ADVERTISEMENT

കൊച്ചി ∙ ഇതര രംഗങ്ങളെപ്പോലെ പുതിയ കാലത്തിനൊത്ത മാറ്റങ്ങൾ വാർത്താമേഖലയും ഉൾക്കൊള്ളേണ്ടതുണ്ടെന്നു വാർത്താ അനുബന്ധ മേഖലയിൽ സജീവമായ ഗൂഗിൾ ഇന്ത്യ, മണികൺട്രോൾ, സ്ക്രോൾ ഡോട്ട് ഇൻ, ദ് ഹിന്ദു എന്നിവയിലെ പ്രമുഖർ. കാലമെത്ര മാറിയാലും സാങ്കേതിക വിദ്യകൾ മാറിമറിഞ്ഞാലും വിശ്വാസ്യത തന്നെയാണു വാർത്തകളെ മൂല്യവത്താക്കുന്നത്. ബ്രാൻഡ് മൂല്യത്തിനൊപ്പം വിശ്വാസ്യതയും ഉറപ്പിക്കുന്ന മാധ്യമങ്ങൾക്കാണ് വാർത്താലോകത്ത് മുന്നേറാനാകുക. കൊച്ചിയിൽ മനോരമ ഓൺലൈൻ സംഘടിപ്പിച്ച ടെക്സ്പെക്ടേഷന്‍സ് 2023 ഉച്ചകോടിയിൽ ‘വാർത്തയുടെ ഭാവി’ എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിലാണ് ഈ ആശയങ്ങൾ ഉയർന്നത്. 

 

മണികൺട്രോൾ എക്സിക്യൂട്ടീവ് എഡിറ്റർ ബിനോയ് പ്രഭാകർ, ഗൂഗിൾ ഇന്ത്യ ന്യൂസ് പാർട്ണർഷിപ് ഹെഡ് ദുർഗ രഘുനാഥ്, സ്ക്രോൾ ഡോട്ട് ഇൻ എഡിറ്റർ നരേഷ് ഫെർണാണ്ടസ്, ദ് ഹിന്ദു സിഇഒ എൽ.വി. നവനീത് എന്നിവരാണ് ആശയങ്ങളുമായി പാനൽ ചർച്ച സജീവമാക്കിയത്. ബിസിനസ് ബ്ലോഗിങ് പ്രൈവറ്റ് ലിമിറ്റഡ് സിഇഒ കിറുബ ശങ്കർ മോഡറേറ്ററായി.

 

binoy

ചർച്ചയിൽ ഉയർന്ന ആശയങ്ങളിലൂടെ:

 

മണികൺട്രോൾ എക്സിക്യൂട്ടീവ് എഡിറ്റർ ബിനോയ് പ്രഭാകർ

 

∙ വായനക്കാരുമായി നിരന്തര സമ്പർക്കമുണ്ടെങ്കിൽ വാർത്തകളിൽ ഏറെ മാറ്റം വരുത്താനാകും. വായനക്കാർ പങ്കുവയ്ക്കുന്ന വിവരങ്ങളും അവരുടെ അഭിപ്രായങ്ങളും കൂടി ഉൾപ്പെടുത്തി വാർത്തകൾ വിപുലീകരിക്കാൻ ഇത് സഹായിക്കും.

 

durga1

∙ ധനകാര്യമാധ്യമ രംഗത്ത് ഓഹരി, സാമ്പത്തിക വാർത്തകൾക്കൊപ്പം വിദ്യാഭ്യാസം, ആരോഗ്യം, ലൈഫ്സ്റ്റൈൽ അടക്കമുള്ള വാർത്തകൾക്കു കൂടി ശ്രദ്ധയേറുന്നു.

 

∙ വാർത്താ ബിസിനസിനെക്കുറിച്ചും മാധ്യമപ്രവർത്തനത്തെക്കുറിച്ചും കൃത്യമായി വിലയിരുത്താതെ ചിലർ വാർത്താമേഖലയിൽ കടന്നെത്തുന്നത് വെല്ലുവിളി സൃഷ്ടിക്കുന്നു.

 

naresh

∙ പുതുമകൾ പരീക്ഷിക്കുന്നതിലും വായനക്കാരെ കൂടുതൽ ഇന്ററാക്ടീവായി നിർത്തുന്നതിലും മാധ്യമങ്ങൾ ശ്രദ്ധിക്കണം. വായനക്കാരെ നിലനിർത്താൻ അതുപകരിക്കും.

 

∙ ഓൺലൈനിൽ വാർത്തകൾ പണം കൊടുത്തു വായിക്കുന്ന രീതി മുൻപ് കുറവായിരുന്നു. എന്നാലിന്ന് മണി കൺട്രോളിന്റെ സബ്സ്ക്രിപ്ഷൻ വായനക്കാരുടെ എണ്ണം 35 ശതമാനത്തിലേക്കെത്തി. ഈ രീതിയിൽ വാർത്ത വായിക്കുന്നവരുടെ എണ്ണം വർധിക്കുന്നത് ശ്രദ്ധേയമാണ്.

 

navaneeth-hindu

ഗൂഗിൾ ഇന്ത്യ ന്യൂസ് പാർട്ണർഷിപ് ഹെഡ് ദുർഗ രഘുനാഥ്

 

∙ ഓൺലൈനിലൂടെയെത്തുന്ന വാർത്തകൾക്ക് മുൻപ് ഒരു ദശലക്ഷം റീച്ച് കിട്ടാൻ പ്രയാസമായിരുന്നു. ഇന്ന് മൂന്നു ദശലക്ഷം റീച്ചൊക്കെ കിട്ടാൻ പ്രയാസമല്ലാതായി. സമൂഹമാധ്യമത്തിലൂടെ വാർത്തകളിലേക്ക് എത്തിച്ചേരുന്നവരുടെ എണ്ണവും വർധിച്ചു.

 

∙ മീഡിയ ബ്രാൻഡിനൊപ്പം വാർത്ത എഴുതുന്നയാളുടെ പേരു കൂടി പ്രത്യേകം ശ്രദ്ധിക്കപ്പെടുന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. വാർത്ത നൽകുന്നയാളുടെ വിശ്വാസ്യത ഇവിടെ കൂടുതൽ വിലയിരുത്തപ്പെടുന്നു. പുതിയ വാർത്താ സാധ്യതകളാണ് ഇത് തുറക്കുന്നത്.

 

∙ വാർത്തകൾ വായിക്കുന്നതിൽ മാനസിക നിലയ്ക്കും പ്രാധാന്യമുണ്ട്. ഉദാഹരണമായി, രാവിലെ ഒരു വാര്‍ത്ത വായിക്കുന്ന താൽപര്യമാകില്ല ഉച്ചയ്ക്കുശേഷം. ഇതിനനുസരിച്ചുള്ള വാർത്താ പാക്കേജുകൾ കൂടി മാറ്റേണ്ടതുണ്ട്.

 

സ്ക്രോൾ ഡോട്ട് ഇൻ എഡിറ്റർ നരേഷ് ഫെർണാണ്ടസ്

 

∙ വാർത്തകളിൽനിന്ന് വായനക്കാർ അകലുന്ന സ്ഥിതിവിശേഷം നിലവിലുണ്ട്. ഇത് എങ്ങനെ മറികടക്കാമെന്നതാണു ശ്രദ്ധിക്കേണ്ടത്.

 

∙ ഇന്റർനെറ്റ് സാങ്കേതിക വിദ്യയിലെ പുരോഗതി വാർത്ത അതിവേഗം എത്തിക്കാൻ സഹായകമാകുന്നുണ്ട്. എന്നാൽ ഇതിനൊപ്പം സ്ഥിരീകരിക്കപ്പെടാത്ത വാർത്തയുടെ അതിപ്രസരം വിശ്വാസ്യതയെയും ബാധിക്കുന്നു. ഇത് ചെറുക്കേണ്ടതുണ്ട്.

 

∙ വിശ്വാസ്യതയാണു വാർത്തയിൽ പ്രധാനം. അതാണു വാർത്തയുടെ ആകർഷണീയത.

 

 ദ് ഹിന്ദു സിഇഒ എൽ.വി. നവനീത്

 

∙ വാർത്തകളിൽ ചെറിയ ഉള്ളടക്കവും വിപുലമായ ഉള്ളടക്കവും ആളുകൾ വായിക്കും. മാറുന്ന കാലത്തു കൂടുതൽ വലിയ ലേഖനങ്ങൾ വായിക്കാൻ ആളുണ്ടാവില്ല എന്ന പ്രശ്നം ഉദിക്കുന്നില്ല. ഓരോ തരത്തിലുള്ള ഉള്ളടക്കങ്ങളും വായിക്കുന്നതും ലക്ഷ്യം വയ്ക്കുന്നതും വ്യത്യസ്തരായ വായനക്കാരെയാണ്.

 

∙ വാർത്താരംഗത്തിന്റെ ഭാവി ശോഭനീയമാണ്. എന്നാൽ അതിനൊപ്പം വാർത്തയുടെ വിശ്വാസ്യതയും എൻഗേജ്മെന്റും എങ്ങനെ വർധിപ്പിക്കാനാകും എന്നതും ചിന്തിക്കണം.

 

∙ ബിസിനസും വാർത്തയും പ്രധാനമാണ്. രണ്ടിനും പ്രാധാന്യം കൊടുത്തു മാത്രമേ മുന്നോട്ടു പോകാനാകൂ.

 

English Summary: Panel Discussion on 'The Future of News' at Techspectations 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com