അശ്ലീല ചിത്രങ്ങള്‍ കാണിക്കാതിരിക്കാൻ പുതിയ ടെക്നോളജി, കുട്ടികള്‍ക്ക് സുരക്ഷയൊരുക്കി ആപ്പിൾ
Mail This Article
ആപ്പിളിന്റെ ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മുന്നിലെത്തുന്ന അശ്ലീല ചിത്രങ്ങള്‍ കാണിക്കാതിരിക്കാനുള്ള ഫീച്ചര്‍ കമ്പനി ആഗോള തലത്തില്‍ ലഭ്യമാക്കുന്നു. ആപ്പിള്‍ മെസേജസിലെ ഒരു ഫീച്ചറാണിത്. കുട്ടികളുടെ ഉപകരണങ്ങളില്‍ എത്തുന്ന അശ്ലീല ചിത്രങ്ങള്‍ ഓട്ടമാറ്റിക്കായി നീക്കുകയാണ് ചെയ്യുന്നത്. അമേരിക്കയില്‍ ഉള്ളവര്‍ക്ക് ഇത് ഐഒഎസ് 15.2, ഐപാഡ്ഒഎസ് 15.2, മാക്ഒഎസ് 12.1 എന്നിവയില്‍ തന്നെ ലഭ്യമായിരുന്നു. അടുത്ത ഘട്ടത്തില്‍ ബ്രിട്ടൻ, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് എന്നിവടങ്ങളില്‍ ഉള്ളവര്‍ക്കായിരിക്കും ലഭിക്കുക. താമസിയാതെ ആഗോള തലത്തിലുള്ള ഉപയോക്താക്കള്‍ക്കും ലഭിക്കുന്ന ഈ ഫീച്ചര്‍ ആപ്പിളിന്റെ മെസേജസ് ആപ്പില്‍ വരുന്ന ചിത്രങ്ങളുടെ കാര്യത്തില്‍ മാത്രമാണ് പ്രവര്‍ത്തിക്കുക.
∙ എങ്ങനെ പ്രയോജനപ്പെടുത്താം ?
ഉപകരണങ്ങള്‍ ഐഒഎസ് 15.2, ഐപാഡ്ഒഎസ് 15.2, മാക്ഒഎസ് മോണ്ടറേയ് 12.1 എന്നിവയില്‍ എങ്കിലുമാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഉറപ്പുവരുത്തുകയാണ് ആദ്യം വേണ്ടത്. കൂടാതെ, കുട്ടികൾക്കു നല്‍കുന്ന ഉപകരണത്തില്‍ കുട്ടിയുടെ ആപ്പിള്‍ ഐഡി ഉപയോഗിച്ച് ചൈല്‍ഡ് അക്കൗണ്ട് ആണെന്നു ആപ്പിളിനെ അറിയിച്ച് സൈന്‍-ഇന്‍ ചെയ്യുകയും വേണം. ഫാമിലി ഷെയറിങ് ആക്ടിവേറ്റ് ചെയ്തിരിക്കണം. ഈ ഫീച്ചര്‍ ഓരോ ഉപകരണത്തിലും ഓഫായാണ് ലഭിക്കുന്നത്. വേണ്ടവര്‍ സ്വയം ഓണ്‍ ചെയ്യണം. അശ്ലീല ചിത്രങ്ങള്‍ കണ്ടാല്‍ കുട്ടിക്ക് പല വഴികള്‍ സ്വീകരിക്കാം. തനിക്ക് അശ്ലീല ചിത്രം എത്തിച്ചിരിക്കുന്ന മെസേജില്‍ നിന്ന് പുറത്തുവരാം, അത് അയച്ച ആളിനെ ബ്ലോക്കു ചെയ്യാം തുടങ്ങിയവ അടക്കമുള്ള സുരക്ഷാ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
∙ അത്ര ഫലപ്രദമാകണമെന്നില്ല
അതേസമയം, കുട്ടി ചിത്രം കാണാനോ അയയ്ക്കാനോ ആണ് തീരുമാനിക്കുന്നതെങ്കില്‍ ആപ്പിളിന്റെ മെസേജസ് ആപ് കുട്ടിയുടെ ഉദ്ദേശം ആവര്‍ത്തിച്ച് ചോദിച്ച് ഉറപ്പുവരുത്തുകയും ചെയ്യും. കൂടുതല്‍ സഹായം ലഭ്യമാണെന്നും പറയും. വോയിസ് അസിസ്റ്റന്റ് ആയ സിറി, സ്‌പോട്ട്‌ലൈറ്റ്സേര്‍ച്ച്, സഫാരി സേര്‍ച്ച് തുടങ്ങിയവയിലും കുട്ടികള്‍ക്കായി അധിക സംരക്ഷണം ഏര്‍പ്പെടുത്തിയിരിക്കുന്നു. കുട്ടികള്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളിലുള്ള മെഷീന്‍ ലേണിങ് സംവിധാനം ഉപയോഗിച്ചാണ് ചിത്രങ്ങളെ വിശകലനം ചെയ്യുക. അതേസമയം, തങ്ങള്‍ ഫോട്ടോസ് ആപ്പിലേക്കൊന്നും നോക്കിയിരിക്കുന്നില്ലെന്ന് കമ്പനി പറയുന്നുണ്ടെങ്കിലും ഈ ഫീച്ചറിനെതിരെ പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു. നിലവിലെ സാഹചര്യത്തില്‍ ഇത് കുട്ടികള്‍ക്ക് എത്ര പ്രയോജനപ്രദമാണെന്ന് അറിയില്ല താനും. കാരണം ആപ്പിള്‍ മെസേജസില്‍ വരുന്ന ചിത്രങ്ങള്‍ മാത്രമാണ് പുതിയ സംവിധാനം വഴി നിരീക്ഷിക്കുക. ഐമെസേജിന് പ്രാധാന്യമേറിയ അമേരിക്ക പോലെയുള്ള സ്ഥലങ്ങളില്‍ ഇത് കുറച്ചുകൂടി ഫലപ്രദമായേക്കാം.
∙ ആപ്പിള്‍ വാച്ച് സീരീസ് 6ന്റെ ഡിസ്‌പ്ലേ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ മാറ്റി നല്‍കും
ചില ആപ്പിള്‍ ഉപയോക്താക്കളുടെ വാച്ച് 6 ന്റെ ഡിസ്‌പ്ലേ പരിപൂര്‍ണമായി പ്രവര്‍ത്തിക്കാതെയായി എന്നു റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാൽ ഈ പ്രശ്നം നേരിടുന്നവര്‍ക്ക് ഫ്രീയായി ഡിസ്‌പ്ലേ മാറ്റി നല്‍കുമെന്ന് ആപ്പിള്‍ അറിയിച്ചുവെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു. ഇത് 40 എംഎം സീരീസ് 6 വാച്ചിന് മാത്രമാണ് ബാധകം. അതേസമയം, ആപ്പിള്‍ വാച്ച് സീരീസ് 6 2021 ഏപ്രിലിന് മുൻപ് വാങ്ങിയ ഉപയോക്താക്കളെ ഇതിനായി പരിഗണിച്ചേക്കുകയുമില്ല.
∙ ഗൂഗിള്‍ പിക്‌സല്‍ വാച്ച് ട്രേഡ്മാര്‍ക്ക് റജിസ്റ്റര്‍ ചെയ്‌തെന്ന് റിപ്പോര്‍ട്ട്
ഗൂഗിളിന്റെ ആദ്യ സ്മാര്‍ട് വാച്ച് പുറത്തിറക്കാന്‍ ഒരുങ്ങുകയാണെന്ന് മാസങ്ങളായി കേട്ടുവരികയായിരുന്നു. ഇപ്പോള്‍ 9ടു5ഗൂഗിള്‍ കണ്ടെത്തിയ പേറ്റന്റ് രേഖകള്‍ പരിശോധിച്ചതില്‍ നിന്നു മനസ്സിലാകുന്നത് കമ്പനി ഇപ്പോള്‍ 'പിക്‌സല്‍ വാച്ച്' എന്ന വാണിജ്യ മുദ്ര സ്വന്തമാക്കാനായി അപേക്ഷ നല്‍കി എന്നാണ്. ഗൂഗിള്‍ ഈ വാച്ച് നിര്‍മിച്ചുക്കുന്നത് രോഹന്‍ എന്ന കോഡ് നാമം ഉപയോഗിച്ചാണെന്നും പറയുന്നു. എന്തായാലും 'പിക്‌സല്‍ രോഹന്റെ' അവതരണ തിയതി അടുത്തു എന്നും പറയപ്പെടുന്നു. ഗൂഗിള്‍ അസിസ്റ്റന്റ് ഉള്‍ക്കൊള്ളിച്ചാണ് വാച്ച് നിര്‍മിക്കുന്നതെന്നും സാംസങ്ങിന്റെ എക്‌സിനോസ് പ്രോസസറാണ് ഇതിനായി ഉപയോഗിക്കുന്നതെന്നും സൂചനകള്‍ ഉണ്ട്.
∙ ട്വിറ്റര്‍ ഇനി കാലാവസ്ഥാ വ്യതിയാനം പ്രശ്‌നമല്ലെന്നു പറയുന്ന പരസ്യങ്ങള്‍ സ്വീകരിക്കില്ല
അടുത്തിടെ ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് (ഐപിസിസി) പുറത്തിറക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തങ്ങള്‍ ഇനി കാലാവസ്ഥാ വ്യതിയാനം ഇല്ലെന്നു പറഞ്ഞ് നല്‍കുന്ന പരസ്യങ്ങള്‍ സ്വീകരിക്കില്ലെന്നു വ്യക്തമാക്കിയിരിക്കുകയാണ് പ്രമുഖ സമൂഹ മാധ്യമമായ ട്വിറ്റര്‍. വൈരുധ്യം നിറഞ്ഞ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കില്ലെന്നാണ് ട്വിറ്റര്‍ പറഞ്ഞിരിക്കുന്നത്. വൈരുധ്യം നിറഞ്ഞ എന്നു പറഞ്ഞാല്‍ ശാസ്ത്രലോകം എത്തിച്ചേര്‍ന്നിരിക്കുന്ന കണ്ടെത്തലുകള്‍ക്ക് വിരുദ്ധമായ പ്രചരണങ്ങള്‍ എന്നാണ് ട്വിറ്റര്‍ നല്‍കുന്ന വിശദീകരണം. കാലാവസ്ഥാ വ്യതിയാനം ഇല്ലാ എന്നുള്ള പ്രചരണങ്ങള്‍ നടത്തി പണമുണ്ടാക്കുന്നവര്‍ ഇതിനായി തങ്ങളുടെ പ്ലാറ്റ്‌ഫോം ദുരുപയോഗം ചെയ്യേണ്ടെന്നാണ് ട്വിറ്റര്‍ പറയുന്നത്. അത്തരം പ്രചാരണങ്ങള്‍ ദുരുദ്ദേശത്തോടെ ഉള്ളവയാണെന്നും കമ്പനി പറയുന്നു.
∙ ആമസോണില്‍ പുസ്തകങ്ങള്‍ക്ക് വിലക്കുറവ്
ലോക പുസ്തകദിനം പ്രമാണിച്ച് ഏപ്രില്‍ 23-25 തിയതികളില്‍ പുസ്തകങ്ങള്‍ക്ക് വിലക്കുറവ് നല്‍കുന്നതായി ആമസോണ്‍ അറിയിച്ചു. ഇബുക്കുകള്‍ക്കും ഇബുക്ക് റീഡറുകള്‍ക്കും വിലക്കുറവ് ഉണ്ടായിരിക്കും. കൂടാതെ, ലോക പുസ്തക ദിനത്തോട് അനുബന്ധിച്ച് 10 ഇബുക്കുകള്‍ ഫ്രീയായും കമ്പനി നല്‍കുന്നുണ്ട്. പുസ്തകങ്ങള്‍ക്ക് 40 ശതമാനം വരെ വിലക്കുറവാണ് ലഭിക്കുന്നതെങ്കില്‍ ഈ ബുക്കുകള്‍ക്ക് 70 ശതമാനം വരെ കിഴിവു ലഭിക്കും. പ്രൈം മെംബര്‍ മാര്‍ക്ക് കിന്‍ഡിൽ അണ്‍ലിമിറ്റഡ് പാക്കേജ് മൂന്നു മാസത്തേക്ക് 99 രൂപയ്ക്കും നല്‍കുന്നു.
∙ സിഎന്‍എന്‍ പ്ലസ് 'ദേ വന്നു, ദാ പോയി'
സിഎന്‍എന്‍ പ്ലസ് എന്ന സ്ട്രീമിങ് സേവനം മൂന്നാഴ്ച മുൻപാണ് അവതരിപ്പിച്ചത്. എന്തായാലും, അത് ഏപ്രില്‍ 30ന് തന്നെ പൂട്ടിക്കെട്ടുമെന്നും കമ്പനി അറിയിച്ചതായി എന്‍ഗ്യാജറ്റ് റിപ്പോര്‍ട്ടു ചെയ്യുന്നു. ഏറെ പ്രാധാന്യത്തോടെ അവതരിപ്പിച്ച ഈ പദ്ധതി പ്രതിദിനം 10,000 പേര്‍ മാത്രമാണ് ഉപയോഗിക്കുന്നത് എന്നു കണ്ടെത്തിയതിനാലാണ് പൂട്ടുന്നത്. ഏകദേശം 100 ദശലക്ഷം ഡോളര്‍ നിക്ഷേപിച്ചു തുടങ്ങിയ ഈ സ്ട്രീമിങ് സേവനം കേവലം 32 ദിവസത്തിനുള്ളില്‍ പൂട്ടുകയാണ്. ഇതിനായി എടുത്ത ജോലിക്കാര്‍ക്ക് 90 ദിവസത്തെ ശമ്പളം നല്‍കും. കൂടാതെ, വാര്‍ണര്‍ ബ്രദേഴ്‌സിന്റെയും ഡിസ്‌കവറിയുടെയും സാമ്രാജ്യത്തില്‍ എവിടെയെങ്കിലും ഒഴിവുണ്ടെങ്കില്‍ പുനരധിവസിപ്പിക്കുകയും ചെയ്യും. വാര്‍ത്തയ്ക്കു മാത്രമായി നെറ്റ്ഫ്‌ളിക്‌സ് വാങ്ങുന്ന തരത്തിലുള്ള സബ്‌സ്‌ക്രിപ്ഷന്‍ ഫീ ഇട്ടതാണ് സിഎന്‍എന്‍ പ്ലസിന് വിനയായതെന്നും വിലയിരുത്തപ്പെടുന്നു.
English Summary: Apple’s nudity-blurring Messages feature gets international release