ADVERTISEMENT

ടെക്‌നോളജിയുടെ ചരിത്രത്തിലെയും ആപ്പിള്‍ കമ്പനിയുടെ ചരിത്രത്തിലെയും അതിന്റെ മുൻ മേധാവി സ്റ്റീവ് ജോബ്‌സിന്റെ തൊഴില്‍ ജീവിതത്തിലെയും നിര്‍ണായക ഉപകരണങ്ങളിലൊന്നായ ഐപോഡ് ഇനി നിര്‍മിക്കില്ലെന്ന് ആപ്പിള്‍. ആ നിരയിലെ അവസാനത്തേതായിരുന്ന ഐപോഡ് ടച്ച് ഇനി നിര്‍മിക്കില്ലെന്ന് കമ്പനി പ്രഖ്യാപിച്ചെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടു ചെയ്യുന്നു. ഇപ്പോഴുള്ള സ്‌റ്റോക്ക് തീരുന്നതു വരെ വില്‍പന തുടരും. ആഗോള സംഗീത വ്യവസായത്തിനും ആപ്പിളിനു തന്നെയും വന്‍ കുതിപ്പു നല്‍കി, ടെക്‌നോളജി മേഖലയിലെ നാഴികക്കല്ലുകളില്‍ ഒന്നായാണ് ഐപോഡ് വിലയിരുത്തപ്പെടുന്നത്. ഈ പ്രോഡക്ട് ഇനി ആവശ്യമില്ലെന്നും ആപ്പിള്‍ ഉപഭോക്താക്കൾക്കു സംഗീതം കേള്‍ക്കാന്‍ നിരവധി മാര്‍ഗങ്ങളുണ്ടെന്നുമാണ് കമ്പനി പറഞ്ഞിരിക്കുന്നത്.

∙ ആപ്പിൾ ഐപോഡിന്റെ പ്രസക്തി

ഇന്ന് മൂന്നു ട്രില്യന്‍ ഡോളര്‍ ആസ്തിയിലേക്കു കുതിക്കുന്ന, ലോകത്തെ ഏറ്റവും വലിയ കമ്പനിയാണ് ആപ്പിള്‍. എന്നാല്‍, 1990 കളുടെ അവസാനത്തില്‍ പാപ്പരാകുന്നതിന്റെ വക്കിൽനിന്ന് ആപ്പിളിനെ രക്ഷിച്ചെടുത്ത ഉപകരണമാണ് ഐപോഡ്. ആദ്യ ഐപോഡ് വില്‍പനയ്‌ക്കെത്തുന്നത് 2001 ല്‍ ആണ്. ലോകം സംഗീതം കേള്‍ക്കാന്‍ കാസറ്റുകളെ ആശ്രയിച്ചിരുന്ന സമയത്താണ് കുഞ്ഞ് ഐപോഡ് ശ്രദ്ധിക്കപ്പെട്ടത്. ഇതിന്റെ ടച്ച് സ്‌ക്രീന്‍ മോഡല്‍ അവതരിപ്പിക്കുന്നത് 2007 ല്‍ ആണ്. ആദ്യം മുതല്‍ ഐപോഡുകളുടെ ഡസന്‍ കണക്കിനു മോഡലുകള്‍ ആപ്പിള്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍, മിക്ക ആപ്പിൾ ഉപകരണങ്ങളിലും അവയുടെ മുഴുവന്‍ ഗുണവും ലഭ്യമായതോടെയാണ് കമ്പനി അതിന്റെ നിര്‍മാണം നിർത്തുന്നത്.

∙ അവതരിപ്പിച്ചത് ജോബ്‌സ്

ചില കാര്യങ്ങളിൽ പിടിവാശിക്കാരനായിരുന്ന സ്റ്റീവ് ജോബ്‌സായിരുന്നു ആപ്പിള്‍ കമ്പനിയുടെ മുഖം. ഒരിക്കൽ അദ്ദേഹത്തെ, താന്‍ സ്ഥാപിച്ച ആപ്പിള്‍ കമ്പനിയില്‍നിന്നു പുറത്താക്കുകയും ചെയ്തിരുന്നു. പിന്നീട് അദ്ദേഹം തിരിച്ചെത്തുന്നത് കമ്പനി ഏകദേശം പാപ്പരായി നില്‍ക്കുന്ന സമയത്താണ്. ജോബ്സ് അവതരിപ്പിച്ച ഐപോഡാണ് ആപ്പിളിനെ പുനരുജ്ജീവിപ്പിക്കാനും ഇന്നത്തെ നിലയിലേക്കുള്ള പാതയിലാക്കാനും നിര്‍ണായക പങ്കുവഹിച്ചതെന്നാണ് വിലയിരുത്തല്‍. കംപ്യൂട്ടര്‍ നിര്‍മാണ കമ്പനിയായിരുന്ന ആപ്പിളിനെ ഐഫോണിന്റെയും ഐപാഡിന്റെയും എയര്‍പോഡ്‌സിന്റെയും നിര്‍മാണ പാതയിലേക്ക് വഴി തിരിച്ചുവിട്ടത് ഐപോഡ് ആണെന്നും വിശകലന വിദഗ്ധര്‍ പറയുന്നു.

∙ ഇപ്പോഴത്തെ സാഹചര്യം

വിവിധ വകഭേദങ്ങള്‍ ഇറങ്ങിയ ഐപോഡിന്റെ ടച്ച് മോഡല്‍ മാത്രമാണ് ഇപ്പോള്‍ ആപ്പിള്‍ വില്‍ക്കുന്നത്. അത് പഴയ ഡിസൈനുള്ള ഐഫോണിനെ ഓര്‍മപ്പെടുത്തുന്നു. ഐപോഡ് ക്ലാസിക്കിന്റെ നിര്‍മാണം ആപ്പിള്‍ നിർത്തുന്നത് 2014ല്‍ ആണ്. ഇതിന് ഒരു ക്ലിക് വീലും ചെറിയ സ്‌ക്രീനും ഉണ്ടായിരുന്നു. ഏറ്റവും ആദ്യ ഐപോഡിനെ അനുസ്മരിപ്പിക്കുന്ന വേര്‍ഷന്‍ ആയിരുന്നു ഇത്. തുടര്‍ന്ന് ലോകത്തെ ഏറ്റവും ചെറിയ മ്യൂസിക് പ്ലെയറുകളുടെ വിഭാഗത്തില്‍ പെടുത്തിയിരുന്ന ഐപോഡ് നാനോയും ഐപോഡ് ഷഫിൾ മോഡലും നിർത്തി. ഐപോഡ് ടച്ച് ഇപ്പോഴും ചില ഉപഭോക്താക്കള്‍ക്കു പ്രിയപ്പെട്ടതാണ്. ഇതിന്റെ വില 199 ഡോളറാണ്.

∙ യുഗാന്ത്യം

ടച്ച് മോഡലിന്റെ അവസാന വേരിയന്റ് പുറത്തിറക്കിയത് 2019 ല്‍ ആണ്. ആപ്പിള്‍ വില്‍ക്കുന്ന ഇത്തരത്തിലുള്ള ടച്ച് ഉപകരണങ്ങളില്‍ ഏറ്റവും വിലക്കുറവ് ഇതിനാണ്. ഇപ്പോള്‍ വില്‍ക്കുന്ന ഐഫോണ്‍ എസ്ഇക്കു പോലും 429 ഡോളറാണ് വിലയിട്ടിരിക്കുന്നത്. എന്നാല്‍ ഐഫോൺ, ആപ്പിള്‍ വാച്ച്, ഹോംപോഡ് മിനി, മാക്ക് ശ്രേണി, ഐപാഡ്, ആപ്പിള്‍ ടിവി അടക്കമുള്ള ഉപകരണങ്ങളിലേക്ക് തങ്ങള്‍ സംഗീത അനുഭവം സന്നിവേശിപ്പിച്ചുകഴിഞ്ഞു എന്നാണ് ആപ്പിളിന്റെ മാര്‍ക്കറ്റിങ് സീനിയര്‍ വൈസ് പ്രസിഡന്റ് ഗ്രെഗ് ജോസ്‌വിയാക്ക് പറഞ്ഞത്. അതിനാല്‍ ഇനി ഐപോഡിന് പ്രസകതിയില്ല. ടെക്‌നോളജി മേഖലയിലെ ഒരു യുഗാന്ത്യമാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്.

ipod-touch-2019

∙ ട്വിറ്ററിലേക്ക് ഡോണള്‍ഡ് ട്രംപിനെ കൊണ്ടുവരുമെന്ന് മസ്‌ക്

മുന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ട്വിറ്ററിലേക്ക് തിരിച്ചു കൊണ്ടുവരുമെന്ന് ടെസ്‌ല മേധാവി ഇലോണ്‍ മസ്‌ക് പറഞ്ഞുവെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു. മസ്‌ക് ട്വിറ്റര്‍ വാങ്ങാനുള്ള ശ്രമത്തിലാണ്. ട്രംപിനെ നിരോധിച്ചത് ധാര്‍മികമായി തെറ്റും അവിവേകവുമാണ് എന്നാണ് മസ്‌ക് പറഞ്ഞത്. ട്രംപിന്റെ അക്കൗണ്ട് പരിപൂര്‍ണമായി ട്വിറ്റര്‍ മരവിപ്പിച്ചത് 2021 ജനുവരി 6നായിരുന്നു.

അക്കൗണ്ട് തിരിച്ചു തരണമെന്നു പറഞ്ഞ് ട്രംപ് കേസ് കൊടുത്തിരുന്നങ്കിലും പരാജയപ്പെട്ടിരുന്നു. പക്ഷേ, താന്‍ ഇനി ട്വിറ്ററിലേക്ക് ഇല്ലെന്നും തന്റെ സ്വന്തം സമൂഹ മാധ്യമമായ ട്രൂത് സോഷ്യലില്‍ തുടരുമെന്നുമാണ് ട്രംപ് പ്രഖ്യാപിച്ചത്. അതേസമയം, മസ്‌ക് നേരിട്ട് വിളിച്ചാല്‍ അദ്ദേഹം മടങ്ങിവരുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

∙ വിവോ എക്‌സ്80, എക്‌സ്80 പ്രോ മോഡലുകള്‍ മേയ് 18ന് അവതരിപ്പിക്കും

വിവോയുടെ ഏറ്റവും മികച്ച മോഡലുകളായ എക്‌സ്80, എക്‌സ്80 പ്രോ എന്നിവ മേയ് 18ന് ഇന്ത്യയില്‍ അവതരിപ്പിക്കും. വിവോയുടെ ആരാധകര്‍ കാത്തിരിക്കുന്ന മോഡലാണിത്. ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന ഒന്നായിരിക്കും പ്രോ മോഡല്‍ എന്നു കരുതുന്നു. ചൈനയില്‍ അവതരിപ്പിച്ച അതേ മോഡലുകള്‍ തന്നെയാണ് ഇന്ത്യയില്‍ എത്തിക്കുന്നതെങ്കില്‍ പ്രോ മോഡലിന് 6.78-ഇഞ്ച് വലുപ്പമുള്ള, ക്വാഡ് എച്ഡി പ്ലസ് (1440x3200 പിക്‌സല്‍) റെസലൂഷനുള്ള, അമോലെഡ് ഡിസ്‌പ്ലേയാണ് നല്‍കിയിരിക്കുന്നത്. ഇതിന് 120 ഹെട്‌സ് റിഫ്രഷ് റേറ്റും ഉണ്ട്. ആന്‍ഡ്രോയിഡ് 12 കേന്ദ്രമായി നിര്‍മിച്ചതാണ് ഇതിന്റെ ഒറിജിന്‍ ഒഎസ്. ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 1 ആണ് പ്രോസസര്‍. ഒപ്പം 12 ജിബി റാമും ഉണ്ട്. ഫോണിന് 256 ജിബി, 512 ജിബി വേര്‍ഷനുകളാണ് ഉള്ളത്.

∙ ക്യാമറാ സിസ്റ്റം അദ്ഭുതപ്പെടുത്തുമോ?

ഇരട്ട സിം സ്ലോട്ടുകളുള്ള വിവോ എക്‌സ്80 പ്രോയുടെ ക്യാമറാ സിസ്റ്റം ഉജ്വലമായിരിക്കുമെന്ന് കരുതുന്നു. വിവോ ഫോണുകളില്‍ ഇന്നേവരെ കണ്ടിരിക്കുന്നതിൽ വച്ച് മികച്ച സിസ്റ്റം ആയിരിക്കും ഇത്. പിന്നില്‍ ക്വാഡ് ക്യാമറാ സിസ്റ്റമാണ് പിടിപ്പിച്ചിരിക്കുന്നത്. കാള്‍സൈസ് ലെന്‍സുകളാണ് ഇതിനുള്ളത്. പ്രധാന ക്യാമറയ്ക്ക് 50 എംപിയാണ് റെസലൂഷന്‍. ഇത് സാംസങ്ങിന്റെ ആദ്യ ജിഎന്‍വി സെന്‍സര്‍ ഉപയോഗിച്ചു നിര്‍മിച്ചിരിക്കുന്നു. ഒപ്പം 48 എംപി അള്‍ട്രാ വൈഡ്, 12 എംപി 50 എംഎം പോർട്രെയ്റ്റ്, 8 എംപി, 5എക്‌സ് പെരിസ്‌കോപ് ലെന്‍സ് എന്നിവയാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. സെല്‍ഫി ക്യാമറയ്ക്ക് 32 എംപി റെസലൂഷന്‍ ആണ് ഉള്ളത്. ഫോണില്‍ വിവോ സ്വന്തമായി നിര്‍മിച്ച വി1പ്ലസ് ചിപ്പും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. അതുകൊണ്ട് വെളിച്ചക്കുറവുള്ള സമയത്തും മികച്ച ഫോട്ടോ പകര്‍ത്താന്‍ സാധിച്ചേക്കുമെന്നു കരുതുന്നു. ഫോണിന് 4700 എംഎഎച് ബാറ്ററിയാണ് ഉള്ളത്. ഒപ്പം 80w ഫാസ്റ്റ് ചാര്‍ജിങും ഉണ്ട്.

∙ നതിങ് ഫോണ്‍ (1) ഇന്ത്യയില്‍ വില്‍ക്കുക ഫ്‌ളിപ്കാര്‍ട്ട് വഴി

വണ്‍പ്ലസ് സ്ഥാപകരില്‍ ഒരാളായ കാള്‍ പെയ് സ്വന്തമായി സ്ഥാപിച്ച കമ്പനിയായ നതിങ് അതിന്റെ ആദ്യ ഫോണ്‍ ഇറക്കാന്‍ ഒരുങ്ങുകയാണ്. വണ്‍പ്ലസിന്റെ പോക്കില്‍ നിരാശ പൂണ്ടാണ് കാള്‍ കമ്പനി വിട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അദ്ദേഹത്തിന്റെ കമ്പനി ആദ്യമായി ഇറക്കാന്‍ പോകുന്ന ഫോണിന്റെ പേര് നതിങ് (1) എന്നായിരിക്കുമെന്ന് നേരത്തേ അറിയിച്ചിരുന്നു. ഇതിന്റെ വില്‍പയ്ക്കായി യൂറോപ്പിലെ വിവിധ ടെലികോം കമ്പനികളുമായി ധാരണയിലെത്തിയെന്ന് കമ്പനി അറിയിച്ചു. ഫോണ്‍ ഇന്ത്യയില്‍ വില്‍ക്കുക ഫ്‌ളിപ്കാര്‍ട്ട് വഴിയായിരിക്കും. അതേസമയം, ഇത് ഈ വര്‍ഷം നാലാം പാദത്തിലായിരിക്കാം വിപണിയിലെത്തുക എന്നും വാദങ്ങളുണ്ട്.

English Summary: End of an era: Apple to discontinue iPod after 21 years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com