ADVERTISEMENT

അതിവേഗം വളരുന്ന ടെക്‌നോളജി മേഖല ഒരോ വര്‍ഷവും നൂതന ഉപകരണങ്ങളും ടെക്‌നോളജികളും പരിചയപ്പെടുത്തുന്നു. ഈ വര്‍ഷം മേയിലും ജൂണിലുമായി നടക്കുന്നത് മൂന്നു വമ്പന്‍ ടെക്‌നോളജി കമ്പനികളുടെ ഡവലപ്പര്‍ കോണ്‍ഫറന്‍സുകളാണ്. മേയില്‍ ഗൂഗിളിന്റെയും മൈക്രോസോഫ്റ്റിന്റെയും ജൂണില്‍ ആപ്പിളിന്റെയും സമ്മേളനങ്ങൾ നടക്കും. ഓരോ കമ്പനിയും തങ്ങളുടെ സോഫ്റ്റ്‌വെയറില്‍ വരുന്ന മാറ്റങ്ങളായിരിക്കും പ്രധാനമായും പരിചയപ്പെടുത്തുക. മൂന്നു കമ്പനികളും എന്തെല്ലാം കൊണ്ടുവരുമെന്ന കാര്യത്തില്‍ ടെക് പ്രേമികള്‍ക്ക് ആകാംക്ഷയുണ്ടെങ്കിലും അവയില്‍ പ്രധാനപ്പെട്ടത് ആപ്പിളിന്റെ റിയാലിറ്റിഒഎസ് ആണ്.

∙ ആപ്പിളിന്റെ റിയാലിറ്റി ഒഎസ്

ഐഫോണുകള്‍ക്കുള്ള ഐഒഎസ് 16 മുതല്‍ ആപ്പിളിന്റെ എല്ലാ ഉപകരണങ്ങള്‍ക്കുമുള്ള പുതുക്കിയ സോഫ്റ്റ്‌വെയറും ഫീച്ചറുകളും ആപ്പിള്‍ ഡബ്ല്യൂഡബ്ല്യൂഡിസി സമ്മേളനത്തിലായിരിക്കും പരിചയപ്പെടുത്തുക. ഐഒഎസില്‍ കാതലായ മാറ്റങ്ങള്‍ ഉണ്ടായേക്കാമെന്ന് ബ്ലൂംബര്‍ഗിന്റെ മാര്‍ക് ഗുര്‍മന്‍ പ്രവചിക്കുന്നു. എന്നാല്‍, ഇതുവരെ പരിചയപ്പെടുത്താത്ത പുതിയ ഒഎസ് ആയ റിയാലിറ്റിഒഎസ് (realityOS) കമ്പനി പുറത്തിറക്കുമോ എന്നതാണ് ടെക്‌ ലോകം ഉറ്റുനോക്കുന്നത്. ആപ്പിളിന്റെ പുതിയ വിആര്‍, എആര്‍, എംആര്‍ ഹെഡ്‌സെറ്റിനുള്ളതായിരിക്കും ഇത്. ഫോണുകളും മറ്റുമാണ് ഇക്കാലത്ത് കണ്‍സ്യൂമര്‍ ടെക്‌നോളജിയില്‍ പ്രമുഖം. എന്നാല്‍, ത്രിമാന ഇന്റര്‍നെറ്റ് എന്ന സ്വപ്‌നം യാഥാർഥ്യമാക്കാനുള്ള യത്‌നത്തില്‍ പങ്കാളിയാകാന്‍ ആപ്പിള്‍ ഈ വര്‍ഷം തന്നെ എത്തുമോ എന്നറിയാനാണ് ലോകം കാത്തിരിക്കുന്നത്. ഫെയ്‌സ്ബുക് തുടങ്ങിവച്ച മെറ്റാവേഴ്‌സ് പോലെയുള്ള സംരംഭങ്ങള്‍ പോലും, ഈ മേഖലയിലേക്ക് ആപ്പിളെത്തിയാല്‍ കരുത്താര്‍ജിച്ചേക്കാം.

∙ ഗൂഗിള്‍ ഐ/ഒ

ഗൂഗിളിന്റെ വാര്‍ഷിക ഡവലപ്പേഴ്‌സ് കോണ്‍ഫറന്‍സ് മേയ് 11, 12 തീയതികളിലാണ്. ആന്‍ഡ്രോയിഡ് 13 ഈ സമ്മേളനത്തില്‍ പരിചയപ്പെടുത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതുപോലെ, പിക്‌സല്‍ 6എ ഫോണും കമ്പനി അവതരിപ്പിച്ചേക്കാം.

∙ മൈക്രോസോഫ്റ്റ് കോണ്‍ഫറന്‍സ്

മൈക്രോസോഫ്റ്റ് ബില്‍ഡ് എന്നറിയപ്പെടുന്ന സമ്മേളനത്തിന്റെ തീയതിയും പ്രഖ്യാപിച്ചു - മേയ് 24 മുതൽ 26 വരെ. തങ്ങളുടെ വിന്‍ഡോസ് അടക്കമുള്ള സോഫ്റ്റ്‌വെയറുകളിൽ എന്തെല്ലാം പുതുമകളായിരിക്കും താമസിയാതെ കൊണ്ടുവരിക എന്നതടക്കം കമ്പനി വെളിപ്പെടുത്തുമെന്നു കരുതുന്നു.

∙ ക്ലബ്ഹൗസില്‍ 'വൈല്‍ഡ് കാര്‍ഡ്‌സ്' ഗെയിം റൂമുകളും

പ്രശസ്ത ഓഡിയോ ആപ്പുകളിലൊന്നായ ക്ലബ്ഹൗസില്‍ പുതിയ ഒരു ഫീച്ചര്‍ കൂടി എത്തിയിരിക്കുകയാണ്. വൈല്‍ഡ് കാര്‍ഡ്‌സ് എന്നു പേരിട്ടിരിക്കുന്ന ഫീച്ചര്‍ ഒരു ചോദ്യോത്തര കളിയാണ്. ഓണ്‍ലൈനില്‍ പ്രശസ്തമായ 'ട്രൂത് ഓര്‍ ഡെയര്‍' ഗെയിമിനു സമാനമാണ് ഇതിന്റെ രീതികളും. സംസാരിക്കാനാവശ്യമായ പല ആശയങ്ങളും അടക്കമാണ് ഇതിനുള്ള കാര്‍ഡുകള്‍ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. സങ്കീര്‍ണതകളൊന്നുമില്ലാത്ത ഗെയിമായിരിക്കും ഇതത്രേ. ഗെയിം റൂം തുറക്കുന്നവർക്ക്, ആരോട് ചോദ്യങ്ങള്‍ ചോദിക്കണം, അവര്‍ക്ക് ഉത്തരം നല്‍കാന്‍ എത്ര സമയം നല്‍കണം, തുടങ്ങി പല കാര്യങ്ങളും തീരുമാനിക്കാം.

ഇതു തുടങ്ങാൻ എളുപ്പമാണ്. ഇതിനായി ആന്‍ഡ്രോയിഡിലെയും ഐഒഎസിലെയും ക്ലബ്ഹൗസ് ആപ്പില്‍ +റൂം (+Room) ക്ലിക്കു ചെയ്യുക. അപ്പോള്‍ ഒരു റൂമിലെത്തുന്നു. ഇവിടേക്ക് നിങ്ങള്‍ക്ക് കൂട്ടുകാരെ ക്ഷണിക്കാം. അവരെത്തുമ്പോൾ സ്റ്റാര്‍ട്ട് ഗെയിം എന്ന കമാന്‍ഡ് നല്‍കാം. മറ്റു സങ്കീര്‍ണതകളൊന്നും ഇല്ലെന്ന് ക്ലബ്ഹൗസ് പറയുന്നു. നിലവില്‍ ഇംഗ്ലിഷ് ഭാഷയില്‍ മാത്രമാണ് ഇതുളളത്.

clubhouse-app

∙ ഐഫോണ്‍ നിര്‍മിച്ചുകൊടുക്കുന്ന കമ്പനി പ്രവര്‍ത്തനം നിർത്തി

ആപ്പിള്‍ കമ്പനിക്ക് കരാർ അടിസ്ഥാനത്തില്‍ ഐഫോണ്‍ അടക്കമുള്ള ഉപകരണങ്ങള്‍ നിര്‍മിച്ചു നല്‍കുന്ന പ്രധാന കമ്പനികളിലൊന്നായ പെഗാട്രൊണ്‍ അവരുടെ ഷാങ്ഹായിലെയും കുന്‍ഷനിലെയും പ്ലാന്റുകളുടെ പ്രവര്‍ത്തനം തത്കാലത്തേക്കു നിർത്തി. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ചൈനീസ് സർക്കാർ ഏര്‍പ്പെടുത്തിയ പുതിയ നിയന്ത്രണങ്ങള്‍ മൂലമാണ് പ്രവര്‍ത്തനം നിർത്തിയിരിക്കുന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു. അധികാരികള്‍ പറയുന്ന മുറയ്ക്ക് വീണ്ടും പ്ലാന്റുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് പെഗാട്രോണ്‍ പറഞ്ഞു. ചൈനയില്‍ മാത്രമായി ഐഫോണ്‍ നിര്‍മാണം തുടരേണ്ടന്ന ആപ്പിളിന്റെ ചിന്ത ശരിവയ്ക്കുന്നതാണ് പുതിയ സംഭവവികാസങ്ങൾ.

∙ ആപ്പിള്‍ ഗെയിം കൺട്രോളര്‍ പുറത്തിറക്കിയേക്കും

ഐഫോണ്‍, ഐപാഡ് തുടങ്ങിയ ഉപകരണങ്ങളുടെ രണ്ടുവശങ്ങളില്‍ പിടിപ്പിക്കാവുന്ന തരത്തിലുള്ള ഗെയിം കൺട്രോളറുകള്‍ ആപ്പിള്‍ പുറത്തിറക്കിയേക്കും. യുഎസ് പേറ്റന്റ് ആന്‍ഡ് ട്രേഡ്മാര്‍ക്ക് ഓഫിസിലും യൂറോപ്യന്‍ പേറ്റന്റ് ഓഫിസുകളിലും ആപ്പിള്‍ സമര്‍പ്പിച്ചിരിക്കുന്ന അപേക്ഷകള്‍ കണ്ടതിനാല്‍ പേറ്റന്റ്‌ലി ആപ്പിള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് പുതിയ വിവരങ്ങള്‍ ഉള്ളത്. ഐഫോണിനു മാത്രമായും ഒരു കൺട്രോളര്‍ ഉണ്ടാക്കിയേക്കാമെന്നും പറയുന്നു. ഈ ഉപകരണങ്ങളില്‍ ഗെയിം കളിക്കുന്നവര്‍ക്ക് അവ നിയന്ത്രിക്കാന്‍ സാധിക്കുന്ന തരത്തിലുള്ളവയായിരിക്കും കൺട്രോളറുകള്‍.

∙ സൂമില്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പുതിയ ടൂളുകള്‍

ക്രോംബുക്കുകള്‍ ഉപയോഗിക്കുന്ന കുട്ടികള്‍ക്കും വെര്‍ച്വല്‍ ബാക്ഗ്രൗണ്ടുകള്‍ നല്‍കുന്നതടക്കം ഒരു പറ്റം പുതിയ ഫീച്ചറുകള്‍ സൂം വിഡിയോ കോണ്‍ഫറന്‍സ് ആപ്പിലെത്തിയിരിക്കുകയാണ്. ബ്രെയ്ക്ഔട്ട് റൂംസ്, എനിവെയര്‍ പോള്‍സ് തുടങ്ങിയവയ്ക്കു പുതുമകളും ചേര്‍ത്തിട്ടുണ്ട്. ക്രോംബുക്കുകള്‍ ഉപയോഗിച്ചിരുന്ന കുട്ടികളോട് ക്യാമറ ഓണ്‍ചെയ്യാന്‍ പറയുമ്പോള്‍ ചിലര്‍ വിസമ്മതിച്ചിരുന്നു എന്ന പരാതി ഗൗരവത്തിലെടുത്താണ് ആ പ്ലാറ്റ്‌ഫോമിലും ബാക്ഗ്രൗണ്ട് മാറ്റാനുള്ള ഫീച്ചര്‍ കൊണ്ടുവന്നിരിക്കുന്നത്.

∙ ഫ്‌ളിപ്കാര്‍ട്ട് ബിഗ് സേവിങ്‌സ് ഡെയ്‌സ് വില്‍പന 14ന് അവസാനിക്കും

ഫ്‌ളിപ്കാര്‍ട്ടിന്റെ ബിഗ് സേവിങ്‌സ് ഡെയ്‌സ് സെയില്‍ ഏപ്രില്‍ 12-14 വരെയാണ് നടക്കുന്നത്. ചില ബ്രാന്‍ഡ് സ്മാര്‍ട് ഫോണുകള്‍ അടക്കമുള്ള ഉപകരണങ്ങള്‍ക്ക് കിഴിവുകള്‍ പ്രഖ്യാപിച്ചു. ഐസിഐസിഐ ബാങ്ക് കാര്‍ഡ് ഉപയോഗിച്ചു നടത്തുന്ന വാങ്ങലുകള്‍ക്ക് 10 ശതമാനം അധിക കിഴിവ് ചില പ്രോഡക്ടുകള്‍ക്ക് ലഭിക്കുന്നു.

∙ റിയല്‍മി 9 പ്രോപ്ലസ് ഫ്രീ ഫയര്‍ എഡിഷന്‍ അവതരിപ്പിച്ചു

റിയല്‍മി 9 പ്രോപ്ലസ് ( 9 Pro+) ഫ്രീ ഫയര്‍ എഡിഷന്‍ തായ്‌ലൻഡില്‍ അവതരിപ്പിച്ചു. മീഡിയടെക് 920 ആണ് പ്രോസസര്‍. ഫോണിന് 8ജിബി റാമും 128 ജിബി സ്റ്റോറേജ് ശേഷിയുമാണ് ഉള്ളത്. സ്‌ക്രീനിന് 6.4-ഇഞ്ച് വലുപ്പമുണ്ട്. പിന്നില്‍ ട്രിപ്പിള്‍ ക്യാമറാ സിസ്റ്റമാണ് നല്‍കിയിരിക്കുന്നത്. പ്രധാന ക്യാമറയ്ക്ക് 50 എംപി റെസലൂഷനാണ് ഉള്ളത്. അതേസമയം, ഫോണില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ഫ്രീ ഫയര്‍ ഗെയിം ഇന്ത്യയില്‍ നിരോധിച്ചിരിക്കുന്നതിനാല്‍ ഫോണ്‍ ഇന്ത്യയില്‍ വില്‍പനയ്ക്ക് എത്തില്ലെന്നും വാദമുണ്ട്.

∙ ഇന്ത്യയിലെ ക്രിപ്‌റ്റോകറന്‍സി വ്യാപാരം കുത്തനെ ഇടിഞ്ഞു

ഏപ്രിലിൽ ഇന്ത്യയിലെ ക്രിപ്‌റ്റോകറന്‍സി വ്യാപാരം കുത്തനെ ഇടിഞ്ഞുവെന്ന് കണക്കുകള്‍ കാണിക്കുന്നു. കോയിന്‍ഗെക്കോ, വാസിര്‍എക്‌സ് തുടങ്ങിയ വിപണനശാലകളില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം ഏപ്രില്‍ 1ന് 190 ദശലക്ഷം ഡോളറിനുളള വ്യാപാരം നടന്നുവെന്ന് കാണാം. എന്നാല്‍, ഏപ്രില്‍ 11ന് ഇത് 25 ദശലക്ഷം ഡോളറായി കുറഞ്ഞു. 87 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്. രാജ്യത്തെ മറ്റു ചില ക്രിപ്‌റ്റോ ഇടപാടുകേന്ദ്രങ്ങളില്‍ 95 ശതമാനം വരെ ഇടിവു രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യ പുതിയതായി കൊണ്ടുവന്ന ക്രിപ്‌റ്റോ നികുതി ആയിരിക്കാം ഇടിവിന് ഒരു കാരണമെന്നു പറയുന്നു.

English Summary: At WWDC, Apple could give a peek at rOS, its operating system for its VR headset

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com