നഗ്നശരീര ദൃശ്യങ്ങൾ പകർത്താൻ ചുറ്റും 256 ക്യാമറകള്‍! 'സെന്‍ഡ് ന്യൂഡ് ബോഡി എസ്ഒഎസ്' വിവാദത്തിൽ
Mail This Article
ഒരു കാലത്ത് പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയിരുന്ന റിയാലിറ്റി ഷോകളും മറ്റും പുതിയ ആശയങ്ങള്‍ കൊണ്ടുവരാനും പ്രേക്ഷക ശ്രദ്ധ പിടിച്ചു നിർത്താനും പാടുപെടുമ്പോള്‍ മറ്റൊരു സാധ്യത ആരായുകയാണ് ബ്രിട്ടനിലെ ടെലിവിഷൻ മേഖല. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഇ4 ചാനലില്‍ തുടങ്ങിയിരിക്കുന്ന വിചിത്രമായ പ്രോഗ്രാം 'സെന്‍ഡ് ന്യൂഡ് ബോഡി എസ്ഒഎസ്'.
തങ്ങള്‍ക്ക് ഇപ്പോഴുള്ള ശരീരമൊന്നും പോര, അത് പ്ലാസ്റ്റിക് സര്‍ജറി ചെയ്ത് മോടിപിടിപ്പിക്കണമെന്നു കരുതുന്നവരാണ് ഷോയില്‍ പങ്കെടുക്കാനെത്തുന്നത്. അവര്‍ നഗ്ന ചിത്രങ്ങള്‍ എടുക്കാന്‍ അനുവദിക്കുന്നു. അത് സാധാരണഗതിയിലുള്ള ഫൊട്ടോ എടുക്കലൊന്നും അല്ല. ചുറ്റും വിന്യസിച്ചിട്ടുള്ള 256 ക്യാമറകള്‍ ഉപയോഗിച്ചുള്ള ചിത്രമെടുപ്പാണ്. എടുത്ത ചിത്രങ്ങള്‍ ചേര്‍ത്തുണ്ടാക്കിയ 3ഡി അവതാര്‍ 50 അപരിചിതര്‍ പരിശോധിച്ച് വിലയിരുത്തുന്നു. തുടര്‍ന്ന് പങ്കെടുക്കാനെത്തുന്ന സ്ത്രീക്കോ പുരുഷനോ പ്ലാസ്റ്റിക് സര്‍ജറി ഗുണകരമാകുമോ എന്നു വിലയിരുത്തുന്നു. ഇതാണ് ടിവി ഷോയുടെ രീതിയെന്ന് ഡെയ്‌ലിമെയില്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
∙ പേടിപ്പെടുത്തുന്ന ടിവി ഷോ സങ്കല്‍പമെന്ന്
ഇതൊരു പേടിപ്പെടുത്തുന്ന ടിവി ഷോ സങ്കല്‍പമാണെന്ന് ചില പ്രേക്ഷകര്‍ പ്രതികരിച്ചു. നഗ്ന ചിത്രങ്ങള്‍ എടുക്കുന്നതിനേക്കാളേറെ, പ്ലാസ്റ്റിക് സര്‍ജറി ചെയ്ത് ശരീരം മെച്ചപ്പെടുത്താമെന്ന ആശയത്തെ പ്രോത്സാഹിപ്പിക്കുന്നത് ഷോയ്ക്കെതിരെ പ്രതികരിക്കുന്നവർ വലിയ പ്രശ്‌നമായി കാണുന്നു. ഈ മാസമാണ് പുതിയ ഷോയുടെ പ്രക്ഷേപണം തുടങ്ങിയത്. പങ്കെടുക്കുന്നവരുടെ നഗ്ന ശരീരങ്ങള്‍ വെര്‍ച്വല്‍ റിയാലിറ്റി സാങ്കേതികവിദ്യ ഉപയോഗിച്ച് സ്‌കാന്‍ ചെയ്ത് 'അവതാറുകളെ' ഉണ്ടാക്കുന്നു. ശരീരത്തിന് വേണെമെന്നു കരുതുന്ന കൂട്ടിച്ചേര്‍ക്കലുകളും ഒഴിവാക്കലുകളും അടക്കമുള്ള വെര്‍ച്വലായി, സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചുണ്ടാക്കിയ ശരീരമാണ് എല്ലാ വീക്ഷണകോണില്‍ നിന്നും വിശകലനം ചെയ്യുന്നത്.
∙ നഗ്ന ശരീരം ചിത്രീകരിക്കാന്‍ 256 ക്യാമറകള്‍
സ്വന്തം ശരീരത്തെക്കുറിച്ചുള്ള ആശങ്കകളും ഇതിന് താന്‍ പരിഗണിക്കുന്ന പ്ലാസ്റ്റിക് സര്‍ജറിയെപ്പറ്റിയും മറ്റുമെല്ലാം ഇതില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ ഷോയുടെ ഹോസ്റ്റുമായി ചര്‍ച്ച ചെയ്യുന്നു. തുടര്‍ന്ന് 256 ക്യാമറകള്‍ ഉപയോഗിച്ച് പങ്കെടുക്കാനെത്തിയ സ്ത്രീയുടെയോ പുരുഷന്റെയോ ശരീരം സ്‌കാന്‍ ചെയ്യുന്നു. എൻജിനീയര്‍മാര്‍ ഷോയില്‍ പങ്കെടുക്കാന്‍ എത്തിയ വ്യക്തിയുടെ സങ്കല്‍പത്തിലുള്ള ശരീരം സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് പുനഃസൃഷ്ടിക്കുന്നു.
ഈ പുതിയ ശരീരം പങ്കെടുക്കാനെത്തിയ ആള്‍ എല്ലാ വീക്ഷണകോണില്‍ നിന്നും നോക്കിക്കാണുന്നു. ഈ ശരീരത്തെക്കുറിച്ചാണ് 50 അപരിചിതര്‍ ചേർന്ന് അഭിപ്രായം പറയുന്നത്. അതും കേട്ടശേഷം ഷോയില്‍ പങ്കെടുക്കാനെത്തിയ ആള്‍ തനിക്ക് പ്ലാസ്റ്റിക് സര്‍ജറി വേണോ എന്ന തീരുമാനത്തിലെത്തുന്നു. ഒരു കണക്കിനു നോക്കിയാല്‍ ഇതൊരു നല്ല കാര്യമാണ്. കാരണം പ്ലാസ്റ്റിക് സര്‍ജറി ചെയ്ത ശേഷം ഉദ്ദേശിച്ച ഫലം കിട്ടിയില്ലെങ്കില്ലോ എന്നു ചിന്തിക്കുന്നതില്‍ അര്‍ഥമില്ലല്ലോ. പക്ഷേ അതൊന്നുമല്ല, നഗ്നതാ പ്രദര്‍ശനം തന്നെയാണ് ഷോയുടെ ലക്ഷ്യമെന്ന് വിമര്‍ശകര്‍ പറയുന്നു.
പ്രോഗ്രാമിന്റെ ഹോസ്റ്റ് വോഗ് വില്യംസ് ആണ്. ഷോയിൽ പങ്കെടുക്കാനെത്തിയവരോട് വോഗ് അവരുടെ ശരീരത്തെക്കുറിച്ചു സംസാരിക്കുന്നു. എന്തിനു വേണ്ടിയാണ് പ്ലാസ്റ്റിക് സര്‍ജറി നടത്താന്‍ ഉദ്ദേശിക്കുന്നത് തുടങ്ങിയ കാര്യങ്ങള്‍ ചോദിച്ചറിയുന്നു. ഉദാഹരണത്തിന് പുതിയ ടിവി ഷോയ്ക്ക് മുന്നോടിയായി ചിത്രീകരിച്ച ഒരു എപിസോഡില്‍ സ്റ്റീവന്‍ എന്നു പേരുള്ള പാര്‍ട്ടിസിപ്പന്റ് തന്റെ സ്വകാര്യ ഭാഗത്തിന്റെ നീളം വര്‍ധിപ്പിക്കുന്ന കാര്യം ചര്‍ച്ച ചെയ്യുന്നു. ഇതേ എപ്പിസോഡില്‍ സ്റ്റെഫ് എന്ന സ്ത്രീ തന്റെ മാറിടത്തിന്റെ വലുപ്പം കുറയ്ക്കുന്ന കാര്യവും സംസാരിക്കുന്നുണ്ട്.
∙ ടെക്‌നോളജി
ക്രാക്കിറ്റ് പ്രൊഡക്ഷന്‍സും എഫ്ബിഎഫ്എക്‌സ്, ഫ്‌ളൂയിഡ് പിക്‌ചേഴ്‌സ് എന്നീ കമ്പനികളാണ് 'സെന്‍ഡ് ന്യൂഡ്‌സ്' ഷോയ്ക്കു പിന്നിലുള്ള സാങ്കേതികവിദ്യ കൈകാര്യം ചെയ്യുന്നത്. എഫ്ബിഎഫ്എക്‌സ് ആണ് 256 ക്യാമറകള്‍ ഉപയോഗിച്ച് പങ്കെടുക്കാനെത്തിയ വ്യക്തിയുടെ ശരീരം എല്ലാ വീക്ഷണകോണില്‍ നിന്നും സ്‌കാന്‍ ചെയ്യുന്നത്. തുടര്‍ന്ന് ഈ ഡേറ്റ ഫ്‌ളൂയിഡിന് കൈമാറുന്നു. ഫ്‌ളൂയിഡിന്റെ എൻജിനീയര്‍മാര്‍, ഷോയിൽ പങ്കെടുക്കുന്നവരുടെ ശരീരത്തില്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തിയാല്‍ കിട്ടിയേക്കാവുന്ന വിവിധ സാധ്യതകള്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് സൃഷ്ടിച്ചു കാണിക്കുന്നു. ശരീരം ചലിപ്പിക്കുന്നതും അനിമേഷന്‍ വഴി കാണിക്കുന്നു. കൂടുതല്‍ യാഥാര്‍ഥ്യമാണെന്ന തോന്നല്‍ വരുത്താന്‍ അത് ഉപകരിക്കുന്നു.
തന്റെ നഗ്നശരീരം എല്ലാ വീക്ഷണകോണില്‍ നിന്നും നോക്കിക്കാണുക എന്നത് ഒരാളെ പരവശപ്പെടുത്തിയേക്കുമെന്നാണ് ചിന്തിച്ചതെങ്കില്‍ തെറ്റി. ഷോയില്‍ പങ്കെടുക്കാനെത്തിയ പലര്‍ക്കും ഇത് ആവേശം പകരുന്ന അനുഭവമായിരുന്നു എന്നു ഷോയ്ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.
അതേസമയം, ഇത്തരം ടിവി ഷോകള്‍ പ്ലാസ്റ്റിക് സര്‍ജറി എന്ന ആശയം പ്രോത്സാഹിപ്പിക്കുന്നു എന്നത് ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്ന് വാദിക്കുന്നവരും ഉണ്ട്. ബ്രിട്ടനില്‍ വര്‍ധിച്ചു വരുന്ന പ്ലാസ്റ്റിക് സര്‍ജറികളുടെ എണ്ണത്തില്‍, ഇത്തരം റിയാലിറ്റി ടിവി ഷോകളുടെ സ്വാധീനം വലുതാണ്. 'ലൗ ഐലൻഡ്' പോലെയുള്ള ഷോകള്‍ അത് പ്രോത്സാഹിപ്പിച്ചിരുന്നു. പ്ലാസ്റ്റിക് സര്‍ജറി വഴി സൗന്ദര്യം വര്‍ധിപ്പിക്കാമെന്ന ആശയത്തെ പ്രോത്സാഹിപ്പിക്കാന്‍ പ്രശസ്തരും എത്തുന്നതോടെ കൂടുതല്‍ പേര്‍ ഇതിലേക്ക് ആകൃഷ്ടരാകുന്നു. ശരീരിത്തില്‍ ഒരു ഓപ്പറേഷന്‍ നടത്തുക എന്നു പറയുന്നത് അത്ര ലാഘവത്തോടെ കാണേണ്ട കാര്യമല്ലെന്ന് ഇതിനെ എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നു.
ഷോ കണ്ടവരില്‍ ചിലർ ഇതിനെതിരെ രംഗത്തുവന്നു. പങ്കെടുക്കാനെത്തിയവരുടെ ഭയപ്പാടുകളെ ശരിയെന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമത്തേയും ശരീരത്തിനുള്ള കുറവുകള്‍ക്ക് പരിഹാരമാണ് സൗന്ദര്യവര്‍ധക ശസ്ത്രക്രിയ എന്ന ആശയം മുന്നോട്ടുവയ്ക്കുന്നതിനെയും വിമര്‍ശകര്‍ എതിര്‍ക്കുന്നു. ഭയപ്പെടുത്തുന്ന ഒരു സങ്കല്‍പമാണിതെന്നാണ് ഒരാള്‍ പ്രതികരിച്ചത്. ഇതുവഴി മനുഷ്യരുടെ മാനസികാരോഗ്യം കൂടുതല്‍ വഷളാകുകയാണ് ചെയ്യുന്നത്. അതേസമയം, ഒരു സാധനം വാങ്ങുന്നതിനു മുൻപ് അത് ഉപയോഗിച്ചു നോക്കൂ എന്നു പറയുന്ന തരത്തിലുള്ള ഒരു സങ്കല്‍പമാണ് ഷോയ്ക്കു പിന്നിലെന്നും അത് നല്ലതാണെന്നും ഷോ നടത്തുന്നവരും വാദിക്കുന്നു.
∙ വിമർശിച്ച് ടെലഗ്രാഫ്
സെന്‍ഡ് ന്യൂഡ്‌സ്: ബോഡി എസ്ഒഎസ് ഷോയെ ടെലഗ്രാഫിനു വേണ്ടി റിവ്യു ചെയ്ത അനിതാ സിങ് ഇതിന് അഞ്ചില്‍ ഒരു സ്റ്റാര്‍ റെയ്റ്റിങ് മാത്രമാണ് നല്‍കിയത്. വളരെ മോശം ഷോ ആണെന്നാണ് അനിത പറയുന്നത്. പക്ഷേ, ബ്രിട്ടനില്‍ ഈ ഷോ അത്ര വലിയ ചലനമൊന്നും സൃഷ്ടിക്കില്ല. 'നെയ്കഡ് അട്രാക്ഷന്‍' പോലെയുള്ള ടിവി ഷോകള്‍ അവിടെ പ്രദര്‍ശിപ്പിക്കപ്പെടുന്നു. കൃത്യമായി പറഞ്ഞാല്‍ നെയ്കഡ് അട്രാക്ഷനില്‍ നിന്ന് പ്രേക്ഷക ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് പുതിയ ഷോ.
ഷോയില്‍ പങ്കെടുക്കാനെത്തുന്നവര്‍ അവരുടെ ശരീരത്തില്‍ കത്തിവയ്ക്കാന്‍ അനുവദിക്കാന്‍ തയാറായവരാണ് എന്നാണ് സങ്കല്‍പമെന്നും അനിത പറയുന്നു. സ്റ്റെഫ് എന്ന പാര്‍ട്ടിസിപ്പന്റിന് തന്റെ മാറിടത്തെക്കുറിച്ച് ഇഷ്ടക്കുറവ് ഉണ്ടായിരിക്കാം. മാറിടത്തെ കുറിച്ച് വിശകലനം ചെയ്യാനായി സ്റ്റെഫ് എന്തിനാണ് പരിപൂര്‍ണമായി നഗ്നയായതെന്നും അനിത ചോദിക്കുന്നു. സ്വകാര്യ ഭാഗത്തിന് നീളക്കുറവുണ്ടെന്നു പറഞ്ഞ് എത്തിയ ആള്‍ അശ്ലീല ചിത്രങ്ങളില്‍ അഭിനയിക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളാണെന്നും അനിത ചൂണ്ടിക്കാണിക്കുന്നു. എനിക്ക് ഇത്തരം ഷോകള്‍ ഇനി ഒട്ടും സഹിക്കാനാവില്ലെന്നും റിവ്യൂവര്‍ എഴുതുന്നു.
English Summary: Send Nudes TV programme shows people their naked avatars to help them decide whether to get surgery