തിയറ്റര്‍, ജിം, പൂള്‍... റോഡിലോടുന്ന വീടുമായി എല്‍ജി, ഒറ്റയടിക്ക് അട്ടിമറിക്കപ്പെട്ടത് വീട്, ഓഫിസ്, വാഹന സങ്കല്പങ്ങള്
Mail This Article
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി പറഞ്ഞു കേള്‍ക്കുന്ന ഒരു ആശയമാണ് ഓടുന്ന വീട് എന്നത്. വീടുകളും ഓഫിസുകളും ഒരു സ്ഥലത്ത് ഇരിക്കുന്നു എന്നും വാഹനങ്ങള്‍ യാത്രയ്ക്കു മാത്രം ഉപയോഗിക്കുന്നു എന്നുമുളള രണ്ടാശയങ്ങളാണ് ഇതുവഴി തകര്‍ത്തെറിയപ്പെടുക. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഡ്രൈവറുടെ കുപ്പായം ധരിക്കുമ്പോള്‍ ഇത്തരം വീടുവാഹനങ്ങളില്‍ താമസിക്കുന്നവര്‍ക്ക് സ്വന്തം ഗൃഹത്തിലെന്ന പോലെ എന്തും ചെയ്യാം. കുറഞ്ഞ പക്ഷം അതാണ് സങ്കല്‍പം എന്നെങ്കിലും പറയാം. എന്നാല്‍ പ്രായോഗിക തലത്തില്‍ ഇത് എങ്ങനെയിരിക്കുമെന്ന ചര്‍ച്ചയും നടക്കുന്നുണ്ട്. എന്തായാലും അത്തരത്തിലൊരു വാഹനത്തെക്കുറിച്ചുള്ള സ്വപ്നം പങ്കുവച്ചിരിക്കുകയാണ് കൊറിയന്‍ കമ്പനിയായ എല്‍ജി. എല്‍ജി വിഷന്‍ ഓംനിപോഡ് അഥവാ മറ്റൊരു വീട് എന്നാണ് എല്‍ജി ഇതിനെ വിളിക്കുന്നത്.
∙ ഓടിയെത്തുന്നത് എല്‍ജിയുടെ ഒംനിപോഡ്
എല്‍ജി വിഷന്‍ ഓംനിപോഡ് അടുത്തമാസം കാക്കോ മൊബിലിറ്റി നടത്താനിരിക്കുന്ന ടെക്‌നോളജി സമ്മേളനത്തില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ഇരു കമ്പനികളും അറിയിച്ചു. അതേസമയം, ഈ സങ്കല്‍പം ഇക്കഴിഞ്ഞ സിഇഎസില്‍ അവതരിപ്പിച്ചതുമാണ്. എല്‍ജി ഇലക്ട്രോണികസ് കമ്പനിയുടെ മേധാവി വില്യം ചോ ആണ് ഈ സങ്കല്‍പത്തെക്കുറിച്ച് ആദ്യം വിവരിച്ചത്. 'കൊറോണ വൈറസ് ബാധ ഒടുങ്ങുമ്പോള്‍ നമ്മള്‍ പഴയ ശീലങ്ങളിലേക്കും രീതികളിലേക്കും തിരിച്ചു പോകുകയാണോ ചെയ്യേണ്ടത്, അതോ പുതുമയുള്ള ഒരു ഭാവിയിലേക്കു കാലെടുത്തുവയ്ക്കുകയാണോ വേണ്ടത്', എന്ന് അദ്ദേഹം ചോദിക്കുന്നു. മെച്ചപ്പട്ട സൗകര്യങ്ങള്‍ക്കും സുരക്ഷയ്ക്കും വേണ്ടി അത്യാധുനിക സംവിധാനങ്ങൾ ഒരുക്കുന്നു. അതേസമയം, പരമ്പരാഗത സങ്കല്‍പങ്ങളായ കുടുംബം, സ്‌നേഹം തുടങ്ങിയവ നിലനിര്‍ത്താന്‍ ഉത്സാഹിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒംനിപോഡ് അടക്കം എല്‍ജി സിഇഎസില്‍ അവതരിപ്പിച്ച വിവിധ സാങ്കേതികവിദ്യകളെക്കുറിച്ച് കമ്പനി ഇറക്കിയ അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള വിഡിയോ ഇവിടെ കാണാം. (ഒംനിപോഡിനെക്കുറിച്ചുള്ള ഭാഗം ടൈംലൈനില്‍ ഏകദേശം 21 മിനിറ്റില്‍ തുടങ്ങുന്നു.) https://www.youtube.com/watch?v=ZKQ-u9vEPTs
തിയറ്റര്‍, ജിം, പൂള്‍ തുടങ്ങിയവ അടക്കമാണ് എല്‍ജിയുടെ റോഡിലോടുന്ന വീട്ടിലിലുണ്ടാകുക. കട്ടില്‍, കസേര തുടങ്ങിയ വീട്ടുപകരണങ്ങള്‍ മോഡ്യുലര്‍ ആയിരിക്കും. എന്നു പറഞ്ഞാല്‍ ഇവ പല രീതികളല്‍ ക്രമീകരിച്ച് വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കം. ഇതില്‍ എഐ കോണ്‍ഫിഗറേഷന്‍ സര്‍വീസും ഉണ്ടെന്നാണ് പറയുന്നത്. സ്വിച്ചിടാനും മറ്റും എണീറ്റു നടക്കുകയൊന്നും വേണ്ട. എല്ലാം വോയിസ് കമാന്‍ഡ് വഴി നിര്‍വഹിക്കാനായേക്കും. ഈ വീടു വാഹനത്തിനുള്ളിലെ സ്ഥലം വിവിധ ആവശ്യങ്ങള്‍ക്കായി ക്രമീകരിക്കാം. ഞൊടിയിടയില്‍ വീടോ, ഓഫിസോ ആക്കി മാറ്റാം. ഇതിലിരുന്നു തന്നെ മെറ്റാവേഴ്‌സ് വഴി സാധനങ്ങള്‍ വാങ്ങാം.
∙ അവതരണം അടുത്ത മാസമോ, അതോ വര്‍ഷങ്ങള്‍ കഴിഞ്ഞോ?
അതേസമയം, ഈ സങ്കല്‍പം യാഥാര്‍ഥ്യമാക്കാന്‍ 2030 വരെയെങ്കിലും കാത്തിരിക്കേണ്ടി വരും എന്നായിരുന്നു സിഇഎസിന്റെ സമയത്തുണ്ടായിരുന്ന അനുമാനം. കൊറിയ ഹെറാള്‍ഡിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത് അടുത്ത മാസം കാക്കോ മൊബിലിറ്റി നടത്താന്‍ ഇരിക്കുന്ന ടെക്‌നോളജി സമ്മേളനമായ, 'നെക്‌സ്റ്റ് മൊബിലിറ്റി: നീമോ 2022' ല്‍ തന്നെ പുതിയ വാഹനം ഓഫ്‌ലൈനായി അവതരിപ്പിക്കുമെന്നാണ്. സോള്‍ നഗരത്തിലെ കോയെക്‌സ് (COEX) കണ്‍വെന്‍ഷന്‍ സെന്ററില്‍ ഫെബ്രുവരി 10 നു നടക്കുന്ന സമ്മേളനത്തില്‍ ഇത് അവതരിപ്പിക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിഡജന്‍സ് ഉപയോഗിച്ച് കമ്പനി സൃഷ്ടിച്ച റിയ (Reah) എന്ന വെര്‍ച്വല്‍ ഇന്‍ഫ്‌ളുവന്‍സറുടെ സേവനവും വാഹനത്തിനുള്ളില്‍ ലഭിക്കും. ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ ടെസ്‌ല കമ്പനി ഇറക്കുന്ന വണ്ടികള്‍ക്കും അപ്പുറത്തേക്കു പോയി, സ്മാര്‍ട് വാഹനം എന്ന നൂതന സങ്കല്‍പത്തിന് തിലകക്കുറി ചാര്‍ത്തുകയായിരിക്കും എല്‍ജി ചെയ്യുക. എല്‍ജിയെ കൂടാതെ മറ്റ് കൊറിയന്‍ കമ്പനികളായ സാംസങ്, ജിഎസ് റീട്ടെയില്‍ തുടങ്ങിയവയും ഈ ഷോയില്‍ പങ്കെടുക്കും. അതേസമയം, ദി കൊറിയ ബിസ് വൈറിന്റെ (The Korea Bizwire) റിപ്പോര്‍ട്ടില്‍ പറയുന്നത് സങ്കല്‍പം മാത്രമായിരിക്കും ഷോയില്‍ പ്രദര്‍ശിപ്പിക്കുക എന്നാണ്. സങ്കല്‍പ വാഹനത്തിന്റെ ചിത്രങ്ങളും മറ്റും ഇവിടെ കാണാം. https://www.lg.com/global/ces2022/vision-omnipod
∙ റെഡ്മി നോട്ട് 11എസ് ഫെബ്രുവരി 8ന് അവതരിപ്പിക്കും
ഇന്ത്യയില്‍ ഏറ്റവും വില്‍പനയുളള സ്മാര്‍ട് ഫോണ്‍ മോഡലുകളിലൊന്നായ റെഡ്മി നോട്ട് ശ്രേണിയിലെ ഏറ്റവും പുതിയ മോഡലുകള്‍ ഫെബ്രുവരി 9ന് അവതരിപ്പിച്ചേക്കും. റെഡ്മി ഇന്ത്യയുടെ അടുത്ത മോഡല്‍ ഇതായിരിക്കും. റെഡ്മി നോട്ട് 11എസ് എന്ന മോഡലിന് 5ജി കണക്ടിവിറ്റി ഉണ്ടായിരിക്കില്ലെന്ന സൂചന ഇതിന്റെ ശോഭ കെടുത്തുന്നുവെന്നും വാദമുണ്ട്. എന്നാല്‍, 108 എംപി പ്രധാന ക്യാമറയടക്കം പല ഫീച്ചറുകളും ഉള്‍പ്പെടുത്തിയായിരിക്കും ഫോണ്‍ ഇറക്കുക. കൂടാതെ, വില ഏകദേശം 14,000 രൂപ ആയിരിക്കും എന്നതും പലരുടെയും ശ്രദ്ധ ആകര്‍ഷിച്ചേക്കും. അതേസമയം, 5ജി, ഫാസ്റ്റ് ചാര്‍ജിങ് തുടങ്ങിയ നൂതന ഫീച്ചറുകള്‍ വേണ്ടവര്‍ റെഡ്മി നോട്ട് 11 പ്രോ പ്ലസ് തുടങ്ങിയ മോഡലുകള്‍ക്കായി കാത്തിരിക്കണം എന്നു പറയുന്നു. പക്ഷേ, അവയ്ക്ക് കൂടുതൽ വില നൽകേണ്ടിവരും.
∙ ജിയോയുടെ 1 രൂപ റീച്ചാര്‍ജ് പ്ലാന്‍ നിർത്തലാക്കി
1 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്താല്‍ 100 എംബി ഡേറ്റ 30 ദിവസത്തേക്കു നല്‍കുമെന്നു പറഞ്ഞ് റിലയന്‍സ് ജിയോ അവതരിപ്പിച്ച പ്ലാന്‍ നിർത്തലാക്കി. എന്നാല്‍, ഇത് എഴുതിയപ്പോള്‍ വന്ന എന്തൊ തെറ്റായിരുന്നു എന്ന ധാരണ നല്‍കി, ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പ്ലാനിന്റെ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചിരുന്നു. തുടര്‍ന്ന് 10 എംബി ഡേറ്റ ഒരു ദിവസത്തെ വാലിഡിറ്റിയോടു കൂടി നല്‍കി. എന്നാൽ ഇപ്പോള്‍ അതും നിർത്തലാക്കി. മൈജിയോ ആപ്പുകളിലും വെബ്‌സൈറ്റുകളിലും ഈ പ്ലാൻ ഇപ്പോള്‍ കാണാനില്ല. ഒരുപക്ഷേ, പരീക്ഷണാര്‍ഥം തുടങ്ങിയ പ്ലാനായിരുന്നിരിക്കാം ഇതെന്നു പറയുന്നു. ചില ഉപയോക്താക്കള്‍ക്ക് ഇത് വലിയ അനുഗ്രഹമായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.
∙ ആപ്പിളിന് 5.65 ദശലക്ഷം ഡോളര്‍ പിഴയിട്ട് നെതര്‍ലൻഡ്സ്
നെതര്‍ലൻഡ്സില്‍ ഡേറ്റിങ് ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ആപ്പിളിന്റെ ആപ് സ്റ്റോര്‍ വഴിയല്ലാതെ സബ്‌സ്‌ക്രിപ്ഷനുള്ള പണമടയ്ക്കാൻ സൗകര്യമൊരുക്കണമെന്ന് ഐഫോണ്‍ നിര്‍മാതാവ് ആപ്പിളിനോട് ആവശ്യപ്പെട്ടിരുന്നു. നെതര്‍ലൻഡ്സിന്റെ ആന്റി ട്രസ്റ്റ് അധികാരികളുടെ ഉത്തരവ് ഇതുവരെ പാലിക്കാത്തതിനു കമ്പനിക്ക് 5.65 ദശലക്ഷം ഡോളര്‍ പിഴയിട്ടിരിക്കുകയാണ് എന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു.
∙ ഇ–കൊമേഴ്‌സ് വെബ്‌സൈറ്റിനെതിരെ എഫ്‌ഐആര്‍
ചൈനീസ് ഓണ്‍ലൈന്‍ വില്‍പനാ ശാലയായ ഷോപ്പിക്കെതിരെ (Shopee) കേസ്. രാജ്യത്തെ വിദേശ നിക്ഷേപ നിയമങ്ങള്‍ ലംഘിച്ചു എന്ന ആരോപണങ്ങള്‍ നേരിടുന്ന വെബ്‌സൈറ്റ് തന്നെ വഞ്ചിച്ചുവെന്ന് പറഞ്ഞ് ലക്‌നൗല്‍ നിന്നുള്ള ഒരു ഉപയോക്താവും രംഗത്തു വന്നിരുന്നു. ഈ കേസില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചു കഴിഞ്ഞു. ശശാങ്ക് ശേഖര്‍ സിങ് എന്നയാളുടെ പരാതിയിലാണ് കേസ്. തനിക്ക് വ്യാജ ഉൽപന്നമാണ് ഷോപ്പി എത്തിച്ചു തന്നത് എന്നാണ് ശശാങ്ക് ആരോപിക്കുന്നത്. ഷോപ്പി നിരോധിക്കണം എന്നാവശ്യപ്പെട്ട് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യാ ട്രേഡേഴ്‌സ് നേരത്തെ കേന്ദ്ര ധനകാര്യ വകുപ്പു മന്ത്രി നിര്‍മലാ സീതാരാമനെ സമീപിച്ചിരുന്നു.
English Summary: LG to showcase self driving vehicle next month