ADVERTISEMENT

മ്യൂസിക് ടിവി ചാനലുകള്‍ കണ്ടു വളര്‍ന്നവര്‍ക്ക് മറക്കാനാകാത്ത ഒന്നാണ് എംടിവി. എംടിവി ആസ്വദിച്ചുവന്നവര്‍ക്ക് ഇഷ്ടപ്പെടാന്‍ സാധ്യതയുള്ള ഒരു പുതിയ സേവനമാണ് ഐഫോണ്‍ നിര്‍മാതാവ് പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്- ആപ്പിള്‍ മ്യൂസിക് ടിവി. ഇത് 24 മണിക്കൂറും ഫ്രീ ആയി മ്യൂസിക് വിഡിയോകള്‍ ലൈവ് സ്ട്രീം ചെയ്തുകൊണ്ടിരിക്കും. കൂടാതെ, ലൈവ് ഷോകളും, ചാര്‍ട്ട് കൗണ്ട് ഡൗണുകളും, അതിഥികളെത്തുന്ന ഷോകളും ഒക്കെയുണ്ടാകും. നിലവില്‍ അമേരിക്കയില്‍ മാത്രമാണ് ഇത് ലഭ്യമായിരിക്കുന്നതെങ്കിലും, അധികം താമസിയാതെ ലോകത്തിന്റെ എല്ലാ ഭാഗത്തും ലഭ്യമായേക്കുമെന്നു കരുതുന്ന ഈ സേവനം ആപ്പിള്‍ ടിവി ആപ്പിനുള്ളിലും, വെബിലും, ആപ്പിള്‍ മ്യൂസിക് ആപ്പിനുള്ളിലും ലഭിക്കും. അമേരിക്കയിലുള്ളവര്‍ക്ക് ഈ സേവനം  apple.co/AppleMusicTV എന്ന വിലാസത്തില്‍ ലഭിക്കും. കൂടാതെ, സ്മാര്‍ട് ടിവികളിലും, ആമസോണ്‍ ഫയര്‍സ്റ്റിക് തുടങ്ങിയ സ്ട്രീമിങ് ഉപകരണങ്ങളിലും ഇത് ലഭ്യാക്കാനും ഉദ്ദേശമുണ്ടത്രെ. എല്ലാ വെള്ളിയാഴ്ചയും വിഡിയോ പ്രീമിയറുകള്‍ നടത്താനും കമ്പനി ഉദ്ദേശിക്കുന്നു.

 

പരസ്യത്തലൂടെയാണോ ആപ്പിള്‍ മ്യൂസിക് ടിവി ഫ്രീയായി നിലനിര്‍ത്തുന്നത് എന്ന കാര്യത്തില്‍ ഇപ്പോഴും ഉറപ്പില്ല. എന്നാല്‍, ഓണ്‍-ഡിമാന്‍ഡ്-പ്ലാറ്റ്‌ഫോമുകളെല്ലാതന്നെ ഈ രീതിയില്‍ പ്രവര്‍ത്തിക്കുന്നവയാകയാൽ ആപ്പിളും ആ വഴി തുടരുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. മറ്റൊരു തമാശ, എംടിവി തലമുറയൊക്കെ മുതിര്‍ന്ന ഈ കാലത്ത് ആര്‍ക്കെങ്കിലും ഇത്തരമൊരു മ്യൂസിക് ചാനല്‍ കാണാന്‍ താത്പര്യമുണ്ടാകുമോ എന്നാണ്. എന്തായാലും, ഈ ചാനല്‍ ആഗോള തലത്തില്‍ പ്രചരിപ്പിക്കാന്‍ തന്നെയാണ് കമ്പനിയുടെ ഉദ്ദേശമത്രെ. അതിനായി സ്മാര്‍ട് ടിവികളിലും സ്ട്രീമിങ് ഉപകരണങ്ങളിലും ഈ സേവനം ലഭ്യമാക്കും. അതിനു വേണ്ടി സാംസങ്, എല്‍ജി, വിസിയോ, സോണി തുടങ്ങിയ ഉപകരണ നിര്‍മാതാക്കളുമായി സഹകരിച്ചു പ്രവര്‍ത്തിക്കാനാണ് ആപ്പിളിന്റെ ഉദ്ദേശം. കൂടാതെ, റോകു, ആമസോണ്‍ ഫയര്‍ ടിവി പ്ലാറ്റ്‌ഫോം തുടങ്ങിയ ഇടങ്ങളിലും ആപ്പിള്‍ തങ്ങളുടെ പുതിയ സേവനം നല്‍കും.

 

അമേരിക്കയില്‍ കുറച്ചു സമയം ആപ്പിള്‍ മ്യൂസിക് ടിവി ഉപയോഗിച്ചവര്‍ പറയുന്നത് അത് വളരെ സാധാരണമായ ഒരു അനുഭവം മാത്രമാണ് നല്‍കുന്നതെന്നാണ്. എന്നാല്‍, അതു പരസ്യരഹിതവും, സെന്‍സറിങ് ഇല്ലാത്തതുമാകയാല്‍ അത്രയും ആശ്വാസിക്കാമെന്നും പറയുന്നു. ആര്‍ട്ടിസ്റ്റിനെക്കുറിച്ചും, പാട്ടിനെക്കുറിച്ചുമുള്ള വിശദാംശങ്ങള്‍ മാത്രം തുടക്കത്തില്‍ നല്‍കുന്നു. അത് പാട്ടിനിടയിലല്ല കാണിക്കുന്നത്. ഇഷ്ടപ്പെട്ട പാട്ടു ഫേവറിറ്റ്‌സിലേക്കു ചേര്‍ക്കുക തുടങ്ങിയ ഫീച്ചറുകളും നല്‍കുന്നില്ലെന്നു പറയുന്നു. ഐഫോണിലും മറ്റും ആപ്പിള്‍ മ്യൂസിക് ആപ്പിലാണ് ആപ്പിള്‍ മ്യൂസിക് ടിവി കാണുന്നതെങ്കില്‍ ആപ് ക്ലോസു ചെയ്യുമ്പോള്‍ പാട്ടും നിലയ്ക്കും- എന്നു പറഞ്ഞാല്‍ ബാക്ഗ്രൗണ്ടിങ് ഇപ്പോള്‍ സപ്പോര്‍ട്ടു ചെയ്യുന്നില്ല.

 

നിങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്ന പാട്ട് സമൂഹ മാധ്യമങ്ങളിലേക്കു പങ്കുവയ്ക്കാനുള്ള ഓണ്‍ലൈന്‍ ടൂളുകളും സക്രീനില്‍ തന്നെ ലഭ്യമാക്കിയിട്ടില്ല. എന്നാല്‍, മൂന്നു ഡോട്ടില്‍ സ്പര്‍ശിച്ച്, മോര്‍ മെന്യു കൊണ്ടുവന്നാല്‍ ലിങ്ക് ട്വീറ്റു ചെയ്യാനും മറ്റും സാധിക്കും. എന്നാല്‍, പാട്ടു കേട്ടുകൊണ്ടിരിക്കുമ്പോള്‍ അതു പോസു ചെയ്തു വച്ചശേഷം, ചെറിയൊരു ഇടവേളയ്ക്കു ശേഷം തുടര്‍ന്നു കേള്‍ക്കാനുള്ള അവസരം ഉണ്ട്. എന്നാല്‍, അധികം സമയമെടുത്താല്‍ സ്ട്രീം ലൈവ് ആയി മാറും. ലൈവ് സ്ട്രീം ആണോ എന്നറിയാന്‍ ടെക്‌സ്റ്റും, ഐക്കണുകളും ചുവപ്പു നിറത്തിലാണോ എന്നു നോക്കിയാല്‍ മതി. എന്നാല്‍ അവ വെള്ള നിറത്തലേക്കു മാറിയാല്‍ അതു ലൈവ് അല്ലെന്നും ഉറപ്പിക്കാം. ലാളിത്യമാണ് ആപ്പിള്‍ മ്യൂസിക് ടിവിയുടെ മുഖമുദ്ര. ആര്‍ട്ടിസ്റ്റുകളോട് തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ പ്രീമിയര്‍ നടത്താനായി വിലപേശല്‍ നടത്താനും ആപ്പിളിനു സാധിച്ചേക്കും. അങ്ങനെ ആ ആര്‍ട്ടിസ്റ്റിന്റെ ആരാധകരെ തങ്ങളുടെ പ്ലാറ്റ്‌ഫോമിനോട് ചേര്‍ത്തു നിർത്താനും കമ്പനിക്ക് സാധിക്കാം.

 

നിലവില്‍ ആപ്പിള്‍ മ്യൂസിക് ലോകത്തെ ഏറ്റവും പ്രിയപ്പെട്ട സ്ടീമിങ് സേവനങ്ങളിലൊന്നാണ്. എന്നാല്‍, ഇത് സബ്‌സ്‌ക്രിപ്ഷന്‍ വേണ്ട സേവനമാണ്. പക്ഷേ, ആപ്പിള്‍ മ്യൂസിക് ടിവി ഫ്രീ ആയിരിക്കുമെന്ന് കമ്പനി പറയുന്നു. ഇതു തുടങ്ങുന്നതിന്റെ ഭാഗമായി ആപ്പിള്‍ മ്യൂസിക്കില്‍ ആദ്യ 100 സ്ഥാനത്തു നില്‍ക്കുന്ന പാട്ടുകളുടെ ഒരു കൗണ്ട് ഡൗണ്‍ നടത്തുന്നു. പുതിയ ആപ്പിള്‍ മ്യൂസിക് ടിവി കൂടെ എത്തുമ്പോള്‍ ഒറിജിനല്‍ സംഗീത സ്ട്രീമിങില്‍ ആപ്പിളിന് കുടുതല്‍ വൈവിധ്യമാര്‍ന്ന ഒരു അടിത്തറയിടാന്‍ സാധിച്ചേക്കും. ഇപ്പോള്‍ മ്യൂസിക് വിഡിയോയുടെ കുത്തകയും യുട്യൂബിനാണ്. എന്നാല്‍, ചില പാട്ടുകളുടെ പകര്‍പ്പവാശം ആപ്പിള്‍ വാങ്ങുകയും അവ തങ്ങളുടെ പ്ലാറ്റ്‌ഫോമിലൂടെ മാത്രം ലഭ്യമാക്കുകയും ചെയതാല്‍ എന്തു സംഭവിക്കുമെന്ന കാര്യം കണ്ടറിയേണ്ടിയിരിക്കുന്നു. സമസ്ത മേഖലകളിലും വേരാഴ്ത്തിയ യുട്യൂബിന് സംഗീതത്തിന്റെ കാര്യത്തിലെങ്കിലും വെല്ലുവിളിയുയര്‍ത്താന്‍ ആപ്പിള്‍ മ്യൂസിക് ടിവിക്ക് ആകുമോ എന്നും, മ്യൂസിക് കേന്ദ്രീകൃത കണ്ടെന്റിന്റെ പുതിയൊരു കേന്ദ്രമാക്കി അതിനെ വളര്‍ത്തിയെടുക്കാന്‍ ആപ്പിളിനു സാധിക്കുമോ എന്നതാണ് ഇനി അറിയേണ്ടത്. ഒറ്റയടിക്ക് കോടിക്കണക്കിന് ഐഫോണുകളിലേക്കും, ഐപാഡുകളിലേക്കും വേണ്ടിവന്നാല്‍ എത്തിക്കാമെന്നത് ഭാവിയില്‍ ആപ്പിളിന് ഗുണകരമായി തീരാമെന്നും കരുതുന്നു. എന്നാല്‍, ഈ സേവനം ടിവിയുടെ രീതിയിലായതിനാല്‍, യുട്യൂബിലും, വെവോയിലും, അടുത്തകാലത്ത് ഫെയ്‌സ്ബുക് അവതരിപ്പിച്ച മ്യൂസിക് വിഡിയോസ് ഫീച്ചറിലും ചെയ്യാന്‍ സാധിക്കുന്നതു പോലെ ആര്‍ട്ടിസ്റ്റുകള്‍ക്ക് തങ്ങളുടെ ഫാന്‍സുമായി കണക്ടു ചെയ്യാനാവില്ലെന്നത് ഒരു കുറവാകാമെന്നും പറയുന്നു.

 

English Summary: Apple launches Apple Music TV

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com