ADVERTISEMENT

ലൈംഗിക റോബോട്ടുകള്‍ ഇന്ന് യാഥാര്‍ഥ്യമായിരിക്കുകയാണ്. അവ ഏതു സമൂഹത്തിലും പ്രചാരം നേടുകയും ചെയ്യാം. ഇത് സമൂഹ ഘടനയെത്തന്നെ മാറ്റിമറിച്ചേക്കാം. ഇവയുടെ വരുംവരായ്കകളെക്കുറിച്ചു പഠിച്ച് നിയമനിര്‍മാണം നടത്തണമെന്നു ലോകമെമ്പാടുമുള്ള നിയമ വിദഗ്ധര്‍ ആവശ്യപ്പെടുന്നുണ്ട്. ഇത്തരം റോബോട്ടുകളുടെ ഉപയോഗം വ്യക്തികള്‍ക്കു ഗുണമോ ദോഷമോ എന്നോ അവയുടെ ഉപയോഗം സമൂഹങ്ങളില്‍ എന്തെല്ലാം മാറ്റങ്ങള്‍ കൊണ്ടുവന്നേക്കാമെന്നോ ഗൗരവമുള്ള പഠനം നടന്നിട്ടില്ലെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ലൈംഗികത, വ്യക്തിബന്ധങ്ങള്‍ തുടങ്ങി പല കാര്യങ്ങളിലും പഠനം വേണ്ട സമയമാണിത്. സെക്‌സ്‌ബോട്ടുകള്‍ അടക്കമുള്ളവയില്‍ നിർമിത ബുദ്ധിയെ എങ്ങനെയാണ് ഉള്‍ക്കൊള്ളിക്കുന്നത് എന്നതിനെക്കുറിച്ചും അടിയന്തര പഠനം ആവശ്യമാണ്.

 

∙ യന്ത്രങ്ങള്‍ക്ക് മനുഷ്യരുമായി സൗഹൃദത്തിലാകാന്‍ സാധിക്കുമോ?

 

യന്ത്രങ്ങളും മനുഷ്യരും തമ്മില്‍ സൗഹൃദത്തിലാകാനുളള സാധ്യത സയന്‍സ് ഫിക്‌ഷനുകൾ ധാരാളം കൈകാര്യം ചെയ്തിട്ടുണ്ട്. ഇയന്‍ മക്ഇവന്‍ എന്ന ബ്രിട്ടിഷ് നോവലിസ്റ്റ് 2019 ല്‍ പ്രസിദ്ധീകരിച്ച ‘മെഷീന്‍സ് ലൈക് മീ’ എന്ന നോവലില്‍ ആഡം എന്ന യന്ത്ര മനുഷ്യനെ വരച്ചിടുന്നുണ്ട്. യന്ത്രവും മനുഷ്യനും തമ്മിലുള്ള ഇണചേരലടക്കം അദ്ദേഹം വിവരിക്കുന്നു. പ്രകോപനപരമായ പല ചോദ്യങ്ങളും മക്ഇവന്‍ പുസ്തകത്തിൽ ഉന്നയിക്കുന്നു. മനുഷ്യരെ പോലെയുള്ള യന്ത്രങ്ങളെ നിര്‍മിക്കുക വഴി, ആരാണ് ഒരു വ്യക്തി എന്ന ചോദ്യവും അവ നമ്മളെ ഒരു കാലത്ത് മറികടക്കില്ലേ എന്ന ആശങ്കയും അദ്ദേഹം പങ്കുവയ്ക്കുന്നു. ഹേര്‍ (Her) എന്ന സിനിമയില്‍ ആമസോണ്‍ അലക്‌സ പോലുള്ള ഒരു വോയിസ് അസിസ്റ്റന്റുമായി പ്രണയത്തിലാകുന്ന പുരുഷനെ കാണിക്കുന്നുണ്ട്. (മൈക്രോസോഫ്റ്റിന്റെ ഷാവോഐസ് എന്ന വോയിസ് അസിസ്റ്റന്റുമായി ഉറ്റ ചങ്ങാത്തത്തിലായ നിരവധി ചൈനക്കാര്‍ യഥാര്‍ഥ ജീവിതത്തിലുണ്ട് എന്നറിയുമ്പോള്‍ ഇതൊന്നും അസാധ്യമല്ല) എക്‌സ് മെഷീന (Ex Machina, 2014 ല്‍ ഇറങ്ങിയത്) എന്ന സിനിമയിലാകട്ടെ അവ (Ava) എന്ന ഹ്യൂമനോയ്ഡ് റോബോട്ടും അതിന്റെ സ്രഷ്ടാവായ സ്മിത്തുമായുള്ള ബന്ധം ചിത്രീകരിക്കുന്നു. ഇത്തരം അനുഭവങ്ങള്‍ പുസ്തകങ്ങളില്‍നിന്നും അഭ്രാപളികളില്‍നിന്നും സമൂഹത്തിലേക്ക് ഇറങ്ങി വരുമ്പോള്‍ ഉണ്ടാകുന്ന മാറ്റങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയമാകുന്നത്.

 

∙ ചിലര്‍ക്ക് സെക്‌സ്‌ബോട്ടുകള്‍ ഗുണമാകാം

 

സെക്‌സ് റോബോട്ടുകൾ സമൂഹത്തിനു ധാര്‍മികവും നിയമപരവുമായ പുതിയ വെല്ലുവിളികള്‍ ഉയര്‍ത്തിയേക്കാം. സാങ്കേതികവിദ്യ അതിവേഗം പുരോഗമിക്കുന്നതിനാല്‍ വന്നേക്കാവുന്ന മാറ്റങ്ങള്‍ ആവുന്നത്ര ഉള്‍ക്കൊണ്ടുവേണം നിയമനിര്‍മാണവും മറ്റും. ഇതുമൂലം വ്യക്തിക്കും സമൂഹത്തിനും ഉണ്ടായേക്കാവുന്ന സങ്കീര്‍ണമായ പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കണമെന്ന് ഓസ്‌ട്രേലിയയിലെ ഫൈന്‍ഡേഴ്‌സ് യൂണിവേഴ്‌സിറ്റിയില്‍നിന്ന് നിയമം പഠിച്ച മാഡി മക്കാര്‍ത്തി പറയുന്നു. ചില സാഹചര്യങ്ങളില്‍ സെക്‌സ്‌ബോട്ടുകള്‍ പ്രയോജനപ്രദമായേക്കാം എന്നു വാദിക്കുന്നവരുമുണ്ട്. ഉദാഹരണത്തിന് പ്രായം, സാഹചര്യങ്ങള്‍, മാനസികമോ ശാരീരികമോ ആയ വെല്ലുവിളികൾ തുടങ്ങിയവ മൂലം പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്ക് സ്വാഭാവികമായി ലൈംഗികത ആസ്വദിക്കാന്‍ സാധിക്കണമെന്നില്ല. അവർക്കു സെക്‌സ്‌ബോട്ടുകള്‍ പ്രയോജനപ്രദമായേക്കാം. ചിലര്‍ക്ക് ഇവ സുരക്ഷിതമായ സാഹചര്യങ്ങള്‍ ഒരുക്കി നല്‍കിയേക്കാം. ചിലരെ അവിഹിതബന്ധത്തിൽനിന്നും ലൈംഗികാവശ്യത്തിനായി സ്ത്രീകളെ തട്ടിക്കൊണ്ടു പോകുന്നതില്‍നിന്നും പിന്തിരിപ്പിച്ചേക്കാം.

 

∙ മറുവശം

 

സെക്‌സ്‌ബോട്ടുകളുടെ കടന്നുവരവ് ഗുണം പോലെ ദോഷവും ഉണ്ടാക്കാം. അശ്ലീല ചിത്രീകരണങ്ങളിലെന്ന പോലെ സെക്‌സ് ബോട്ടുകളും സ്ത്രീകളെ വസ്തുവല്‍ക്കരിക്കാനിടയുണ്ട് (objectify). വികാരങ്ങളേക്കാളേറെ ലൈംഗികതയ്ക്കു പ്രാധാന്യം നൽകുന്ന സ്ഥിതി വന്നാൽ സമൂഹത്തിലും കുടുംബങ്ങളിലും അക്രമത്തിനും ചൂഷണത്തിനും സാധ്യതയുണ്ട്. ചില റോബോട്ടുകള്‍ക്ക് ഇപ്പോള്‍ ലൈംഗികതയ്ക്ക് സമ്മതമല്ലെന്നു പറയാനുള്ള കഴിവു പ്രോഗ്രാം ചെയ്തു കഴിഞ്ഞതായി പറയുന്നു. ഇതും നിയമനിര്‍മാണം നടത്തുമ്പോള്‍ പരിഗണിക്കേണ്ട വിഷയമാണ്. ഇത്തരം നിരവധി കാര്യങ്ങൾ നിയമത്തിന്റെ പരിധിയിൽനിന്ന് ചര്‍ച്ച ചെയ്യേണ്ടിവരും.

 

∙ നിയമനിര്‍മാണം

 

ഏറെക്കാലമായി ലഭ്യമായ സെക്‌സ് പാവകളുടെ ഉപയോഗത്തെക്കുറിച്ചും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഓസ്‌ട്രേലിയ അടക്കമുള്ള പല രാജ്യങ്ങളിലും കുട്ടികളുടെ രൂപത്തിലുള്ള സെക്‌സ് ഡോളുകളുടെ വില്‍പന നിരോധിച്ചിരിക്കുകയാണ്. എന്നാല്‍ പല രാജ്യങ്ങളിലും നിലവില്‍ റോബോട്ടുകളുമായുള്ള ലൈംഗിക ബന്ധം നിരോധിച്ചിട്ടില്ല. പക്ഷേ, സെക്‌സ് ഡോളുകളുടെ കാര്യത്തിലെന്ന പോലെ നിയന്ത്രണങ്ങള്‍ ഇതിലും കൊണ്ടുവന്നേക്കാം.

 

∙ വേണ്ടത് കൂടുതല്‍ പഠനം

 

റോബോട്ടുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ ഗുണദോഷങ്ങളെക്കുറിച്ചു പഠനം വേണമെന്ന ആവശ്യം ഇപ്പോള്‍ ഉയരുന്നുണ്ട്. എന്നാല്‍, ഇതത്ര എളുപ്പമല്ല. കാരണം ടെക്‌നോളജി ചെറിയ സമയപരിധിയിൽത്തന്നെ മാറിക്കൊണ്ടിരിക്കും. ഇതുവരെ നടത്തിയ പഠനങ്ങളിലൊന്നില്‍ മൂന്നു തരത്തിലുള്ള ആളുകള്‍ക്ക് സെക്‌സ്‌ബോട്ടുകള്‍ പ്രയോജനമായേക്കാമെന്ന് ഡോക്ടര്‍മാരും മറ്റും അഭിപ്രായപ്പെട്ടിട്ടുണ്ട്. സാമൂഹികമായ ആശങ്കയുള്ളവര്‍, പങ്കാളികള്‍ ഇല്ലാത്ത എന്നാല്‍ അവിഹിത ബന്ധം വേണ്ടെന്നുവയ്ക്കുന്ന ആളുകൾ, ശീഘ്രസ്ഖലനം പോലെയുള്ള പ്രശ്‌നങ്ങളുള്ളവര്‍ തുടങ്ങിയവരുടെ കാര്യത്തിലാണിത്. ചികിത്സാപരമായ കേസുകളില്‍ ഇത് ഉപകാരപ്രദമായേക്കാം. എന്നാൽ ആരോഗ്യകരമായ ബന്ധങ്ങളിൽ ഇവ വിള്ളല്‍ വീഴ്ത്താനുമിടയുണ്ട്. ഇത്തരം വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സെക്സ്റോബോട്ടുകളുടെ കാര്യത്തിൽ അതിവേഗം അഭിപ്രായ സമന്വയം ഉണ്ടാക്കണമെന്ന് ഗവേഷകരും നിയമനിര്‍മാതാക്കളും പറയുന്നത്.

 

സാങ്കേതികവിദ്യകളോടു മനുഷ്യര്‍ എങ്ങനെ ഇടപഴകും എന്നതിനെക്കുറിച്ചു നിലവിലുളള സങ്കല്‍പങ്ങള്‍ ഉടച്ചുവാര്‍ക്കാനൊരുങ്ങുകയാണ് ലൈംഗിക റോബോട്ടുകള്‍. മനുഷ്യരുമായി അക്ഷരാര്‍ഥത്തില്‍ അടുത്തിടപഴകിയായിരിക്കും അവ അത്തരമൊരു ഉടച്ചുവാർക്കൽ നിര്‍വഹിക്കുക എന്നാണ് മക്കാര്‍ത്തി പറയുന്നത്. അങ്ങനെയൊരു സാഹചര്യത്തിൽ സമൂഹം നേരിടാനിടയുള്ള ധാര്‍മികവും നിയമപരവുമായ വെല്ലുവിളികള്‍ക്കൊപ്പം, സ്ത്രീകളെ ഉപഭോഗ വസ്തുവെന്ന നിലയിൽ തരംതാഴ്ത്തുന്നതിനെതിരെയും അവർക്കെതിരെ

ലൈംഗികാക്രമണങ്ങള്‍ പെരുകാനുള്ള സാധ്യത മുന്നിൽക്കണ്ടും അതിവേഗം നിയമങ്ങളുണ്ടാക്കണമെന്നാണ് ആവശ്യമുയരുന്നത്.

 

English Summary: How Future Laws Should Deal With The Rise of The Sexbots

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com