ADVERTISEMENT

ഗൂഗിൾ മാപ്സ് നോക്കി നീങ്ങിയ കാർ പടിക്കെട്ടു നിരങ്ങിയിറങ്ങിയ സംഭവമുണ്ടായതും ഭീമൻ വാഹനം ഇട റോഡിലേക്കു  വന്നു കുടുങ്ങിയതും കോട്ടയത്താണ്, എന്നാൽ ഇതാ  ഗൂഗിൾ മാപ്സിനെ ആശ്രയിച്ചു യാത്ര ചെയ്തതതിനെത്തുടർന്നു വഴി തെറ്റിയതിനെത്തുടർന്നു കാർ പുഴയിൽ പതിച്ചു രണ്ടു യുവ ഡോക്ടർമാർ മരിച്ച അതിദാരുണമായ ഒരു സംഭവം കൂടി ഉണ്ടായിരിക്കുന്നു.

 

എറണാകുളത്തു നിന്നു കൊടുങ്ങല്ലൂരിലേക്ക് പോയ ഇവർ വഴി തെറ്റി കടൽവാതുരുത്ത് കടവിലേക്കുള്ള റോഡിലേക്ക് കയറുകയായിരുന്നു. ഗൂഗിൾ മാപ്സിനെ  നമ്മുടെ വഴികാട്ടിയായി ഉപയോഗിക്കുമ്പോൾ ഇതെല്ലാം ഒന്നു മനസ്സിൽ വയ്ക്കേണ്ടത് അത്യാവശ്യമാണ്. 

ചിത്രം: REUTERS/Dado Ruvic/Illustration
ചിത്രം: REUTERS/Dado Ruvic/Illustration

 

ഗൂഗിൾ മാപ്സ് എന്ന ലോകമെങ്ങുമുള്ള യാത്രകളെ ഇത്രമേൽ സ്വാധീനിച്ചിട്ടുള്ള മറ്റൊരു സാങ്കേതികവിദ്യയുണ്ടോയെന്നു തന്നെ സംശയമാണ്. ലോകത്തെ ഏത് മുക്കിലും മൂലയിലും എത്തിപെടാൻ മിക്ക ഡ്രൈവർമാരും ഗൂഗിൾ മാപ്സിന്റെ സഹായം തേടുന്നുണ്ട്. മിക്കവരും അറിയാതെയും അറിഞ്ഞും ഗൂഗിൾ മാപ്സിന്റെ ഉപയോക്താക്കളാണ്.  ഉപഗ്രഹ ദൃശ്യങ്ങളിൽ നിന്നു കൃത്യമായി സ്ഥലങ്ങളും വഴികളും കാണിച്ചുതരാനും അങ്ങോട്ടുള്ള ഗതി പറഞ്ഞു തരാനുമൊക്കെ നല്ല മിടുക്കാണ് ഗൂഗിൾ മാപ്സിന്.

 

പക്ഷേ പലഅബദ്ധങ്ങളും ഗൂഗിൾ മാപ്സിനു വരാറുണ്ട്. ഇതിൽ പെട്ട് പലരും നട്ടം തിരിയാറുമുണ്ട്. ചില ഇട റോഡുകളൊക്കെ എളുപ്പ മാർഗമെന്ന നിലയിൽ മാപ്പ് നിർദേശിക്കും. അങ്ങോട്ടേക്കു പോകുമ്പോൾ മാപ്സിൽ കാണിക്കുന്ന പോലെയായിരിക്കില്ല. ചിലപ്പോൾ റോഡിനു തകരാർ കാരണം ഗതാഗതം നിരോധിച്ചിരിക്കുകയാകും. ഇതൊന്നും ചിലപ്പോൾ മാപ്സിൽ അപ്ഡേറ്റുമായിട്ടുണ്ടാവില്ല.

 

സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

 

∙അപരിചിതവും വിജനവുമായ മേഖലകളിലാണെങ്കിൽ പ്രധാന റോഡുകളിൽ യാത്ര ചെയ്യാൻ ശ്രമിക്കുക. ഗൂഗിൾ നോക്കി അൽപം സമയലാഭത്തിനായുള്ള ഇടറോഡ് ഒഴിവാക്കുന്നതാകും നല്ലത്. പ്രത്യേകിച്ചും രാത്രിയാത്രയിൽ

 

∙ഇടറോഡിൽ കയറേണ്ട അവസ്ഥ വന്നാൽ ആദ്യം കാണുന്ന നാട്ടുകാരനോട് സ്ഥിതി ആരായുക. എവിടെയെങ്കിലും ഗതാഗത നിരോധനമോ തകർച്ചയോ മറ്റു പ്രശ്നങ്ങളോ ഉണ്ടെങ്കിൽ അവർ പറഞ്ഞുതരും.

 

∙കാര്യമായ പ്രശ്നമോ സ്ഥിരമായ ഗതാഗത തടസ്സമോ ശ്രദ്ധയിൽപെട്ടാൽ ഗൂഗിൾ മാപ്പ് ആപ്പ് തുറന്നു ചുവടെയുള്ള കോൺട്രിബ്യൂട്ട് എന്ന ഓപ്ഷനിൽ വിരലമർത്താം. തുടർന്നു തുറക്കുന്ന വിൻഡോയിൽ നിന്ന് എഡിറ്റ് മാപ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുമ്പോൾ ആഡ് ഓർ ഫിക്സ് റോഡ് എന്ന പുതിയ ഓപ്ഷൻ കാണാം. ഇതു തിരഞ്ഞെടുത്ത് എന്താണു പ്രശ്നമെന്നു റിപ്പോർട്ട് ചെയ്യാം.  അതു വഴി വരുന്നവർക്കൊരു സഹായവുമാകും.

 

∙തെറ്റായി കിടക്കുന്ന സ്ഥലനാമങ്ങളും അടയാളപ്പെടുത്താത്ത മേഖലകളുമൊക്കെ ഈ രീതിയിൽ ഗൂഗിളിനെ അറിയിക്കാം.

 

∙ഗൂഗിൾ മാപ്പിൽ ഫീഡ്ബാക് കൊടുക്കാം. സെറ്റിങ്സിൽ ഇതിനുള്ള സൗകര്യം ലഭിക്കും. 

 

∙കൂടുതൽ മികവുറ്റ നാവിഗേഷന് ലൊക്കേഷൻ ഹൈ ആക്യുറസിയിൽ വയ്ക്കാം.ഇതിനായി സെറ്റിങ്സിൽ പോയി ഗൂഗിൾ ലൊക്കേഷൻ സെറ്റിങ്സ് തിരഞ്ഞെടുത്ത ശേഷം അഡ്വാൻസ്ഡിൽ ടാപ് ചെയ്യാം. ഇതിനു ശേഷം വരുന്ന മെനുവിൽ ഗൂഗിൾ ലൊക്കേഷൻ ആക്യുറസി എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് ഓണാക്കി വയ്ക്കാം. കോംപസ് കാലിബ്രേറ്റ് ചെയ്യുക എന്ന ഓപ്ഷനും പരിഗണിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com