ആപ്പിള്‍ ടിവി പ്ലസ് മലാലയുമായി സഹകരിക്കും; ഇന്‍സ്റ്റഗ്രാമിലും ക്ലൗബ്ഹൗസ് ഫീച്ചർ അവതരിപ്പിച്ചു
Mail This Article
നൊബേൽ പുരസ്കാര ജേതാവ് മലാല യൂസഫ്‌സായിയുമായി ചേർന്ന് ആപ്പിള്‍ കമ്പനി സ്ട്രീമിങ് സേവനമായ ആപ്പിൾ ടിവി പ്ലസിനുള്ള പല പ്രോഗ്രാമുകളും നിര്‍മിക്കും. വിവിധ സീരീസുകള്‍, ഡോക്യുമെന്ററികള്‍, കുട്ടികളുടെ സീരീസുകള്‍ തുടങ്ങിയവയായിരിക്കും നിര്‍മിക്കുക. മലാലയുടെ കമ്പനിയായ എക്‌സ്ട്രാകരിക്യുലര്‍ ആപ്പിളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് വീണ്ടും വികസിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. ആപ്പിള്‍ 2018 മുതല്‍ മലാലയുമായി ചേര്‍ന്ന് 'മലാല ഫണ്ട്' എന്ന പേരില്‍ ലോകമെമ്പാടുമുള്ള പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള സഹായം നൽകുന്നുണ്ട്. സ്ത്രീകള്‍ക്കു വിദ്യാഭ്യാസം നല്‍കണമെന്ന് പ്രചരണപരിപാടികള്‍ നടത്തിയതിന്റെ പേരിലാണ് തീവ്രവാദ സംഘടനയായ താലിബാന്‍ 2012ല്‍ മലാലയ്ക്കു നേരെ വെടിവച്ചത്. ഇതില്‍ നിന്നു രക്ഷപെട്ടാണ് മലാല ബ്രിട്ടനില്‍ അഭയംപ്രാപിച്ചത്. ഇപ്പോള്‍ 23കാരിയായ മലാല കഴിഞ്ഞ വര്‍ഷം ഓക്‌സ്‌ഫഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദവും സ്വന്തമാക്കിയിരുന്നു.
∙ വണ്‍പ്ലസിന്റെ ക്യാമറ വികസിപ്പിക്കാന്‍ ഹസല്‍ബ്ലാഡും
അടുത്ത മൂന്നു വര്‍ഷത്തേക്ക് വണ്‍പ്ലസ് കമ്പനിയുടെ സ്മാര്‍ട് ഫോണ്‍ ക്യാമറകള്‍ വികസിപ്പിക്കുന്നത് സ്വീഡനില്‍ നിന്നുള്ള സുപ്രശസ്ത ക്യാമറാ നിര്‍മാതാവ് ഹസല്‍ബ്ലാഡുമായി ചേര്‍ന്നായിരിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. ഈ മാസം 23ന് അവതരിപ്പിക്കുന്ന വണ്‍പ്ലസ് 9 സീരീസിലെ ക്യാമറകളാണ് ഇരുകമ്പനികളും സഹകരിച്ച് വികസിപ്പിച്ചെടുത്ത ആദ്യ സ്മാര്‍ട് ഫോണ്‍ ക്യാമറാ സിസ്റ്റം. സോഫ്റ്റ്‌വെയറിലുള്ള മാറ്റങ്ങള്‍ വരുത്തല്‍, കളര്‍ ട്യൂണിങ്, സെന്‍സര്‍ ക്യാലിബറേഷന്‍ തുടങ്ങിയ മേഖലകളിലായിരിക്കും ഹസല്‍ബ്ലാഡ് വണ്‍പ്ലസിനെ സഹായിച്ചത്. എന്നാല്‍, വരും വര്‍ഷങ്ങളില്‍ കൂടുതല്‍ മേഖലകളില്‍ ഹസല്‍ബ്ലാഡിന്റെ അനുഭവസമ്പത്ത് പ്രയോജനപ്പെടുത്തുമെന്ന് കമ്പനി പറഞ്ഞു. വണ്‍പ്ലസിന്റെ ഫ്‌ളാഗ്ഷിപ് ഫോണുകളില്‍ മാത്രമായിരിക്കും സഹകരണം. ഈ വര്‍ഷത്തെ വണ്‍പ്ലസ് 9 പ്രോയും മറ്റും ഹസല്‍ബ്ലാഡ് ബ്രാന്‍ഡ്‌നെയിം പതിച്ചായിരിക്കാം എത്തുക. 'ഹസല്‍ബ്ലാഡ് ക്യാമറാ ഫോര്‍ മൊബൈല്‍' എന്നായിരിക്കും പതിക്കുക. ഈ വര്‍ഷത്തെ വണ്‍പ്ലസ് ക്യാമറകളില്‍ പ്രതീക്ഷിക്കാവുന്ന പ്രധാന മാറ്റങ്ങളിലൊന്ന് അവ ഉപയോഗിച്ച് എടുക്കുന്ന ചിത്രങ്ങളുടെ നിറങ്ങള്‍ കൂടുതല്‍ സ്വാഭാവികത ആര്‍ജിച്ചേക്കുമെന്നതാണ്.
നാച്വറല്‍ കളര്‍ ക്യാലിബറേഷനാണ് ഇരു കമ്പനികളും സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ഒരു മേഖല. പ്രൊഫഷണല്‍ ഫൊട്ടോഗ്രാഫര്‍മാര്‍ക്ക് മുൻപെങ്ങും ലഭ്യമല്ലാതിരുന്ന തരത്തിലുള്ള കണ്ട്രോളുകള്‍ നല്‍കുമെന്ന് വണ്‍പ്ലസ് അവകാശപ്പെടുന്നു. ക്യാമറാ നിര്‍മാണത്തിലെ ഏറ്റവും തറവാടിത്തമുള്ള പേരുകളിലൊന്നാണ് ഹസല്‍ബ്ലാഡ്. പ്രധാനമായും മീഡിയം ഫോര്‍മാറ്റ് ക്യാമറകളാണ് അവരുടെ പ്രതാപം അറിയിച്ച് എത്തിയിരിക്കുന്നത്. ഇതേ പാത ചൈനീസ് ടെക്‌നോളജി ഭീമന്‍ വാവെയ് പിന്തുടരുകയും വന്‍വിജയം നേടുകയും ചെയ്തിരുന്നു. വാവെയ് തങ്ങളുടെ സ്മാര്‍ട് ഫോണ്‍ ക്യാമറകള്‍ വികസിപ്പിക്കാന്‍ ജര്‍മന്‍ ക്യാമറാ നിര്‍മാണ കമ്പനിയായ ലൈക്കയുമായി ചേര്‍ന്നാണ് പ്രവര്‍ത്തിച്ചിരുന്നത്. കഴിഞ്ഞ പല വര്‍ഷങ്ങളായി സാങ്കേതികമായി ഏറ്റവും മികച്ച സ്മാര്‍ട് ഫോണ്‍ ക്യാമറകള്‍ അവതരിപ്പിക്കുന്നത് വാവെയ് ആണ്. വാവെയുടെ ബുക്കിന്റെ ഒരു പേജ് അടര്‍ത്തിയെടുത്തിരിക്കുകയാണ് വണ്‍പ്ലസ് എന്നു കാണാം.
∙ ട്വിറ്ററിനു പിന്നാലെ ഇന്‍സ്റ്റഗ്രാമും ക്ലൗബ്ഹൗസിന് എതിരാളിയെ അവതരിപ്പിച്ചു
അടുത്തകാലത്ത് ഏറ്റവുമധികം ശ്രദ്ധ നേടിയ ആപ്പുകളിലൊന്നായ ക്ലബ്ഹൗസിന് ചുറ്റും എതിരാളികള്‍ കൂണുകള്‍ പോലെ മുളച്ചുപൊങ്ങുകയാണ്. ചിലത് പുതിയ ആപ്പുകളാണെങ്കില്‍ മറ്റു ചിലത് നിലവിലുള്ള ആപ്പുകളില്‍ ഓഡിയോ ചാറ്റ് ആപ്പായ ക്ലബ്ഹൗസിന്റെ ഫങ്ഷനുകള്‍ പുതിയ ഫീച്ചറായി നല്‍കുകയാണ്. പ്രമുഖ വിഡിയോ ഷെയറിങ് ആപ്പായ ടിക്‌ടോക്കിന് ബദലായി ഇന്‍സ്റ്റഗ്രാമിനു കീഴില്‍ റീല്‍സ് എന്നൊരു ആപ്പ് തുടങ്ങിയിരുന്നു. റീല്‍സിലായിരിക്കും ക്ലൗബ്ഹൗസിന്റെ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിക്കുക. ഫെയ്‌സ്ബുക് മേധാവി ഒരിക്കല്‍ ക്ലബ്ഹൗസില്‍ എത്തിയിരുന്നു. ഇതേ തുടര്‍ന്ന് ക്ലബ്ഹൗസിന്റെ ഫീച്ചറുകള്‍ ഉടനെ ഫെയ്‌സ്ബുക് കോപ്പിയടിക്കുമെന്ന പ്രചാരണവും നടന്നിരുന്നു. അത് എന്തായാലും യാഥാര്‍ഥ്യമായിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമില്‍ വരാന്‍ പോകുന്ന ക്ലബ്ഹൗസ് സമാന ഫീച്ചറിന്റെ പേര് ഓഡിയോ റൂംസ് എന്നായിരിക്കും. https://bit.ly/38o3rKR
∙ മാക്കഫിയുടെ ബിസിനസ് വിഭാഗം 400 കോടി ഡോളറിനു വില്‍ക്കുന്നു
പ്രമുഖ സൈബര്‍ സുരക്ഷാ സോഫ്റ്റ്‌വെയര്‍ കമ്പനിയായ മാക്കഫിയുടെ ബിസിനസ്, സിംഫണി ടെക്‌നോളജി ഗ്രൂപ് എന്നൊരു കണ്‍സോര്‍ഷ്യത്തിന് 400 കോടി ഡോളറിനു വില്‍ക്കാന്‍ തീരുമാനമായി. വില്‍പന പ്രഖ്യാപിച്ച ശേഷം കമ്പനിയുടെ ഓഹരികളുടെ വില 3 ശതമാനം ഉയര്‍ന്നു.
∙ 3ഡി സെന്‍സിങ് ക്യാമറകള്‍ നിർമിക്കാന്‍ മൈക്രോസോഫ്റ്റിനോടു സഹകരിക്കാന്‍ എല്‍ജി ഇനോടെക്
ദക്ഷിണ കൊറിയയയിലെ പ്രധാന ഇലക്ട്രോണിക് ഘടകഭാഗ നിര്‍മാതാവായ എല്‍ജി ഇനോടെക്, മൈക്രോസോഫ്റ്റുമായി ചേര്‍ന്ന് 3ഡി സെന്‍സിങ് ക്യാമറകളുടെ നിര്‍മാണത്തിനു വേണ്ട ഘടകഭാഗങ്ങള്‍ നിര്‍മിക്കും. മൈക്രോസോഫ്റ്റ് ക്ലൗഡിനു വേണ്ടി ടൈം ഓഫ് ഫ്‌ളൈറ്റ് മൊഡ്യൂളുകളാണ് നിര്‍മിച്ചു നല്‍കുക.
∙ ആപ്പിള്‍ കാര്‍ ഭീഷണി തന്റെ ഉറക്കംകെടുത്തുന്നില്ലെന്ന് ബിഎംഡബ്ലൂ ഉദ്യോഗസ്ഥന്‍
ആപ്പിള്‍ ഇലക്ട്രിക് കാര്‍ അവതരിപ്പിക്കുമെന്നത് പല കാര്‍ നിര്‍മാണ കമ്പനികളെയും ഭയപ്പെടുത്തുന്നുവെന്നു പറയുന്നു. ലോകമെമ്പാടുമുള്ള ആപ്പിള്‍ പ്രേമികള്‍ ഐഫോണ്‍ പോലെ കമ്പനിയുടെ കാർ മതിയെന്നു പറയില്ലെ എന്നുളളതാണ് ഭീതി. എന്നാല്‍, ആപ്പിള്‍ ഇലക്ട്രിക് കാര്‍ അവതരിപ്പിച്ചേക്കാമെന്ന വാര്‍ത്ത കേട്ടിട്ടും തനിക്ക് ശാന്തമായി ഉറങ്ങാന്‍ സാധിക്കുന്നുണ്ടെന്നാണ് ജര്‍മന്‍ കാര്‍ നിര്‍മാതാവ് ബിഎംഡബ്ല്യൂവിന്റെ ചീഫ് ഫൈനാന്‍ഷ്യല്‍ ഓഫിസര്‍ നിക്കൊളാസ് പീറ്റര്‍ പറഞ്ഞത്. ആപ്പിളുമായി മത്സരിക്കുന്നത് നല്ലതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
∙ സാംസങ് ഗ്യാലക്‌സി വാച്ച് 4 ജൂണില്‍ അവതരിപ്പിച്ചേക്കും
സാംസങ്ങിന്റെ സ്മാര്‍ട് വാച്ചുകളായ ഗ്യാലക്‌സി വാച്ച് 4, വാച്ച് ആക്ടീവ് 4 എന്നിവ 2021 ജൂണില്‍ അവതരിപ്പിച്ചേക്കും. ഗൂഗിള്‍ വെയര്‍ ഒഎസിലായിരിക്കും പുതിയ വാച്ചുകള്‍ പ്രവര്‍ത്തിക്കുക.
English Summary: Malala Yousafzai Inks Programming Deal With Apple TV+