ഡിഎൻഎ / ആർഎൻഎയിലെ ജീനുകൾ പ്രോട്ടീൻ നിർമാണത്തിന് നൽകുന്ന സന്ദേശത്തിന്റെ വാഹകരാണ് മെസഞ്ചർ ആർഎൻഎകൾ.
മെസഞ്ചർ ആർഎൻഎ വാക്സീൻ (mRNA )
മൊഡേണയും ഫൈസർ ബയോഎൻ ടെക്കും ഉൽപാദിപ്പിച്ചത് എംആർഎ എ കോവിഡ് വാക്സീൻ ആണെന്ന് പറഞ്ഞല്ലോ. കോവിഡ് വൈറസിന്റെ കവചത്തിൽ കാണപ്പെടുന്ന സ്പൈക്ക് പ്രോട്ടീൻ റിസെപ്റ്ററുകൾ ആണ് അതിനെ കോശങ്ങളിൽ പറ്റിപ്പിടിക്കാൻ സഹായിക്കുന്നത്. mRNA വാക്സീൻ നിർമ്മിക്കാൻ വൈറസിന്റെ സ്പൈക്ക് പ്രോട്ടീനുകൾ നമ്മുടെ ശരീര കോശങ്ങളിൽ ഉൽപാദിപ്പിക്കുന്നതിനാവശ്യമായ വഴിയാണ് നാം ഉപയോഗിക്കുന്നത്.
അതിനായി കോവിഡ് വൈറസിന്റെ ജനിതകപദാർത്ഥമായ ആർഎൻഎയിലെ സ്പൈക്ക് പ്രോട്ടീൻ ഉൽപാദിപ്പിക്കാൻ നിർദ്ദേശം നൽകുന്ന ഭാഗം മാത്രം വേർതിരിച്ചെടുക്കുന്നു. പിന്നീട് ഈ ഭാഗത്തിന്റെ സന്ദേശം പേറുന്ന പകർപ്പായ അതിന്റെ mRNA നിർമിച്ച് വാക്സീനിൽ ഉൾപ്പെടുത്തി കോശങ്ങളിലേക്ക് കടത്തിവിടുന്നു .ഇവ ശരീര കോശങ്ങളിൽ കടന്ന് അവയിലെ സംവിധാനമുപയോഗിച്ച് അവിടെ സ്പൈക്ക് പ്രോട്ടീനുകൾ ഉൽപാദിപ്പിക്കുന്നു.
ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനം ഈ പ്രോട്ടീനുകളെ അന്യവസ്തു അഥവാ ആന്റിജനായി തിരിച്ചറിയുകയും അവയെ നശിപ്പിക്കുന്നതിനാവശ്യമായ ആന്റിബോഡികൾ ഉൽപാദിപ്പിക്കുകയും സ്പൈക്ക് പ്രോട്ടീനുകളെ നശിപ്പിക്കുകയും ചെയ്യുന്നു. ഈ പ്രവർത്തനങ്ങൾ രോഗപ്രതിരോധ സംവിധാനം അതിന്റെ ഓർമയിൽ സൂക്ഷിക്കുന്നു. പിന്നീട് യഥാർഥ കൊറോണ വൈറസ് ശരീരത്തിൽ കടന്നാൽ സമാനമായ പ്രവർത്തനം ഉടൻതന്നെ നടക്കുകയും ആന്റിബോഡികൾ ഉപയോഗിച്ച് വൈറസിന്റെ സ്പൈക് നശിപ്പിച്ചു കളയുകയും ചെയ്യുന്നു. അതോടെ വൈറസുകൾക്ക് കോശങ്ങളിൽ പറ്റിപ്പിടിക്കാൻ സാധിക്കാതെ വരും.
ആർഎൻഎ വാക്സീൻ: ചരിത്രവും വർത്തമാനവും
1990 കളിൽ ഫ്രാൻസിലാണ് ആർഎൻഎ അടിസ്ഥാനമാക്കിയുള്ള വാക്സീൻ ഉപയോഗത്തിന് തുടക്കമായത്. ഇന്ന് സനോഫൈ പാസ്റ്റർ എന്നറിയപ്പെടുന്ന മരുന്നുകമ്പനിയിലായിരുന്നു പരീക്ഷണം. ഇൻഫ്ളുവൻസ വൈറസിന്റെ ഒരു ആന്റിജൻ ഉൽപാദിപ്പിക്കാനുള്ള സന്ദേശം പേറുന്ന mRNA എലികളിലാണ് ഉപയോഗിച്ചു നോക്കിയത്. രോഗപ്രതിരോധശേഷിയെ ഉണർത്തിയെങ്കിലും അവ മനുഷ്യരിൽ ഉപയോഗിക്കാൻ സുരക്ഷിതമല്ലായെന്നാണ് ഗവേഷകസംഘം കണ്ടെത്തിയത്. mRNA വാക്സീൻ നൽകാൻ ഉപയോഗിച്ച ലിപ്പിഡ് ഡെലിവറി സിസ്റ്റം മനുഷ്യർക്ക് ദോഷകരമാണെന്ന് കണ്ടതായിരുന്നു കാരണം.
2012-ൽ നൊവാർട്ടിസ് കമ്പനിയുടെ അമേരിക്കൻ കേന്ദ്രത്തിലെ ആൻഡി ഗീലും സംഘവുമാണ് ലിപിഡ് നാനോകണികകൾ (LNP) ഉപയോഗിച്ച് ആർഎൻഎ ഇഴകൾ പാക്കുചെയ്ത ശ്വാസകോശ രോഗത്തിനെതിരായ വാക്സീൻ എലികളിൽ വിജയകരമായി പരീക്ഷിച്ചത്. അക്കാലത്ത് തന്നെ ആർഎൻഎ അടിസ്ഥാനമാക്കിയുള്ള വാക്സീനുകളും ചികിത്സാരീതികളും വികസിപ്പിച്ചെടുക്കാൻ യുഎസ് ഡിഫൻസ് അഡ്വാൻസ്ഡ് റിസർച്ച് പ്രേജക്ട്സ് ഏജൻസി ( DARPA) വലിയ തോതിൽ കമ്പനികൾക്ക് ധനസഹായം നൽകിത്തുടങ്ങിയിരുന്നു.
നൊവാർട്ടിസ്, ഫൈസർ, ആസ്ട്രാ സെനക്ക, സനോഫൈ പാസ്റ്റർ തുടങ്ങിയവയായിരുന്നു ഇവയിൽ പ്രമുഖർ. പക്ഷേ പ്രമുഖ കമ്പനികളൊന്നും തുടക്കത്തിലെ താൽപര്യം തുടർന്ന് കാണിച്ചില്ല. എന്നാൽ ജർമനിയിലെ ക്യൂർവാക്, അമേരിക്കയിലെ മൊഡേണ എന്നീ രണ്ടു കൊച്ചു കമ്പനികൾ DARPA യുമായി ഈ മേഖലയിൽ സഹകരണം തുടർന്നു. 2013-ൽ ക്യൂർവാക് പേവിഷബാധയ്‌ക്കെതിരായ ആർഎൻഎ വാക്സീൻ പരീക്ഷണം മനുഷ്യരിൽ തുടങ്ങുകയും ചെയ്തു. ക്യൂർവാകിന്റെ കോവിഡ്- 19 വാക്സീൻ അതിന്റെ അവസാനഘട്ട ട്രയൽ ഫലം പ്രതീക്ഷിക്കുന്ന ദിവസങ്ങളാണിത്.
മൊഡേണയാകട്ടെ DARPA നൽകിയ ഫണ്ടുപയോഗിച്ച് പക്ഷിപ്പനിയുടെ പുതിയ വകഭേദത്തിനെതിരായ ഒരു ആർഎൻഎ വാക്സീൻ വികസിപ്പിക്കുകയും 2015-ൽ അതിന്റെ ക്ലിനിക്കൽ ട്രയൽ തുടങ്ങുകയും ചെയ്തു. ഈ വാക്സീൻ ആശാവഹമായ ഫലങ്ങൾ തന്നതോടെ മൊഡേണ കമ്പനി നിരവധി വൈറസ് രോഗങ്ങൾക്കെതിരായ ആർഎൻഎ വാക്സീനുകളുടെ മനുഷ്യരിലെ ട്രയലുമായി മുന്നോട്ടു പോവുകയും ചെയ്തു. ജനനസമയ വൈകല്യങ്ങൾ ഉണ്ടാക്കുന്ന സൈറ്റോമെഗാലോ വൈറസ്, സിക, ചികുൻഗുനിയ, കുട്ടികളിലെ ശ്വാസകോശ രോഗ വൈറസുകൾ എന്നിവ അവയിൽപ്പെടുന്നു.
നൊവാർട്ടിസിന്റെ വാക്സീൻ ആസ്തികൾ ഏറ്റെടുത്ത ഗ്ലാക്സോ സ്മിത്ത്ക്ലെനും 2019 -ൽ റേബീസ് ആർഎൻഎ വാക്സീന്റെ മൂല്യനിർണ്ണയം തുടങ്ങി. 2020-ന്റെ തുടക്കമായപ്പോഴേക്കും കേവലം ഒരു ഡസൻ ആർഎൻഎ വാക്സീനുകൾ ജനങ്ങളിലെത്തുകയും നാലെണ്ണം തുടക്കത്തിലേ തന്നെ ഉപേക്ഷിക്കപ്പെടുകയും ഒരെണ്ണം– സൈറ്റോമെഗാലോ വൈറസ് മാത്രം– തുടർ പരീക്ഷണ ഘട്ടത്തിലേക്ക് കടക്കുകയും ചെയ്തിരുന്നു. അപ്പോഴാണ് ലോകത്തെ മാറ്റിമറിച്ചുകൊണ്ട് കൊറോണയെത്തുന്നത്. പിന്നെയിന്നുവരെയുള്ള നമുക്കറിയാവുന്ന ചരിത്രത്തിൽ ഏതാനും കോവിഡ് വൈറസ് വാക്സീനുകൾ (ഉദാഹരണം: ഫൈസർ, മൊഡേണ) ഉപയോഗത്തിനെത്തുകയും ചെയ്തു.
എന്താണ് ആർ ആൻ എ വാക്സീന്റെ സവിശേഷതകൾ?
അതിവേഗത്തിൽ വാക്സീൻ വികസനം സാധ്യമാകുമെന്നതാണ് RNA വിദ്യയുടെ പ്രധാന മേന്മ. ഒരു രോഗാണുവിന്റെ ജനിതകശ്രണീഘടന മനസ്സിലാക്കിയാൽ ഉടൻ തന്നെ അതിൽനിന്ന് ആൻ്റിജനായി സന്ദേശം നൽകുന്ന ഭാഗം വേർതിരിച്ചെടുക്കാനും, അതുപയോഗിച്ച് RNA നിർമ്മിച്ചെടുത്ത് വാക്സീനാക്കി ഉപയുക്തമാക്കാനും ഗവേഷകർക്ക് ചുരുങ്ങിയ സമയം മതി.
ഉദാഹരണത്തിന് സാർസ് കോവ് - 2 വൈറസിന്റെ ജനിതകഘടന ലഭിച്ചതിന്റെ നാലാം ദിവസം മൊഡേണ കമ്പനി വാക്സീൻ ആദ്യരൂപം സാധ്യമാക്കിയിരുന്നു. പരമ്പരാഗത വാക്സീൻ നിർമ്മാണരീതികളുടെ ഓരോ ഘട്ടവും ധാരാളം സമയമെടുക്കുന്നവയാണ്.
വകഭേദങ്ങൾ നിരവധിയുണ്ടാകുന്നതിനാൽ ഒരു രോഗത്തിന് ആഗോളതലത്തിൽ ഒരു വാക്സീൻ രീതി സാധ്യമാകാറില്ല. ഇതിലും RNA വിദ്യ പരിഹാരമാകാം. ഇനിയും നിരവധി പരിഷ്ക്കാരങ്ങൾക്ക് സാധ്യതയുള്ള സാങ്കേതികവിദ്യയാണ് RNA വാക്സീനുകളുടേത്. നിരവധി തലമുറകളുടെ വികസനം ഇനിയും ടെക്നോളജിയിൽ വരാനുണ്ട്.ഇതിൽ ഏറ്റവും പ്രധാനം വാക്സീൻ സൂക്ഷിക്കാനാവശ്യമായ ശീതീകരണ സംവിധാനങ്ങളുമായി ബന്ധപ്പെട്ടതാണ്. ഫൈസർ, മൊഡേണ വാക്സീനുകൾ വളരെ താഴ്ന്ന ( മൈനസ് 70 ) താപനിലയിൽ സൂക്ഷിക്കേണ്ടതുണ്ടായിരുന്നു. എന്നാൽ തങ്ങളുടെ mRNA വാക്സീൻ മാസങ്ങളോളം താരതമ്യേന കൂടിയ താപനിലയിൽ സൂക്ഷിക്കാമെന്ന് ചുരുങ്ങിയത് കമ്പനികൾ അവകാശപ്പെടുന്നു.
ആർഎൻഎ വാക്സീൻ ഫലപ്രദമാകാൻ രണ്ടോ അതിലധികമോ ഡോസുകൾ നിർബന്ധമാണ്.അധികം ഡോസുകൾ സ്വീകരിക്കാൻ ആളുകൾ മടി കാണിക്കുമെന്നത് അറിയാമല്ലോ. ഇതു പരിഹരിക്കാൻ ചർമ്മത്തിൽ ധരിക്കാവുന്ന മൈക്രോ നീഡിലുകൾ ഘടിപ്പിച്ച ഒരു സംവിധാനം യു എസ് ഗവേഷകർ വികസിപ്പിച്ചതായി അറിയുന്നു.ഇത് വാക്സീൻ സാവധാനം ശരീരത്തിലേക്ക് കടത്തിവിടുന്നു. ഒറ്റയടിക്ക് നൽകുന്നതിന് പകരം ചെറുതുള്ളികളായി വാക്സീൻ നൽകുന്നത് മറ്റൊരു പ്രധാന വെല്ലുവിളിയായ പാർശ്വഫലങ്ങൾ ഒഴിവാക്കാനും സഹായിക്കുന്നു.
താൽക്കാലികമെങ്കിലും അതിതീവ്ര പ്രതിപ്രവർത്തനങ്ങൾ കോവിഡ് വാക്സീൻ മൂലം ഉണ്ടാകുന്നതായി കണ്ടിരുന്നു. വലിയൊരു മഹാമാരിക്കിടയിൽ ആളുകൾ ഇത് സഹിച്ചേക്കാമെങ്കിലും കാര്യങ്ങൾ സാധാരണഗതിയിലെത്തുമ്പോൾ തീവ്ര വാക്സീൻ റിയാക്ഷനുകൾ അനഭലക്ഷണീയമാണ്. വാക്സീൻ നിർമ്മാണത്തിൽ വരുന്ന മലിനീകരണവും ലിപ്പിഡ് നാനോ പാർട്ടിക്കിൾ ഡെലിവറി രീതിയുമാണ് റിയാക്ഷന്റെ രണ്ടു കാരണങ്ങൾ. ഇവ രണ്ടും തീരെ കുറയ്ക്കാൻ പരിമിതിയുമുണ്ട്.
ഇതൊഴിവാക്കാൻ വാക്സീൻ ഡോസിന്റെ അളവ് കുറയ്ക്കുകയാണ് കമ്പനികൾ ചെയ്യുന്നത്. ഡോസ് കുറയ്ക്കുന്നത് ഫലപ്രാപ്തിയെ ബാധിക്കുമെന്ന പ്രശ്നവുമുണ്ട്. ഇത് മറികടക്കാൻ സ്വയം വിപുലീകരണ ശേഷിയുള്ള RNA ഉയോഗിക്കാനാണ് കമ്പനികളുടെ ശ്രമം. ഇത്തരം സ്വയം വിപുലീകരണശേഷിയുള്ള പരിക്ഷ്ക്കരിക്കപ്പെട്ട RNA ഉപയോഗിക്കുന്നതുവഴി ശക്തവും വിപുലവുമായ ഫലപ്രാപ്തിയുള്ള വാക്സീൻ വികസിപ്പിക്കാനും വാക്സിനേഷൻ ഒറ്റ ഡോസിലാക്കാനും കഴിയുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
ആർഎൻഎ വാക്സീൻ സാധ്യതകൾ, വെല്ലുവിളികൾ
ആർഎൻഎ ഉപയോഗിച്ചുള്ള വാക്സീൻ നിർമാണമെന്ന ആശയത്തിന് മൂന്ന് ദശാബ്ദത്തോളം പഴക്കമുണ്ട്. പരമ്പരാഗത രീതികളേക്കാൾ കൂടുതൽ സുസംഘടിതവും കാര്യക്ഷമവുമായതിനാൽ വാക്സീൻ ഗവേഷണ, ഉൽപാദനപ്രക്രിയയെ ശരവേഗത്തിലാക്കാൻ സാധിക്കുമെന്നതാണ് ഇവയുടെ മുഖപ്രയോജനം. ആർ എൻ എ സാങ്കേതികവിദ്യയിൽ ഇപ്പോൾ ഉണ്ടായിരിക്കുന്ന ഉണർവ് ക്ഷയം, എയ്ഡ്സ്, മലേറിയ തുടങ്ങി ഇനിയും പിടി തരാത്ത രോഗങ്ങളെ തളയ്ക്കാൻ സഹായിക്കുമെന്ന് കരുതപ്പെടുന്നു. വാക്സീൻ വികസനത്തിന്നെടുക്കുന്ന കാലദൈർഘ്യം ഹ്രസ്വമായതിനാൽ വാർഷിക ഫ്ളൂ വാക്സീനുകൾ മെച്ചപ്പെടുത്താനും ഇവ സഹായകരമാകുമെന്ന പ്രതീക്ഷയുമുണ്ട്.
ഭാവിയിൽ നിരവധി വെല്ലുവിളികളും ആർ എൻ എ സാങ്കേതികവിദ്യയെ കാത്തിരിക്കുന്നുവെന്നതും സൂചിപ്പിക്കേണ്ടിയിരിക്കുന്നു. ചെലവേറിയ അസംസ്കൃതവസ്തുക്കളാണ് ഉപയോഗിക്കപ്പെടുന്നതെന്നതും പാർശ്വഫലങ്ങളുണ്ടാകുന്നതും ന്യൂനതയാകാം. ആർ എൻ എ വാക്സീൻ സൂക്ഷിപ്പിലും വിതരണത്തിലും ആവശ്യമായ ശീതികരണശൃംഖലാ സംവിധാനങ്ങൾക്കും മുതൽമുടക്ക് അധികം വരുന്നു. ഉദാഹരണത്തിന് ഫൈസർ വാക്സീൻ മൈനസ് 70 ഡിഗ്രീസ് സെൽഷ്യസിലാണ് സൂക്ഷിക്കേണ്ടത്.
കോവിഡിന്റെ അടിയന്തരഘട്ടത്തിൽ ഇത്തരം വെല്ലുവിളികളൊക്കെ അധികം പരിഗണിക്കപ്പെട്ടില്ലെങ്കിലും ഭാവിയിൽ മരുന്നു കമ്പനികൾ ഈ സാങ്കേതികവിദ്യയെ ഇത്രയും ആവേശത്തോടെ ഉപയോഗിക്കുമോയെന്നത് സംശയമാണ്. മെച്ചപ്പെട്ട സാങ്കേതിക വിദ്യയാണെന്ന് തെളിയിക്കപ്പെട്ടെങ്കിലും ഇനിയും പരിഷ്കാരങ്ങൾ വരേണ്ടതുണ്ടെന്നതും ഓർക്കുക.
കോവിഡ് കാലത്തെ വിജയകരമായ ആർ എൻ എ വാക്സീൻ പരീക്ഷണങ്ങൾ ഒരു കാര്യം നിസ്സംശയം വ്യക്തമാക്കുന്നു. രോഗങ്ങൾ പഴയതായാലും പുത്തനായാലും വാക്സീൻ ഗവേഷണ വികസന രീതികൾ ഭാവിയിൽ പഴയ രീതികളിലായിരിക്കില്ല. ഈ മാറ്റം കൊണ്ടുവന്നത് ആർ എൻ എ വിദ്യയാണ്. എന്തായാലും കോവിഡ് രോഗം വാക്സീൻ രംഗത്ത് വലിയ ഉത്തേജനമാണ് നൽകിയിരിക്കുന്നത്. പ്രത്യേകിച്ച് സാമ്പത്തികനേട്ടം. അതിനാൽ പല കമ്പനികളും സാംക്രമിക രോഗങ്ങൾക്കെതിരായ വാക്സീൻ വികസനത്തിന് മുൻപെങ്ങുമില്ലാത്ത പ്രാധാന്യം നൽകും. ഇതിന് പ്രധാന താങ്ങാവുക ആർഎൻഎ സാങ്കേതികവിദ്യയുമായിരിക്കും.
വാക്സീൻ ഉൽപാദന സാധ്യതകൾ ആരായുന്നതിനു വേണ്ടി കേരള സർക്കാർ ഒരു കമ്മിറ്റിയെ നിയോഗിച്ചതായി കോവിഡ് കാലത്ത് വാർത്ത വന്നിരുന്നു. ഒത്തിരി സാധ്യതകൾ ഈ മേഖലയിൽ ഉണ്ട്. ഭാവിയിലെ വാക്സീനുകൾ എംഐർഎൻഎ ടെക്നോളജി ഉപയോഗിക്കുന്നവയായിരിക്കും. പുതിയ രോഗാണുക്കളെ കണ്ടെത്തിക്കഴിഞ്ഞാൽ ഉടൻ അതിനെതിരെ വാക്സീനുകൾ നിർമിക്കാൻ അതിവേഗത്തിൽ കഴിയുമെന്ന് മാത്രമല്ല, സാധാരണ വാക്സീനുകളേക്കാൾ ഫലപ്രാപ്തിയും ഇവയ്ക്കുണ്ടെന്നത് വ്യക്തമായിക്കൊണ്ടിരിക്കുകയാണ്.ഈ സാങ്കേതികവിദ്യയുടെ കാര്യത്തിൽ മുന്നേറാനാകണം നമ്മുടെ ശ്രമം.