ഈ സംഖ്യ പേപ്പറിലെഴുതിയാൽ 370 കോടി കിലോമീറ്റർ നീളം! പൈയുടെ മൂല്യം നിർണയിച്ച് റെക്കോർഡ്
Mail This Article
ഹൈസ്‌കൂൾ വിദ്യാർഥികൾക്ക് പൈ എന്നാൽ സുപരിചിതമാണ്. 3.14 എന്നു മൂല്യം കൊടുത്ത് നാം ഉപയോഗിക്കുന്നതാണ് പൈ. ഒരു വൃത്തത്തിന്‌റെ ചുറ്റളവിനെ അതിന്‌റെ വിസ്തീർണം കൊണ്ട് ഹരിക്കുമ്പോഴാണ് പൈയുടെ മൂല്യം ലഭിക്കുക. പൈ ഒരു ഇറാഷനൽ സംഖ്യയാണെന്നും നാം പഠിച്ചിട്ടുണ്ട്. അതായത് അനന്തമായി ഇതിന്‌റെ ദശാംശമൂല്യം പൊയ്‌ക്കൊണ്ടേയിരിക്കും.
ജ്യോമെട്രിയിലും മറ്റു കണക്കുകൂട്ടലുകളിലുമൊക്കെ പൈയുടെ മൂല്യം വളരെ പ്രധാനപ്പെട്ടതാണ്. എന്നാൽ പൊതുവെ 3.14 എന്ന മൂല്യമാണ് കണക്കുകൂട്ടലുകൾക്കായി ഉപയോഗിക്കുന്നത്. പ്രാപഞ്ചിക ഗവേഷണത്തിൽ ഏർപെട്ടിരിക്കുന്ന നാസ പോലെയുള്ള സ്ഥാപനങ്ങൾ പോലും പൈയുടെ പതിനഞ്ച് വരെ ദശാംശമൂല്യമേ കണക്കാക്കൂ. എന്നാൽ കംപ്യൂട്ടർ സെർവർ സംവിധാനങ്ങളുടെയും ഡേറ്റ സംഭരണികളുടെയുമൊക്കെ ശേഷി മനസ്സിലാക്കാൻ പൈയുടെ മൂല്യം വളരെ ഉയർന്ന നിലയിൽ കണ്ടെത്താറുണ്ട്.
എല്ലാവർഷവും മാർച്ച് 14 പൈ ദിവസമായി ലോകം ആചരിച്ചുപോരുന്നു. ഇത്തവണത്തെ പൈ ദിവസത്തിൽ സോളിഡിം എന്ന യുഎസ് കമ്പനിയാണ് 105 ട്രില്യൻ ദശാംശമൂല്യം വരെ പൈ കണക്കുകൂട്ടിയത്.ഇതൊന്നു മനസ്സിലാക്കാൻ ഒരുദാഹരണം പറയാം. ഈ സംഖ്യ ഒരു പേപ്പറിലെഴുതിയെന്നിരിക്കട്ടെ. 10 സൈസുള്ള ഒരു ഫോണ്ടും ഉപയോഗിച്ചാൽ ഏകദേശം 370 കോടി കിലോമീറ്റർ നീളത്തിലുണ്ടാകും ഈ സംഖ്യ.
ഭൂമിയിൽ നിന്നു നെപ്റ്റിയൂണിലോ യുറാനസിലോ എത്തുന്ന ദൂരം. 75 ദിവസങ്ങൾ സമയമെടുത്താണ് കമ്പനി ഈ കണ്ടെത്തൽ നടത്തിയതത്രേ. കമ്പനിയുടെ 36 വമ്പൻ ഡ്രൈവുകൾ ഇതിനായി ഉപയോഗിച്ചു.ഏകദേശം പത്തു ലക്ഷം ജിഗാബൈറ്റ് ഡേറ്റ ഈ പരീക്ഷണത്തിനായി ഉപയോഗിച്ചു. പൈ മൂല്യം നാലു സഹസ്രാബ്ദങ്ങളിലേറെയായി മനുഷ്യർ ഉപയോഗിക്കുന്നു.
പുരാതന ബാബിലോണിയക്കാർ പൈയുടെ മൂല്യം ഏകദേശം 3 എന്നു കണ്ടെത്തിയിരുന്നു. പൈ ഉപയോഗിച്ചുള്ള ആദ്യ കണക്കുകൂട്ടൽ നടത്തിയത് ആർക്കിമിഡീസാണ്. പതിനെട്ടാം നൂറ്റാണ്ടിന്‌റെ തുടക്കം മുതലാണ് ആധുനിക ശാസ്ത്രജ്ഞർ പൈ കണക്കുകൂട്ടലുകളിൽ ഔദ്യോഗികമായി ഉപയോഗിച്ചു തുടങ്ങിയത്. 1706ൽ വില്യം ജോൺസാണ് ഇതിനു തുടക്കമിട്ടത്. ലോകത്തിലെ ഗണിത ശാസ്ത്രജ്ഞരിൽ അതിപ്രശസ്തനായ ലിയോണാഡ് ഓയ്‌ലർ പൈക്ക് അക്കാലത്ത് വലിയ പ്രചാരം നൽകി.