ഒരു പൂച്ചയുടെ വിഡിയോയ്ക്കായി നാസ കാത്തിരുന്നതിലെ 'രഹസ്യം'; വേറെ ആർക്കുണ്ട് ഈ നേട്ടം!
Mail This Article
കലിഫോര്‍ണിയയിലെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയില്‍ നാസയുടെ എന്‍ജിനീയര്‍മാര്‍ അക്ഷമരായി ഒരു പൂച്ചയുടെ വിഡിയോക്കായി കാത്തിരിക്കുകയാണ്. ഒടുവില്‍ പൂച്ചയുടെ എച്ച്ഡി വിഡിയോ ഡൗണ്‍ലോഡു ചെയ്യുന്നതില്‍ അവര്‍ വിജയിക്കുക തന്നെ ചെയ്തു. എന്താണ് ഈ വിഡിയോയുടെ പ്രത്യേകതയെന്നോ? ഏതാണ്ട് 18.6 ദശലക്ഷം മൈല്‍ അകലെ നിന്നാണ്ഈ പൂച്ചയുടെ 15 സെക്കന്‍ഡുള്ള വിഡിയോ അയച്ചത്. ഭൂമിക്കും ചന്ദ്രനും ഇടയിലെ ദൂരത്തിന്റെ 80 ഇരട്ടി വരും ഈ ദൂരം. ഇതുവരെ ഇത്രയും അകലെ നിന്നുള്ള ഒന്നും നമ്മള് അയച്ച് നമ്മള് തന്നെ സ്വീകരിച്ചിട്ടില്ല.
നാസയുടെ സൈക്കി ബഹിരാകാശ പേടകമാണ് വിഡിയോ ഭൂമിയിലേക്ക് അയച്ച് ഈ വ്യത്യസ്ത നേട്ടത്തിന് സഹായിച്ചത്. സൈക്കി എന്ന ഛിന്നഗ്രഹത്തെ ലക്ഷ്യമാക്കി കഴിഞ്ഞ ഒക്ടോബര്‍ 13ന് ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ നിന്നായിരുന്നു ഈ പേടകം വിക്ഷേപിച്ചത്. സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ ഹെവി റോക്കറ്റിലായിരുന്നു വിക്ഷേപണം. ജെപിഎല്‍ ലബോറട്ടറിയിലെ ഒരു ജീവനക്കാരന്റെ വളര്‍ത്തു പൂച്ചയായ ടാട്ടേഴ്സിന്റെ വിഡിയോയാണ് സൈക്കി പേടകം വിജയകരമായി ഭൂമിയിലേക്ക് അയച്ചത്.
ഡിസംബര്‍ 11ന് പലോമാര്‍ നിരീക്ഷണ കേന്ദ്രത്തിലെ ഹാലെ ദൂരദര്‍ശിനി ഈ വിഡിയോ പിടിച്ചെടുക്കുകയായിരുന്നു. വിഡിയോ തല്‍സമയം ജെപിഎല്‍ ലബോറട്ടറിയിലേക്ക് അയച്ചുകൊടുക്കുകയും ചെയ്തു. സെക്കന്‍ഡില്‍ 267 എംബി വേഗതയിലാണ് സൈക്കിയില്‍ നിന്നും വിഡിയോ ഭൂമിയിലെത്തിയത്. ഭൂമിയിലെ ശരാശരി ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് കണക്ഷനുകളേക്കാള്‍ വേഗതയിലാണ് ഈ വിഡിയോ ഡൗണ്‍ലോഡു ചെയ്തതെന്നതും ശ്രദ്ധേയം.
മനുഷ്യനെ ചൊവ്വയിലേക്ക് അയയ്ക്കുകയെന്ന വലിയ ലക്ഷ്യത്തിലേക്ക് അടുപ്പിക്കുന്ന ചുവടുവെപ്പായാണ് നാസ ഈ നേട്ടത്തെ വിശദീകരിക്കുന്നത്. ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ നാസ, പൂച്ചയുടെ അള്‍ട്രാ എച്ച്ഡി വിഡിയോ പങ്കുവെക്കുകയും ചെയ്തു. നാസയുടെ ഡീപ് സ്പേസ് ഒപ്റ്റിക്കല്‍ കമ്മ്യൂണിക്കേഷന്‍(ഡിഎസ്ഒസി) പരീക്ഷണങ്ങളുടെ ഭാഗമായിരുന്നു ഇതും. ഭൂമിയുടെ ഭ്രമണപഥത്തിനും അകലെ നിന്നുള്ള വാര്‍ത്താവിനിമയ സംവിധാനങ്ങളുടെ പരീക്ഷണമാണ് ഡിഎസ്ഒസിയില് നടക്കുന്നത്.
'ചൊവ്വയില്‍ നിന്നും ഭൂമിയിലേക്കുള്ള ആശയവിനിമയത്തിന് ഇതേ സാങ്കേതികവിദ്യകൊണ്ട് സാധിക്കും. ഇത് ആദ്യ ചുവടാണ്. കൂടുതല്‍ കാര്യക്ഷമമായി ആശയവിനിമയത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ അടക്കം വര്‍ധിപ്പിക്കേണ്ടതുണ്ട്. ഇങ്ങനെയൊരു സാങ്കേതികവിദ്യ സാധ്യമാണെന്നതിന്റെ തെളിവാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്' പദ്ധതിയിലെ സാങ്കേതികവിദ്യാവിദഗ്ധനായ ഡോ. അഭിജിത് ബിശ്വാസ് പറയുന്നു.
ലേസര്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഈ വിഡിയോ അയച്ചിരിക്കുന്നത്. വരുന്ന ജൂണില്‍ കൂടുതല്‍ അകലെ നിന്നും ആശയവിനിമയം നടത്തി പരീക്ഷിക്കാനാണ് നാസയുടെ ശ്രമം. 186 മൈല്‍ അകലെ നിന്നും ആശയ വിനിമയം നടത്തി ഞെട്ടിക്കാനാണ് നാസ എന്‍ജിനീയര്‍മാര്‍ ശ്രമിക്കുന്നത്. അത് വിജയിച്ചാല്‍ ഇപ്പോള്‍ വിജയിച്ച പരീക്ഷണത്തിന്റെ പത്തിരട്ടി ദൂരെ നിന്നും ആശയവിനിമയം നടത്താനായി എന്നതാവും പുതിയ നേട്ടം.