ADVERTISEMENT

വാട്‌സാപ്പിന്റെ അടുത്ത എതിരാളികളിലൊന്നായ ടെലഗ്രാമിന്റെ ഫീച്ചറുകളിലൊന്നാണ് സീക്രട്ട് ചാറ്റ്, അഥവാ രഹസ്യ സംഭാഷണം. ഇത് സാധാരണ ചാറ്റുകളില്‍ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു? ഇത്തരം ചാറ്റുകള്‍ ക്ലൈന്റ്-ടു-ക്ലൈന്റ് എന്‍ക്രിപ്റ്റഡ് ആണെന്നാണ് കമ്പനി പറയുന്നത്. എന്നു പറഞ്ഞാല്‍ ഈ ചാറ്റുകള്‍ അയയ്ക്കുന്നയാള്‍ക്കും ലഭിക്കുന്ന ആള്‍ക്കും മാത്രമെ കാണാനാകൂ. സാധാരണ ചാറ്റുകള്‍ക്ക് ക്ലൈന്റ്/സെര്‍വര്‍-സെര്‍വര്‍/ക്ലൈന്റ് എന്‍ക്രിപ്ഷനാണ് ലഭിക്കുന്നത്. അതായത് ചാറ്റുകള്‍ ടെലഗ്രാം സെര്‍വറില്‍ എന്‍ക്രിപ്റ്റു ചെയ്ത് സേവു ചെയ്യപ്പെടാം. കൂടാതെ സീക്രട്ട് ചാറ്റ് വഴി ലഭിക്കുന്ന സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യാനാവില്ല.

 

∙ എങ്ങനെ ഒരു സീക്രട്ട് ചാറ്റ് അയയ്ക്കാം?

 

ആര്‍ക്കാണോ രഹസ്യ സന്ദേശം അയയ്‌ക്കേണ്ടത് അയാളുടെ പ്രൊഫൈല്‍ തുറക്കുക. തുടര്‍ന്ന് 'ഓപ്ഷന്‍സ്' തുറക്കുക. അവിടെയുള്ള 'സ്റ്റാര്‍ട്ട് സീക്രട്ട് ചാറ്റ്' തുറന്ന് സന്ദേശം അയയ്ക്കാം. ഇതിനു കൂടുതല്‍ രഹസ്യ സ്വഭാവമുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇത് ഗ്രൂപ്പ് സംഭാഷണത്തില്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. ആളുകള്‍ സീക്രട്ട് ചാറ്റ് ഉപയോഗിക്കുന്നതോടെ ടെലഗ്രാം എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ എനേബിൾ ചെയ്യുന്നു.

 

∙ അപ്പോള്‍ സ്‌ക്രീന്‍ ഷോട്ട് എടുത്തു കൂടെ?

 

ഇല്ല. സീക്രട്ട് ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ട് എടുക്കാനും സാധിക്കില്ല. എന്നാല്‍ ഇതിലൊന്നും വലിയ കഥയൊന്നുമില്ലെന്നും കാണാം. അതായത് മറ്റൊരു ഫോണോ ക്യാമറയോ ഉപയോഗിച്ച് ചാറ്റിന്റെ ഫോട്ടോ എടുക്കാന്‍ സാധിക്കുമല്ലോ. ഡിജിറ്റല്‍ സംഭാഷണങ്ങള്‍ കൈവിട്ട കളി തന്നെയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പക്ഷേ താരതമ്യേന സുരക്ഷിതമാണ് ടെലഗ്രാമിന്റെ സീക്രട്ട് ചാറ്റ് ഫീച്ചറെന്നും കാണാം.

iphone

 

∙ കുട്ടികളുടെ ഐഫോണ്‍ ഉപയോഗം നിയന്ത്രിക്കാം

 

'ആപ്പിള്‍ ഫോര്‍ കിഡ്‌സ്' എന്നൊരു പുതിയ വെബ്‌സൈറ്റ് തുറന്നിരിക്കുകയാണ് ഐഫോണ്‍ നിര്‍മാതാവായ ആപ്പിള്‍. ഇതിലൂടെ എളുപ്പത്തില്‍ തങ്ങളുടെ കുട്ടികളുടെ ഐഫോണ്‍, ഐപാഡ്, മാക് മറ്റ് ആപ്പിള്‍ ഉപകരണങ്ങള്‍ തുടങ്ങിയവയുടെ ഉപയോഗം ട്രാക്കു ചെയ്യാന്‍ മാതാപിതാക്കള്‍ക്കു സാധിക്കുമെന്ന് കമ്പനി പറയുന്നു. ആപ്പിളിന്റെ ഔദ്യോഗിക സപ്പോര്‍ട്ടിന്റെ ഭാഗമായിരിക്കും പുതിയ വെബ്‌സൈറ്റും. കുട്ടികള്‍ മാതാപിതാക്കള്‍ അറിയാതെ ഇന്‍-ആപ് പര്‍ച്ചെയ്‌സ് ഉപയോഗിച്ച് ഫീച്ചറുകള്‍ വാങ്ങുകയും കാശുപോകുകയും ചെയ്യുന്നത് നിത്യസംഭവമാണ്. ഇത് നിയന്ത്രിക്കാമെന്നതാണ് പുതിയ വെബ്‌സൈറ്റ് കൊണ്ടുള്ള പ്രധാന ഗുണം. ഈ സേവനം വഴി മാതാപിതാക്കള്‍ക്ക് പാസ്‌കോഡുകള്‍ റീസെറ്റും ചെയ്യാം. പുതിയ വെബ്‌സൈറ്റ് വഴി കുട്ടികളെ ആപ്പിള്‍ ഐഡി ഉപയോഗിച്ച് തങ്ങളുടെ ആപ്പിള്‍ ഉപകരണങ്ങളിലേക്ക് സൈന്‍-ഇന്‍ ചെയ്യാന്‍ സഹായിക്കാം.

 

ഉപകരണത്തിന് പാസ്‌കോഡ് നല്‍കാം, ഫാമിലി ഷെയറിങ് ഫീച്ചര്‍ ഉപയോഗിച്ച് മാതാപിതാക്കള്‍ വാങ്ങിയിട്ടുള്ള സേവനങ്ങളും ഫീച്ചറുകളും പ്രയോജനപ്പെടുത്താം. മറ്റൊരു ഫീച്ചറാണ് ആസ്‌ക് ടു ബൈ, വാങ്ങാന്‍ അനുവാദം ചോദിക്കുക. ഇതിലൂടെ കുട്ടിക്ക് ആപ്പിളില്‍ നിന്ന് എന്തെങ്കിലും വാങ്ങാനുള്ള അനുമതി നല്‍കാന്‍ മാതാപിതാക്കള്‍ക്കു സാധിക്കും. ആപ്പിള്‍ ക്യാഷ് (Apple Cash) അയയ്ക്കാനുള്ള ഓപ്ഷനും, കാണാതെപോയ ഉപകരണം ഫൈന്‍ഡ് മൈ വഴി കണ്ടെത്താനുള്ള ഓപ്ഷനും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. എന്നാല്‍ കുട്ടി യാദൃശ്ചികമായി എന്തെങ്കിലും വാങ്ങി പണം പോകുന്നതു തടയുകയാണ് പ്രധാനമായും പുതിയ വെബ്‌സൈറ്റിന്റെ ലക്ഷ്യം. 

 

എന്താണെന്നു മനസ്സിലാകാതെ കുട്ടികള്‍ ആപ്പ് സ്റ്റോറില്‍ നിന്ന് ചില ഇന്‍-ആപ് പര്‍ചെയ്‌സുകള്‍ നടത്തുന്നുണ്ട്. സബ്‌സ്‌ക്രിപ്ഷനുകളും നടത്തുന്നു. ഇവ തടയുക എന്നതായിരിക്കും പ്രധാന ഉദ്ദേശം. അതു കൂടാതെ സ്‌ക്രീന്‍ ടൈം ഉപയോഗിച്ച് കുട്ടികള്‍ എന്തിനാണ് കൂടുതൽ സമയം ചെലവിടുന്നതെന്ന് കണ്ടെത്താം. ഓരോ ആപ്പും കുട്ടി എത്ര സമയം ഉപയോഗിക്കണമെന്നു തീരുമാനിക്കാം. ആരോടെല്ലാം കുട്ടി സംസാരക്കണമെന്ന കാര്യത്തിലും നിയന്ത്രണം ഏര്‍പ്പെടുത്താം. കുട്ടികള്‍ക്ക് എന്ത് കാണാൻ അനുമതി നല്‍കണമെന്ന കാര്യം നിയന്ത്രിക്കാനുള്ള ഓപ്ഷനും മാതാപിതാക്കള്‍ക്ക് നല്‍കുന്നു. ഇതാ വെബ്‌സൈറ്റിലേക്കുള്ള ലിങ്ക്. support.apple.com/apple-for-kids

 

∙ ഫ്‌ളിപ്കാര്‍ട്ട് അമേരിക്കന്‍ ഓഹരി വിപണിയിൽ ലിസ്റ്റു ചെയ്യാന്‍ ശ്രമിക്കുന്നു

 

അമേരിക്കന്‍ കമ്പനിയായ വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഓണ്‍ലൈന്‍ വ്യാപാര ഭീമന്‍ ഫ്‌ളിപ്കാര്‍ട്ട് അമേരിക്കയിലെ ഓഹരി വിപണിയിൽ ഓഹരികള്‍ ഇറക്കുന്ന കാര്യം പരിഗണിക്കാന്‍ തുടങ്ങി. തങ്ങള്‍ ഫ്‌ളിപ്കാര്‍ട്ട് ഐപിഒ ഇറക്കുന്നതിനെ പിന്തുണയ്ക്കുന്നുവെന്നും, എന്നാല്‍ എന്നിറക്കണമെന്നോ, ഏതു രാജ്യത്ത് ഇറക്കണമെന്നതിനെക്കുറിച്ചോ, എങ്ങനെ വേണമെന്നതിനെക്കുറിച്ചോ തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് വാള്‍മാര്‍ട്ട് പറയുന്നു. വാള്‍മാര്‍ട്ട് ഏകദേശം 1600 കോടി ഡോളര്‍ മുടക്കിയാണ് 2018ല്‍ ഫ്‌ളിപ്കാര്‍ട്ടിന്റെ ഏകദേശം 77 ശതമാനം ഓഹരി വാങ്ങിയത്. വിദേശത്ത് ഐപിഒ ഇറക്കിയാല്‍ ഫ്‌ളിപ്കാര്‍ട്ടിന്റെ മൂല്യം ഏകദേശം 5000 കോടി ഡോളറായി വളരുമെന്നു കരുതുന്നു.

 

∙ ആമസോണിന്റെ ക്യാഷ്യര്‍ ഇല്ലാത്ത പലചരക്കു കട ലണ്ടനില്‍ തുറന്നു

 

അമേിക്കയ്ക്കു വെളിയില്‍ ആദ്യമായി ഒരു കട തുറന്നിരിക്കുകയാണ് ഓണ്‍ലൈന്‍ വ്യാപര ഭീമന്‍ ആമസോണ്‍. ഇതിനൊരു പ്രത്യേകതയുമുണ്ട്- ക്യാഷ്യര്‍ ഇല്ലാത്ത കടയാണിത്. സമ്പര്‍ക്കം വേണ്ടാത്ത കടകള്‍ക്ക് ഇനി ധാരാളം സാധ്യതകളുണ്ടെന്നു മനസ്സിലാക്കിയതാണ് പുതിയ നീക്കത്തിനു പിന്നിലെന്നു പറയുന്നു. തങ്ങളുടെ ഓട്ടോമേറ്റഡ് ചെക്കൗട്ട് ടെക്‌നോളജി ഉപയോഗിച്ച് ആളുകള്‍ക്ക് സാധനങ്ങള്‍ വാങ്ങി പുറത്തിറങ്ങാനായി ഒരു പറ്റം കടകള്‍ ബ്രിട്ടന്റെ തലസ്ഥാനത്തു തുടങ്ങാന്‍ തന്നെയാണ് ആമസോണിന്റെ ഉദ്ദേശമെന്നു പറയുന്നു. വാങ്ങിയ സാധനങ്ങള്‍ക്ക് ആമസോണ്‍ അക്കൗണ്ട് വഴിയാണ് പണമടയ്ക്കുക. ബില്ല് ഇമെയിലായി ലഭിക്കും. ക്യൂ നിന്ന് ബില്ലടയ്‌ക്കേണ്ട എന്നതാണ് ഇത്തരം കടകളുടെ പ്രത്യേകത. അമേരിക്കയില്‍ ആമസോണ്‍ ഗോ ബ്രാന്‍ഡിന്റെ കീഴില്‍ ഇത്തരത്തിലുള്ള 26 കടകള്‍ ഇപ്പോള്‍ത്തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്.

 

∙ ചൈനയ്ക്കായി ക്ലബ്ഹൗസ് പോലെയുള്ള ആപ്പിറക്കാന്‍ ബൈറ്റ്ഡാന്‍സ്

 

ടിക്‌ടോക്കിന്റെ ഉടമയായ ബൈറ്റ്ഡാന്‍സ് ഇപ്പോഴത്തെ വൈറല്‍ ആപ്പുകളിലൊന്നായ ക്ലബ്ഹൗസിനെ അനുകരിച്ച് ഒരു ആപ് ചൈനയില്‍ ഇറക്കാന്‍ ഉദ്ദേശിക്കുന്നതായി റിപ്പോര്‍ട്ട്. ശബ്ദ സന്ദേശങ്ങളും, ശബ്ദത്തിലൂടെ ആളുകള്‍ക്ക് ഒത്തു ചേര്‍ന്ന് ചര്‍ച്ചകള്‍ നടത്താനും എല്ലാം അനുവദിക്കുന്ന ആപ്പാണ് ക്ലബ്ഹൗസ്.

 

∙ ചൈനയ്ക്കു നിയന്ത്രിക്കാവുന്ന 5ജി ടെക്‌നോളജി വേണ്ടെന്ന് അമേരിക്ക

 

അടുത്ത തലമുറയിലെ മൊബൈല്‍ സാങ്കേതികവിദ്യയായ 5ജി അമേരിക്കയില്‍ കൊണ്ടുവരുന്നതിന് ഊന്നല്‍ കൊടുക്കുമെന്ന് അറിയിച്ച ബൈഡന്‍ ഭരണകൂടം, അതു വഴി ചൈന രാജ്യത്തേക്കു കടന്നുകയറിയേക്കുമോ എന്ന ഉത്കണ്ഠയും രേഖപ്പെടുത്തി. സ്വകാര്യതയ്‌ക്കൊ, മനുഷ്യാവകാശത്തിനോ വിലകല്‍പ്പിക്കാത്ത രാജ്യമാണ് ചൈന എന്നും സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പറഞ്ഞു. ചൈനയിലിരുന്ന് നിയന്ത്രിക്കാവുന്ന തരം ടെക്‌നോളജിയെങ്ങാനും അമേരിക്കയില്‍ ഇന്‍സ്‌റ്റാള്‍ ചെയ്യപ്പെടുമോ എന്ന പേടിയാണ് അമേരിക്ക പങ്കുവയ്ക്കുന്നത്.

 

∙ സൂം മണിക്കൂറുകളോളം 'പണിമുടക്കി'

 

പ്രധാന വിഡിയോ കോളിങ് സേവനങ്ങളിലൊന്നായ സൂം കഴിഞ്ഞ ദിവസം മണിക്കൂറുകളോളം പണിമുടക്കി. പലര്‍ക്കും മീറ്റിങ്ങുകളില്‍ ചേരാന്‍ സാധിച്ചില്ല. എന്നാല്‍ ഇത് ഇന്റര്‍നെറ്റിന്റെ പ്രശ്‌നം മൂലമാകാമെന്നും തങ്ങളുടെ സിസ്‌റ്റങ്ങള്‍ക്ക് യാതൊരു തകരാറും കണ്ടെത്താനായില്ലെന്നും സൂം ഇറക്കിയ വശദീകരണക്കുറിപ്പില്‍ പറയുന്നു.

 

English Summary: What is secret chat in Telegram?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com