പിരമിഡുകളുടെ മുകളിൽ കല്ലുകളെത്തിച്ച 'ടെക്നോളജി'; ഗവേഷകർ രണ്ട് തട്ടിൽ, ഈ തർക്കം എന്നുതീരും
Mail This Article
എക്കാലത്തേയും ആധുനിക ശാസ്ത്ര സാങ്കേതികവിദ്യകള്‍ കൈവശമുള്ള സമൂഹമാണ് നമ്മുടേതെന്ന് അഹങ്കാരം പിരമിഡുകളെ ഒന്നു നോക്കുമ്പോള്‍ തന്നെ ആവിയായി പോവും. ഇന്നത്തെ ഏത് സാങ്കേതികവിദ്യ ഉപയോഗിച്ചിട്ടാണെങ്കിലും ഈജിപ്തിലേതു പോലുള്ള പിരമിഡുകള്‍ നിര്‍മിക്കുക പ്രായോഗികമല്ല. നാലായിരത്തിലേറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഓരോ പിരമിഡും വലിയ തോതില്‍ മനുഷ്യ അധ്വാനം ഉപയോഗിച്ചാണ് നിര്‍മിച്ചതെങ്കിലും ലളിതവും അത്രമേല്‍ കാര്യക്ഷമവുമായ എന്തോ സാങ്കേതികവിദ്യയും പിരമിഡ് നിര്‍മാണത്തിന് പിന്നിലുണ്ടെന്നു കരുതപ്പെടുന്നു. പ്ലോസ് വണ്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം ഈ സാധ്യതയിലേക്കു വിരല്‍ ചൂണ്ടുന്നതാണ്.
സാക്കറ പിരമിഡ് നിര്‍മിക്കാന്‍ ഹൈഡ്രോളിക് ഫോഴ്സ് ഉപയോഗിക്കാനുള്ള സാധ്യതയെക്കുറിച്ചാണ് പഠനം വിശദീകരിക്കുന്നത്. ജോസര്‍(സോസര്‍) ഫറവോയുടെ കാലത്ത് 2680 ബിസിയില്‍ നിര്‍മിച്ച സാക്കറ പിരമിഡാണ് ഈജിപ്തിലെ പിരമിഡുകളുടെ കൂട്ടത്തില്‍ ഏറ്റവും പഴക്കമേറിയത്. സാക്കറ ശവകുടീരത്തിലാണ് ഈ പിരമിഡ് സ്ഥിതി ചെയ്യുന്നത്. 205 അടി ഉയരമുള്ള സാക്കറ പിരമിഡാണ് പിന്നീട് ഈജിപ്തില്‍ നിര്‍മിക്കപ്പെട്ട പിരമിഡുകള്‍ക്കെല്ലാം പ്രചോദനമായതും. പൗരാണിക കാലത്തെ ലോകാത്ഭുതങ്ങളുടെ പട്ടികയില്‍ ഇടം നേടിയ 481 അടി ഉയരമുള്ള ഗിസയിലെ മഹത്തായ പിരമിഡ് അടക്കം സാക്കറ പിരമിഡിന്റെ പിന്‍ഗാമികളാണ്.
സാക്കറ പീഠഭൂമിയുടെ കിഴക്കു ഭാഗത്തായി നടത്തിയ പഠനങ്ങളില്‍ നിന്നും ഇവര്‍ പ്രദേശത്ത് വലിയൊരു അണക്കെട്ടിനുള്ള സാധ്യത കണ്ടെത്തിയിരുന്നു. പിരമിഡിന് ഉള്ളിലൂടെ വെള്ളം നിറച്ച് ഹൈഡ്രോളിക് ലിഫ്റ്റ് സംവിധാനം വഴി കൂടുതല്‍ എളുപ്പത്തില്‍ ഭാരമേറിയ കല്ലുകള്‍ മുകളിലേക്കു കൊണ്ടു വരാനുള്ള സാധ്യതയാണ് മുന്നോട്ടുവെക്കുന്നത്.
ഫ്രഞ്ച് ഗവേഷണ സ്ഥാപനമായ പാലിയോടെക്നിക്കിന്റെ തലവന്‍ സേവ്യര്‍ ലാണ്ട്രോയാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. വെള്ളം ഉപയോഗിച്ച് ഒരു എലിവേറ്ററിലേതു പോലെ അനായാസം കല്ലുകള്‍ പിരമിഡ് നിര്‍മാണത്തിനായി പിരമിഡിന് ഉള്ളിലൂടെ മുകളിലേക്കെത്തിച്ചുവെന്നാണ് ഗവേഷകര്‍ അനുമാനിക്കുന്നത്.
ഈ സാധ്യതയെ എല്ലാ ഗവേഷകരും അനുകൂലിക്കുന്നില്ല. 'ഈജ്പിതുകാര്‍ ഹൈഡ്രോളിക് എനര്‍ജി ഉപയോഗിച്ചിരുന്നതിന് തെളിവുണ്ട്. എന്നാല്‍ ഹൈഡ്രോളിക് ലിഫ്റ്റ് സിസ്റ്റം അവര്‍ ഉപയോഗിച്ചിരുന്നുവെന്നതിന് തെളിവ് ഇന്നുവരെ ലഭിച്ചിട്ടില്ല ' എന്നാണ് കേംബ്രിഡ്ജിലെ ഈജിപ്തിനെക്കുറിച്ചുള്ള ഗവേഷകയായ ജൂഡിത്ത് ബുന്ബുറി പ്രതികരിച്ചത്. ഇത്രയേറെ ഉയരത്തിലേക്ക് കല്ലുകള്‍ എത്തിക്കാന്‍ മാത്രം ശക്തമായ ഹൈഡ്രോളിക് സംവിധാനം നിര്‍മിക്കാന്‍ വേണ്ടത്ര ജലം ശേഖരിക്കാനുള്ള സാധ്യതയെ ടൊറന്റോ സര്‍വകലാശാലയിലെ പുരാവസ്തു ഗവേഷകന് ഓറിന് സീഗലും ചോദ്യം ചെയ്യുന്നുണ്ട്.