ADVERTISEMENT

ആഗോള തലത്തിലെ മുൻനിര  ഓട്ടോമോട്ടീവ് സോഫ്‌റ്റ്‌വെയർ ആൻഡ് റിസർച്ച് കമ്പനിയായ ആക്സിയ ടെക്നോളജീസ് ജർമ്മൻ ഓട്ടോമോട്ടീവ് സോഫ്റ്റ്‌വെയർ സർവീസ് സ്റ്റാർട്ടപ്പായ ആർക്‌റ്റിറ്റേൺ സൊല്യൂഷൻസ് ജിഎംബിഎച്ചിനെ ഏറ്റെടുത്തു. കേരള ആസ്ഥാനമായി പ്രവർത്തിക്കുന്ന ആക്സിയ ടെക്നോളജീസ് കാർ നിർമാതാക്കൾക്കും ടയർ1 കമ്പനികൾക്കും എൻഡ് ടു എൻഡ് സൊല്യൂഷനുകളും സേവനങ്ങളും നൽകുന്ന കമ്പനിയാണ്.

 

ആക്സിയ ടെക്നോളജീസ് തങ്ങളുടെ ആഗോള വിപണിയിലെ  വിപുലീകരണ പദ്ധതികളുടെ ഭാഗമായാണ് ഏറ്റെടുക്കൽ നടത്തിയിരിക്കുന്നത്.  ജർമ്മനിയിൽ നിന്നുള്ള കമ്പനി കൂടുതൽ കാർ നിർമാതാക്കളെയും ടയർ1 ഉപഭോക്താക്കളെയും ആക‌‍ർഷിക്കാൻ ആക്സിയയെ സഹായിക്കും. നൂതനമായ സോഫ്റ്റ്‌വെയർ ഓട്ടോമോട്ടീവ് സൊല്യൂഷനുകൾ, ഡിജിറ്റൽ എൻജിനീയറിങ്, കൺസൾട്ടിങ്  തുടങ്ങിയ ആക്സിയയുടെ സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ അവരിലേക്ക് എത്തിക്കാനും ഇതുവഴിയാകും. ജർമ്മനി ഒരു ഓട്ടോമോട്ടിവ് ഹബ് ആയിരിക്കെ ഈ ഏറ്റെടുക്കൽ ആക്സിയയുടെ രാജ്യാന്തര ബിസിനസ്സ് പ്രവർത്തനങ്ങൾക്ക് വലിയ ഉത്തേജനം നൽകും.

 

ആഗോള വിപണിയിലെ സാന്നിധ്യം ശക്തിപ്പെടുത്താൻ തങ്ങൾ തിരഞ്ഞെടുത്ത തീരുമാനമായിരുന്നു ആർക്‌റ്റിറ്റേൺ ഏറ്റെടുക്കലെന്ന് ആക്സിയ ടെക്നോളജീസ് സ്ഥാപകനും സിഇഒയുമായ ജിജിമോൻ ചന്ദ്രൻ പറഞ്ഞു. ഇലക്ട്രിക് വാഹനങ്ങൾ മുതൽ ഓട്ടോണമസ് ഡ്രൈവിങ് വരെ വാഹന രംഗത്തെ കണ്ടുപിടിത്തങ്ങൾക്കുള്ള ലോകത്തെ മികവിന്റെ കേന്ദ്രമാണ് യൂറോപ്. അത്തരം പ്രവർത്തനങ്ങളുടെ ഹൃദയഭാഗത്തിരിക്കാനാണ് ആക്സിയ ആഗ്രഹിക്കുന്നത്. ആർക്‌റ്റിറ്റേണിനെ ഏറ്റെടുത്തതു വഴി ജർമ്മനിയിലെ ഞങ്ങളുടെ അടിത്ത‍റ കൂടുതൽ ശക്തമാകും. യൂറോപ്യൻ ഓട്ടോമോട്ടീവ് ഒഇഎമുകൾക്കും ടയർ1 കമ്പനികൾക്കും അവരുടെ സോഫ്റ്റ്‌വെയർ ടെക്നോളജി ആവശ്യങ്ങൾ നിറവേറ്റി കൊടുക്കാനുള്ള ഇടമായി ആക്സിയയെ മാറ്റുകയാണ് ലക്ഷ്യമെന്നും  ഈ  മേഖലയിലെ ഉപഭോക്താക്കൾക്ക് ലോകോത്തര എൻജിനീയറിങ്, കൺസൾട്ടിങ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതിനും ഈ സംരംഭം ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

ആർക്‌റ്റിറ്റേണിന്റെ ആദ്യ കാലം മുതൽ ആക്സിയയുമായി കൈകോർത്തിട്ടുണ്ടെന്നും ഏറ്റെടുക്കലിലൂടെ സഹകരണം കൂടുതൽ വിപുലീകരിക്കാനാവുന്നതിൽ സന്തോഷമുണ്ടെന്നും ആർക്‌റ്റിറ്റേൺ സ്ഥാപകനും ഇപ്പോൾ  അക്സിയ ടെക്‌നോളജീസ് ജിഎംബിഎച്ചിന്റെ  മാനേജിങ് ഡയറക്ടരിലൊരാളുമായ ദത്ത ഹെഗ്‌ഡെ പറഞ്ഞു. യൂറോപ്പിലെ ഞങ്ങളുടെ ഉപഭോക്താക്കൾക്ക് ഉന്നത നിലവാരത്തിലുള്ള സേവനം ഉറപ്പാക്കാൻ ഉതകുന്ന പരിചയസമ്പന്നരായ എൻജിനീയ‍ർമാരുടെയും ഓട്ടോമോട്ടീവ് ഡൊമെയ്‌ൻ സ്പെഷ്യലിസ്റ്റുകളുടെയും സംഘം ആക്സിയക്കുണ്ടെന്നും ദത്ത ഹെഗ്‌ഡെ അഭിപ്രായപ്പെട്ടു.

 

കമ്പനിയുടെ സൗകര്യം വിപുലീകരിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ടെക്‌നോപാർക്ക് ഫെയ്സ് ത്രീ എംബസി നയാഗ്ര ബിൽഡിങ്ങിൽ 85,000 ചതുരശ്ര അടി വിസ്തീർണമുള്ള ഓഫിസ് സ്പേസ് അക്സിയ ടെക്നോളജീസ് സ്വന്തമാക്കിയിരുന്നു.

 

English Summary: Acsia Technologies Acquires German Automotive Software Startup Arctictern

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com