ADVERTISEMENT

കുറഞ്ഞ സമയത്തിനുള്ളിൽ ടെക് ലോകത്ത് വൻ ചലനം സൃഷ്ടിച്ച ചാറ്റ്ജിപിടിയുടെ വഴിയെയാണ് മിക്ക ടെക് കമ്പനികളും. ലോകത്തെ ഏറ്റവും വലിയ സേർച്ച് എൻജിനായ ഗൂഗിളിലും വൈകാതെ ചാറ്റ്ജിപിടി പോലുള്ള എഐ ടെക്നോളജി ഉൾപ്പെടുത്തുമെന്ന് കമ്പനി സിഇഒ സുന്ദർ പിച്ചൈ പ്രഖ്യാപിച്ചു. ഗൂഗിളിന്റെ പുതിയ നീക്കം മൈക്രോസോഫ്റ്റിന്റെ ചാറ്റ്ജിപിടിയെ അതിന്റെ സേർച്ച് എൻജിനായ ബിങ്ങിലേക്ക് സംയോജിപ്പിച്ചതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്നും റിപ്പോർട്ടുകളുണ്ട്. മൈക്രോസോഫ്റ്റ് സേർച്ച് എൻജിന് ചാറ്റിങ് കഴിവുകൾ മാത്രമല്ല, ഇപ്പോൾ എഐ ഇമേജ് ജനറേറ്ററിനെയും പിന്തുണയ്ക്കുന്നുണ്ട്. 

 

ചാറ്റ്‌ജിപിടിക്കുള്ള മറുപടിയായി ഗൂഗിൾ ബാർഡ് അവതരിപ്പിച്ചിരുന്നു. എന്നാൽ ചാറ്റ്‌ജിപിടിയുടെ അത്രയും ജനപ്രീതി നേടുന്നതിൽ ബാർഡ് പരാജയപ്പെട്ടു. വിപണിയിലുളള മറ്റ് രണ്ട് എഐ മോഡലുകളേക്കാൾ വിശ്വാസ്യത കുറവാണെന്നും വിദഗ്ധര്‍ കണ്ടെത്തിയിരുന്നു. എന്നാൽ, ഗൂഗിളിന്റെ എഐ ടൂളുകൾ കൂടുതൽ കൃത്യവും പ്രതികരണശേഷിയുള്ളതുമാക്കാൻ തീവ്രമായി ശ്രമം നടക്കുന്നുണ്ട്.

Photo: PTI/Atul Yadav
Photo: PTI/Atul Yadav

 

ഇതിനിടെ ബാർഡ് എന്ന എഐ ചാറ്റ്ബോട്ടിനെ പരിശീലിപ്പിക്കാൻ മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഓപ്പൺഎഐയുടെ ചാറ്റ്ജിപിടി പകർത്തിയെന്ന റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഗൂഗിൾ ഇക്കാര്യം നിഷേധിക്കുകയും ചെയ്തു. ആൽഫബെറ്റിലെ രണ്ട് എഐ ഗവേഷണ സംഘങ്ങൾ വർഷങ്ങളായി ഒരുമിച്ച് പ്രവർത്തിക്കുകയും ഇവരാണ് ബാർഡിന് പരിശീലനം നൽകാൻ സഹായിച്ചതെന്നുമാണ് ദി ഇൻഫർമേഷനിലെ റിപ്പോർട്ടിൽ പറയുന്നത്. ഗൂഗിളിന്റെ ബ്രെയിൻ എഐ ഗ്രൂപ്പിലെ സോഫ്റ്റ്‌വെയർ എൻജിനീയർമാരും ഡീപ്മൈൻഡിലെ വിദഗ്ധരും ചേർന്ന് പ്രവർത്തിച്ചാണ് ബാർഡ് വികസിപ്പിച്ചെടുത്തത്. ഷെയർജിപിടി, ചാറ്റ്ജിപിടി എന്നിവയിൽ നിന്നുള്ള ഒരു ഡേറ്റയും ബാർഡിന് പരിശീലനം നൽകാൻ ഉപയോഗിച്ചിട്ടില്ലെന്നും ഗൂഗിൾ വക്താവ് അറിയിച്ചു.

 

അതേസമയം, ബാർഡ് വൈകാതെ തന്നെ പൊതു ഉപയോക്താക്കൾക്ക് ലഭ്യമാകുമെന്നാണ് അറിയുന്നത്. ബാർഡിലേക്കുള്ള ആദ്യഘട്ട ആക്‌സസ് യുഎസിലും യുകെയിലും ആരംഭിച്ചിട്ടുണ്ട്, കാലക്രമേണ കൂടുതൽ രാജ്യങ്ങളിലേക്കും ഭാഷകളിലേക്കും പ്രവേശനം വിപുലീകരിക്കുമെന്ന് കമ്പനി അറിയിച്ചു. ഓപ്പൺഎഐയുടെ ചാറ്റ്ജിപിടി, മൈക്രോസോഫ്റ്റിന്റെ ബിങ് ചാറ്റ്‌ബോട്ട് എന്നിവ പോലെ ബാർഡും വലിയ ഒരു ഭാഷാ മോഡലിനെ (LLM) അടിസ്ഥാനമാക്കിയുള്ളതാണ്. പ്രത്യേകിച്ചും ലാംഡയുടെ യുടെ ഭാരം കുറഞ്ഞതും ഒപ്റ്റിമൈസ് ചെയ്തതുമായ പതിപ്പാണിത്. ഭാവിയിൽ പുതിയതും കൂടുതൽ ശേഷിയുള്ളതുമായ എഐ മോഡലുകൾ ഉപയോഗിച്ച് ബാർഡ് അപ്‌ഡേറ്റ് ചെയ്യുമെന്നും ഗൂഗിൾ പറഞ്ഞു.

 

English Summary: Google search engine to soon get ChatGPT-like AI support, confirms Sundar Pichai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com