ഐമാക്ക് മുതല്‍ ഐഫോണ്‍ വരെ... സൂപ്പര്‍ സ്റ്റാര്‍ ഡിസൈനര്‍ ജോണി ഐവും പടിയിറങ്ങി
Mail This Article
ഐമാക്ക് മുതല്‍ ഐഫോണ്‍ വരെയുള്ള ഉപകരണങ്ങളുടെ ഡിസൈനും പ്രവര്‍ത്തന മികവും കൊണ്ടാണ് ആപ്പിള്‍ ടെക് പ്രേമികളുടെ ഹൃദയം കീഴടക്കിയ്ത്. ഇവയുടെയെല്ലാം ഡിസൈനിനു പിന്നില്‍ ജോണി ഐവ് (Jony Ive) ഉണ്ടായിരുന്നു. ഏകദേശം 30 വര്‍ഷത്തെ സേവനത്തിനു ശേഷം അദ്ദേഹം കമ്പനിയില്‍ നിന്ന് രാജിവച്ചു. ആപ്പിളിനെ ആപ്പിളാക്കിയ ഡിസൈനര്‍ എന്നു വേണമെങ്കില്‍ അദ്ദേഹത്തെക്കുറിച്ചു പറയാം. കമ്പനിയുടെ രഹസ്യാത്മകതയും, സാങ്കേതികത്തികവും അടക്കം പലതും ആപ്പിളിന്റെ മുന്‍ മേധാവി സ്റ്റീവ് ജോബ്‌സിന്റേത് ആയിരുന്നുവെങ്കിലും ഡിസൈനിലെ കാര്യത്തിൽ ഒരുവലിയ പങ്ക് ഐവിന്റെ കൈപ്പുണ്യമായിരുന്നു.
സ്വന്തം കമ്പനിയുണ്ടാക്കാനാണ് അദ്ദേഹം രാജി വച്ചത്. ആപ്പിളടക്കമുള്ള കമ്പനികള്‍ ഇനിയും അദ്ദേഹത്തിന്റെ സേവനം തേടുമെന്നാണ് അറിയുന്നത്. പക്ഷേ, ഇനി അദ്ദേഹം ആപ്പിളിനു മാത്രം സ്വന്തമല്ല. അടുത്തിറങ്ങാനിരിക്കുന്ന കുറെ പ്രൊഡക്ടുകളുടെ കാര്യത്തില്‍ ആപ്പിളിനൊപ്പം പ്രവര്‍ത്തിക്കുമെന്ന് നേരത്തെ അദ്ദേഹം വ്യക്തമാക്കിയിരുന്നു. കംപ്യൂട്ടിങ്ങില്‍ പുതിയ പാത വെട്ടിത്തുറന്ന ഐമാക് (iMac) മുതല്‍ ഫോണ്‍ നിര്‍മാണത്തില്‍ തനതു യുഗം തുടങ്ങിയ ഐഫോണ്‍ വരെയുള്ള ഉപകരണങ്ങളില്‍ പതിഞ്ഞു കിടക്കുന്ന അദ്ദേഹത്തിന്റെ നിര്‍മാണപാടവത്തെ കമ്പനിയുടെ മേധാവി ടിം കുക്കും പലപ്പോഴും വാഴ്ത്താറുണ്ട്.
ആപ്പിള്‍ പാര്‍ക്ക് എന്ന കെട്ടിടത്തിന്റെ നിര്‍മാണത്തിനു പിന്നിലും ഈ ഡിസൈന്‍ മഹാരാജാവിന്റെ തലയാണ്. ആപ്പിളിനുള്ളിലെ അതി സമര്‍ഥരായ ഡിസൈന്‍ ടീമിനെ വാര്‍ത്തെടുത്തത് ഐവ് ആണ്. അദ്ദേഹത്തോടൊപ്പം ഇനിയും ആപ്പിളിന്റെ ടീം പ്രവര്‍ത്തിക്കുമെന്നും കുക്ക് പറയുന്നുണ്ട്.
∙ ആരാണ് ജോണി ഐവ്?
ബ്രിട്ടിഷുകാരനായ ഐവ് 1992ല്‍ ആണ് ആപ്പിളില്‍ ചേര്‍ന്നത്. ഐപോഡ്, ഐഫോണ്‍, ഐപാഡ്, മാക്ബുക്ക്, തുടങ്ങിയവ കൂടാതെ ഐഒഎസ് സോഫ്റ്റ്‌വെയറിന്റെ വൃത്തിയിലും അദ്ദേഹത്തിനു പങ്കുണ്ട്. അദ്ദേഹത്തെ ജോബ്‌സിന്റെ 'ആത്മീയ പങ്കാളി'യെന്നാണ് വിശേഷിപ്പിക്കാറ്. ജോബ്‌സിന്റെ ബയോഗ്രഫിയില്‍ അദ്ദേഹം പറയുന്നത് ഉപകരണങ്ങളെ സങ്കല്‍പ്പിച്ചെടുക്കുന്നതില്‍ തന്റെ പങ്കാളിയാണ് ഐവ് എന്നും ജോബ്‌സ് പറഞ്ഞിട്ടുണ്ട്. ജോണിയും താനും ചേര്‍ന്ന് ഉപകരണങ്ങളുടെ സാങ്കല്‍പിക രൂപം തീര്‍ത്ത ശേഷം മറ്റുള്ളവരെ വിളിച്ച് ഇതെങ്ങനെയുണ്ടെന്നു ചോദിക്കുകയായിരുന്നു പതിവെന്നും ജോബ്‌സ് പറഞ്ഞിട്ടുണ്ട്. ആപ്പിളില്‍ തനിക്കൊരു ആത്മീയ പങ്കാളിയുണ്ടെങ്കില്‍ അത് ഐവ് ആണ് എന്നാണ് അദ്ദേഹം പറഞ്ഞത്.
ആപ്പിളിന്റെ ചരിത്രത്തിലെ ഏറ്റവും കരുത്തുറ്റ സമയമാണിപ്പോള്‍ എന്നാണ് മാസങ്ങൾക്ക് മുൻപ് ഐവ് പറഞ്ഞത്. ആപ്പിളിന്റെ വിജയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ഐവിന്റെ ശേഷിയെ ഒരിക്കലും വില കുറച്ചു കാണാനാവില്ല എന്നാണ് ടെക്‌നോളജി വിശകലന വിദഗ്ധന്‍ റോജര്‍ കീയും പറയുന്നത്. അതി മനോഹരമായ രീതിയില്‍ ഉപകരണങ്ങളെ ഡിസൈന്‍ ചെയ്യാനുള്ള ഐവിന്റെ കഴിവിനെ അദ്ദേഹം പ്രകീര്‍ത്തിച്ചു. ഐവ് പോകുന്നത് ആപ്പിളിനൊരു വന്‍ നഷ്ടം തന്നെയാണ്.
ഇനി ആപ്പിളിന്റെ ഡിസൈന്‍ ടീം ലീഡര്‍മാര്‍ ഇവാന്‍സ് ഹാന്‍കിയും അലന്‍ ഡൈയും ആയിരിക്കും. ഇരുവരും കമ്പനിയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫിസറായ ജെഫ് വില്ല്യംസിനോടായിരിക്കും റിപ്പോര്‍ട്ടു ചെയ്യുക. ഇവാന്‍സിന്റെ നേതൃത്വത്തില്‍ ഡിസൈന്‍ ടീം മികച്ച പ്രകടനം നടത്തുമെന്ന് ഐവ് പറഞ്ഞു.
ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനി എന്ന വിശേഷണം അടുത്തകാലത്താണ് ആപ്പിളിന് നഷ്ടപ്പെട്ടത്. ഐഫോണുകളടക്കമുള്ള ഹാര്‍ഡ്‌വെയര്‍ നിര്‍മാണത്തില്‍ കമ്പനിക്ക് പ്രതീക്ഷിച്ച വളര്‍ച്ച നേടാനായില്ല. അതിനാല്‍ മ്യൂസിക്, ഡിജിറ്റല്‍ പെയ്‌മെന്റ് തുടങ്ങിയ പാതകളില്‍ പുതിയ സഞ്ചാരത്തിനിറങ്ങുകയാണ് കമ്പനി. എന്തായാലും ഐവ് ആപ്പിള്‍ വിടാന്‍ തിരഞ്ഞെടുത്ത സമയത്തെക്കുറിച്ച് പലരിലും സംശയമുണര്‍ത്തിയിട്ടുണ്ട്.
∙ ഐവിന്റെ സേവനം ആപ്പിളിനു മാത്രമല്ലെ ലഭിച്ചിട്ടുള്ളു?
അദ്ദേഹം ആപ്പിളിന്റെ പ്രൊഡക്ടുകളല്ലേ ഡിസൈന്‍ ചെയ്തുള്ളുവെന്നു ചോദിച്ചാല്‍ അതെയെന്നു പറയേണ്ടിവരും. പക്ഷേ, ഇന്നത്തെ മിക്ക ആധുനിക ഡിവൈസുകളിലും ഐവിന്റെ കൈയ്യൊപ്പു പതിഞ്ഞിട്ടുണ്ട്. ഐഫോണിനെ സാംസങ് മുതല്‍ വാവെയ് വരെ കോപ്പിയടിച്ചിട്ടുണ്ട് എന്നോര്‍ക്കണം. ആപ്പിളിന്റെ പ്രൊഡക്ടുകളെ കോപ്പിയടിക്കാത്ത കമ്പനികള്‍ കുറയും.
English Summary: Apple ends decades-long relationship with chief designer Jony Ive