ADVERTISEMENT

ഏകദേശം 40 വര്‍ഷം മുമ്പാണ് നാസയുടെ സ്‌കൈലാബ് എന്ന സാറ്റലൈറ്റ് ഭൂമിയില്‍ പതിച്ചത്. അതുപോലെ ജനുവരി 8, 2023ന്, അമേരിക്കന്‍ സമയം വൈകീട്ട് 6:40 ന് 'ഏര്‍ത് റേഡിയേഷന്‍ ബജറ്റ് സാറ്റലൈറ്റ്' (ഇആര്‍ബിഎസ്) ഭൂമിയില്‍ പതിച്ചേക്കാമെന്നും, അപകടം സംഭവിച്ചേക്കാമെന്നും മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുകയാണ്. (സമയത്തില്‍ 17 മണിക്കൂര്‍ അങ്ങോട്ടോ, ഇങ്ങോട്ടോ മാറ്റംവന്നേക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.) അപകട സാധ്യത തള്ളിക്കളയുന്നില്ലെങ്കിലും, അത് താരതമ്യേന കുറവായിരിക്കും എന്നാണ് നാസയുടെ വിലയിരുത്തല്‍-ഏകദേശം 9400ല്‍ ഒന്ന് സാധ്യതയെ ഇതിനുള്ളു.

 

1984ല്‍ അയച്ച 5400 പൗണ്ട് ഭാരമുള്ള സാറ്റലൈറ്റ്

നാസ 1984 ഒക്ടോബര്‍ 5നാണ് ഇആര്‍ബിഎസ് സാറ്റലൈറ്റ് അയച്ചത്. ഇതിന് 5400 പൗണ്ടാണ് ഭാരം. താഴേക്കു പോരുംതോറും ഇതിന്റെ ഭാഗങ്ങള്‍ കത്തി നശിച്ചുകൊളളും എന്നും നാസ പറയുന്നു. പക്ഷെ, ഇതിലെ ചെറുതും വലുതുമായ കരുത്തുറ്റ ഭാഗങ്ങള്‍ കത്തി നശിക്കില്ല. അവ ജനവാസമേഖലകളില്‍ പതിക്കുകയും അപകടം സംഭവിക്കുകയും ചെയ്യാനുള്ള സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. പ്രതീക്ഷിച്ചതിനേക്കാള്‍ രണ്ട് വര്‍ഷം അധികം സേവനം നല്‍കിയ ശേഷമാണ്, ഈ സാറ്റലൈറ്റ് 2005ല്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചത്.

തിരിച്ച് ഭൂമിയുടെ വായുമണ്ഡലത്തിലേക്ക്

നാസ ധാരാളം നിരീക്ഷണ ഉപകരണങ്ങള്‍ ബഹിരാകാശത്തേക്ക് അയച്ചിട്ടുണ്ട്. റോക്കറ്റുകള്‍, സാറ്റലൈറ്റുകള്‍, ടെലസ്‌കോപ്പുകള്‍, സ്‌പെയ്‌സ്‌ക്രാഫ്റ്റുകള്‍ തുടങ്ങിയ വിഭാഗങ്ങളിലാണ് ഇവ പെടുക. ഛിന്നഗ്രഹങ്ങള്‍, ഉല്‍ക്കകള്‍, ഗ്രഹങ്ങള്‍, സൂര്യന്‍, ക്ഷീരപഥം, തമോഗര്‍ത്തങ്ങള്‍ അങ്ങനെ പലതിനേയും നിരീക്ഷിക്കാനാണിവയൊക്കെ അയച്ചത്. പക്ഷെ, ഇത്തരം ഉപകരണങ്ങളില്‍ ചിലത് തിരിച്ച് ഭൂമിയില്‍ പതിക്കാറുണ്ട്. ഇആര്‍ബിഎസ് 21 വര്‍ഷത്തേ സേവനത്തിനു ശേഷമാണ് ഭൗമാന്തരീക്ഷത്തിലേക്ക് തിരിച്ചു പ്രവേശിക്കുക. പ്രവര്‍ത്തന സജ്ജമായിരുന്ന സമയത്ത് അത് സൂര്യന്‍ പ്രസരിപ്പിക്കുന്ന ഊര്‍ജ്ജം എങ്ങനെയാണ് ഭൂമി ആഗിരണം ചെയ്തിരുന്നത് എന്നതടക്കമുള്ള വിവരങ്ങളാണ് നല്‍കിവന്നത്.  

സോണിയും മാഞ്ചസ്റ്റര്‍ സിറ്റിയും ചേര്‍ന്ന് മെറ്റാവേഴ്‌സ് തുടങ്ങുന്നു

സിനിമാ താരങ്ങള്‍, കായിക താരങ്ങള്‍ തുടങ്ങിയവരോട് അടുത്തിടപഴകാന്‍ താത്പര്യമുള്ളവര്‍ അനേകമാണ്. എന്നാല്‍, അത് എളുപ്പമുള്ള കാര്യമല്ല താനും. ഇക്കാര്യത്തില്‍ മെറ്റാവേഴ്‌സ് സങ്കല്‍പ്പം പുതിയൊരു സാധ്യത തുറന്നിട്ടേക്കും. നേരിട്ട് ഇടപെടാന്‍ ആയില്ലെങ്കിലും വെര്‍ച്വലായി തങ്ങളുടെ പ്രിയ താരങ്ങള്‍ക്കൊപ്പം സമയം ചിലിവിടാനുള്ള സാധ്യത വന്നേക്കും. അതേസമയം, സോണിയും, ബ്രിട്ടിഷ് ഫുട്‌ബോള്‍ ക്ലബ് ആയ മാഞ്ചെസ്റ്റര്‍ സിറ്റിയും ചേര്‍ന്ന് സിഇഎസില്‍ അവതരിപ്പിച്ച മെറ്റാവേഴ്‌സ് സങ്കല്‍പ്പം അത്തരം സാധ്യതയാല്ല തുടക്കത്തില്‍ മുന്നോട്ടുവയ്ക്കുന്നത്. പക്ഷെ, അതിന്റെ മുന്നോടിയായിരിക്കാം.

അവതാറുകള്‍ ഉപയോഗിച്ച് സ്‌റ്റേഡിയത്തില്‍ കളിക്കാര്‍

പുതിയ അനുഭവത്തിന് പ്രൂഫ് ഓഫ് കണ്‍സെപ്റ്റ് എന്ന വിവരണമാണ് നല്‍കിയിരിക്കുന്നത്. കളിക്കാര്‍ക്ക് വെര്‍ച്വലായി, സിറ്റിയുടെ എത്തിയാഡ് സ്‌റ്റേഡിയത്തില്‍ ഇറങ്ങി പ്രവര്‍ത്തനനിരതരാകാനുള്ള സാധ്യതയാണ് ഒരുക്കിയിരിക്കുന്നത്. അവതാറുകള്‍, 3ഡി ഇമേജുകള്‍ തുടങ്ങിയവയാണ് ഇതിന് പ്രയോജനപ്പെടുത്തുന്നത്. ഇതൊരു പുതിയ രീതിയാണെന്നാണ് സോണിയുടെ പ്രൊഡക്ട് പ്ലാനറായ നാമി ഇവമോടോ പറഞ്ഞിരിക്കുന്നത്. തങ്ങളുടെ ആപ് ഈ വര്‍ഷം അവതരിപ്പിക്കും എന്നും സോണി പറഞ്ഞു. കായിക താരങ്ങളും മറ്റും പരിശീലനത്തില്‍ ഏര്‍പ്പെടുമ്പോഴും മറ്റും ആരാധകര്‍ക്കും വെര്‍ച്വലായി അവിടെ സന്നിഹിതരാകാന്‍ കഴിയുന്ന കാലം അധികം അകലെ ആയിരിക്കില്ല.

അടുത്ത ഐഫോണ്‍ എസ്ഇയുടെ നര്‍മ്മാണപ്രവര്‍ത്തനം ഉപേക്ഷിച്ചു?

ആപ്പിള്‍ കമ്പനിയുടെ ഏറ്റവും വില കുറഞ്ഞ ഐഫോണ്‍ മോഡലായ എസ്ഇയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിറുത്തിവച്ചു എന്ന് വിശകലനവിദഗ്ധന്‍ മിങ്-ചി കുവോ അവകാശപ്പെടുന്നു. ഐഫോണ്‍ എസ്ഇ4 എന്നായിരുന്നു അതിന് പേരിടാന്‍ ഉദ്ദേശിച്ചിരുന്നതെന്നും ഊഹാപോഹങ്ങള്‍ പറയുന്നു. എസ്ഇ4 മോഡല്‍ 2024ല്‍ പുറത്തിറക്കുമെന്നായിരുന്നു സൂചന. ഇതു പുറത്തിറക്കുന്നത് നീട്ടിവച്ചതാണോ എന്നായിരുന്നു ഇതുവരെ സംശയം ഉണ്ടായിരുന്നത്. പുതിയ അവകാശവാദങ്ങള്‍ പ്രകാരം അത് ഉപേക്ഷിച്ചു.

സ്വന്തം ബെയ്‌സ്ബാന്‍ഡ് ചിപ് പരീക്ഷിക്കാന്‍ ഉദ്ദേശിച്ചിരുന്നു

പുതിയ എസ്ഇ മോഡലില്‍ ആപ്പിള്‍ സ്വന്തമായി നിര്‍മ്മിച്ച ബെയ്‌സ്ബാന്‍ഡ് ചിപ് പരീക്ഷിക്കാനും ഉദ്ദേശമുണ്ടായിരുന്നു എന്നും പറയുന്നു. അതിനു ശേഷം ഐഫോണ്‍ 16 സീരിസില്‍ ഇത് ഉപയോഗിക്കാനായിരുന്നു ഉദ്ദേശം. അതു നടക്കാത്തതിനാല്‍ ഇനി ക്വാല്‍കം കമ്പനിയുടെ ചിപ് തന്നെ ഉപയോഗിച്ചായിരിക്കും 2024ലെ ഐഫോണ്‍ 16 സീരിസും പുറത്തിറക്കുക എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആപ്പിള്‍ സ്വന്തമായി നിര്‍മ്മിച്ച ചിപ്പിന് ക്വാല്‍കമിന്റെ പ്രകടനമികവ് അവകാശപ്പെടാനാവില്ല എന്നതിനാലാണ് അത് ഉപേക്ഷിച്ചതത്രെ.

സാംസങ് ഗ്യാലക്‌സി എസ്23 സീരിസ് ഫെബ്രുവരി 1ന് അവതരിപ്പിക്കും

കൊറിയന്‍ ടെക്‌നോളജി ഭീമന്‍ സാംസങിന്റെ ഏറ്റവും മുന്തിയ സ്മാര്‍ട്ട്‌ഫോണ്‍ ശ്രേണി ഫെബ്രുവരി 1ന് പരിചയപ്പെടുത്തും.  ഈ വര്‍ഷത്തെ എസ്23 സീരിസില്‍ ഗ്യാലക്‌സി എസ്23, എസ്23 പ്ലസ്, എസ്23 അള്‍ട്രാ എന്നിങ്ങനെ മൂന്നു മോഡലുകളാണ് പ്രതീക്ഷിക്കുന്നത് എന്നാണ് 9ടു5ഗൂഗിള്‍ നല്‍കുന്ന സൂചന.

വെയര്‍ഓഎസ് ഉള്ള സ്മാര്‍ട്ട് വാച്ചുകളില്‍ ഗൂഗിള്‍ മാപ്‌സിന് പുതിയ ഫീച്ചര്‍

സ്മാര്‍ട്ട് വാച്ചുകള്‍ക്കായി ഗൂഗിള്‍ സ്വന്തമായി ഇറക്കുന്ന ഓപ്പറേറ്റങ് സിസ്റ്റമാണല്ലോ വെയര്‍ഓഎസ്. ഇതിന്റെ പുതിയ പതിപ്പില്‍ ഗൂഗിള്‍ മാപ്‌സിന് പുതിയ ശേഷി ലഭിച്ചിരിക്കുകയാണ്. ഗൂഗിള്‍ മാപ്‌സ് വെയര്‍ഓഎസില്‍ ഇനി സ്വന്തം നിലയില്‍ പ്രവര്‍ത്തിക്കും. വാച്ചിന് സെല്ല്യുലാര്‍ കണക്ടിവിറ്റിയോ, വൈ-ഫൈ ഇന്റര്‍നെറ്റ് കണക്ടിവിറ്റിയോ വേണം എന്നു മാത്രം. ഫോണ്‍ ഉപയോഗിക്കാതെ നേരിട്ട് ഗൂഗിള്‍ മാപ്‌സ് പ്രവര്‍ത്തിപ്പിക്കാമെന്നതാണ് പുതിയ മാറ്റം. ഫോണില്ലാതെ ഡ്രൈവ് ചെയ്യുമ്പോഴും വഴി പറഞ്ഞു തരാന്‍ വെയര്‍ഓഎസില്‍ പ്രവര്‍ത്തിക്കുന്ന വാച്ചിനു സാധിക്കും. വോയിസ് കമാന്‍ഡ് വഴിയോ കീബോഡ് ഉപയോഗിച്ചോ തങ്ങള്‍ക്ക് എത്തിച്ചേരേണ്ട സ്ഥലം മാപ്‌സിനെ അറിയിക്കുകയാണ് വേണ്ടത്. സാംസങ് ഗ്യാലക്‌സി വാച്ച് 5, വാച്ച് 5 പ്രോ, ഫോസില്‍ ജെന്‍ 5 തുടങ്ങിയ മോഡലുകളില്‍ ഇത് സുഗമമായി പ്രവര്‍ത്തിക്കുമെന്നു പ്രതീക്ഷിക്കുന്നു.  

സേര്‍ച്ചില്‍ പുതിയ മേഖലയിലേക്ക് നീവ് എഐയും

സേര്‍ച്ച് എന്നത് ഗൂഗിളിന്റെ കുത്തകയായിരിക്കില്ലെന്ന് വിളിച്ചറിയിച്ചാണ് ചാറ്റ്ജിപിറ്റി എന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സേര്‍ച്ച് എഞ്ചിന്‍ കഴിഞ്ഞ വര്‍ഷം അവസാനം അരങ്ങേറിയത്. അപ്രതീക്ഷിതമായി വന്ന് ഞെട്ടിക്കുകയായിരുന്നു ചാറ്റ്ജിപിറ്റി എങ്കില്‍ അതായിരുന്നില്ല ജീവ എഐയുടെ കാര്യം.  മുന്‍ ഗൂഗിള്‍ ഉദ്യോഗസ്ഥനും ഇന്ത്യന്‍ വംശജനുമായ ശ്രീധര്‍ രാമസ്വാമി സഹസ്ഥാപകനായ കമ്പനിയാണ് ജീവ. സേര്‍ച്ചിനെ പുതിയ തലത്തിലേക്ക് ഉയര്‍ത്താന്‍ ഉദ്ദേശിക്കുന്നതായി ശ്രീധര്‍ നേരത്തെ നല്‍കിയ അഭിമുഖ സംഭാഷണങ്ങളില്‍ പറഞ്ഞിരുന്നു. അതേസമയം, ജീവ തങ്ങളുടെ സേവനത്തിന് പണം വാങ്ങാന്‍ ഉദ്ദേശിച്ചിരുന്നു. അതൊക്കെ ഇനി എങ്ങനെ പോകുമെന്ന കാര്യം കണ്ടറിയേണ്ടിയിരിക്കുന്നു. മറ്റൊരു സേര്‍ച്ച് എഞ്ചിനായ യൂ.കോമും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ശേഷി പ്രയോജനപ്പെടുത്തുന്നു.

നീവയുടെ ഇന്റര്‍ഫെയ്‌സ് വ്യത്യസ്തം

ചാറ്റ്ജിപിറ്റിയും, യൂ.കോമും ഉത്തരങ്ങള്‍ നേരിട്ടു നല്‍കുന്നു എങ്കില്‍ നീവ ചില സ്‌നിപ്പെറ്റുകളായി ആയിരിക്കും ഉത്തരങ്ങള്‍ നല്‍കുക. ഇതില്‍ നിന്ന് ഉചിതമെന്നു തോന്നുന്നത് ഉപയോക്താവിന് തിരഞ്ഞെടുക്കാന്‍ സാധിക്കും എന്നതാണ് ഇതിന്റെ മെച്ചം. ചാറ്റ്ജിപിറ്റിക്ക് തെറ്റു പറ്റുന്ന അവസരങ്ങള്‍ ഉണ്ട്. അതു ഒരു പരിധിവരെ പരിഹരിക്കാനുള്ള സാധ്യതയാണ് നീവ മുന്നോട്ടുവയ്ക്കുന്നത്. ഗൂഗിളിന്റെ 115 ബില്ല്യന്‍ ഡോളര്‍ മൂല്ല്യമുളള പരസ്യ വിഭാഗത്തിന്റെ മേധാവിയായിരുന്നു ശ്രീധര്‍

English Summary: Retired NASA Earth Radiation Budget Satellite to Reenter Atmosphere

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com