ADVERTISEMENT

മനുഷ്യരും വാഹനങ്ങളും യന്ത്രങ്ങളും സജീവമായിരുന്ന പല നഗരങ്ങളും നിരത്തുകളുമെല്ലാം കൊറോണാവൈറസ് ബാധയെത്തുടര്‍ന്ന് നിശ്ചലമാക്കപ്പെട്ടിരിക്കുന്നു. വിവിധ രാജ്യങ്ങളിലെ നഗരങ്ങളിൽ നിന്നുള്ള ലൈവ് യുട്യൂബ് ചാനലുകള്‍ ഇക്കാര്യം തൽസമയം കാണിക്കുന്നുണ്ട്. ഏതാനും മാസം മുൻപ് ചിന്തിക്കാൻ പോലും സാധ്യമായിരുന്നില്ല ഇതെന്നതാണ് എല്ലാവരെയും അദ്ഭുതപ്പെടുത്തുന്നത്. ജനങ്ങൾ വീടുകള്‍ വിട്ടിറങ്ങാത്തതിനാലും സോഷ്യല്‍ ഡിസ്റ്റന്‍സിങ് നിലവിലുള്ളതിനാലും പല നഗരങ്ങളുടെയും നിരത്തുകളുടെയും മുഖം തിരിച്ചറിയാനാകാത്ത രീതിയില്‍ മാറിയിരിക്കുന്നു. എന്നാല്‍, ഇതിന് ചില അപവാദങ്ങളും ഉണ്ട്.

 

പൊതു സ്ഥലങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ നിലച്ചതോടെ ലോകത്തു വന്നിരിക്കുന്ന മാറ്റങ്ങള്‍ കാണേണ്ടതു തന്നെയാണ്. ലോകത്ത് ലോക്ഡൗണ്‍ എങ്ങനെയാണ് പ്രാബല്യത്തില്‍ വന്നിരിക്കുന്നതെന്നും ഓരോ രാജ്യക്കാരും സോഷ്യല്‍ ഡിസ്റ്റന്‍സിങ് എങ്ങനെ പാലിക്കുന്നുവെന്നും ഈവിഡിയോ ക്യാമുകള്‍ ലൈവായി കാണിച്ചു തരുന്നു. വിവിധ നഗരങ്ങളില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ഉള്‍ക്കാഴ്ചകള്‍ നേടാനും ഈ സ്ട്രീമുകള്‍ പ്രയോജനപ്പെടുത്താം. ജനക്കൂട്ടത്തിന്റെ ഒഴുക്കു നിറഞ്ഞു കവിഞ്ഞിരുന്ന വീഥികളില്‍ ആരവമൊഴിഞ്ഞത് അദ്ഭുതത്തോടെയാണ് ആളുകള്‍ കാണുന്നത്. ചില പ്രധാന നഗരങ്ങളില്‍ നിന്നുള്ള കാഴ്ചകള്‍ നോക്കാം.

 

1. ഷിബുയ ക്രോസിങ്, ടോക്യോ, ജപ്പാന്‍

 

ജപ്പാന്റെ തലസ്ഥാനമായ ടോക്കിയോ നഗരത്തിന്റെ ഹൃദയ സ്ഥാനത്തുള്ള ഷിബുയ സ്റ്റേഷന്‍ ലോകത്തെ ഏറ്റവും തിരക്കേറിയ റോഡുകളിലൊന്നാണ്. ഇവിടെ ഇട്ടിരിക്കുന്ന സീബ്രാ ക്രോസിങ്, ആളുകള്‍ക്കു കടന്നു പോകാനായി വണ്ടികള്‍ നിർത്തിയിടുമ്പോള്‍, ഓരോ തവണയും 2,500 പേര്‍ കടന്നു പോകുമായിരുന്നു. എന്നാല്‍, ഇപ്പോള്‍, വിഡിയോയില്‍ കാണാവുന്നതു പോലെ അധികം ആളുകള്‍ ഇല്ല. ജപ്പാനില്‍ ഇപ്പോള്‍ അടിയന്തരാവസ്ഥയാണ്. ജപ്പാന്റെ വയോധികരെ കൊറോണാവൈറസ് ബാധിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയാണ് രാജ്യം.

 

2. ടൈം സ്‌ക്വയര്‍, ന്യൂ യോര്‍ക് സിറ്റി, അമേരിക്ക

 

ഇവിടെ നിന്നുള്ള സ്ട്രീം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു. നിലവില്‍ മിക്ക സമയത്തും ന്യൂ യോര്‍ക്ക് നഗരത്തിന്റെ ഹൃദയ ഭാഗത്തു സ്ഥാപിച്ചിരിക്കുന്ന ക്യാമറയില്‍ ഏതാനും കാല്‍നട യാത്രക്കാരെയാണ് കാണാനാകുക. ടൈം സ്‌ക്വയറിലേക്ക് ഇപ്പോള്‍ പ്രവേശനമില്ല എന്നാണ് മനസ്സിലാകുന്നത്. മിക്ക സ്ഥലങ്ങളിലും പൊലീസ് കാവലാണുള്ളത്. വല്ലപ്പോഴും മാത്രമാണ് ഒരു മനുഷ്യർ ക്യാമറയുടെ കണ്ണില്‍ പതിയുക. 1.3 ലക്ഷത്തിലേറെ കൊറോണാവൈറസ് കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

 

3. ബാന്‍ഫ്, അല്‍ബെര്‍ട്ടാ, കാനഡ

 

ബാന്‍ഫ് നാഷണല്‍ പാര്‍ക്കിനുള്ളിലാണ് ക്യാമറ സ്ഥാപിച്ചിരിക്കുന്നത്. ചക്രവാളത്തിന്റെ അതിരുകളില്‍ റണ്ഡ്ല്‍, കാസ്‌കെയ്ഡ്, റോക്കി എന്നീ മലനിരകള്‍ കാണാം. കൊറോണാവൈറസിനു മുൻപ് ഏതു സമയത്തും ഈ നിരത്തുകളില്‍ ജനപ്രളയമാണ് കാണാനായിരുന്നത്. ബാന്‍ഫില്‍ 2500ലേറെ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടതോടെ നിരത്തുകളും വിജനമായി.

 

4. ലണ്ടന്‍, യുകെ

 

സ്‌നെയ്ക്‌സ് ലെയ്ന്‍ ഈസ്റ്റില്‍ വച്ചിട്ടുള്ള ഈ ലൈവ് ക്യാം നഗരത്തിന്റെ സ്ഥിതി വ്യക്തമായി കാണിച്ചു തരുന്നു. ലോകത്ത് കൊറോണാവൈറസ് കാര്യമായി ബാധിച്ച രാജ്യങ്ങളിലൊന്നാണ് ബ്രിട്ടന്‍. 1.14 കേസുകളിലേറെയാണ് ഇവിടെ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിരിക്കുന്നത്. നിരത്തുകളിലെങും ആളുകളേയില്ല എന്നതാണ് ഭീതി പരത്തുന്നത്.

 

5. മെല്‍ബണ്‍, ഓസ്‌ട്രേലിയ

 

മെല്‍ബണിലെ പ്ലാറ്റിനം അപ്പാര്‍ട്ട്‌മെന്റ്‌സില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ക്യാമാണ് വെച്ചിരിക്കുന്നത്. നഗരത്തില്‍ ചുരുക്കം ചിലര്‍ നടക്കുന്നത് കാണാം. അതിനു കാരണം രാജ്യത്ത് കൊറോണാവൈറസ് ബാധ നിയന്ത്രണത്തിലായി തുടങ്ങുന്ന ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയിരിക്കുന്നു എന്നതാണ്. മികച്ച പ്രതിരോധ പ്രവര്‍ത്തനമാണ് രാജ്യം നടത്തിയത്.

 

6. ബള്‍ഗേറിയ

 

കോവിഡ്-19 കേസുകള്‍ 1,000 താഴെ ആയിതിനാല്‍ ബള്‍ഗേറിയ നിയന്ത്രണങ്ങള്‍ അത്ര കര്‍ശനമാക്കിയിട്ടില്ല. ഇതിനാല്‍ ലൈവ് ക്യാമില്‍ കുറച്ചുകൂടെ ആളനക്കം കാണാം. സ്വകാര്യ വാഗഹനങ്ങളും പൊതു ഗതാഗത സംവിധാനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്.

 

7. ആംസ്റ്റര്‍ഡാം, ദി നെതര്‍ലൻ‌ഡ്സ്

 

ലോക്ഡൗണിന്റെ പിടിയിലാണെങ്കിലും ചെറിയ നഗരത്തിന്റെ പ്രശാന്തത ആംസ്റ്റര്‍ഡാം നിലനിര്‍ത്തുന്നത് ലൈവ് ക്യാമില്‍ നിന്നു വ്യക്തമാകുന്നുണ്ട്. നഗരത്തിന്റെ പുരാതനമായ ഭാഗങ്ങളിലൊരിടത്താണ് ക്യാം നില്‍ക്കുന്നത്. നിശബ്ദമായി ഒഴുകുന്ന ജലത്തിലും, കരയ്ക്കുള്ള ഒരു നിര വീടുകളിലുമാണ് അത് ഫോക്കസ് ചെയ്തിരിക്കുന്നത്. സുന്ദരമായ ചിത്രമാണ് ക്യാം എടുത്തിക്കുന്നത്. 31,000 ലേറെ കേസുകളാണ് നെതര്‍ലൻഡ്സില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

 

8. വെനീസ്, ഇറ്റലി

 

വെനീസിലേക്കു നോക്കിയിരിക്കുന്ന വെബ്ക്യാമിലൂടെ നഗരത്തിന്റെ സൗന്ദര്യമാണ് കാണുന്നത്. ഈ സ്ട്രീമില്‍ ഒന്നിലേറെ ക്യാമറകളിലെ ദൃശ്യങ്ങള്‍ കാണിക്കുന്നുണ്ട്. നഗരത്തില്‍ വിവിധ സ്ഥലങ്ങളിലായി വച്ചിരിക്കുന്ന ക്യാമുകളിലെ ചിത്രങ്ങള്‍ മാറിമാറിയാണ് കാണിക്കുന്നത്. ഇവയിലൊരോ പ്രദേശവും ഒന്നിനൊന്നു മനോഹരമാണ് എന്നതാണ് ഈ ക്യാമുകളുടെ പ്രത്യേകത. വെനീസും പരിപൂര്‍ണ്ണ ലോക്ഡൗണിലാണ്. നിരത്തുകളില്‍ ആളനക്കം കുറവാണ്.

 

9. ലാമായ്, കൊ സമൂയി, തായ്‌ലൻഡ്

 

ഇതെഴുതുന്ന സമയത്ത് കൊറോണാവൈറസ് കേസുകള്‍ തായ്‌ലൻഡില്‍ കുറവാണ്. ഇതിനാല്‍ തന്നെ, ഇവിടെ ആളുകള്‍ സ്വന്തം വാഹനങ്ങളിലും മറ്റുമായി സഞ്ചിരിക്കുന്നതു കണ്ട് അദ്ഭുതപ്പെടേണ്ടതില്ല. ലാമായ് എന്ന പ്രദേശത്തെ ഒരു ഭക്ഷണശാലയിലാണ് ഈ ക്യാം പിടിപ്പിച്ചിരിക്കുന്നത്. ശാന്തമായപ്രദേശമാണ് ഇതെന്ന് ക്യാം കാണിച്ചു തരുന്നു.

 

10. പെന്‍ഗ്വിന്‍ കോളനി, കാലിഫോര്‍ണിയ, അമേരിക്ക

 

ലൈവ് ക്യാമറകള്‍ മനുഷ്യവാസമുള്ളിടത്തു മാത്രമാണ് ഉള്ളതെന്നു കരുതിയെങ്കില്‍ തെറ്റി. കാലിഫോര്‍ണിയ അക്കാഡമി ഓഫ് സയന്‍സസ് ആണ് കൊറോണാവൈറസ് കാലത്ത് തങ്ങളുടെ പെന്‍ഗ്വിനുകള്‍ എന്തു ചെയ്യുന്നു എന്നറിയാനായി ക്യാമറ വച്ചിരിക്കുന്നത്. ഒരു മാറ്റം വേണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക്ആകര്‍ഷകത്വമുള്ള പെന്‍ഗ്വിനുകള്‍ നീന്തുന്നതും ശൃംഗരിക്കുന്നതും കൂടണയുന്നതുമൊക്കെ മൂന്നു ക്യാമുകളില്‍ നിന്നായി കണ്ടുകൊണ്ടിരിക്കാം.

 

11. വാഷിങ്ടണ്‍ ഡിസി, അമേരിക്ക

 

വാഷിങ്ടണ്‍ ഡിസിയിലെ റീഗന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനു മുകളിലാണ് ഈ ക്യാം സ്ഥാപിച്ചിരിക്കുന്നത്. എയര്‍പോര്‍ട്ട് ഭാഗികമായ അടച്ചിരിക്കുന്നതായും ഫ്‌ളൈറ്റുകളൊന്നും ഉയരുന്നില്ലെന്നും ക്യാമില്‍ നിന്നു വ്യക്തമാണ്. വാഷിങ്ടണ്‍ ഡിസിയില്‍ 2,600ലേറെ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com