ADVERTISEMENT

ചന്ദ്രനെന്നത് എത്ര മനോഹരം. കവികൾ മുതൽ ചിത്രകാരൻമാർ വരെ.. എത്രയോ പേർ ചാന്ദ്രഭംഗിയിൽ ആകൃഷ്ടരായിരിക്കുന്നു. ചന്ദ്രനെ എന്നും നോക്കിയാൽ ഒരു കാര്യം മനസ്സിലാകും. എന്നും നമ്മൾ കാണുന്നത് ചന്ദ്രന്റെ ഒരേയൊരു മുഖമാണ്. ചന്ദ്രനിലെ ഇരുണ്ട പ്രദേശങ്ങൾ മുയൽരൂപത്തിലുള്ള ഘടന തീർക്കുന്ന വശം. എന്നാൽ ചന്ദ്രനൊരു ഗോളമാണെന്നും നമുക്കറിയാം. ചന്ദ്രന്‌റെ മറ്റേ വശം എവിടെപ്പോയി?

ആ വശം ഭൂമിയിൽ നിന്ന് നമുക്ക് കാണാനാകില്ല. ഭൂമിയും ചന്ദ്രനുമായി ടൈഡൽ ലോക്കിങ് എന്ന പ്രതിഭാസത്തിൽ ഏർപ്പെട്ടിരിക്കുന്നതിനാൽ ഈ വശം എന്നുമെന്നും നമുക്ക് മുഖം തരാതെയാണിരിക്കുന്നത്. അതിനാൽ തന്നെ ശാസ്ത്രജ്ഞർ ഈ വശത്തെ വിദൂരവശം അഥവാ ഫാർ സൈഡ് എന്നു വിളിച്ചു. ചന്ദ്രൻ ഭൂമിയെ ഭ്രമണം ചെയ്യാനെടുക്കുന്ന സമയവും അതു സ്വന്തം അച്ചുതണ്ടിൽ ചുറ്റിത്തിരിയുന്ന സമയം ഏകദേശം ഒന്നുതന്നെയായതാണ് ടൈഡൽ ലോക്കിങ്ങിനു വഴിവച്ചത്.

moon-nasa - 1
ചാന്ദ്ര ഗോളത്തിന്റെ ചിത്രം:Nasa

തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ഇരുണ്ട വശമെന്നും ഈ വശം അറിയപ്പെടാറുണ്ട്. പേരു കേൾക്കുമ്പോൾ ഈ ഭാഗം മുഴുവൻ ഇരുട്ടാണെന്നു നമുക്ക് തോന്നാം, എന്നാലിത് തെറ്റാണ്. വിദൂരവശത്തും സൂര്യപ്രകാശം നമ്മെ അഭിമുഖീകരിക്കുന്ന വശത്തിൽ പ്രകാശം വീഴുന്നതിന്‌റെ അതേ തോതിൽ വീഴാറുണ്ട്.

നമ്മെ അഭിമുഖീകരിക്കുന്ന ചാന്ദ്രമുഖത്തിൽ നിന്നു തീർത്തും വ്യത്യസ്തമാണ് വിദൂരവശം. ഈ വശത്തിന്‌റെ അപൂർവമായ ചിത്രം പുറത്തുവിട്ടിരിക്കുകയാണ് നാസ. ഏജൻസിയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് ചിത്രം വന്നത്.
നമ്മെ അഭിമുഖീകരിക്കുന്ന വശത്തെ അപേക്ഷിച്ച് കൂടുതൽ പടുകുഴികളും ഗർത്തങ്ങളും വിദൂരവശത്തുണ്ട്. അഗ്നിപർവത പ്രവാഹങ്ങളാൽ സൃഷ്ടിക്കപ്പെട്ട ഇരുണ്ട സമതലങ്ങൾ ഈ വശത്ത് വളരെ കുറവാണ്.

ആദിമകാലത്ത് ഭൂമിയിലേക്ക് തിയ എന്ന മറ്റൊരു ഗ്രഹം വന്നിടിച്ചതിനെത്തുടർന്നുണ്ടായ പ്രത്യാഘാതങ്ങളിലാണ് ചന്ദ്രൻ പിറവിയെടുത്തതെന്നാണ് ചന്ദ്രന്‌റെ ജനനം സംബന്ധിച്ചുള്ള പ്രബലമായ സിദ്ധാന്തം. ഭൂമിയുടെ ഈ ഒരേയൊരു ഉപഗ്രഹത്തെപ്പറ്റി നിറം പിടിപ്പിച്ച കഥകളും ഗൂഢവാദങ്ങളുമൊക്കെ ഏറെയുണ്ട്.

ചന്ദ്രന്‌റെ വിദൂരവശത്ത് അന്യഗ്രഹജീവികളുടെ താവളങ്ങളുണ്ടെന്നും ചന്ദ്രൻ അകംപൊള്ളയായ ഗോളമാണെന്നും ഉള്ളിൽ അന്യഗ്രഹജീവികളുണ്ടെന്നുമൊക്കെ പല സിദ്ധാന്തങ്ങളും ഇറങ്ങിയിട്ടുണ്ട്. മൂൺഫാൾ എന്ന ഹോളിവുഡ് ഹിറ്റ് ചിത്രത്തിന്‌റെ പ്രമേയം തന്നെ ഇതാണ്. എന്നാൽ ഇതെല്ലാം അസംബന്ധമാണെന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com