ADVERTISEMENT

ശുക്ര ഗ്രഹ‌‌ത്തെ പഠിക്കാനുള്ള ഇന്ത്യയുടെ ദൗത്യമായ ശുക്രയാൻ 2028 മാർച്ചിൽ വിക്ഷേപിക്കുമെന്ന് തീരുമാനമായി. 112 ദിവസം യാത്ര ചെയ്ത ശേഷമായിരിക്കും ശുക്രന്റെ ഭ്രമണപഥത്തിൽ വീനസ് ഓർബിറ്റർ മിഷൻ (വിഒഎം) എന്നു പേരുള്ള ദൗത്യമെത്തുക. ഭാവിയിലെ ശുക്രദൗത്യങ്ങൾക്കായി വിവരങ്ങൾ കണ്ടെത്താൻ ലക്ഷ്യമിടുന്ന ശുക്രയാന് 1236 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 19 ഉപകരണങ്ങൾ വിവിധ പഠനങ്ങൾക്കായി ദൗത്യത്തിലുണ്ടാകും. ഇന്ത്യൻ ബഹിരാകാശ മേഖലയുടെ ശ്രദ്ധേയമായ കാൽവയ്പായിരിക്കും ശുക്രയാൻ.

ഓറഞ്ചും ചുവപ്പും കലർന്ന നിറമുള്ള ഗ്രഹമാണ് ശുക്രൻ. ചൂടേറിയ ഗ്രഹം.മലകളും കുന്നുകളും കുഴികളും അഗ്നിപർവതങ്ങളുമൊക്കെ നിറഞ്ഞ സ്ഥലമാണിവിടെ. എന്നാൽ ഇവയൊഴിച്ച് ഒരു വലിയ പ്രദേശം സമതലമാണ്. നല്ല കട്ടിയുള്ള അന്തരീക്ഷമാണ് ശുക്രനിൽ. ഭൂമിയിൽ വെള്ളത്തിലിറങ്ങിയിട്ട് നമ്മൾ കൈ ചലിപ്പിച്ചാൽ എങ്ങനെയിരിക്കും, അതുപോലെയാണ് ഇവിടെ വായുവിൽ കൈചലിപ്പിച്ചാൽ തോന്നുക.അന്തരീക്ഷത്തിന്റെ 92 ശതമാനവും കാർബൺ ഡൈഓക്സൈഡാണ്. ഈ വാതകം ചൂടിനെ പിടിച്ചുതളച്ചിടുന്ന ഗ്രീൻ ഹൗസ് വാതകമായതുകൊണ്ടാണ് ശുക്രൻ ഇത്ര ചൂടനായത്. 465 ഡിഗ്രിയാണ് ചൂട്. നല്ല ഓറഞ്ച് നിറമാണ് ഇവിടത്തെ ആകാശത്തിന്.

Credits: NASA/JPL-Caltech/Peter Rubin
Credits: NASA/JPL-Caltech/Peter Rubin

 ഒരു മനുഷ്യക്കോളനി ശുക്രനിൽ

ഭൂമി അച്ചുതണ്ടിൽ കറങ്ങുന്ന ദിശയുടെ നേരെ എതിർദിശയിലാണ് ശുക്രൻ കറങ്ങുന്നത്. അതുകാരണം ഇവിടെ സൂര്യൻ പടിഞ്ഞാറുദിച്ച് കിഴക്ക് അസ്തമിക്കും ഇടയ്ക്ക് ഓഷ്യൻ ഗേറ്റ് എക്സ്പെ‍ഡിഷൻസ് കമ്പനിയുടെ സഹസ്ഥാപകൻ ഗില്ലേർമോ സോൻലീൻ മനുഷ്യരെ ശുക്രഗ്രഹത്തിലേക്ക് അയ്ക്കുന്നതിനു പദ്ധതി അവതരിപ്പിച്ചിരുന്നു.2050ൽ 1000 പേരടങ്ങുന്ന ഒരു മനുഷ്യക്കോളനി ശുക്രനിൽ സ്ഥാപിക്കുകയാണ് ലക്ഷ്യം.

Credits: NASA/JPL-Caltech
Credits: NASA/JPL-Caltech

ഹ്യൂമൻസ് ടു വീനസ് എന്ന ഫ്യൂച്ചുറിസ്റ്റിക് കമ്പനിയുടെ ചെയർമാനായ സോൻലീന് ശുക്രനിൽ ഒഴുകിനടക്കുന്ന ഒരു കോളനി സ്ഥാപിക്കാനാണു താൽപര്യം. ശുക്രനിലെ സൾഫ്യൂറിക് ആസി‍ഡ് മേഖങ്ങളെ അതിജീവിക്കാൻ ശേഷിയുള്ളതാകും ഈ കോളനി. അതീവ ദുഷ്കരമായ സാഹചര്യങ്ങളുള്ള ഗ്രഹമാണെങ്കിലും ശുക്രന്റെ ഉപരിതലത്തിൽ നിന്ന് 50 കിലോമീറ്റർ ഉയരെ മനുഷ്യർക്ക് ജീവിക്കാൻ സാധിക്കുമെന്ന നാസയുടെ പഠനമാണ് സോൻലീന്റെ പദ്ധതിക്ക് ആധാരം.

Photo: ESA
Photo: ESA

ശുക്രനിൽ ഓക്സിജൻ

കഴിഞ്ഞവർഷം ശുക്രനിൽ ഓക്സിജൻ കണ്ടെത്തിയിരുന്നു.നാസയും ജർമൻ എയ്റോസ്പേസ് സെന്ററും സംയുക്തമായി നടത്തിയ ഗവേഷണത്തിലാണ് ഇതു കണ്ടെത്തിയത്. അന്തരീക്ഷത്തിന്റെ രണ്ട് അടുക്കുകൾക്കിടയിൽ ഒരു നേർത്ത പാട പോലെയാണ് ഓക്സിജൻ കണ്ടെത്തിയത്.

എന്നാൽ ഭൂമിയിൽ നമ്മൾ ശ്വസിക്കുന്നതുപോലുള്ള രണ്ട് ആറ്റമുകളുടെ സംയുക്തമായ ഓക്സിജൻ വാതകമല്ല മറിച്ച് ഒറ്റ ഓക്സിജൻ ആറ്റമുള്ളതാണ് ഇത്. സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് വികിരണങ്ങൾ വഴി ഉത്പാദിപ്പിക്കപ്പെടുന്നതാണ് ഇത്.

English Summary:

Isro announces launch date of ambitious Venus Orbiter Mission

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com