ADVERTISEMENT

ഇന്ത്യയുടെ പുതിയ സമൂഹ മാധ്യമ നിയമങ്ങളെക്കുറിച്ചുള്ള ഉത്കണ്ഠ അറിയിച്ചിരിക്കുകയാണ് ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഇന്റര്‍നെറ്റ് കമ്പനിയായ മോസിലയും അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നെറ്റ് സൊസൈറ്റിയും. പുതിയ നിയമങ്ങള്‍ ഉപയോക്താക്കളെ സംരക്ഷിച്ചു നിർത്തുന്ന ഫീച്ചറുകളായ എന്‍ഡ്-ടു-എന്‍ഡ് എൻക്രിപ്ഷനും മറ്റും ഇല്ലാതാക്കിയേക്കുമെന്നും, ഉപയോക്താക്കള്‍ നിരീക്ഷിക്കപ്പെട്ടേക്കാമെന്നും അവര്‍ പറയുന്നു. ഇതു കൂടാതെ, പുതിയ നിയമങ്ങള്‍ നിലവില്‍ വന്നാല്‍ ഇന്ത്യയില്‍ എത്തുന്ന ഇന്റര്‍നെറ്റിന്റെ സ്വഭാവം മാറിയേക്കാമെന്നും അവര്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്. ആഗോള ഇന്റര്‍നെറ്റിന്റെ ഒരു ഭാഗം മാത്രമായിരിക്കാം ഇന്ത്യയിലെത്തുക എന്ന ഭയവും അവര്‍ പങ്കുവയ്ക്കുന്നു. ഇതെല്ലാം, ആഗോള ഇന്റര്‍നെറ്റിന്റെ ആരോഗ്യത്തെ തന്നെ ബാധിച്ചേക്കാമെന്നാണ് സുപ്രശസ്ത വെബ് ബ്രൗസറായ മോസിലയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഫയര്‍ഫോക്‌സ് ഭയക്കുന്നത്.

 

ഇന്ത്യയുടെ നിയമങ്ങളില്‍ വലിയൊരു പങ്കും സമൂഹ മാധ്യമങ്ങളെ മാത്രമായിരിക്കും ബാധിക്കുക എങ്കിലും നിയമങ്ങള്‍ മൊത്തം ഇന്റര്‍നെറ്റിനും ആളുകളുടെ സംഭാഷണ സ്വാതന്ത്ര്യത്തിനും വരെ കനത്ത ആഘാതം സൃഷ്ടിച്ചേക്കാമെന്ന് അവര്‍ മുന്നറിയിപ്പു നല്‍കുന്നു. ഇത് സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും ഭീഷണിയായേക്കാം. ഇഷ്ടപ്പെടാത്ത ഉള്ളടക്കങ്ങള്‍ നീക്കംചെയ്യാനുളള തീരുമാനവും ആരാണ് സന്ദേശങ്ങളും മറ്റും പോസ്റ്റുചെയ്തതെന്ന് അറിയാനുള്ള താത്പര്യവും ഇന്റര്‍നെറ്റിനെ മൊത്തത്തില്‍ ക്ഷീണിപ്പിച്ചേക്കുമെന്നും മോസില ഭയക്കുന്നു.

 

ഓണ്‍ലൈനില്‍ ഇതുവരെ പരിഹാരമില്ലാതെ കിടന്ന പല പ്രശ്‌നങ്ങള്‍ക്കും ഒരു ഉത്തരമെന്ന നിലയിലാണ് ഇന്ത്യ സ്വന്തം നിലയില്‍ പുതിയ നിയമങ്ങള്‍ അവതരിപ്പിച്ചത്. വ്യാജ വാര്‍ത്തകളും, ഓണ്‍ലൈന്‍ വഴി പ്രചരിക്കുന്ന അധിക്ഷേപങ്ങളും ഒരു വലിയ ഭീഷണിയാണെന്ന് ഇന്ത്യ വിലയിരുത്തുന്നു. നിയമങ്ങള്‍ പലതും 50 ലക്ഷത്തിലേറെ സബ്‌സ്‌ക്രൈബര്‍മാരുള്ള കമ്പനികളെയെ ബാധിക്കൂ എന്നാണ് രാജ്യം പറയുന്നത്. എന്നാല്‍ ഫലത്തില്‍ ഇത് മൊത്തം ഇന്റര്‍നെറ്റിനെ ബാധിച്ചേക്കാമെന്ന ഭയമാണ് ഇപ്പോള്‍ പലരും പങ്കുവയ്ക്കുന്നത്. പല ഇന്റര്‍നെറ്റ് കമ്പനികള്‍ക്കും ഇന്ത്യയില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ വന്‍ മുതല്‍മുടക്കു വേണ്ടിവരും. കാരണം, ഇനി പല കമ്പനികള്‍ക്കും അധികാരികള്‍ രാജ്യത്തു തന്നെ വേണമെന്നും പറയുന്നു. ഇതോടെ, ഗൂഗിള്‍, ഫെയ്സ്ബുക് തുടങ്ങി ടെക് ഭീമന്മാര്‍ക്കെതിരെ ഒന്നും ചെയ്യാനാകാതെ ചെറുകിട കമ്പനികള്‍ ഒതുങ്ങേണ്ടി വന്നേക്കുമെന്ന സന്ദേഹവും ഉയരുന്നു. എന്‍ക്രിപ്ഷന്‍ എടുത്തു മാറ്റണമെന്നു പറയുമ്പോള്‍ ഫലത്തില്‍ വ്യക്തികളുടെ ഡിജിറ്റല്‍ സുരക്ഷയാണ് നീക്കംചെയ്യപ്പെടുന്നതെന്നും വാദമുയരുന്നു. ഇന്ത്യയില്‍ 50 കോടിയിലേറെ ഉപയോക്താക്കള്‍ എന്‍ക്രിപ്ഷനുള്ള സംവിധാനങ്ങള്‍ നിലവില്‍ ഉപയോഗിച്ചുവരുന്നു. ഇതാണ് അവരുടെ സന്ദേശങ്ങള്‍ സുരക്ഷിതമായി നിലനിര്‍ത്തുന്നത്.

 

അതേസമയം, പുതിയ നിയമങ്ങള്‍ പരിമിതപ്പെടുത്തിയില്ലെങ്കില്‍ നൂതനത്വം കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്ക് അത് തിരിച്ചടിയായേക്കുമെന്നും നാസ്‌കോമും അഭിപ്രായപ്പെട്ടു. ഉത്തരവാദിത്വത്തോടെ ടെക്‌നോളജി ഉപയോഗിക്കാന്‍ സർക്കാരും, കമ്പനികളും, സ്റ്റാര്‍ട്ട്-അപ്പുകളും, പൗരന്മാരും ശ്രമിക്കണമെന്നാണ് അവരുടെ അഭിപ്രായം.

 

∙ വാട്‌സാപ്പില്‍ അപ്രത്യക്ഷമാകുന്ന ഫോട്ടോകള്‍ അയയ്ക്കാനായേക്കും

 

ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്‌സാപ് മറ്റൊരു പുതിയ ഫീച്ചര്‍ കൊണ്ടുവരാന്‍ ഒരുങ്ങുകയാണെന്ന് റിപ്പോർട്ട്. ഉപയോക്താക്കള്‍ക്ക് സ്വയം അപ്രത്യക്ഷമാകുന്ന ഫോട്ടോകള്‍ അയയ്ക്കാന്‍ അനുവദിച്ചേക്കുമെന്നാണ് പുതിയ അഭ്യൂഹങ്ങള്‍ പറയുന്നത്. പതിവുപോലെ, വാട്‌സാപ്പിനെക്കുറിച്ച് ഏറ്റവും പുതിയ വിവരങ്ങള്‍ പുറത്തുവിടുന്നതില്‍ പേരെടുത്ത വാബീറ്റഇന്‍ഫോ ആണ് ഇക്കാര്യവും പറഞ്ഞിരിക്കുന്നത്. ഇതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും വാബിറ്റാഇന്‍ഫോ പറയുന്നത് സ്വയം നശിപ്പിക്കുന്ന മോഡില്‍ അയയ്ക്കുന്ന ഫോട്ടോകള്‍ ആപ്പിനു വെളിയിലേക്കു കൊണ്ടുപോകാന്‍ സാധിച്ചേക്കില്ലെന്നാണ്.

 

എന്നു പറഞ്ഞാല്‍ ഫോട്ടോ ലഭിക്കുന്ന ആളുടെ ലൈബ്രറിയിലേക്ക് അതു സേവ് ചെയ്യാനോ, ഫോര്‍വേഡ് ചെയ്യാനോ സാധിക്കില്ല. ഈ ഫീച്ചര്‍ ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു പ്രശ്‌സത ആപ്പായ ഇന്‍സ്റ്റഗ്രാമില്‍ കഴിഞ്ഞ വര്‍ഷം മുതല്‍ ലഭ്യമാണ്. ഇസ്റ്റഗ്രാമില്‍ ഉപയോക്താക്കള്‍ക്ക് സ്‌ക്രീന്‍ഷോട്ട് എടുക്കുകയോ, ഫോര്‍വേഡ് ചെയ്യുകയോ ചെയ്യാം. വാട്‌സാപ്പിലും ഫോട്ടോ ലഭിക്കുന്നയാള്‍ സ്‌ക്രീന്‍ഷോട്ട് എടുത്തോ എന്ന് അയച്ച ആളെ അറിയിക്കുന്ന ഫീച്ചർ കൊണ്ടുവന്നിട്ടില്ലെന്നും പറയുന്നു. എന്നാല്‍, ഭാവിയില്‍ അതു കൊണ്ടുവന്നേക്കാം.

 

∙ ഐപാഡ് മിനി പ്രോ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

 

ആപ്പിളിന്റെ ഐപാഡുകള്‍ക്ക് പ്രോ വേര്‍ഷനുകള്‍ കുറച്ചു വര്‍ഷങ്ങളായി ഉണ്ടായിരുന്നു. എന്നാല്‍, ഇതുവരെ ഐപാഡ് മിനി മോഡലിന് പ്രോ വേര്‍ഷന്‍ നല്‍കിയിരുന്നില്ല. ഈ വര്‍ഷം ആപ്പിള്‍ ഐപാഡ് മിനിക്കും പ്രോ വേര്‍ഷന്‍ കൊണ്ടുവന്നേക്കുമെന്നു പറയുന്നു. പുതിയ പ്രോ മോഡലിന്റെ വികസിപ്പിക്കലിന്റെ രണ്ടാംഘട്ടത്തിലാണ് കമ്പനി ഇപ്പോള്‍. പുതിയ മോഡലിന് 8.7-ഇഞ്ച് സ്‌ക്രീന്‍ വലുപ്പമായിരിക്കും. പ്രോസസിങ് കരുത്തില്‍ ഇന്നേവരെ ഇറങ്ങിയിരിക്കുന്ന ഏത് ഐപാഡിനോടും കിടപിടിക്കുന്നതോ വെല്ലുന്നതോ ആയിരിക്കും പുതിയ മോഡല്‍. ആപ്പിളിന്റെ എ14എക്‌സ് ആയിരിക്കും പ്രോസസര്‍. അതേസമയം, സ്‌ക്രീന്‍ ടെക്‌നോളജിയിലും പ്രോ മോഡലുകള്‍ക്കു നല്‍കുന്ന തരം റിഫ്രെഷ് റെയ്റ്റും മറ്റും കണ്ടേക്കുമെന്നും അഭ്യൂഹങ്ങൾ പറയുന്നു.

 

∙ സ്‌പെയ്‌സസ് : ക്ലബ്ഹൗസിന്റെ എതിരാളിയെ അവതരിപ്പിച്ച് ട്വിറ്റര്‍

 

സമീപകാലത്ത് ഏറ്റവുമധികം ശ്രദ്ധ പിടിച്ചുപറ്റിയ ആപ്പുകളിലൊന്നായ ക്ലബ്ഹൗസിന്റെ ഫീച്ചറുകള്‍ ഉള്‍ക്കൊണ്ട് പുതിയ ആപ്പുകള്‍ അവതരിപ്പിക്കാനിരിക്കുകയാണ് പല കമ്പനികളും. ചില കമ്പനികള്‍ ഓഡിയോ ചാറ്റ് ആപ്പായ ക്ലബ്ഹൗസിന്റെ ഫീച്ചറുകള്‍ തങ്ങളുടെ നിലവിലുള്ള ആപ്പുകളില്‍ ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിക്കുന്നു. എന്തായാലും, മൈക്രോബ്ലൈഗിങ് വെബ്‌സൈറ്റായ ട്വിറ്റര്‍ തങ്ങളുടെ സ്വന്തം ക്ലബ്ഹൗസ് ക്ലോണ്‍ ഇറക്കിയിരിക്കുകയാണ്- പേര് സ്‌പെയ്‌സസ്. ക്ലബ്ഹൗസ് നിലവില്‍ ഐഒഎസില്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ സ്‌പെയ്‌സസ് ആന്‍ഡ്രോയിഡില്‍ മാത്രമാണ് ലഭിക്കുക. 

 

ട്വിറ്റര്‍ ഉപയോഗക്താക്കള്‍ക്ക് ഇന്നു മുതല്‍ തങ്ങളുടെ ആപ്പിലെ ഏത് സ്‌പെയ്‌സിലും ഒത്തുചേരാമെന്നും താമസിയാതെ അവര്‍ക്ക് സ്വന്തം സ്‌പെയ്സ് സൃഷ്ടിക്കാന്‍ അനുവദിക്കുമെന്നും ട്വീറ്റര്‍ ട്വീറ്റുചെയ്തു.

 

English Summary: Mozilla, Internet Society flag concerns over India's new social media rules

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com