'മേക്ക് ഇൻ ചൈന'യ്ക്ക് വൻ തിരിച്ചടി, ഇന്ത്യക്കാർ ചൈനീസ് ഉൽപന്നങ്ങൾ ഉപേക്ഷിക്കുന്നു
Mail This Article
അതിർത്തിയിലെ തുടർച്ചയായ സംഘർഷങ്ങളും രാഷ്ട്രീയ സാഹചര്യങ്ങളും കാരണം 58 ശതമാനം ഇന്ത്യക്കാരും 'മേക്ക് ഇൻ ചൈന' ഉൽപന്നങ്ങൾ വാങ്ങുന്നത് കുറച്ചുവെന്ന് റിപ്പോർട്ട്. അതേസമയം, 26 ശതമാനം പേർ ഫാഷൻ, വസ്ത്രങ്ങൾ, വാഹന ആക്സസറികൾ എന്നിവയിൽ വിലയിലും ഗുണനിലവാരത്തിലും മികച്ച ഇന്ത്യൻ ബദലുകൾ കണ്ടെത്തിയതായി അഭിപ്രായപ്പെട്ടു. ഇന്ത്യൻ നിര്‍മിത ഗാഡ്‌ജെറ്റുകൾ വാങ്ങാനും ഇന്ത്യക്കാർ മുന്നോട്ടുവരുന്നുണ്ടെന്ന് പുതിയ സർവേ റിപ്പോർട്ടിൽ കാണിക്കുന്നു.
സോഷ്യൽ കമ്മ്യൂണിറ്റി എൻഗേജ്‌മെന്റ് പ്ലാറ്റ്‌ഫോമായ ലോക്കൽ സർക്കിൾസ് ശേഖരിച്ച ഡേറ്റ അനുസരിച്ച് സർവേയിൽ പങ്കെടുത്ത 59 ശതമാനം ഇന്ത്യക്കാരും തങ്ങളുടെ ഫോണിൽ ചൈനീസ് ആപ്പുകളൊന്നും ഇല്ലെന്ന് പറഞ്ഞു. 29 ശതമാനം പേർ ഇപ്പോഴും ഒന്നോ അതിലധികമോ ചൈനീസ് ആപ്പുകൾ ഉപയോഗിക്കുന്നവരാണെന്നും കണ്ടെത്തി. 319 ജില്ലകളിലെ ഉപഭോക്താക്കളിൽ നിന്ന് 40,000 പ്രതികരണങ്ങളാണ് സർവേയ്ക്ക് ഉപയോഗിച്ചത്.
വില-ഗുണമേന്മയിലും ഉപഭോക്തൃ സേവനത്തിലും ഇന്ത്യൻ ബദൽ ഉൽപന്നങ്ങൾ മികച്ചതാണെന്ന് 28 ശതമാനം പേർ പ്രതികരിച്ചു. 11 ശതമാനം പേർ മികച്ച നിലവാരമുള്ള ഇന്ത്യൻ ഉൽപന്നങ്ങൾ തിരഞ്ഞെടുത്തു. 8 ശതമാനം പേർ വിദേശ ഉൽപന്നത്തിന് മുൻഗണന നൽകി. ‘മേക്ക് ഇൻ ചൈന' ഉൽപന്നങ്ങൾ വിപണികളിലോ സ്റ്റോറുകളിലോ ഓൺലൈനിലോ കണ്ടെത്തിയില്ല എന്ന വസ്തുതയാണ് ഇന്ത്യൻ ഉൽപന്നങ്ങൾ വാങ്ങാൻ കാരണമെന്ന് 8 ശതമാനം പേർ പറഞ്ഞു.
കഴിഞ്ഞ 12 മാസത്തിനുള്ളിൽ ഏകദേശം 35 ശതമാനം പേരും ഗാഡ്‌ജെറ്റുകളും ഇലക്ട്രോണിക് സാധനങ്ങളും ആക്സസറികളും വാങ്ങാൻ ചൈനീസ് ബ്രാന്‍ഡുകളെയാണ് തിരഞ്ഞെടുത്തത്. അലങ്കാര വിളക്കുകൾ, മറ്റു അനുബന്ധ അലങ്കാര ഉൽപന്നങ്ങൾ വാങ്ങാൻ 14 ശതമാനം പേർ തിരഞ്ഞെടുത്തതും ചൈനീസ് ഉൽപന്നങ്ങളായിരുന്നു. പെയിന്റുകളുടെയും ഉപയോഗിച്ച മറ്റ് വസ്തുക്കളുടെയും ഗുണനിലവാരത്തെക്കുറിച്ചുള്ള ആരോഗ്യപ്രശ്നങ്ങൾ കാരണം ചൈനീസ് കളിപ്പാട്ടങ്ങളും സ്റ്റേഷനറികളും 5 ശതമാനം പേർ മാത്രമാണ് വാങ്ങിയത്. കൂടാതെ 5 ശതമാനം പേർ മാത്രമാണ് സമ്മാനം നൽകാൻ ചൈനീസ് ഉൽപന്നങ്ങൾ വാങ്ങിയതെന്നും കണ്ടെത്തി.
2021 ൽ ചൈനീസ് ഫാഷൻ ഉൽപന്നങ്ങൾ വാങ്ങുമെന്ന് 11 ശതമാനം പേർ സമ്മതിച്ചപ്പോൾ 2022 ലെ സർവേയിൽ 3 ശതമാനം പേർ മാത്രമാണ് 'മേക്ക് ഇൻ ചൈന' ബാഗുകൾ, വസ്ത്രങ്ങൾ, ആക്സസറികൾ മുതലായവ വാങ്ങുമെന്ന് പറഞ്ഞത്. ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരക്കമ്മി വർധിക്കുന്ന സാഹചര്യത്തിലാണ് സർവേ റിപ്പോർട്ടും പുറത്തുവന്നിരിക്കുന്നത്. 2021-22 സാമ്പത്തിക വർഷത്തിൽ 73.31 ബില്യൺ ഡോളറും 2020-21 ൽ 44.03 ബില്യണും ആയിരുന്നത് ഈ സാമ്പത്തിക വർഷം ഏപ്രിൽ-ഒക്ടോബർ കാലയളവിൽ ഇതുവരെ 51.5 ബില്യൺ ഡോളറിലെത്തി. വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം പറയുന്നത്.
English Summary: 58% Indians cut 'Make in China' purchases across products in 2022: Survey