'ഗഗൻയാൻ നയിക്കാൻ മലയാളി, 3 ദിവസം ബഹിരാകാശത്ത്, കടലിൽ ലാന്‍ഡിങ്; അറിയേണ്ടതെല്ലാം
Mail This Article
തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററിൽ (വിഎസ്എസ്‌സി) പദ്ധതികളുടെ ഉദ്ഘാടനത്തിൽ ‘ഗഗൻയാൻ’ ദൗത്യത്തിന്റെ ഭാഗമായി പരിശീലനം നടത്തുന്ന ബഹിരാകാശ യാത്രികരുടെയും പേരുകൾ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ദൗത്യത്തിൽ പങ്കെടുക്കുന്ന 4 ടെസ്റ്റ് പൈലറ്റുമാരായ ഗ്രൂപ്പ് ക്യാപ്റ്റനായ മലയാളി പ്രശാന്ത് ബാലകൃഷ്ണൻ നായർ, ഗ്രൂപ്പ് ക്യാപ്റ്റൻ അജിത് കൃഷ്ണൻ, ഗ്രൂപ്പ് ക്യാപ്റ്റൻ അങ്കത് പ്രതാപ്, വിങ് കമാൻഡർ ശുഭാൻഷു ശുക്ല എന്നിവരാണ് വേദിയിലെത്തിയത്. പാലക്കാട് നെന്മാറ സ്വദേശിയാണ് പ്രശാന്ത്.
ദൗത്യത്തിന്റെ വിശദാംശങ്ങൾ ഇങ്ങനെ
∙ ഇന്ത്യക്കാരനായ ആദ്യ ബഹിരാകാശ സഞ്ചാരി രാകേഷ് ശർമയാണ്. 1984 ഏപ്രിൽ 2 ന് റഷ്യയുടെ സോയൂസ് ടി–11 പേടകത്തിലായിരുന്നു സഞ്ചാരം. 7 ദിവസവും 2 മണിക്കൂറും 40 മിനിറ്റും ബഹിരാകാശത്ത് ചെലവഴിച്ചു.
∙ഗഗൻയാന്‍ ദൗത്യം: മൂന്ന് യാത്രികരെയും വഹിച്ചുള്ള പേടകത്തെ ഭൂമിക്ക് 400 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തില്‍ മൂന്ന് ദിവസത്തേക്ക് എത്തിക്കുന്നതാണ് പദ്ധതി.
∙ യുഎസ്, റഷ്യ, ചൈന എന്നിവയ്ക്കു ശേഷം ഈ ലക്ഷ്യം കൈവരിക്കുന്ന രാജ്യമാകും ഇന്ത്യ. ഇന്ത്യയുടെ ബഹിരാകാശ രംഗത്തെ സ്വപ്നങ്ങള്‍ക്കു അതോടെ അതിവേഗം കൈവരും.
∙വിക്ഷേപണവാഹനമായി പ്രഖ്യാപിച്ചത് ഹ്യൂമൻ റേറ്റഡ് എൽഎംവി 3 റോക്കറ്റാണ്.
∙ ബഹിരാകാശത്തെത്തും എന്നതിലുപരിയായി ഗഗന്‍യാന്‍ ദൗത്യത്തിനിടയില്‍ നാല് ജീവശാസ്ത്രപരമായ പരീക്ഷണങ്ങളും, രണ്ട് ഫിസിക്കല്‍ പരീക്ഷണങ്ങളും ഇസ്രോ നടത്തും.
∙ബഹിരാകാശ സ്യൂട്ട്: 2022ൽ മനുഷ്യനെ ബഹിരാകാശത്തെത്തിക്കാൻ ഉദ്ദേശിച്ചു രാജ്യം വികസിപ്പിക്കുന്ന ‘ഗഗൻയാൻ’ ദൗത്യത്തിന്റെ സ്പേസ് സ്യൂട്ട് ഐഎസ്ആർഒ 2018 സെപ്റ്റംബറിൽ പ്രദർശിപ്പിച്ചു.
∙ബെംഗളൂരുവിൽ നടന്ന സ്പെയ്സ് എക്സ്പോയിൽ ക്രൂ മോഡൽ കാപ്സ്യൂൾ, ക്രൂ എസ്കേപ് മോഡൽ എന്നിവയുടെ പ്രദർശനവും നടന്നു.
Ream More: 'ഗഗന്‍യാൻ, ചന്ദ്രയാൻ, ആദിത്യ'; സംശയങ്ങളെല്ലാം ഐഎസ്ആർഒ ചെയർമാനോട് നേരിട്ടു ചോദിക്കാം
∙ ഐഎസ്ആർഒയുടെ ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെന്ററും റഷ്യൻ സ്പേസ് ഏജൻസിയായ റോസ്കോസ്മോസിന്റെ കീഴിലുള്ള ഗ്ലാവ്കോസ്മോസും ബഹിരാകാശ സഞ്ചാരികൾക്കു പരിശീലനം നൽകി.
∙ എൻജിനീയറിങ്, മെഡിക്കൽ, സുരക്ഷാ പരിശീലനങ്ങൾക്കു പുറമേ ഭാരരഹിതാവസ്ഥയെ നേരിടുന്നതിനും സംഘാംഗങ്ങളെ പ്രാപ്തരാക്കുന്ന പരിശീലനങ്ങളാണ് നടന്നത്
∙8,000 കിലോഗ്രാം ഭാരമുള്ള പേടകത്തിനു രണ്ടു ഭാഗങ്ങളുണ്ട്: ക്രൂ മൊഡ്യൂളും സർവീസ് മൊഡ്യൂളും. ക്രൂ മൊഡ്യൂളിന് ഇരട്ടഭിത്തിയാണ്. ഭൗമാന്തരീക്ഷത്തിൽ പേടകം തിരികെയെത്തുമ്പോഴുണ്ടാകുന്ന കനത്ത ചൂട് അതിജീവിക്കാൻ ലക്ഷ്യമിട്ടാണിത്.
∙ഗഗൻയാൻ ദൗത്യത്തിൽ അടിയന്തര സാഹചര്യമുണ്ടായാൽ സഞ്ചാരികളെ രക്ഷിക്കാനുള്ള ടെസ്റ്റ് വെഹിക്കിൾ അബോർട്ട് മിഷന്‍ (ടിവി ഡി1) ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ പൂർത്തിയാക്കി.
∙ഇന്ത്യൻ നാവികസേനയുടെ കപ്പലും ഡൈവിംഗ് ടീമും ബംഗാൾ ഉൾക്കടലിൽ സ്പർശിച്ചതിന് ശേഷം ക്രൂ മൊഡ്യൂൾ വീണ്ടെടുക്കുന്ന രീതിയിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.
ഗഗൻയാന്‍ പദ്ധതിയെക്കുറിച്ച് ഐഎസ്ആർഒ ചെയർമാൻ പറയുന്നു
'ഒരു റോക്കറ്റ് എങ്ങനെ നിർമ്മിക്കാമെന്ന് ഞങ്ങൾക്കറിയാം, എന്നാൽ അതിൽ ഒരു മനുഷ്യനെ കൊണ്ടുപോകാൻ, അതിന്റെ സുരക്ഷയും വിശ്വാസ്യതയും വർദ്ധിപ്പിക്കേണ്ടതുണ്ട്. ഞങ്ങൾ അതിനെ ഹ്യൂമൻ റേറ്റിങ് എന്ന് വിളിക്കുന്നു': ഐസ്ആർഒ മേധാവി എസ് സോമനാഥ് മനോരമ ന്യൂസ് കോൺക്ലേവ് 2023ൽ വിശദീകരിച്ചു .രണ്ട്, മനുഷ്യനെ വഹിക്കാനാവുന്ന ഒരു സ്പേസ് ഷട്ടിൽ ആവശ്യമാണ്. പ്രത്യേക ഇരിപ്പിടങ്ങൾ ആവശ്യമുണ്ട് . യാത്രികർക്കു ഓക്സിജനും വെള്ളവും നൽകണം. മനുഷ്യ മാലിന്യങ്ങൾ നീക്കം ചെയ്യണം.
താപനിലയും വൈബ്രേഷനുകളും നിയന്ത്രിക്കണം. മുൻപ് ഒരിക്കലും നമ്മുടെ വൈദഗ്ധ്യത്തിന്റെ ഭാഗമായിരുന്നില്ല ഇതൊക്കെ. ഇപ്പോൾ അത് ക്രമേണ അതിന്റെ ഭാഗമായി മാറുകയാണ്. ഏറ്റവും പ്രധാനമായി റോക്കറ്റിന് എന്തെങ്കിലും അപകടം സംഭവിച്ചാൽ യാത്രികരെ സംരക്ഷിക്കാൻ കഴിയണം.ഒരു ക്രൂ എസ്‌കേപ്പ് സിസ്റ്റം ആവശ്യമാണ്. ഇതിന് ഉപരിയായി, ഈ പ്രക്രിയകളെല്ലാം സ്വയമേവ നിയന്ത്രിക്കാൻ കഴിയുന്ന ഒരു ഇന്റലിജൻസ് സിസ്റ്റം ആവശ്യമാണ്. ഇതിനായി ഞങ്ങൾ ഒരു സങ്കീർണ്ണ അൽഗോരിതം ഉണ്ടാക്കേണ്ടതുണ്ടെന്നും സോമനാഥ് പറഞ്ഞു
ആളില്ലാ യാത്ര ബഹിരാകാശത്തേക്കുള്ള മനുഷ്യ പറക്കൽ എന്ന ലക്ഷ്യത്തിലേക്കുള്ള അനേകം പടവുകളിൽ ഒന്നാണ്. ഇന്റഗ്രേറ്റഡ് എയർഡ്രോപ്പ് ടെസ്റ്റുകൾ, ടെസ്റ്റ് വെഹിക്കിൾ മിഷനുകൾ, പാഡ് അബോർട്ട് ടെസ്റ്റ് എന്നിവ ഇതിനകം നടത്തിക്കഴിഞ്ഞു. ഇനി ആദ്യത്തെ ആളില്ലാ വിമാനം ക്രൂ എസ്കേപ്പ് സിസ്റ്റത്തിന്റെ സുരക്ഷയും പ്രവർത്തനവും പരിശോധിക്കും
ആളില്ലാ ഗഗൻയാൻ അടുത്ത വർഷം
ബഹിരാകാശ യാത്രികരെ കയറ്റാതെ, യഥാർഥ ഗഗൻയാൻ ദൗത്യത്തിന്റെ സാഹചര്യങ്ങൾ പരീക്ഷിക്കാനുള്ള ആളില്ലാ ഗഗൻയാൻ ദൗത്യം 2024 ജനുവരിയിലോ ഫെബ്രുവരിയിലോ നടക്കുമെന്നു സൂചന. യഥാർഥ ദൗത്യത്തിനു മുന്നോടിയായുള്ള അവസാന പ്രധാന പരീക്ഷണം അതാണ്.