കോവിഡ് പ്രതിസന്ധി ചൈനയെ തകർത്തു, ഫാക്ടറികളില്‍ പ്രക്ഷോഭം, നിര്‍മാണ മേഖല സ്തംഭിച്ചു
Mail This Article
കോവിഡ് വ്യാപനം തടയാനുള്ള ചൈനയുടെ നടപടികളിൽ തൊഴിലാളികൾ പ്രതിഷേധിക്കുന്നതായി ബ്ലൂംബര്‍ഗ് റിപ്പോർട്ട്. ആപ്പിൾ കമ്പനിക്ക് ഘടകങ്ങള്‍ നിര്‍മിച്ചു നല്‍കുന്ന, ഷാങ്ഹായിലുള്ള ഫാക്ടറിയിൽ നടന്ന പ്രതിഷേധം വലിയ പ്രക്ഷോഭങ്ങളുടെ സൂചനയായേക്കാമെന്നും കോവിഡ് നിയന്ത്രണം പതിനായിരക്കണക്കിനു തൊഴിലാളികളെ ബാധിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
∙ പുറം ലോകവുമായി ബന്ധമില്ലാതെ രണ്ടു മാസത്തോളം
ആപ്പിളിനായി സാധനങ്ങള്‍ എത്തിച്ചു കൊടുക്കുന്ന ക്വാണ്ടാ കംപ്യൂട്ടർ (Quanta Computer) എന്ന കമ്പനിയുടെ ശാഖകളിലാണ് പ്രതിഷേധമുണ്ടായത്. കുറഞ്ഞ വേതനത്തിനു ജോലിയെടുക്കുന്നവരാണ് പ്രതിഷേധക്കാർ. രണ്ടു മാസത്തോളം ബയോബബിളില്‍ തളച്ചിടപ്പെടുകയും കടുത്ത കോവിഡ് മാനദണ്ഡങ്ങള്‍ മൂലം പുറംലോകവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്തപ്പോഴാണ് കൂടുതല്‍ സ്വാതന്ത്ര്യം ആവശ്യപ്പെട്ട് അക്രമമുണ്ടായത്. തങ്ങള്‍ക്കെതിരെ തിരിച്ചടിയുണ്ടാകുമെന്ന ഭയം മൂലം, ഈ വിവരം പുറത്തുവിട്ടവര്‍ പേരു വെളിപ്പെടുത്തിയിട്ടില്ല.
∙ ഭക്ഷണം കിട്ടാതെ വരുമോ?
വിവിധ ബബിളുകളിലായി നൂറുകണക്കിനു ജോലിക്കാരാണ് ഗാര്‍ഡുകളുമായി ഏറ്റുമുട്ടിയത്. ലോക്ഡൗണ്‍ തുടര്‍ന്നാല്‍ അവശ്യസാധനങ്ങളുടെ വിതരണം പോലും നിലയ്ക്കുമോ എന്ന ഭീതി അവര്‍ പങ്കുവയ്ക്കുന്നു. ഇതോടെ ദൈനംദിനാവശ്യത്തിനുള്ള സാധനങ്ങള്‍ സംഘടിപ്പിക്കാൻ, അക്രമാസക്തരായ ജോലിക്കാര്‍ ഗാര്‍ഡുകള്‍ തീര്‍ത്ത സുരക്ഷാവലയം ഭേദിച്ച് പുറത്തേക്കു പാഞ്ഞു എന്നാണ് ജോലിക്കാരില്‍ ചിലര്‍ റിപ്പോര്‍ട്ടര്‍മാരോടു പറഞ്ഞത്. കഴിഞ്ഞയാഴ്ച അവസാനം ക്വാണ്ടയിലെ ഒരു കൂട്ടം ജോലിക്കാര്‍ തങ്ങളുടെ തയ്‌വാന്‍കാരായ മാനേജര്‍മാരുടെ പൊതുവിശ്രമമുറി ആക്രമിച്ചെന്ന വാര്‍ത്തകള്‍ വൈറലായിരുന്നു. ലോക്ഡൗണ്‍ നീട്ടരുതെന്നും വേതനം കൂട്ടണമെന്നുമായിരുന്നു തൊഴിലാളികളുടെ പ്രധാന ആവശ്യങ്ങൾ. സംഘര്‍ഷാവസ്ഥ മണിക്കൂറുകളോളം നീണ്ടു.
∙ ഷാങ്ഹായിലെ ജീവിതം ദുസ്സഹമായി
ഷാങ്ഹായിൽ ജീവിതം തകിടംമറിഞ്ഞ 25 ദശലക്ഷത്തോളം ജോലിക്കാരുടെ പൊതുവികാരത്തിന്റെ പ്രതിഫലനമാണ് ഈ സംഭവങ്ങള്‍. ‘‘നിയന്ത്രണങ്ങള്‍കൊണ്ട് ആളുകള്‍ക്കു പൊറുതിമുട്ടി. അതു സ്വാഭാവികമാണ്. കാരണം ലോക്ഡൗണ്‍ എന്നു തീരും എന്നതിനെക്കുറിച്ച് ഒരു തീരുമാനവും ഇതുവരെ എടുത്തിട്ടില്ല’’– എന്നാണ് ഒരു ജോലിക്കാരന്‍ പ്രതികരിച്ചത്. പുതിയ സംഭവവികാസങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ ക്വാണ്ടയോ ആപ്പിള്‍ അധികാരികളോ തയാറായില്ല. തങ്ങള്‍ ഷാങ്ഹായിലെ ഫാക്ടറിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്നും ഇത് സർക്കാർ നിയന്ത്രണങ്ങള്‍ പാലിക്കാനാണ് എന്നുമാണ് ക്വാണ്ട പറഞ്ഞിരിക്കുന്നത്. പൊതുവേ സമ്പന്നരായി കണക്കാക്കപ്പെടുന്ന ഷാങ്ഹായിലെ ആളുകള്‍ പോലും കോവിഡ് നിയന്ത്രണങ്ങള്‍ മൂലം എന്തുമാത്രം ശ്വാസംമുട്ടിയാണ് കഴിയുന്നത് എന്നതിന്റെ തെളിവാണ് ചൈനയിലെ ഏറ്റവും പ്രമുഖ കമ്പനികളിലൊന്നില്‍ നടന്ന പ്രതിഷേധം.
∙ ടെസ്‌ലയും പെടുമോ?
പ്രമുഖ വാഹന നിര്‍മാണ കമ്പനികളായ ടെസ്‌ലയുടെയും ജനറല്‍ മോട്ടോഴ്‌സിന്റെയും താവളം കൂടിയായ ഷാങ്ഹായില്‍ സാഹചര്യം വഷളാകുന്നത് അധികാരികള്‍ക്കും വന്‍ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ക്വാറന്റീന്‍ അടക്കം കടുത്ത നടപടികള്‍ വഴി കോവിഡിനെ അകറ്റിനിർത്താനുള്ള ശ്രമങ്ങള്‍ക്ക് വന്‍ തിരിച്ചടിയാണിത്. ജോലിക്കാരുടെ ആകുലതകള്‍, ലോകത്തെ ഏറ്റവും വലിയ നിര്‍മാണകേന്ദ്രങ്ങളിലൊന്നായി അറിയപ്പെടുന്ന ഷാങ്ഹായ് നഗരത്തിനും ചൈനയ്ക്കും കടുത്ത വെല്ലുവിളിയാകുകയാണ്. 5.5 ശതമാനം വളര്‍ച്ചയെന്ന ലക്ഷ്യം ചൈനയ്ക്കിനി നേടാനാകുമോ എന്നും കണ്ടറിയേണ്ടിയിരിക്കുന്നു.
∙ പ്രശ്‌നം ജോലിക്കാര്‍ക്കു മാത്രമല്ല
ചൈനയില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നത് തൊഴിലാളികള്‍ മാത്രമല്ല. കഴിഞ്ഞ മാസത്തില്‍ ബെയ്ജിങ്ങില്‍ വിദ്യാര്‍ഥികളും പല തവണ പ്രതിഷേധിച്ചിരുന്നു. ഇതേക്കുറിച്ച് സമൂഹ മാധ്യമങ്ങളില്‍ വന്ന പോസ്റ്റുകള്‍ പ്രചരിക്കാതിരിക്കാന്‍ ചൈന പെടാപ്പാടുപെട്ടു. ക്വാണ്ടയില്‍ കണ്ടത് ചൈനയിലെ പ്രതിസന്ധിയുടെ ചെറിയൊരംശം മാത്രമാണ്. ലോകത്തെ രണ്ടാമത്തെ സമ്പദ്‌വ്യവസ്ഥയ്ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചും പിടിച്ചു നില്‍ക്കാനാകുമെന്ന അധികാരികളുടെ അമിതമായ ആത്മവിശ്വാസമാണ് പ്രശ്‌നങ്ങള്‍ക്കു പിന്നിലെന്നു വിലയിരുത്തപ്പെടുന്നു.
∙ ആഘാതത്തിന്റെ വ്യാപ്തി അറിയില്ല
ക്വാണ്ടയില്‍ നടന്നതടക്കം കുറച്ചു സംഭവങ്ങള്‍ മാത്രമാണ് പുറംലോകം അറിഞ്ഞിരിക്കുന്നത്. എന്നാല്‍, സാമ്പത്തിക വിദഗ്ധര്‍ പറയുന്നത് ക്വാണ്ടയിലേത് ഒറ്റപ്പെട്ട സംഭവമാകാന്‍ വഴിയില്ലെന്നാണ്. ഷാങ്ഹായിലും ചുറ്റുമുള്ള പ്രദേശങ്ങളിലും ഉള്ള മിക്ക ഫാക്ടറികളും മാര്‍ച്ച് അവസാനം മുതല്‍ ജോലിക്കാരെ പുറത്തുവിടാതെയാണ് പ്രവര്‍ത്തിക്കുന്നത്. ലോകത്ത് സ്മാര്‍ട് ഫോണുകള്‍ അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഏറ്റവുമധികം നിര്‍മിക്കുന്ന മേഖലയിലാണ് പ്രശ്നങ്ങള്‍ രൂപപ്പെട്ടിരിക്കുന്നത്. നടപ്പു പാദത്തില്‍ 800 കോടി ഡോളര്‍ നഷ്ടം വരുമെന്ന് ആപ്പിള്‍ നേരത്തേ പ്രഖ്യാപിച്ചത് ഇത്തരം സംഭവങ്ങള്‍ മുന്‍കൂട്ടി കണ്ടായിരിക്കുമെന്നും കരുതുന്നു.
∙ ചൈനയുടേത് നല്ല നീക്കമല്ലെന്ന്
ചൈനയിലെ ഏറ്റവും വലിയ ടെക്‌നോളജി കമ്പനികളിലൊന്നായ ടെന്‍സന്റിന്റെ മേധാവി പോണി മാ പറയുന്നത് ഇപ്പോഴത്തെ നീക്കം മൂലം ചൈനയ്ക്ക് തിരിച്ചടി നേരിട്ടേക്കാമെന്നാണ്. ‘‘തളച്ചിടപ്പെട്ട തൊഴിലാളികള്‍ക്ക് അവസാനം തൊഴിലെടുക്കാനാകാതെ വരും. ആരോഗ്യകരമായ സമ്പദ്‌വ്യവസ്ഥ വേണമെങ്കില്‍ ആരോഗ്യമുള്ള സമൂഹവും വേണം’’ – വിശകലന വിദഗ്ധനായ അലിസിയ ഗാര്‍സിയ ഹെറെറോ പറയുന്നു. പ്രശ്‌നങ്ങള്‍ ഉണ്ടായ ക്വാണ്ടാ ഫാക്ടറിയില്‍ ഒരു കൊച്ചു മുറിയില്‍ 12 ജോലിക്കാരെ വരെ പാര്‍പ്പിക്കുന്നു. തൊഴിലാളികള്‍ക്ക് ഏകദേശം 450 ഡോളറാണ് പ്രതിമാസം ലഭിക്കുന്നത്. നഗരത്തില്‍ മികച്ച വേതനം കൈപ്പറ്റുന്നവരുമായി തട്ടിച്ചു നോക്കുമ്പോള്‍ ഇത് നാമമാത്രമാണ്.
∙ ലോക്ഡൗണ്‍ ഉണ്ടോ എന്നു നോക്കിയല്ല കോവിഡ് പടരുന്നത്
ചൈനയുടെ പല ഭാഗങ്ങളില്‍നിന്നു വന്നു താമസിക്കുന്നവരാണ് നഗരത്തില്‍ പെട്ടു കിടക്കുന്നത്. അടച്ചിട്ടാണ് തൊഴിലെടുപ്പിക്കലെങ്കിലും മിക്ക ജോലിക്കാര്‍ക്കും കോവിഡ് പിടിച്ചു എന്നും പറയുന്നു. കോവിഡ് നെഗറ്റീവായ ജോലിക്കാരെ പണിയെടുപ്പിക്കാത്തതും പ്രതിഷേധത്തിനു കാരണമായി. പുറത്തുവരാത്ത പല പ്രശ്‌നങ്ങളാലും പെട്ടുഴലുകയാണ് ഷാങ്ഹായ് എന്നാണു വിവരം. ഷാങ്ഹായില്‍നിന്ന് പുറത്തു പോകുന്നതിന് വിലക്കില്ല. പക്ഷേ, വളരെ കുറച്ചു ട്രെയിനുകളേ ഓടുന്നുള്ളു എന്നതും തൊഴിലാളികളുടെ വൈഷമ്യങ്ങള്‍ വര്‍ധിപ്പിക്കുന്നു. അതുകൊണ്ടുതന്നെ ആളുകള്‍ തളച്ചിടപ്പെട്ട നിലയിലാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
English Summary: Apple Supplier Faces Worker Revolt in Locked Down China Factory