ADVERTISEMENT

ഹെലൻ... പ്രാചീന ഗ്രീസിലെ ഐതിഹ്യങ്ങളിൽ ലോകത്തെ ഏറ്റവും സുന്ദരിയായ യുവതിയായി വിശേഷിപ്പിക്കുന്ന നായിക.പ്രാചീന ഗ്രീക്ക് സാഹിത്യകാരൻ ഹോമറിന്റെ ഇലിയഡ് എന്ന വിശ്വപ്രസിദ്ധ ഇതിഹാസകൃതിയിലെ കേന്ദ്ര കഥാപാത്രം ഹെലനാണ്. ട്രോയ് നഗരവാസികളും അഗമെമ്നോണിന്റെ നേതൃത്വത്തിലുള്ള ഗ്രീക്ക് സൈന്യവും തമ്മിലുള്ള യുദ്ധം അഥവാ ട്രോജൻ യുദ്ധം നടക്കുന്നതിനു പരോക്ഷമായി കാരണമാകുന്നത് ഹെലനാണ്. 2004ൽ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രമായ ട്രോയിലൂടെ ഈ കഥ ലോകമെമ്പാടും പ്രശസ്തി നേടി.ഏകദേശം രണ്ട് സഹസ്രാബ്ദം മുൻപ് മറഞ്ഞ പ്രാചീന നഗരമാണ് പോംപെ. 

Representative Image Credit: Canva AI
Representative Image Credit: Canva AI

ലാവയിൽ മുങ്ങിയ മഹാനഗരം

ഇറ്റലിയിൽ സ്ഥിതി ചെയ്തിരുന്ന ഈ നഗരം വെസൂവിയസ് എന്ന അഗ്നിപർവതത്തിന്റെ വിസ്ഫോടനത്തിലാണ് പൂർണമായും ലാവയ്ക്കടിയിൽ മുങ്ങിയ ഈ നഗരത്തിൽ ശാസ്ത്രീയമായ പര്യവേഷണ പ്രവർത്തനങ്ങൾ സജീവമാണ്. പ്രാചീന റോമൻ ജീവിതത്തെപ്പറ്റിയുള്ള വിലപ്പെട്ട വിവരങ്ങൾ ഈ നഗരം നൽകുന്നു. പോംപെയിലെ വയ ഡി നോല എന്ന തെരുവിൽ നിന്ന് ഹെലനെ ചിത്രീകരിച്ചിരിക്കുന്ന ഒരു ഫ്രെസ്കോ പെയിന്റിങ് കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ.

ഹെലനും ട്രോയിലെ രാജകുമാരനായ പാരിസും തമ്മിൽ കണ്ടുമുട്ടുന്നതാണ് ഇതിവൃത്തം. ട്രോജൻ ജനങ്ങൾ ജീവിച്ചിരുന്ന നഗരമായിരുന്നു ട്രോയ്. ഇവിടത്തെ ഇളയ രാജകുമാരനായ പാരിസ്,ഹെലനുമായി പ്രണയത്തിലായി. ഗ്രീക്ക് രാജാക്കൻമാരിലൊരാളായ മെനിലോസിന്റെ ഭാര്യയായിരുന്നു ഹെലൻ. പാരിസ് ഹെലനെ ട്രോയിലേക്കു കടത്തിക്കൊണ്ടുവരികയും ചെയ്തു. തുടർന്നാണ് മെനിലോസിന്റെ സഹോദരൻ അഗമെമ്നോൺ ട്രോയ്ക്കെതിരെ യുദ്ധം പ്രഖ്യാപിക്കുന്നതും ഗ്രീക്ക് യോദ്ധാക്കളെ കൂട്ടി ഒരു സൈന്യമുണ്ടാക്കുന്നതും.

അക്കിലീസ്, ഒഡീസിയൂസ്,അജാക്സ്, ഫീനിക്സ് തുടങ്ങി വിഖ്യാത ഗ്രീക്ക് വീരൻമാർ ഇതിൽ പങ്കെടുത്തു. ഇവർ ട്രോയിയിലേക്ക് കപ്പലുകളിലെത്തുകയും നഗരം ഉപരോധിക്കുകയും ചെയ്തു.ട്രോജൻ യുദ്ധത്തിൽ ഗ്രീക്കുകാർ നേരിട്ട ഏറ്റവും വലിയ പ്രതിബന്ധം ട്രോയ് നഗരത്തിനു ചുറ്റുമുള്ള കോട്ടമതിലുകളാണ്. ഗ്രീക്കുകാർക്ക് കവാടം ഭേദിച്ച് നഗരത്തിലുള്ളിലേക്ക് കടക്കാൻ എത്ര ശ്രമിച്ചിട്ടും സാധിച്ചില്ല.

Representative Image Credit: Canva AI
Representative Image Credit: Canva AI

പത്തു വർഷത്തോളം നഗരത്തെ ഉപരോധിച്ചിട്ടും ഇതു നടക്കാതെ വന്നതോടെ അവരൊരു തന്ത്രം തയാറാക്കി. ഇതു പ്രകാരം ഗ്രീക്ക് സംഘത്തിലുണ്ടായിരുന്ന എപിയസ് എന്ന ശിൽപി കുതിരയുടെ രൂപത്തിൽ ഒരു വലിയ തടിരൂപമുണ്ടാക്കി. ഇതിനുള്ളിൽ കുറേ ഗ്രീക്ക് പടയാളികൾ ഒളിച്ചിരുന്നു. അഥീനാ ദേവിക്ക് ഒരു വഴിപാടെന്ന നിലയിൽ ആ കുതിരയെ അവർ ട്രോയിയുടെ തീരത്ത് സമർപ്പിച്ചു.

 യുദ്ധമവസാനിപ്പിച്ചെന്ന രീതിയിൽ മറ്റ് ഗ്രീക്ക് പടയാളികൾ തിരികെപ്പോയി. എന്നാൽ ഇവർ യഥാർഥത്തി‍ൽ പോയിരുന്നില്ല. ടെനെഡോസ് എന്ന അടുത്തുള്ള ദ്വീപിൽ അവർ കാത്തിരുന്നു. ചതി അറിയാതെയിരുന്ന ട്രോയ് നഗരവാസികൾ ഈ കുതിരയെ കവാടം വഴി നഗരത്തിനുള്ളിലേക്കു കൊണ്ടുപോയി. 

ട്രോജൻ കുതിരയുടെ അവശേഷിപ്പുകൾ?

രാത്രിയായതോടെ കുതിരയ്ക്കുള്ളിലുണ്ടായിരുന്ന ഗ്രീക്ക് പടയാളികൾ പുറത്തിറങ്ങി കവാടം തുറന്നുകൊടുത്തു. ടെനഡോസിൽ നിന്നു തിരിച്ചെത്തിയ ഗ്രീക്ക് സൈന്യം ട്രോയിയിലേക്ക് ഇരച്ചുകയറുകയും അവിടെ രക്തക്കളമാക്കുകയും ചെയ്തു. ഇങ്ങനെയാണു ട്രോയ് നഗരം യുദ്ധത്തി‍ൽ പൂർണപരാജയം ഏറ്റുവാങ്ങിയത്.ട്രോജൻ കുതിര യാഥാർഥ്യമായിരുന്നെന്നും അതിന്റെ അവശേഷിപ്പുകൾ കണ്ടെത്തിയെന്നും ഇടയ്ക്ക് റിപ്പോർട്ടുകളുണ്ടായിരുന്നു. 

പൗരാണിക ട്രോയ് നഗരം സ്ഥിതി ചെയ്തിരുന്ന തുർക്കിയിലെ ഹിസാർലിക്കിൽ നിന്നാണു ദുരൂഹമായ തടിയിൽ നിർമിച്ച രൂപം കണ്ടെത്തിയത്. 50 അടി വരെപൊക്കമുള്ള രൂപം ഇതിഹാസത്തിലെ ട്രോജൻ കുതിര തന്നെയാണെന്ന് പുരാവസ്തു ഗവേഷകർ പറയുന്നു.ട്രോയ് നഗരത്തിനുള്ളിൽ നിന്നാണു കണ്ടെത്തലെന്നത് ഇതിന്റെ സാധ്യത കൂട്ടുന്നു.ഇതിൽ നടത്തിയ കാർബൺ ഡേറ്റിങ്ങുൾപ്പെടെയുള്ള ശാസ്ത്രീയ പരീക്ഷണങ്ങളും, സ്ഥിരീകരിക്കുന്ന ഫലങ്ങളാണു നൽകിയതെന്നും ഗവേഷകർ വെളിപ്പെടുത്തുന്നു.

ട്രോയ് നഗരത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഹോമറിന്റെ ഇലിയഡിൽ പക്ഷേ ട്രോജൻ കുതിരയെപ്പറ്റി പരാമർശമില്ല. എന്നാ‍ൽ ഇലിയഡിന്റെ അനുബന്ധമായ ഒഡീസിയിൽ ഇതെപ്പറ്റി പറയുന്നുണ്ട്. റോമൻ കൃതിയായ ഏയ്നിഡിലാണ് ഇതെപ്പറ്റി വിശദമായി വിവരിക്കുന്നത്. ആദ്യകാലത്ത് ട്രോയ് നഗരം ഒരു ഭാവനാസൃഷ്ടിയാണെന്നായിരുന്നു മിക്ക വിദഗ്ധരും ധരിച്ചിരുന്നത്. എന്നാൽ 1873ൽ ഹെയ്ൻറിച് സ്ക്ലീമാൻ എന്ന പുരാവസ്തു ഗവേഷകൻ വടക്കുപടിഞ്ഞാറൻ തുർക്കിയിൽ നിന്ന് ഈ പ്രാചീന നഗരം കണ്ടെത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com