ADVERTISEMENT

ആമസോണിന്റെയും ഫ്‌ളിപ്കാര്‍ട്ടിന്റെയും ഇന്ത്യയിലെ ഭാവിയെക്കുറിച്ച് വന്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. അമേരിക്കന്‍ ഉടമസ്ഥതയിലുള്ള ഇരു കമ്പനികള്‍ക്കും താമസിയാതെ കൂച്ചുവിലങ്ങു വീണാല്‍ അദ്ഭുതപ്പെടേണ്ട എന്നായിരുന്നു പറഞ്ഞു കേട്ടിരുന്നത്. ഇന്ത്യന്‍ ഉപഭോക്താക്കളുടെ ഡേറ്റ സൂക്ഷിക്കല്‍ അടക്കം വിവിധ മേഖലകളില്‍ ഇരു കമ്പനികളുടെയും നിലവിലുള്ള പോക്ക് ചോദ്യംചെയ്യപ്പെടുന്നുണ്ട്. ഫ്‌ളിപ്കാര്‍ട്ടും ആമസോണും പിന്തുടരുന്ന ഡിസ്‌കൗണ്ട് വില്‍പനാ രീതികള്‍ തങ്ങളുടെ നിലനില്‍പ്പിന് ഭീഷണിയാണെന്ന് ചെറുകിട വ്യവസായികള്‍ ഇരു കമ്പനികള്‍ക്കുമെതിരെ പ്രധാനമന്ത്രിക്കു പരാതി നല്‍കിയതിന്റെ ഫലമാണ് ഇവയ്‌ക്കെതിരെയുള്ള പടയൊരുക്കമെന്നും സൂചനയുണ്ട്. അതല്ല പുതിയ ഇന്ത്യന്‍ കമ്പനികള്‍ക്ക് ഈ രംഗത്തേക്ക് എതിരില്ലാതെ കടന്നുവരാനുളള വഴിയൊരുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് എന്നെല്ലാം അടക്കംപറച്ചിലുണ്ടെങ്കിലും താമസിയാതെ പുതിയ ചില നിയമങ്ങള്‍ കൊണ്ടുവന്നേക്കുമെന്നാണ് അറിയുന്നത്. ഇതിനിടയിലാണ് ഫ്‌ളിപ്കാര്‍ട്ട് രാജ്യത്തെ ബിസിനസ് ഭീമന്മാരില്‍ ഒന്നായ അദാനി ഗ്രൂപ്പുമായി സഹകരണം തുടങ്ങുന്ന കാര്യം അറിയിച്ചിരിക്കുന്നത്. ഇതൊരു പുതിയ തുടക്കമായേക്കാമെന്നും കരുതുന്നു.

 

അമേരിക്കന്‍ കമ്പനിയായ വാള്‍മാര്‍ട്ടിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫ്‌ളിപ്കാര്‍ട്ട് ലോജിസ്റ്റിക്‌സിന്റെയും ഡേറ്റയുടെയും കാര്യത്തിലാണ് അദാനി ഗ്രൂപ്പുമായി സഹകരിക്കുന്നത്. വിതരണ ശൃംഖല മെച്ചപ്പെടുത്തലും ഡേറ്റാ സംരക്ഷിക്കലുമായിരിക്കും ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. ഫ്‌ളിപ്കാര്‍ട്ട് ഇന്ത്യയിലെ തങ്ങളുടെ മൂന്നാമത്തെ ഡേറ്റാ സെന്റര്‍ അദാനികണക്‌സിന്റെ (Adaniconnex) ചെന്നൈ കേന്ദ്രത്തിലായിരിക്കും സ്ഥാപിക്കുക. ഇതുവഴി പ്രാദേശിക ഡേറ്റയുമായി ബന്ധപ്പെട്ട വിവാദത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കമ്പനിക്കു സാധിച്ചേക്കും. പ്രാദേശികമായി ഡേറ്റ സൂക്ഷിക്കണമെന്ന നിബന്ധന ഇതോടെ ഫ്‌ളിപ്കാര്‍ട്ട് സമ്പൂര്‍ണമായി പാലിക്കുന്നുവെന്നു വരികയും ചെയ്യും. ഇതിന്റെ സാമ്പത്തിക വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

 

ഇരു കമ്പനികളും തമ്മിലുള്ള സഖ്യത്തിന്റെ ഭാഗമായി അദാനി ലോജിസ്റ്റിക്‌സ് ലിമിറ്റഡ് 5.34 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഫുള്‍ഫില്‍മെന്റ് കേന്ദ്രം മുംബൈയില്‍ സ്ഥാപിക്കും. ഇത് ഫ്‌ളിപ്കാര്‍ട്ടിന് വാടകയ്ക്കു നല്‍കുകയായിരിക്കാം ചെയ്യുന്നതെന്നും പറയുന്നു. ഈ കേന്ദ്രം 2022 മൂന്നാം പാദത്തില്‍ മാത്രമായിരിക്കും പ്രവര്‍ത്തനസജ്ജമാകുകയുള്ളു. ഈ കേന്ദ്രത്തില്‍ വിവിധ വില്‍പനക്കാര്‍ക്ക് 100 കോടി സാധനങ്ങള്‍ വരെ ശേഖരിച്ചുവയ്ക്കാനാകുമെന്നു പറയുന്നു. ഫ്‌ളിപ്കാര്‍ട്ടിന്റെ വിതരണ ശൃംഖല ശക്തിപ്പെടുത്താനായി ഇരു കമ്പനികളും ഇനി സഹകരിക്കും. ഏകദേശം നേരിട്ടുള്ള 2,500 പുതിയ ജോലികള്‍ ഇതുവഴി സൃഷ്ടിക്കപ്പെടുമെന്നും കരുതുന്നു. നേരിട്ടല്ലാത്ത ആയിരക്കണക്കിനു തസ്തികകളും സൃഷ്ടിക്കപ്പെട്ടേക്കും. ഇന്ത്യയില്‍ അതിവേഗം വളരുന്ന രണ്ടു കമ്പനികള്‍ തമ്മിലുള്ള സഖ്യത്തില്‍ താന്‍ അതീവ സന്തുഷ്ടനാണെന്നാണ് അദാനി പോര്‍ട്‌സിന്റെ സിഇഒ ആയ കരന്‍ അദാനി അറിയിച്ചത്. രാജ്യത്തിനു വേണ്ടതാണ് ഇതെന്നും, ഇതിനാണ് 'ആത്മനിര്‍ഭരത' എന്നു പറയുന്നതെന്നും കരന്‍ കൂട്ടിച്ചേര്‍ത്തു.

 

∙ എല്‍ജി വിങ് 29,999 രൂപയ്ക്ക്!

alibaba

 

അസാധാരണ ഡിസൈനുമായി ഇറങ്ങി ശ്രദ്ധ പിടിച്ചുപറ്റിയ ഫോണാണ് എല്‍ജി വിങ്. ഇരട്ട സ്‌ക്രീന്‍, തരക്കേടില്ലാത്ത പിന്‍ക്യാമറാ സിസ്റ്റം, 5ജി തുടങ്ങിയ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളുന്ന ഫോണ്‍ ഫ്‌ളിപ്കാര്‍ട്ടില്‍ 29,999 രൂപയ്ക്ക് വില്‍പന നടത്തുന്നു. (ഇതെഴുതുന്ന സമയത്ത് താല്‍ക്കാലികമായി ലഭ്യമല്ല എന്നാണ് എഴുതിക്കാണിച്ചിരിക്കുന്നത്. ഇനിയും ലഭ്യമാക്കിയേക്കും.) ഈ ഫോണ്‍ 30,000 രൂപയില്‍ വാങ്ങാന്‍ ലഭിക്കുന്ന മികച്ച ഹാന്‍ഡ്‌സെറ്റുകളില്‍ ഒന്നാണെന്നാണ് വിലയിരുത്തല്‍. പക്ഷേ, എല്‍ജി കമ്പനി ഫോണ്‍ നിര്‍മാണം നിർത്തിയിരിക്കുന്ന സ്ഥിതിക്ക് ഇനി ഈ ഫോണ്‍ വാങ്ങുന്നത് ബുദ്ധിയായിരിക്കുമോ എന്നു ചോദിക്കുന്നവരും ഉണ്ട്. വിവിധ കാര്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ഇരട്ട സ്‌ക്രീന്‍ തന്നെയാണ് ഇതിന്റെ പ്രധാന ശ്രദ്ധാകേന്ദ്രമെങ്കിലും മറ്റു മികവുവകളും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. സ്‌നാപ്ഡ്രാഗണ്‍ 765ജി ആണ് പ്രോസസര്‍. നേരത്തെയും എല്‍ജി വിങ് 29,999 രൂപയ്ക്ക് വിറ്റിട്ടുണ്ട്. ഫോണിന് ആന്‍ഡ്രോയിഡ് 12 വരെ ഒഎസ് അപ്‌ഡേറ്റ് കിട്ടിയേക്കുമെന്നു പറയുന്നതും ആകര്‍ഷകമായ ഒരു ഓപ്ഷനാണ്. അതേസമയം, വില്‍പനാനന്തര സേവനവും മറ്റും എങ്ങനെയായിരിക്കുമെന്ന ഭയവും നിലനില്‍ക്കുന്നു.

 

∙ 2.75 ബില്ല്യന്‍ ഡോളര്‍ പിഴ അടച്ച് ആലിബാബ

 

ഓണ്‍ലൈന്‍ വ്യാപാര കമ്പനിയായ ആലിബാബ, ചൈന തങ്ങള്‍ക്കിട്ട 2.75 ബില്ല്യന്‍ ഡോളറിന്റെ പിഴ ഒരു പരാതിയും പറയാതെ അടച്ച് നല്ല കുട്ടിയായതോടെ ഓഹരി വിപണിയില്‍ അത് ആഹ്ലാദമായി പ്രതിഫലിച്ചു. കമ്പനിയുടെ ഷെയറുകള്‍ 9 ശതമാനമാണ് ഹോങ്കോങ് സ്‌റ്റോക് എക്‌സ്‌ചേഞ്ചില്‍ ഉയര്‍ന്നത്. ആലിബാബയുടെ മൂല്യം ഇതോടെ 48.5 ബില്ല്യന്‍ ഡോളറായും ഉയര്‍ന്നു. ആലിബാബയുമായി ബന്ധപ്പെട്ടു നിലനിന്നിരുന്ന അനിശ്ചിതത്വത്തിനു വിരാമമാകുകയാണ് എന്നാണ് സൂചന. കമ്പനിയുടെ സ്ഥാപകന്‍ ജാക് മാ പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്നത് നിർത്തിയത് വളരെയധികം ഊഹാപോഹങ്ങള്‍ക്ക് വഴിവച്ചിരുന്നു.

 

∙ എഐ കമ്പനി ന്യൂആന്‍സിനെ 16 ബില്ല്യന്‍ ഡോളര്‍ നല്‍കി വാങ്ങാന്‍ മൈക്രോസോഫ്റ്റ്

 

ലോകത്തെ ആരോഗ്യരംഗം നിർമിതബുദ്ധിയുടെ (എഐ) സേവനം കൂടുതലായി ഉപയോഗിക്കാന്‍ ഒരുങ്ങുകയാണിന്ന്. ഈ രംഗത്ത് നല്ല പ്രവൃത്തിപരിചയമുള്ള കമ്പനിയായ ന്യൂആന്‍സിനെ സോഫ്റ്റ്‌വെയര്‍ ഭീമന്‍ മൈക്രോസോഫ്റ്റ് ഇപ്പോള്‍ സ്വന്തമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതിനായി 16 ബില്ല്യന്‍ ഡോളറായിരിക്കും മൈക്രോസോഫ്റ്റ് നല്‍കുക. ആപ്പിളിന്റെ വോയിസ് അസിസ്റ്റന്റായ സിറി അവതരിപ്പിക്കാന്‍ സഹായിച്ച കമ്പനി എന്ന പേരും ന്യൂആന്‍സിനുണ്ട്. മൈക്രോസോഫ്റ്റും ന്യൂആന്‍സും 2019 മുതല്‍ ചില മേഖലകളില്‍ സഹകരിച്ചു പ്രവര്‍ത്തിച്ചു വരികയാണ്. വാഹനങ്ങളുടെ ഓട്ടോമേഷനു വേണ്ടിയും സേവനങ്ങള്‍ നല്‍കിവരുന്ന കമ്പനിയാണ് ന്യൂആന്‍സ്. ലിങ്ക്ട്ഇന്‍ ഏകദേശം 23 ബില്ല്യന്‍ ഡോളര്‍ നല്‍കി കരസ്ഥമാക്കിയ ശേഷം മൈക്രോസോഫ്റ്റ് നടത്തുന്ന ഏറ്റവും വലിയ വാങ്ങലാണിത്.

 

∙ ഗൂഗിള്‍ ഡോക്‌സ് പ്രവര്‍ത്തനം നിലച്ചു

 

ഗൂഗിളിന്റെ പ്രശസ്ത സേവനങ്ങളിലൊന്നായ ഗൂഗില്‍ ഡോക്‌സിന്റെ പ്രവര്‍ത്തനം കഴിഞ്ഞ ദിവസം (12-04-2021) വൈകീട്ട് ഏഴു മണി മുതല്‍ നിലച്ചിരുന്നു. ഇത് രാത്രി 10 മണിയോടെ വീണ്ടും പ്രവര്‍ത്തനക്ഷമമായെന്നു പറയുന്നു. പ്രശ്‌നം പരിഹരിച്ചുവെന്നും, ഇതിനായി ക്ഷമാപൂര്‍വ്വം കാത്തു നിന്ന എല്ലാവര്‍ക്കും നന്ദി പറയുന്നുവെന്നും ഗൂഗിള്‍ കുറിച്ചു.

 

∙ മൂന്നു കരുത്തന്‍ മി പാഡ് ടാബുകള്‍ അവതരിപ്പിക്കാന്‍ ഷഓമി

 

ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ 800 സീരിസ് പ്രോസസര്‍ കേന്ദ്രമാക്കി മൂന്നു ടാബുകള്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് ചൈനീസ് ടെക്‌നോളജി ഭീമന്‍ ഷഓമി. മി പാഡ് സീരീസിലായിരിക്കും പുതിയ ടാബുകള്‍ വരിക. പിന്നില്‍ നാലു ക്യാമറകള്‍, നാലു സ്പീക്കറുകള്‍, 120 ഹെട്‌സ് റിഫ്രഷ് റെയ്റ്റുള്ള ഡിസ്‌പ്ലെ, ഫുള്‍ എച്ഡി പ്ലസ് റെസലൂഷനുള്ള സ്‌ക്രീന്‍ തുടങ്ങിയവയാണ് ഇവയുടെ ഫീച്ചറുകള്‍. ആപ്പിളും ചെറിയൊരളവു വരെ സാംസങ്ങുമാണ് ടാബ് വിപണിയിലെ ഇപ്പോഴത്തെ പ്രധാനികള്‍. ടാബ്‌ലറ്റ് വിപണിയെ അത്ര ഗൗരവത്തിലെടുക്കാതിരുന്ന ഷഓമി ഇനി തങ്ങളുടെ ശ്രദ്ധ അവിടെയും കേന്ദ്രീകരിച്ചേക്കുമെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു.

 

∙ ക്ലബ്ഹൗസ് ഡേറ്റാ ചോർച്ചയിൽ ഉപയോക്താക്കളുടെ ഡേറ്റ പുറത്തായിട്ടില്ലെന്ന്

 

ക്ലബ്ഹൗസില്‍ നിന്ന് 13 ലക്ഷം ഉപയോക്താക്കളുടെ ഡേറ്റ പുറത്തായി എന്ന വാര്‍ത്ത തെറ്റിധരിപ്പിക്കുന്നതാണെന്ന് കമ്പനിയുടെ സിഇഒ പോള്‍ ഡേവിസണ്‍ അവകാശപ്പെട്ടു. ക്ലബ്ഹൗസ് ആരും ഹാക്കു ചെയ്തിട്ടില്ലെന്ന് അദ്ദേഹം അവകാശപ്പെടുന്നു.

 

English Summary: Flipkart partners Adani group to boost supply chain infrastructure

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com