ADVERTISEMENT

സാന്‍ഫ്രാന്‍സിസ്‌കോയിലെ വീട്ടിലുള്ള ഓഫിസിലിരിക്കുമ്പോഴാണ് റോബട്ട് റോസ് തന്റെ സ്മാര്‍ട് ഫോണിന്റെ റെയ്ഞ്ച് കാണിക്കുന്ന ബാറുകള്‍ മുഴുവന്‍ അപ്രത്യക്ഷമായ കാര്യം ശ്രദ്ധിക്കുന്നത്. പിന്നീട് റെയ്ഞ്ച് വന്നില്ല. മണിക്കൂറുകള്‍ക്കുള്ളില്‍ 10 ലക്ഷം ഡോളര്‍ അക്കൗണ്ടില്‍ നിന്നു പോകുകയും ചെയ്തു. അതേ, സിം ഹാക്ക് ആക്രമണം എന്നറിയപ്പെടുന്ന ഹാക്കിങിന്റെ ഇരയാകുകയായിരുന്നു റോബട്ട് റോസ്. ഈ ആക്രമണം നടത്തുന്ന ഹാക്കര്‍ നിങ്ങളുടെ ഫോണ്‍ നമ്പറിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരിക്കും ചെയ്യുക. മിക്കവരുടെയും സെല്‍ഫോണ്‍ നമ്പറുമായി അയാളുടെ ഇമെയില്‍, സമൂഹമാധ്യമ അക്കൗണ്ടുകള്‍, ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങിയവയെല്ലാം ബന്ധിപ്പിച്ചിട്ടുണ്ടാകുമല്ലോ. ഹാക്കര്‍ക്ക് മറ്റൊരാളായി ആള്‍മാറാട്ടം നടത്താന്‍ വേറെന്തു വേണം?

താന്‍ പണം ഇട്ടിരിക്കുന്ന ഒരു സ്ഥാപനത്തില്‍ നിന്ന് പണം പിന്‍വലിക്കാനുള്ള അഭ്യര്‍ഥന തനിക്കു ലഭിച്ചുവെന്നും അങ്ങനെ ഒരു ഇടപാട് താന്‍ നടത്തിയില്ലല്ലോ എന്നു ചിന്തിച്ചിരിക്കവെ തന്റെ ഫോണിന്റെ എല്ലാ ബാറുകളും അപ്രത്യക്ഷമായെന്നും റോബട്ട് പറയുന്നു. അടുത്തിടെ സൈബര്‍ സുരക്ഷാഭേദന ആക്രമണങ്ങള്‍ വര്‍ധിച്ചു വരുന്നതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വ്യക്തികളും വന്‍കിട കമ്പനികളും വരെ ഇതിന് ഇരയാകുന്നുമുണ്ട്. പല വ്യക്തികളെ സംബന്ധിച്ചും ഇത്തരം ആക്രമണങ്ങളില്‍ ഏറ്റവും ഹൃദയഭേദകം സിം ഹാക്ക് ആക്രമണങ്ങളാണ്.

ഇത്തരം ആക്രമണങ്ങളെ വേര്‍തിരിച്ചുള്ള പഠനങ്ങള്‍ നടന്നുവരികയാണ്. എന്നാല്‍, അമേരിക്കയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത് ഇത്തരം ആക്രമണങ്ങള്‍ കഴിഞ്ഞവര്‍ഷം പെരുകിയിരിക്കുന്നു എന്നാണ്. റോബട്ടിനു നഷ്ടപ്പെട്ടത് ഏകദേശം 10 ലക്ഷം ഡോളറാണ്. ഈ കേസില്‍ ഒരാള്‍ അറസ്റ്റിലുമായി. എന്നാല്‍, പ്രതി താന്‍ ഈ കുറ്റം ചെയ്തിട്ടില്ല എന്നാണ് വാദിക്കുന്നത്.

എങ്ങനെയാണ് ആക്രമണം നടന്നത്

റോബട്ടിന്റെ സെല്‍ഫോണ്‍ സേവനദാതാവിനെ വിളിച്ച ഹാക്കര്‍, താന്‍ റോബട്ട് ആണെന്നു വിശ്വസിപ്പിക്കുന്ന കാര്യത്തില്‍ വിജയിക്കുകയായിരുന്നു. അങ്ങനെയാണ് സിം കാര്‍ഡിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നത്. ഈ സമയത്താണ് റോബട്ടിന്റെ ഫോണിന്റെ റെയ്ഞ്ച് പോകുന്നത്. ഇക്കാലത്ത് എല്ലാവരും ഇമെയില്‍ പാസ്‌വേഡ്, സമൂഹ മാധ്യമ അക്കൗണ്ടുകള്‍, ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങി എല്ലാം മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കുന്നു എന്നത് ഹാക്കര്‍മാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കുന്നു. ഒരു തരത്തില്‍ പറഞ്ഞാല്‍, ഇതുമതി ഹാക്കര്‍ക്ക് മറ്റൊരാളായി തീരാന്‍ എന്നത് ഭീതിപടര്‍ത്തുന്ന കാര്യമാണ്. ടെക്‌സ്റ്റ് മെസേജുകളിലൂടെ സമൂഹ മാധ്യമ അക്കൗണ്ടുകളും ഇമെയിലുമെല്ലാം വരുതിയിലാക്കാം. ഇത് വ്യക്തികളെ സമ്പൂര്‍ണ്ണമായി തകര്‍ക്കാം.

സുരക്ഷ വേണമെങ്കില്‍ ശ്രദ്ധയും വേണം

ചില ടെലിഫോണ്‍ സേവനദാതാക്കള്‍ സിം മാറുന്ന കാര്യത്തില്‍ കണിശമായും ചില നിബന്ധനകള്‍ പാലിച്ചേ മതിയാകൂ എന്ന് നിര്‍ബന്ധം പിടിക്കുന്നു. ഇത്തരം കമ്പനികള്‍ ടു-ഫാക്ടര്‍ ഒതന്റിക്കേഷന്‍ വേണമെന്നാണ് പറയുന്നത്. ഇതെന്തിനാണെന്നു തോന്നാമെങ്കിലും സിം ഹാക്ക് പോലെയുള്ള പ്രവൃത്തികളില്‍ നിന്ന് രക്ഷപെടാന്‍ ആദ്യം വേണ്ട പ്രതിരോധമാണിത്. കസ്റ്റമര്‍ ഒരു പിന്‍ നമ്പര്‍ നല്‍കണം അല്ലെങ്കില്‍ ഒരു ചോദ്യത്തിന് ഉത്തരം നല്‍കണം എന്നായിരിക്കും അവര്‍ പറയുക. അതിനു ശേഷം ഫോണിലേക്ക് ടെക്സ്റ്റ് സന്ദേശമായി വണ്‍-ടൈം പാസ്‌വേഡ് അയയ്ക്കും. അതിനു ശേഷം മാത്രമായിരിക്കും സിം കാര്‍ഡുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മാറ്റം വരുത്താന്‍ അനുവദിക്കൂ. ഉപയോക്താക്കള്‍ ഇടയ്ക്കിടയ്ക്ക് പാസ്‌കോഡുകള്‍ മാറുന്നതും തങ്ങളുടെ അക്കൗണ്ട് വിവരങ്ങള്‍ മറ്റാര്‍ക്കും കൈമാറാതരിക്കുന്നതും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഉപകരിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. ഓരോരുത്തരുടെയും അക്കൗണ്ടുകള്‍ക്ക് എന്ത് അധിക സുരക്ഷ നല്‍കാമോ അതെല്ലാം എടുത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. വെറുതെ ഒരു പാസ്‌വേഡ് ഇടുന്ന പരിപാടിയും അവസാനിപ്പിക്കണം. സങ്കീര്‍ണ്ണമായ, എന്നാല്‍ ഓര്‍ത്തെടുക്കാന്‍ സാധിക്കുന്ന പാസ്‌വേഡുകള്‍ നല്‍കണം. ഉത്തരവാദിത്വമുള്ള പാസ്‌വേഡ് മാനേജര്‍ ആപ്പുകള്‍ ഉപയോഗിക്കുന്നതും നല്ലതായിരിക്കും. എന്തെങ്കിലും അക്കൗണ്ട് ഏറ്റെടുക്കല്‍ ഭീഷണിയുണ്ടായാല്‍ മിക്ക കമ്പനികളും ഉപയോക്താവുമായി ഒരുമിച്ചിരുന്ന് ഇതു പരിഹരിക്കാന്‍ ശ്രമിക്കാറുണ്ട്.

റോബട്ടിന്റെ സിം ഹാക്കു ചെയ്തിട്ട് ഒരു വര്‍ഷം കഴിഞ്ഞു. ഇതുവരെ നീതി നടപ്പായിട്ടില്ല. അദ്ദേഹം തന്റെ മൊബൈല്‍ സേവനദാതാവായ എടിആന്‍ഡ്ടിക്കെതിരെ കേസു കൊടുത്തിരിക്കുകയാണ്. സിം ഹാക്ക്, നൂതന ആക്രമണ രീതികളിലൊന്നാണ്. ഇത്തരം ആക്രമണങ്ങള്‍ക്കെതിരെ തങ്ങളാലാകാവുന്നതെല്ലാം ചെയ്യുകയാണെന്ന് കമ്പനി അറിയിച്ചു. റോബട്ടിന് പണം നഷ്ടപ്പെട്ടതില്‍ തങ്ങള്‍ക്കു വിഷമമുണ്ടെന്നും എന്നാല്‍ കമ്പനിക്കെതിരെയുള്ള അദ്ദേഹത്തിന്റെ ആരോപണങ്ങളെ തങ്ങള്‍ കോടതിയില്‍ നേരിടുമെന്നും എടിആന്‍ടി പ്രതികരിച്ചു.

English Summary: One man lost his life savings in a SIM hack. Here's how you can try to protect yourself

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com