ചാറ്റ്ജിപിടി പോലെയുള്ള സാങ്കേതികവിദ്യ സമൂഹത്തിലെത്തിക്കാന്‍ ചൈന; സ്വന്തം എഐ ഭാഷയുമായി മെറ്റാ
Mail This Article
നിർമിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) സാങ്കേതികവിദ്യ അതിവേഗം വ്യാപിക്കുമെന്ന സൂചനയാണ് പുതിയ വാര്‍ത്തകളില്‍നിന്നു ലഭിക്കുന്നത്. മെറ്റാ കമ്പനി എഐ-കേന്ദ്രീകൃത ഭാഷാ മോഡല്‍ അവതരിപ്പിച്ചു. അതുപോലെ, ചാറ്റ്ജിപിടി പോലെയുളള എഐ സാങ്കേതികവിദ്യ സമൂഹത്തിലും സമ്പദ്‌വ്യവസ്ഥയിലും എത്തിക്കാന്‍ ചൈന ശ്രമിക്കുന്നുവെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു. ചൈനയുടെ ശാസ്ത്ര, സാങ്കേതിക മന്ത്രാലയമാണ് രാജ്യം ഈ സാധ്യത മുതലാക്കാന്‍ ശ്രമിക്കണമെന്നു പറഞ്ഞിരിക്കുന്നത്. ഈ സാങ്കേതികവിദ്യയെ വ്യവാസായങ്ങള്‍ അടക്കമുളള മേഖലകളില്‍ പ്രയോജനപ്പെടുത്താമെന്നാണ് മന്ത്രാലയത്തിന്റെ ഹൈടെക് വിഭാഗം മേധാവി ചെന്‍ ജിയാചങ്, നാച്വറല്‍ ലാംഗ്വേജ് പ്രൊസസിങ് സാങ്കേതികവിദ്യയെ പുകഴ്ത്തിക്കൊണ്ട് പറഞ്ഞത്.
∙ പരിധിക്കപ്പുറത്ത് നിയന്ത്രിക്കരുതെന്ന് മന്ത്രിയും
ചാറ്റ്ജിപിടി പോലെയുള്ള എഐ സംവിധാനങ്ങള്‍ക്കു കടിഞ്ഞാണിടമോ എന്ന വിഷയത്തില്‍ കാര്യമായ ചര്‍ച്ച നടക്കുകയാണ് വിവിധ രാജ്യങ്ങളില്‍. എന്നാല്‍, ചൈനീസ് മന്ത്രി വാങ് ഷിഗാങ് ( Wang Zhigang) പറയുന്നത് ഒരു പരിധിക്കപ്പുറത്ത് അതിനെ നിയന്ത്രിക്കരുതെന്നാണ്. അതേസമയം, അതിനെ കെട്ടഴിച്ചുവിടുന്നതില്‍ രണ്ടു വശമുണ്ടെന്നുള്ള മുന്നറിയിപ്പും മന്ത്രി നല്‍കി. ചൈനീസ് സർക്കാർ ഇത്തരം സാങ്കേതികവിദ്യയെ എങ്ങനെ കാണുന്നു എന്നറിയാനായി കാത്തിരിക്കുകയാണ് ഇവിടുത്തെ ടെക്‌നോളജി കമ്പനികള്‍. ഈ മേഖലയിലേക്ക് വന്‍തോതില്‍ മുതല്‍മുടക്കാന്‍ പല ചൈനീസ് കമ്പനികളും ആലോചിക്കുകയാണിപ്പോള്‍. ഇതിനാലാണ് സർക്കാരിന്റെ ഔദ്യോഗിക നിലപാടിനായി കാത്തു നില്‍ക്കുന്നത്. ചൈനയിലെ ഏറ്റവും വലിയ സേര്‍ച് എൻജിനായ ബെയ്ദു ചാറ്റ്ജിപിടിക്കൊരു ചൈനീസ് എതിരാളിയെ മാര്‍ച്ചില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ്. ഇതിന്റെ പേര് ഏര്‍ണിബോട്ട് (ErnieBot) എന്നായിരിക്കുമെന്നു പറയുന്നു.
∙ ലാമാ എഐ ഭാഷ മോഡല്‍ അവതരിപ്പിച്ച് മെറ്റാ
ലാമാ (LLaMA) എന്ന പേരില്‍ പുതിയ എഐ ഭാഷാ മോഡല്‍ അവതരിപ്പിച്ചിരിക്കുകയാണ് ടെക്‌നോളജി ഭീമന്‍ മെറ്റ. തന്റെ ഫെയ്‌സ്ബുക് പോസ്റ്റിലാണ് കമ്പനിയുടെ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് ഇക്കാര്യം വെളിപ്പെടുത്തിയത്. ലാമയ്ക്ക് വാചകങ്ങള്‍ രചിക്കാനും സംഭാഷണം നടത്താനും ദൈര്‍ഘ്യമുള്ള രചനകളുടെ സംഗ്രഹം നല്‍കാനും ഗണിത സിദ്ധാന്തങ്ങളുടെ സത്യാവസ്ഥ പരിശോധിക്കാനും അടക്കം പല സങ്കീര്‍ണമായ കാര്യങ്ങള്‍ക്കും കഴിയുമെന്ന് സക്കര്‍ബര്‍ഗ് പറയുന്നു. പ്രോട്ടീന്‍ ഘടന പരിശോധിക്കാനും ഗവേഷകര്‍ക്ക് അവരുടെ അന്വേഷണങ്ങള്‍ക്ക് സഹായം നല്‍കാനുമൊക്കെ കെല്‍പുള്ളതായിരിക്കും ഇതെന്നും സക്കര്‍ബര്‍ഗ് പറയുന്നു.
∙ ക്രാക്ക് ചെയ്ത ഫൈനല്‍ കട്ട് പ്രോ വഴി മാക്കിലേക്ക് മാല്‍വെയര്‍
ഇന്ത്യയില്‍ പോലും വെഡിങ് വിഡിയോഗ്രാഫര്‍മാരും മറ്റും ആപ്പിളിന്റെ കംപ്യൂട്ടറുകളായ മാക്കുകളില്‍ തങ്ങളുടെ ക്ലിപ്പുകള്‍ എഡിറ്റു ചെയ്യുന്നത് കൂടിക്കൂടി വരികയാണ്. ഇതിനായി പലരും ആപ്പിളിന്റെ വിഡിയോ എഡിറ്റിങ് സോഫ്റ്റ്‌വെയറായ ഫൈനല്‍ കട്ട് പ്രോ ഉപയോഗിക്കുകയും ചെയ്യുന്നു. എന്നാല്‍, ഇന്ത്യന്‍ പശ്ചാത്തലത്തില്‍ പലരും സോഫ്റ്റ്‌വെയര്‍ പണംകൊടുത്തു വാങ്ങാറില്ല. പകരം പൈറേറ്റ് കോപ്പികള്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയാണ്. ഏറ്റവും കരുത്തുറ്റ കംപ്യൂട്ടറുകള്‍ തന്നെയാണ് 4കെ, 8കെ ഫൂട്ടേജൊക്കെ എഡിറ്റ് ചെയ്യാന്‍ വേണ്ടത്. ഇങ്ങനെ ശക്തികൂടിയ കംപ്യൂട്ടറുകള്‍ തന്നെയാണ് ക്രിപ്‌റ്റോകറന്‍സി ഖനനത്തിനും വേണ്ടത്.
∙ മാക്കുകളുടെ കരുത്ത് ക്രിപ്‌റ്റോ ഖനനക്കാര്‍ക്ക്
പൊതുവെ മാല്‍വെയര്‍ (കംപ്യൂട്ടറുകളെ തകരാറിലാക്കുന്ന പ്രോഗ്രാമുകള്‍) കുറവുള്ള മെഷീനുകളായാണ് മാക്കുകളെ കാണുന്നത്. എന്നാല്‍, പൈറേറ്റഡ് ഫൈനല്‍ കട്ട് പ്രോ ഇന്‍സ്റ്റാള്‍ ചെയ്യുന്നവര്‍ക്ക് ‘പണി’ കിട്ടുമെന്നാണ് ജാംഫ് ത്രെറ്റ് ലാബ്‌സ് പറയുന്നത്. ക്രിപ്‌റ്റോജാക്കിങ് എന്ന പേരില്‍ അറിയപ്പെടുന്ന പ്രക്രിയയ്ക്ക് തങ്ങളുടെ മാക്കിനെ തുറന്നിടുകയാണ് പൈറേറ്റഡ് ഫൈനല്‍ കട്ട് പ്രോ ഉപയോഗിക്കുന്നവര്‍. കരുത്തുറ്റ ആപ്പിള്‍ സിലിക്കന്റെ ശേഷി ക്രിപ്‌റ്റോ ഖനനത്തിനായി ഹാക്കര്‍മാര്‍ പ്രയോജനപ്പെടുത്തും. ഇന്‍വിസിബിൾ ഇന്റര്‍നെറ്റ്പ്രൊജക്ട് എന്നറിയപ്പെടുന്ന പ്രക്രിയ ഉപയോഗിച്ചാണ് മാക്കിലേക്ക് ദുരുദ്ദേശ്യമുള്ള കോഡ് ഡൗണ്‍ലോഡ് ചെയ്യുകയും ഇതുവഴി ഖനനം ചെയ്യുന്ന ക്രിപ്‌റ്റോകറന്‍സി ആക്രമണകാരിയുടെ ക്രിപ്‌റ്റോ വോലറ്റിലേക്ക് എത്തിക്കുകയും ചെയ്യുന്നു.
∙ ആപ്പിളിന്റെ സുരക്ഷാ സംവിധാനത്തെ കബളിപ്പിച്ചു
ആപ്പിളിന്റെ സുരക്ഷാ സംവിധാനത്തെ കബളിപ്പിക്കാന്‍ ഇതുവരെ ഈ ആക്രമണകാരികള്‍ക്ക് സാധിച്ചിരിക്കുന്നു എന്നാണ് സൂചന. അതേസമയം, തങ്ങളുടെ എക്‌സ്‌പ്രൊട്ടക്ട് അപ്‌ഡേറ്റ് ചെയ്ത് ഈ മാല്‍വെയറിനെ തടയാന്‍ ശ്രമിക്കുമെന്നാണ് ആപ്പിള്‍ നല്‍കിയ മറുപടി. ഇതൊക്കെയാണെങ്കിലും തങ്ങളുടെ ഗേറ്റ്കീപ്പര്‍ പ്രതിരോധ സംവിധാനത്തെ മറികടക്കാന്‍ മാല്‍വെയറിന് ആയിട്ടില്ലെന്നും ആപ്പിള്‍ പ്രതികരിച്ചു.
∙ പുതിയ ഐപാഡ് മോഡലുകള്‍ക്ക് ഓലെഡ് പാനല്‍ വാങ്ങാന്‍ ആപ്പിള്‍ കരാറൊപ്പിട്ടു
2024ല്‍ ഇറക്കാന്‍ ഉദ്ദേശിക്കുന്ന ഐപാഡുകള്‍ക്കുള്ള ഓലെഡ് ഡിസ്‌പ്ലേ വാങ്ങാന്‍ ആപ്പിള്‍ കൊറിയന്‍ ഡിസ്‌പ്ലേ നിര്‍മാണ ഭീമന്മാരായ സാംസങും എല്‍ജിയുമായി കരാര്‍ ഒപ്പിട്ടു. നേരത്തേ വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ചൈനീസ് കമ്പനിയായ ബോയിക്കു (BOE) കരാര്‍ നല്‍കിയേക്കുമെന്ന സൂചനയുണ്ടായിരുന്നു.
∙ സാംസങ്ങിന്റെ ഫോള്‍ഡബിൾ ഫോൺ നിര്‍മാണം ഇന്ത്യയില്‍ തുടങ്ങിയേക്കും
സാംസങ്ങിന്റെ അടുത്ത തലമുറയിലെ ഫോള്‍ഡബിൾ ഫോണുകളുടെ നിര്‍മാണം ഇന്ത്യയില്‍ തുടങ്ങിയേക്കും! ഇതിനായി പുതിയ നിര്‍മാണ സംവിധാനങ്ങള്‍ ഇന്ത്യയില്‍ തുടങ്ങാനുള്ള ശ്രമത്തിലാണ് കമ്പനി എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കമ്പനിയുടെ പ്രീമിയം ശ്രേണിയായ എസ്23 സീരീസ് ഇന്ത്യയില്‍ നിർമിച്ചെടുക്കാനായ ആത്മവിശ്വാസമാണ് സാംസങ്ങിനെ ഫോള്‍ഡബിൾ ഫോണുകളും ഇന്ത്യയില്‍ നിര്‍മിച്ചെടുക്കാന്‍ പ്രേരിപ്പിക്കുന്നത്.
ബിസിനസ് കൊറിയ എന്ന പ്രസിദ്ധീകരണമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതു ശരിയാണെങ്കില്‍ ഗ്യാലക്‌സി സെഡ് ഫോള്‍ഡ് 5, സെഡ് ഫ്‌ളിപ് 5 എന്നീ മോഡലുകള്‍ ഇന്ത്യയില്‍ നിർമിച്ചെടുത്തേക്കാം. ഇവയ്ക്കുള്ള പാനലുകള്‍ ബോയി എന്ന ചൈനീസ് കമ്പനിയില്‍ നിന്നായിരിക്കാം സാംസങ് ഇന്ത്യയിലെത്തിക്കുക എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
∙ സാംസങ് ഫോണുകള്‍ക്കും സാറ്റലൈറ്റ് കണക്ടിവിറ്റി
താമസിയാതെ സാംസങ് ഫോണുകള്‍ക്കും നേരിട്ട് സാറ്റലൈറ്റ് കണക്ടിവിറ്റി സാധ്യമായേക്കും. ആപ്പിള്‍, വാവെയ് എന്നീ കമ്പനികളാണ് ഈ ഫീച്ചര്‍ ഇപ്പോള്‍ നല്‍കുന്നത്. സാംസങ്ങിന്റെ ഗ്യാലക്‌സി എസ്23 സീരീസ് അവതരിപ്പിച്ചപ്പോള്‍ പ്രതീക്ഷിച്ച ഫീച്ചറുകളിലൊന്നായിരുന്നു സാറ്റലൈറ്റ് കണക്ടിവിറ്റി. എന്നാലിപ്പോള്‍ സ്റ്റാന്‍ഡേഡൈസ്ഡ് 5ജി നോണ്‍-ടെറസ്ട്രിയല്‍ നെറ്റ്‌വര്‍ക്‌സ് (NTN) സാങ്കേതികവിദ്യ സജ്ജമായെന്നാണ് സാംസങ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് തങ്ങളുടെ എക്‌സിനോസ് മോഡങ്ങളില്‍ ഉള്‍പ്പെടുത്തുമെന്നും കമ്പനി അറിയിച്ചു.
∙ ആപ്പിളിനപ്പുറം
ഐഫോണ്‍ 14 സീരീസിലെ സാറ്റലൈറ്റ് കണക്ടിവിറ്റി സംവിധാനം നെറ്റ്‌വര്‍ക്ക് കവറേജ് ഇല്ലാത്തിടത്തുനിന്ന് അടിയന്തര ഘട്ടങ്ങളില്‍ എസ്എംഎസ് അയയ്ക്കാനാണ്. സാംസങ്ങിന്റെ എക്‌സിനോസ് മോഡങ്ങള്‍ക്ക് ഇത്തരം സന്ദേശങ്ങള്‍ അയയ്ക്കാനും അതിനുള്ള മറുപടി സ്വീകരിക്കാനും സാധിക്കും. ഇതിനു പുറമെ എച്ഡി ചിത്രങ്ങള്‍ പങ്കുവയ്ക്കാനും വിഡിയോ ഷെയറിങ്ങും സാധ്യമാകുമെന്നും കമ്പനി അവകാശപ്പെടുന്നു.
∙ ഇന്റര്‍നെറ്റിന്റെ അടുത്ത ഘട്ടത്തിലേക്കുള്ള വാതില്‍
പുതിയ സാങ്കേതികവിദ്യ 5ജി സാറ്റലൈറ്റ് കമ്യൂണിക്കേഷന്റെ വാണിജ്യവല്‍ക്കരണം ത്വരിതപ്പെടുത്തുമെന്നും 6ജി അടിസ്ഥാനമാക്കിയുള്ള ഇന്റര്‍നെറ്റ് ഓഫ് എവരിതിങ് (IoE) കാലഘട്ടത്തിലേക്കുള്ള പ്രവേശനത്തിന് വഴി തുറക്കുമെന്നും കമ്പനി പറഞ്ഞു. ഈ മേഖലയില്‍ തങ്ങള്‍ ആധിപത്യം പുലര്‍ത്തുമെന്ന് സാംസങ് എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് ഗൂ കിം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
English Summary: China says it sees the potential of ChatGPT-like technology