50 വർഷമായി അണയാതെ തീ കത്തിജ്വലിക്കുന്ന നരകവാതിൽ! ഇതിലിറങ്ങിയ ഒരാൾ, ഞെട്ടിപ്പിക്കുന്ന അനുഭവം
Mail This Article
നരകവാതിൽ എന്നറിയപ്പെടുന്നതുമാണ് ദർവാസ ഗ്യാസ് ക്രേറ്റർ തുർക്ക്മെനിസ്ഥാനിലെ പ്രശസ്ത വിനോദ സഞ്ചാരമേഖലയാണ് . പതിറ്റാണ്ടുകളായി അണയാതെ കത്തുന്ന പടുകുഴിയാണിത്. ഈ കുഴിയിലേക്ക് ഇറങ്ങിയ ഒരാളാണ് കാനഡക്കാരനായ ജോർജ് കുറിനിസ് . വെറും 17 മിനിട്ട് മാത്രം ഈ കുഴിയിലിറങ്ങാനായി 2 വർഷത്തോളം കുറിനിസ് തയാറെടുത്തിരുന്നു. 2013ലാണ് ഈ ഉദ്യമം പൂർത്തീകരിച്ചത്. ഇപ്പോൾ ഇതിനെപ്പറ്റി കുറൂനിസ് പറഞ്ഞ കാര്യങ്ങൾ വൈറലായി. ദുർഘടമായ ഒരു അന്യഗ്രഹത്തിലേക്ക് പ്രവേശിച്ചതു പോലെ തനിക്കു തോന്നിയെന്നാണ് കുറിനിസ് പറയുന്നത്.
തുർക്ക്മെനിസ്ഥാന്റെ തലസ്ഥാനമായ അഷ്ഗാബാറ്റിന് 260 കിലോമീറ്റർ വടക്കായി കാരക്കും മരുഭൂമിയിലാണ് നരകവാതിൽ പടുകുഴി സ്ഥിതി ചെയ്യുന്നത്. 60 മീറ്റർ വീതിയും 20 മീറ്റർ താഴ്ചയും ഈ കുഴിക്കുണ്ട്. 1971ൽ സോവിയറ്റ് ജിയോളജിസ്റ്റുമാരുടെ ഒരു സംഘമാണ് ഈ പടുകുഴി വെളിപ്പെടാൻ കാരണമായത്. ഇവർ നടത്തിയ ഖനനത്തിൽ പുറമേയുള്ള പാളി പൊട്ടിത്തകരുകയും പ്രകൃതിവാതകത്തിന്റെ ശ്രോതസ്സായ കുഴി വെളിപ്പെടുകയും ചെയ്തു. പ്രകൃതിവാതകം വ്യാപിച്ച് അന്തരീക്ഷത്തിൽ നിറയുന്നതു തടയാനായി ഇവർ കുഴിക്കു തീയിട്ടു. പിന്നീട് ഇത് അണയുമെന്ന വിശ്വാസത്തിലായിരുന്നു ഈ തീയിടൽ. എന്നാൽ പിന്നീട് അഞ്ച് പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും തീയണഞ്ഞില്ലെന്നതാണു ചരിത്രം.
ഗേറ്റ്സ് ഓഫ് ഹെൽ അഥവാ നരകവാതിൽ എന്ന പേരിൽ പിന്നീട് ഈ കുഴി പ്രശസ്തമായി. 2018ൽ തുർക്ക്മെനിസ്ഥാൻ ഈ പേര് മാറ്റി ‘കാരകുമിന്റെ ശോഭ’ എന്ന പുതിയ പേരു നൽകിയെങ്കിലും നരകവാതിൽ എന്ന പേരിൽ തന്നെയാണ് ഗർത്തം വിനോദസഞ്ചാരികൾക്കിടയിൽ തുടർന്നും അറിയപ്പെട്ടത്.
കാണാൻ കമനീയമാണെങ്കിലും 'ദർവാസ' നരകവാതിൽ കത്തുന്നതു കാരണം തുർക്ക്മെനിസ്ഥാന്റെ പ്രകൃതിവാതക സമ്പത്തിനു നാശമുണ്ടാകുന്നെന്നും കോടിക്കണക്കിനു ഡോളറിന്റെ നഷ്ടമാണ് ഇതിനാൽ സംഭവിക്കുന്നതെന്നും തുർക്ക്മെനിസ്ഥാൻ സർക്കാർ പറയുന്നു. ലോകത്ത് പ്രകൃതിവാതക നിക്ഷേപത്തിൽ നാലാം സ്ഥാനത്തുള്ള രാജ്യമാണു തുർക്ക്മെനിസ്ഥാൻ.
2030 ഓടെ ഇന്ത്യയുൾപ്പെടെ രാജ്യങ്ങളിലേക്ക് വൻ തോതിൽ പ്രകൃതിവാതകം കയറ്റുമതി ചെയ്യാൻ ഇവർ ഉദ്ദേശിക്കുന്നുണ്ട്.2010ൽ വാതകവും തീയും നിറഞ്ഞ ഈ പടുകുഴി അണയ്ക്കാനായി തുർക്ക്മെനിസ്ഥാൻ പരിശ്രമിച്ചെങ്കിലും പരാജയമായിരുന്നു ഫലം. എല്ലാവർഷവും പതിനായിരത്തിലധികം വിനോദസഞ്ചാരികളാണ് ഇവിടെ കുഴി കാണാനായി എത്തുന്നത്.