ഐഫോണ്‍ ഹിറ്റ് ആയത് സ്റ്റീവ് ജോബ്‌സിന്റെ നിര്‍ബന്ധത്തിനു വഴങ്ങാതിരുന്നതു കൊണ്ടോ?
Mail This Article
ആദ്യ ഐഫോണിന് സിം കാര്‍ഡ് ട്രേ വേണ്ടെന്നുള്ള അഭിപ്രായമായിരുന്നു ആപ്പിള്‍ സഹ സ്ഥാപകന്‍ സ്റ്റീവ് ജോബ്‌സിന് ഉണ്ടായിരുന്നതെന്നു വെളിപ്പെടുത്തല്‍. കംപ്യൂട്ടര്‍ ഹിസ്റ്ററി മ്യൂസിയം നടത്തിയ പ്രത്യേക അഭിമുഖത്തിലാണ് കമ്പനിയില്‍ ഐപോഡ് വൈസ് പ്രസിഡന്റായിരുന്ന ടോണി ഫാഡെല്‍ ഇക്കാര്യം പറഞ്ഞതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു. ഫാഡെല്‍ അറിയപ്പെടുന്നത് ഐപോഡിന്റെ പിതാവ് എന്നാണ്. ആദ്യ ഐഫോണിന് ‘മറ്റൊരു ദ്വാരം കൂടി വേണ്ട’ എന്നാണ് ജോബ്‌സ് എൻജിനീയര്‍മാരോടു നിര്‍ദേശിച്ചത് എന്നാണ് ഫാഡെല്‍ പറയുന്നത്. പക്ഷേ, അതിലൊരു പ്രശ്‌നമുണ്ടെന്ന് ജോബ്‌സിന് മനസ്സിലാക്കിക്കൊടുത്തത് താനാണെന്നും ഫാഡെല്‍ പറയുന്നു.
∙ ജോബ്‌സിന്റെ മനസ്സില്‍ സിഡിഎംഎ ഫോണ്‍
സിം ട്രേ വേണ്ടെന്നു പറഞ്ഞ ജോബ്‌സിന്റെ മനസില്‍ സിഡിഎംഎ ഐഫോണ്‍ ആയിരുന്നു എന്നാണ് ഫാഡെല്‍ പറയുന്നത്. ജിഎസ്എം ഐഫോണ്‍ വേണ്ടന്നുവച്ചാല്‍ സിം ട്രേ ഇല്ലാത്ത ഐഫോണ്‍ ഇറക്കാം. സിഡിഎംഎ ഫോണുകള്‍ക്ക് സിം കാര്‍ഡ് വേണ്ട. അവ നേരിട്ട് സേവനദാതാവിന്റെ നെറ്റ്‌വര്‍ക്ക് കയറിപ്പിടിച്ചോളും. ഐപോഡിന്റെയും ഐഫോണിന്റെയും ഡിസൈന്‍ ടീമുകളിലെ പ്രധാന അംഗങ്ങളിലൊരാളായ ഫാഡെല്‍ ആണ് സിഡിഎംഎ ഐഫോണ്‍ മാത്രം ഇറക്കിയാല്‍ അധികം പേര്‍ വാങ്ങാനുണ്ടാവില്ലെന്ന വാദം ജോബ്‌സിന്റെ മുന്നില്‍ അവതരിപ്പിച്ചത്. ജോബ്‌സിനെ പോലെ ഓരാളോട് ഇതു വെറുതെ പറഞ്ഞിട്ടു കാര്യമില്ല. അതിനാല്‍ മാര്‍ക്കറ്റ് ഡേറ്റ മുഴുവന്‍ കാണിച്ചാണ് തന്റെ വാദം ശരിയാണെന്ന് ജോബ്‌സിനു മുന്നില്‍ സ്ഥാപിച്ചതെന്ന് ഫാഡെല്‍ പറയുന്നു. സിഡിഎംഎ ഫോണ്‍ മാത്രമായിരുന്നു ഐഫോണെങ്കില്‍ അത് ഇത്രമാത്രം ജനപ്രീതി കൈവരിക്കുമായിരുന്നോ എന്ന കാര്യം തീര്‍ത്തുപറയാനും ആവില്ല.
∙ സിം സ്ലോട്ടില്ലാത്ത ഐഫോണ്‍ 2023ല്‍?
ജോബ്‌സിനു താത്പര്യമുണ്ടായിരുന്ന സിം ട്രേ-രഹിത ഐഫോണ്‍ ആപ്പിള്‍ 2023ല്‍ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ആപ്പിള്‍ കമ്പനി ആദ്യമായി ഇ– സിം അവതരിപ്പിക്കുന്നത് 2018ല്‍ ആണ്. ആ വര്‍ഷമാണ് ഇരട്ട സിം ഉള്ള ഐഫോണുകള്‍ പുറത്തിറക്കുന്നത്. ഐഫോണ്‍ ടെന്‍ എസ്, ടെന്‍എസ്മാക്‌സ്, ടെന്‍ ആര്‍ എന്നിവ ആയിരുന്നു അത്. താമസിയാതെ ഇ-സിം മാത്രമുള്ള ഐഫോണ്‍ ഇറക്കിയേക്കുമെന്നുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. സിം കാര്‍ഡ് സ്ലോട്ടില്ലാത്ത ആദ്യ മോഡല്‍ ഐഫോണ്‍ 15 സീരീസ് ആയിരിക്കുമെന്നു പറയുന്നു. ലോകത്തെ എല്ലാ പ്രധാന ടെലികോം സേവനദാതാക്കളോടും ഇതിനായി സജ്ജരാകാന്‍ കമ്പനി ആവശ്യപ്പെട്ടു കഴിഞ്ഞു എന്നുള്ള പല റിപ്പോര്‍ട്ടുകളും പുറത്തുവരികയുണ്ടായി.
∙ എന്താണ് ഇ –സിം ? എന്തെങ്കിലും പ്രശ്‌നമുണ്ടോ ?
സ്മാര്‍ട് കമ്യൂണിക്കേഷന്‍ ഉപകരണങ്ങളായ സ്മാര്‍ട് ഫോണുകള്‍, സ്മാര്‍ട് വാച്ചുകള്‍ തുടങ്ങിവയ്ക്കുള്ളില്‍ പിടിപ്പിച്ചിരിക്കുന്ന സബ്‌സ്‌ക്രൈബര്‍ ഐഡന്റിറ്റി/ഐഡന്റിഫിക്കേഷന്‍ മൊഡ്യൂള്‍ (സിം) സംവിധാനത്തെയാണ് ഇ–സിം എന്നു വിളിക്കുന്നത്. ട്രേയില്‍ സിം വച്ചുകൊടുക്കേണ്ട കാര്യമില്ല. പോസ്റ്റ്‌പെയ്ഡ്, പ്രീപെയ്ഡ് വരിക്കാര്‍ക്ക് ഏതു ടെലികോം സേവനദാതാവിന്റെയും സേവനങ്ങള്‍ സാധാരണ സിം ഇട്ടാലെന്ന പോലെ ആസ്വദിക്കാം. ഒറ്റ പ്രശ്‌നം മാത്രമായിരിക്കും ഉള്ളത്. ഇ–സിമ്മിന് മാസ വാടക നല്‍കേണ്ടി വന്നേക്കാം. ജിയോ അടക്കമുള്ള കമ്പനികള്‍ ഇ–സിമ്മിന് മാസവാടക ഈടാക്കാന്‍ തീരുമാനിച്ചെങ്കിലും തുടക്കത്തില്‍ അതു വേണ്ടന്നു വയ്ക്കുകയായിരുന്നു. മാസവാടക നല്‍കിക്കൊണ്ടിരിക്കുക എന്നുള്ളത് ഒരു അധികച്ചെലവായി പലരും കണ്ടേക്കാം.
∙ കാത്തിരുന്ന ഒരു മാറ്റം ഐഫോണില്‍?
ആപ്പിള്‍ കമ്പനി ഇപ്പോള്‍ ടെസ്റ്റ് ചെയ്യുന്ന ഐഫോണില്‍ ലൈറ്റ്‌നിങ് പോര്‍ട്ടിനു പകരം യുഎസ്ബി-സി ഉപയോഗിക്കുന്നു എന്ന് റിപ്പോര്‍ട്ട്. പല രീതിയിലും ആപ്പിളിന്റെ ലൈറ്റ്‌നിങ് പോര്‍ട്ടിനെക്കാളും നല്ലതാണ് യുഎസ്ബി-സി എങ്കിലും ആപ്പിള്‍ ഐഫോണുകളില്‍ ഇവ ഉപയോഗിക്കാന്‍ ഇതുവരെ തയാറായിട്ടില്ല. അതേസമയം, ഐപാഡ് പ്രോ, മാക്ബുക്കുകള്‍ തുടങ്ങിയവയില്‍ യുഎസ്ബി-സി ഉപയോഗിക്കുന്നുണ്ടു താനും. ഐഫോണില്‍ യുഎസ്ബി-സി കൊണ്ടുവരാനുള്ള കാരണം യൂറോപ്യന്‍ യൂണിയന്‍ ‘ചെവിക്കു പിടിച്ചേക്കുമെന്ന’ പേടിയായിരിക്കാമെന്നും പറയുന്നു. ഇയു നിബന്ധനകള്‍ അംഗീകരിച്ചില്ലെങ്കില്‍ പിഴ അടക്കമുള്ള നടപടികള്‍ ഉണ്ടായേക്കാമെന്ന് ആപ്പിള്‍ കരുതുന്നു. എന്നാല്‍, യുഎസ്ബി-സി ഈ വര്‍ഷത്തെ മോഡലുകളില്‍ ഉണ്ടായേക്കില്ലെന്നാണ് സൂചന. അതും അടുത്ത വര്‍ഷത്തെ ഐഫോണ്‍ 15ല്‍ ആയിരിക്കും എത്തുക.
∙ പുതിയ ചാര്‍ജറും
യുഎസ്ബി-സിയിലേക്ക് മാറുന്നതിന്റെ ഭാഗമായി പുതിയ ഒരു ചാര്‍ജിങ് അഡാപ്റ്ററും ആപ്പിള്‍ നിര്‍മിക്കുന്നുണ്ടെന്ന് പറയുന്നു. ഇതാകട്ടെ, ഇപ്പോഴത്തെ ലൈറ്റ്‌നിങ് ഡേറ്റാ കേബിളുകളും കണക്ട് ചെയ്യാവുന്നവ ആയേക്കാം. വര്‍ഷങ്ങള്‍ക്കുള്ളില്‍ വയര്‍ലെസ് ചാര്‍ജിങ് മാത്രം മതിയെന്നുവയ്ക്കാനുള്ള സാധ്യതയും ഉണ്ട്. ആപ്പിള്‍ ഇപ്പോള്‍ നിര്‍മിച്ചുവരുന്ന യുഎസ്ബി-സി ചാര്‍ജറുകള്‍, നിലവിലുള്ള ലൈറ്റ്‌നിങ് പോര്‍ട്ട് ചാര്‍ജറുകളെക്കാള്‍ അല്‍പം വലുപ്പക്കൂടുതല്‍ ഉള്ളതാണെന്നും പറയുന്നു.
∙ ഇയു നിയമം
അതേസമയം, ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപകരണങ്ങള്‍ക്ക് ചാര്‍ജറുകളും ഡേറ്റാ കേബിളുകളും മറ്റും മാറിമാറി ഉപയോഗിക്കാന്‍ സാധിക്കണം എന്നാണ് ഇയു കൊണ്ടുവരുന്ന നിയമം അനുശാസിക്കുന്നത്. മൊബൈല്‍ ഫോണുകള്‍, ടാബുകള്‍, ഡിജിറ്റല്‍ ക്യാമറകള്‍, ഹെഡ്‌ഫോണുകള്‍, ഹാന്‍ഡ്‌ഹെല്‍ഡ് വിഡിയോ-ഗെയിം കണ്‍സോളുകൾ, പോര്‍ട്ടബിൾ സ്പീക്കറുകള്‍ തുടങ്ങിയവയെല്ലാം യുഎസ്ബി ടൈപ്-സി പോര്‍ട്ട് ഉപയോഗിച്ച് ചാര്‍ജ് ചെയ്യാന്‍ സാധിക്കണം. ഇത് ഏതു കമ്പനി ഉണ്ടാക്കുന്നതാണ് എന്നുള്ളത് പ്രശ്‌നമാകരുത് എന്നാണ് പുതിയ നിയമം. ഇത് പുതുമ കൊണ്ടുവരാനുള്ള തങ്ങളുടെ ശ്രമത്തിന് വിലങ്ങുതടിയാകും എന്നാണ് ആപ്പിള്‍ വാദിക്കുന്നത്.
∙ ട്വിറ്ററിലേക്ക് മസ്‌കിന് സ്വാഗതം പറഞ്ഞ് പിച്ചൈ
ലോകത്തെ ഏറ്റവും വലിയ കോടീശ്വരനായ ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുക്കുന്നതു സംബന്ധിച്ച് ഭിന്നാഭിപ്രായങ്ങളാണ് ഉള്ളത്. ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈ, മസ്‌കിന്റെ പേരെടുത്തു പറയാതെ ട്വിറ്ററില്‍ മാറ്റം വരുന്നതിനെ താന്‍ സ്വാഗതം ചെയ്യുന്നു എന്നു പറഞ്ഞു. സിഎന്‍ബിസിക്കു നല്‍കിയ അഭിമുഖത്തില്‍ താന്‍ കാര്യമായി ട്വിറ്റര്‍ ഉപയോഗിക്കുന്നു എന്നും, അത് ലോകത്തിന് വളരെ പ്രധാനപ്പട്ട ഒരു പ്രോഡക്ട് ആണെന്നും അഭിപ്രായപ്പെട്ടു.
∙ ട്വിറ്റര്‍ വാങ്ങല്‍ നീക്കം താത്കാലികമായി നിർത്തിവച്ചെന്ന് മസ്‌ക്
ഏറ്റവും വിചിത്രമായ കോര്‍പറേറ്റ് ഏറ്റെടുക്കലുകളില്‍ ഒന്നായിട്ടാണ് മസ്‌ക് ട്വിറ്റര്‍ ഏറ്റെടുക്കുന്നതിനെ പലരും കാണുന്നത്. എന്നാല്‍, തന്റെ 4400 കോടി ഡോളര്‍ നല്‍കി ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള നീക്കം താത്കാലികമായി നിർത്തിവച്ചു എന്ന് മസ്‌ക് പറഞ്ഞു. ഇത് കൂടുതല്‍ വിചിത്രമാണെന്നു ന്യൂയോര്‍ക് ടൈംസ് പറയുന്നു. ട്വിറ്ററില്‍ എന്തുമാത്രം വ്യാജ അക്കൗണ്ടുകളും സ്പാമുകളും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് തനിക്ക് അറിയണം എന്നാണ് മസ്‌ക് പറഞ്ഞത്. എന്നാല്‍, രണ്ടു മണിക്കൂറിനു ശേഷം മസ്‌ക് വീണ്ടും ട്വീറ്റു ചെയ്തു, താന്‍ ഏറ്റെടുക്കല്‍ നടത്താന്‍ ഒരുങ്ങിത്തന്നെയാണ് നില്‍ക്കുന്നതെന്ന്. എന്നാല്‍, പരസ്പരവിരുദ്ധമായ പ്രസ്താവന നടത്തിയ മസ്‌കിന്റെ മനസ്സില്‍ എന്താണുള്ളത് എന്നതിനെപ്പറ്റി ചര്‍ച്ചകള്‍ കൊഴുക്കുകയാണ്. ട്വിറ്ററിന്റെ വിലയിടിക്കാനുള്ള ശ്രമമാണോ ഇതെന്നും ചോദ്യമുണ്ട്.
∙ 5.92 ജിബിപിഎസ് 5ജി ഡൗണ്‍ലോഡ് സ്പീഡ് രേഖപ്പെടുത്തിയെന്ന് വി
ടെലികോം സേവനദാതാവായ വോഡഫോണ്‍-ഐഡിയ (വി) പുണെയില്‍ നടത്തിയ 5ജി ട്രയല്‍സില്‍ 5.92 ജിബിപിഎസ് ഡൗണ്‍ലോഡ് സ്പീഡ് രേഖപ്പെടുത്തി എന്ന് അവകാശപ്പെടുന്നു. എറിക്‌സണ്‍ കമ്പനിയും വി കമ്പനിക്കൊപ്പം ഉണ്ട്.
∙ സ്മാര്‍ട് ഫോണ്‍ അടക്കമുള്ള ഉപകരണങ്ങളുടെ വില ഉയര്‍ന്നേക്കാം
പ്രമുഖ ടെക്‌നോളജി കമ്പനിയായ സാംസങ് ഈ വര്‍ഷം അവസാനത്തോടെ ചിപ്പുകള്‍ക്ക് 20 ശതമാനം വില വര്‍ധിപ്പിക്കുന്ന കാര്യം പരിഗണിക്കുകയാണെന്ന് റിപ്പോര്‍ട്ട്. പല ചിപ് നിര്‍മാണ കമ്പനികളും സാംസങ്ങിന്റെ പാതയില്‍ നീങ്ങിയേക്കാം. അതോടെ ഇലക്ട്രോണിക് ഉപകരണങ്ങളുടെ വില വര്‍ധിച്ചേക്കാമെന്നു പറയുന്നു.
English Summary: Steve Jobs wanted original iPhone to have no SIM card slot