ADVERTISEMENT

ജപ്പാനിലെ ഒരു സെന്‍ ക്ഷേത്രത്തില്‍ ധര്‍മ്മ പ്രഭാഷണം നടത്തുന്നത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ശക്തിയുള്ള, 'ഒരിക്കലും മരണമില്ലാത്ത' റോബോട്ട് പുരോഹിതനാണ്. പൊതുജനങ്ങളിലേക്ക് ബുദ്ധമത തത്വങ്ങള്‍ എത്തിക്കാന്‍ പറ്റിയ മാര്‍ഗമാണിതെന്നാണ് ക്ഷേത്രത്തിലെ അധികാരികള്‍ പറയുന്നത്. പുതിയ കാലത്തെ വിശ്വാസികളില്‍ ബുദ്ധ മതത്തിന്റെ മുഖഭാവം തന്നെ മാറ്റുന്ന ഒരു നീക്കമാണിതെന്ന് അധികാരികള്‍ പറയുന്നു. ചിലര്‍ എഐ പുരോഹിതന്റെ സംഭാഷണം ശ്രവിക്കാന്‍ ഇഷ്ടപ്പെടന്നെങ്കില്‍ മറ്റു ചില സന്ദര്‍ശകര്‍ ഈ 'ഫ്രാങ്കന്‍സ്റ്റൈന്‍' (മേരി ഷെലിയുടെ നോവലിലെ ഭ്രാന്തന്‍ ശാസ്ത്രജ്ഞന്‍) ഭീകരന്റെ സാന്നിധ്യം അസഹനീയമാണെ‌ന്നും പ്രതികരിക്കുന്നു.‌

ഈ വര്‍ഷം ആദ്യമാണ് 400 വര്‍ഷത്തെ പാരമ്പര്യമുള്ള ക്യോട്ടോയിലെ (Kyoto) കോഡായി-ജി (Kodai-ji) സെന്‍ ക്ഷേത്രത്തില്‍ റോബോട്ട് പുരോഹിതനെ കൊണ്ടുവരുന്നത്. ദയയുടെ മൂര്‍ത്തിയെ പ്രതിനിധീകരിക്കുന്നതാണ് ആന്‍ഡ്രോയിഡ് കാനോന്‍ (android Kannon). ഈ ഡ്രോയിഡ് ജാപ്പനീസ് ഭാഷയില്‍ ഭക്തിയോടെ ധര്‍മ്മ ഭാഷണം നടത്തുന്നു. പിന്നീട് ഇതിന്റെ ചൈനീസ്, ഇംഗ്ലിഷ് തര്‍ജ്ജമകളും വിദേശ സന്ദര്‍ശകര്‍ക്കായി നല്‍കുന്നു.

മിന്‍ഡാര്‍ (Mindar) എന്നു പേരിട്ടിരിക്കുന്ന പുരോഹിതന് ശരാശരി മനുഷ്യന്റെ വലുപ്പമാണുള്ളത്. അനുകമ്പയുടെ ആരാധനാ മൂര്‍ത്തിയെന്നാണ് മിന്‍ഡാറിനു നല്‍കിയിരിക്കുന്ന വിശേഷണം. സെന്‍ ക്ഷേത്രവും ഓസാക്കാ യൂണിവേഴ്‌സിറ്റിയും ചേര്‍ന്ന് സൃഷ്ടിച്ച മിന്‍ഡാറിന്റെ നിര്‍മാണച്ചിലവ് 10 ലക്ഷം ഡോളറാണ്. മിന്‍ഡാറിന്റെ മുഖവും കരങ്ങളും ചുമലും കൃത്രിമ സിലിക്കണ്‍ ത്വക്ക് ഉപയോഗിച്ച് പൊതിഞ്ഞിരിക്കുന്നു. എന്നാല്‍ ഡ്രോയിഡിന്റെ മറ്റിടങ്ങളിലെ യന്ത്ര ഭാഗങ്ങള്‍ നോക്കുന്നവരില്‍ നിന്ന് ഒളിപ്പിച്ചിട്ടുമില്ല. അലൂമിനിയം നിര്‍മിത ഡ്രോയിഡിന്റെ വയറിങ്ങും മിന്നിത്തെളിയുന്ന വെളിച്ചവും എല്ലാം കാണാം. ഇടതു കണ്ണില്‍ വിഡിയോ ക്യാമറയും സ്ഥാപിച്ചിരിക്കുന്നു. കേബിളുകള്‍ ഡ്രോയിഡിന്റെ ശരീരത്തെ ചുറ്റിപ്പിണഞ്ഞു കിടക്കുന്നുമുണ്ട്.

മിന്‍ഡാറിന്റെ മറ്റൊരു സവിശേഷത അതിന്റെ ലിംഗവ്യത്യാസമില്ലായ്മയാണ്. ആണായോ പെണ്ണായോ വ്യാഖ്യാനിക്കാം. ലോകത്തെ ആണ്‍ദൈവങ്ങളുടെ പെരുപ്പം മറ്റൊരു ചര്‍ച്ചാ വിഷയമാണല്ലോ. മിന്‍ഡാറിന് തന്റെ കൈകളും തലയും അരയ്ക്കു മേലെയുള്ള ഭാഗങ്ങളും ചലിപ്പിക്കാം. ശാന്തവും സാന്ത്വനം പകരുന്നതുമായ സ്വരത്തിലാണ് സംസാരം. അനുകമ്പയുടെ പ്രാധാന്യമാണ് പ്രധാന സംഭാഷണ വിഷയം. കോപം, മോഹം, അഹംഭാവം തുടങ്ങിയവയിലടങ്ങിയിരിക്കുന്ന അപകടങ്ങളെക്കുറിച്ചും ഡ്രോയിഡ് സംസാരിക്കുന്നു.

ഈ റോബോട്ട് ഒരിക്കലും മരിക്കില്ല. മറിച്ച് നിരന്തരം അപ്‌ഡേറ്റ് ചെയ്യപ്പെടുകയും ഉരുത്തിരിയുകയും ചെയ്യുമെന്ന് ക്ഷേത്രത്തിലെ പുരോഹിതനായ ടെന്‍ഷോ ഗോടോ പറഞ്ഞു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഇടപെടലിലൂടെ കൂടുതല്‍ ജ്ഞാനമാര്‍ജ്ജിച്ചു കൊണ്ടിരിക്കും. ഏറ്റവും വിഷമകരമായ അവസ്ഥകളിലൂടെ കടന്നു പോകുന്നവര്‍ക്കു പോലും സാന്ത്വനം പകരാന്‍ ഇതിനാകും. മിന്‍ഡാര്‍ ബുദ്ധിസത്തിന് വന്‍ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുകയാണ് എന്നാണ് അദ്ദേഹത്തിന്റെ വാദം. ജപ്പാനില്‍ മതത്തിന്റെ പ്രാധാന്യം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ക്ഷേത്രം എന്നു പറഞ്ഞാല്‍ മരിച്ചവരെ അടക്കം ചെയ്യാനും, കല്യാണങ്ങള്‍ നടത്താനുമുള്ള സ്ഥലമാണ് എന്നാണ് ചെറുപ്പക്കാര്‍ കരുതുന്നത്. എന്നാല്‍ പരമ്പരാഗത രീതികള്‍ വിട്ട് പുതിയ രീതികള്‍ സ്വീകരിക്കുമ്പോള്‍ കൂടുതല്‍ വിശ്വാസികളെ കിട്ടിയേക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ബുദ്ധ മതത്തിന്റെ സാരംശം ജനങ്ങളിലേക്ക് എത്തിക്കാന്‍ മിന്‍ഡാറിന് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യരല്ലാത്ത പുരോഹിതര്‍ എന്ന ആശയം എല്ലാവര്‍ക്കും ദഹിക്കുന്നതല്ല. എന്നാല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെയുള്ള 'പ്രതിഷ്ഠ' പുതിയ മാനങ്ങളുള്ള സങ്കല്‍പമാണ്. മാറിവരുന്ന പുരോഹിതരെ പോലെയല്ലാതെ തന്റെ അറിവ് നിലനിര്‍ത്തുകയും കൂടുതല്‍ അറിവ് ആര്‍ജ്ജിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ഈ പുരോഹിതന്‍ ഒരു പക്ഷേ ഭാവിയില്‍ മുതല്‍ക്കൂട്ടായേക്കാം.

എന്നാല്‍, ഇതേക്കുറിച്ച് പല തരത്തിലുള്ള പ്രതകരണങ്ങളാണ് സന്ദര്‍ശകരില്‍ നിന്ന് കിട്ടിക്കൊണ്ടിരിക്കുന്നത്. പലരും പറയുന്നത് ഡ്രോയിഡ് വളരെയധികം മനുഷ്യനോട് സാമ്യമുള്ള ഒന്നാണെന്നാണ്. സാധാരണ യന്ത്രങ്ങളില്‍ നിന്നു ലഭിക്കാത്ത തരം ഒരു ഊഷ്മളത തനക്കു ലഭിച്ചതായി ഒരാള്‍ പ്രതികരിച്ചു. ആദ്യം അല്‍പം അസ്വാഭാവികമായി തോന്നിയെങ്കിലും തുടര്‍ന്ന് അത് വളരെ സ്വാഭാവികമായി അനുഭവപ്പെട്ടുവെന്ന് വേറൊരാള്‍ അഭിപ്രായപ്പെട്ടു. നന്മയെയും തിന്മയെയും കുറിച്ച് ചിന്തിക്കാന്‍ അതു തന്നെ പ്രേരിപ്പിച്ചു എന്നാണ് മറ്റൊരാള്‍ പറഞ്ഞത്.

ഈ റോബോട്ട് വല്ലാത്തൊരു വ്യാജനാണ് എന്നാണ് വേറൊരു വിഭാഗം പ്രതികരിച്ചത്. അതിന്റെ പ്രബോധനം സഹിച്ചിരിക്കല്‍ ഒരു പീഡനം തന്നെയായിരുന്നുവെന്നു പറയുന്നവരും ഉണ്ട്. ഭാവങ്ങളെല്ലാം വളരെ കൃത്രിമമാണ് എന്നാണ് മറ്റൊരു പ്രതികരണം.

എന്നാല്‍ പുരോഹിതനായ ഗോട്ടോ വിമര്‍ശനങ്ങളെ തള്ളിക്കളഞ്ഞത് രസകരമായ രീതിയിലാണ്. വിദേശികളാണ് റോബോട്ടിനെ കണ്ടപ്പോള്‍ വിഷമിച്ചു നിന്നത്. ജപ്പാന്‍കാര്‍ക്ക് ഡ്രോയിഡിന്റെ ധർമ പ്രഭാഷണത്തിൽ ഒരു അസ്വാഭാവികതയും തോന്നിയില്ലെന്നും അദ്ദേഹം പറഞ്ഞു. ജപ്പാന്‍കാര്‍ റോബോട്ടുകളെക്കുറിച്ച് ഒരു മുന്‍വിധിയും കൊണ്ടുനടക്കുന്നില്ല. ഞങ്ങളൊക്കെ വായിച്ചു വളര്‍ന്ന കോമിക്കുകളില്‍ റോബോട്ടുകള്‍ ഞങ്ങളുടെ സുഹൃത്തുക്കളാണ്. പടിഞ്ഞാറു നിന്നുള്ളവര്‍ വേറിട്ടു ചിന്തിക്കുകയും ഇതിനെ വിമര്‍ശിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അധികൃതര്‍ പറയുന്നത് അനുകമ്പയുടെ ആരാധനാ മൂര്‍ത്തിക്ക് വിവിധ രൂപങ്ങള്‍ സ്വീകരിക്കാനാകുമെന്നാണ്. റോബോട്ടായി ആണ് മൂര്‍ത്തി ഇപ്പോള്‍ രൂപമെടുത്തിരിക്കുന്നത്. ഇതെല്ലാം ദൈവ നിന്ദയാണെന്നു പറയുന്നവരും ഉണ്ട്. അതിനും ഗോട്ടോയ്ക്ക് മറുപടിയുണ്ട്, മെഷീനുകള്‍ക്ക് ജീവനില്ല. കൂടാതെ ബുദ്ധ മത വിശ്വാസം എന്നു പറഞ്ഞാല്‍ ദൈവ വിശ്വാസമല്ല. അത് ബുദ്ധന്റെ വഴിയെ സഞ്ചരിക്കുക എന്നതു മാത്രമാണ്. ഇതിനാല്‍ വിശ്വാസത്തെ പ്രതിനിധീകരിക്കുന്നത് യന്ത്രമാണ്, മരമാണോ, ലിഖിതങ്ങളാണോ എന്നതിനൊന്നും പ്രാധാന്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അത്രമേല്‍ വളര്‍ന്നു കഴിഞ്ഞു. ഇതിനാല്‍ ബുദ്ധന്‍ റോബോട്ടായി മാറി എന്നു വിശ്വസിക്കാന്‍ ഞങ്ങള്‍ക്ക് ഒരു പ്രയാസവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com