പ്ലേസ്റ്റോര്‍ പണിമുടക്കി, പ്രതികരിക്കാതെ ഗൂഗിള്‍, ഇന്ത്യയിലും നിശ്ചലമായി
Mail This Article
ലോകത്തെ ഏറ്റവും വലിയ ആപ് ശേഖരമായ ഗൂഗിള്‍ പ്ലേസ്റ്റോര്‍ ചില സ്ഥലങ്ങളില്‍ നിശ്ചലമായതായി റിപ്പോര്‍ട്ടുകള്‍. ആന്‍ഡ്രോയിഡ് ഉപയോഗക്താക്കള്‍ ആപ് ഡൗണ്‍ലോഡ് ചെയ്യാനായി പ്ലേസ്റ്റോര്‍ തുറക്കുമ്പോള്‍ അതു പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ കാത്തിരിക്കുക. ലോകത്തു പല ഭാഗങ്ങളിലും ഗൂഗിളിന്റെ പ്ലേസ്റ്റോര്‍ ശനിയാഴ്ച മുതല്‍ നിശ്ചലമാണ്. ഇന്ത്യയിലും അത് ഭാഗിമായി ബാധിച്ചിട്ടുണ്ട്. ഡല്‍ഹി, മുംബൈ, ബെംഗളൂരു തുടങ്ങിയ നഗരങ്ങളില്‍ നിന്നുള്ള ചിലരാണ് ഇതു റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
എന്നാല്‍, അതിലേറെ ഓര്‍ത്തിരിക്കേണ്ട കാര്യം പ്ലേസ്റ്റോര്‍ പ്രവര്‍ത്തനരഹിതമാകല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു പരക്കുന്നുവെന്നാണ്. തങ്ങള്‍ പ്രശ്‌നം പരിഹരിച്ചുവെന്ന് ഗൂഗിള്‍ പ്രഖ്യാപിക്കുന്നതു വരെ ഇതു തുടര്‍ന്നേക്കാം. മുംബൈയില്‍ ഇതു ടെസ്റ്റു ചെയ്ത കമ്പനി പറഞ്ഞത് തങ്ങളുടെ ഓഫിസിലുള്ള പത്ത് ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ എട്ട് എണ്ണത്തിലും പ്ലേസ്റ്റോര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവയില്‍ ആപ്പുകള്‍ ബ്രൗസു ചെയ്യാനും ഡൗണ്‍ലോഡു ചെയ്യാനുമാകുന്നുണ്ട്. എന്നാല്‍, രണ്ടെണ്ണത്തില്‍ പ്ലേസ്റ്റോര്‍ ആപ് ലോഡ് ആകുന്നില്ലെന്നാണ്.
ലോകത്തെ പല ഭാഗങ്ങളില്‍ നിന്നുമുള്ള ഉപയോക്താക്കള്‍ പ്ലേസ്റ്റോര്‍ പ്രവര്‍ത്തിക്കുന്നില്ലെന്നു പറഞ്ഞ് ട്വിറ്റര്‍ അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ സ്‌ക്രീന്‍ഷോട്ട് അടക്കം പോസ്റ്റു ചെയ്യുന്നുണ്ട്. ബ്രിട്ടൻ, യൂറോപ്, ജപ്പാന്‍ തുടങ്ങിയ സ്ഥലങ്ങളെയാണ് ഇത് കൂടുതലായി ബാധിച്ചിരിക്കുന്നത്. ഇന്ത്യയിലെ പ്രശ്‌നം കാര്യമാക്കത്തക്ക രീതിയില്‍ ഇല്ലെന്നാണ് സൂചനകള്‍. പ്ലേസ്റ്റോറിനു വന്നിരിക്കുന്ന പ്രശ്‌നം കഴിഞ്ഞ മാസങ്ങളില്‍ ജിമെയിലിനും ഗൂഗിള്‍ ഡ്രൈവിനും വന്നിരുന്നുവെന്നും കാണാം. പ്ലേസ്റ്റോറിന് എന്തു പറ്റി എന്നതിനെപ്പറ്റി ഗൂഗിള്‍ ഇതുവരെ ഒരു പ്രതികരണവും നടത്തിയിട്ടില്ല. പ്രശ്‌നം ഉടനെ പരിഹരിക്കുമെന്നാണ് കരുതുന്നത്.
പ്ലേസ്റ്റോര്‍ പ്രശ്‌നം അപ്‌ഡേറ്റിന്റെ ഭാഗമോ?
ഗൂഗിള്‍ പ്ലേസ്റ്റോര്‍ ഒരു വെള്ള പശ്ചാത്തലവുമായി അപ്‌ഡേറ്റു ചെയ്യപ്പെട്ട് ചില ഉപയോക്താക്കള്‍ക്കു ലഭിച്ചു തുടങ്ങി. ഒരു പക്ഷേ, ഈ അപ്‌ഡേറ്റ് നടത്തുന്നതിന്റെ ഭാഗമായാണോ തുറക്കാന്‍ പറ്റാതിരുന്നതെന്ന് സംശയമുണ്ട്. ഗൂഗിള്‍ കലണ്ടര്‍, ഗൂഗിള്‍ ഫോട്ടോസ് എന്നിവയ്‌ക്കെല്ലാം വെള്ള ബാക്ഗ്രൗണ്ട് നേരത്തെ നല്‍കിയിരുന്നല്ലോ. ഇപ്പോള്‍ അത് പ്ലേസ്റ്റോറിനും ലഭിച്ചിരിക്കുകയാണ്.
പുതിയ പ്ലേസ്റ്റോറിന്റെ ഡിസൈനിലും ചില മാറ്റങ്ങളുണ്ട്. ഏറ്റവുമടിയിലായി ഗെയിംസ്, ആപ്‌സ്, മൂവീസ് & ടിവി, ബുക്‌സ് തുടങ്ങിയ ടാബുകള്‍ വന്നിട്ടുണ്ട്. എന്നാല്‍ മ്യൂസിക് ടാബ് ഇല്ല. ഗൂഗിള്‍ പ്ലേ മ്യൂസിക് മാറ്റി, യുട്യൂബ് മ്യൂസിക് ആക്കിയതിന്റെ ഫലമായിരിക്കാമത്. പൊതുവെ പറഞ്ഞാല്‍ പുതിയ പ്ലേസ്റ്റോര്‍ അല്‍പം കൂടെ സൗഹാര്‍ദ്ദ പരമാണ്. ആപ് പേജുകള്‍ക്കും ചെറിയ റീഡിസൈന്‍ നടന്നിട്ടുണ്ട്. സമ്പര്‍ക്കമുഖം (interface) കൂടുതല്‍ ആധുനികമായതു പോലെയും തോന്നുന്നുണ്ട്. പുതിയ വേര്‍ഷന്‍ 15.1.24 ആണ്. നിങ്ങള്‍ക്ക് ഇതു ലഭിച്ചിട്ടില്ലെങ്കില്‍ ഏതാനും ദിവസം കൂടെ കാത്തിരിക്കുക.