ചൈനയെ ആക്രമിക്കാൻ അമേരിക്കയുടെ നേതൃത്വത്തില്‍ ഹാക്കര്‍മാരുടെ സൈന്യം
Mail This Article
ചൈനക്കും മറ്റു ലോകരാജ്യങ്ങള്‍ക്കുമെതിരെ അമേരിക്കയുടെ നേതൃത്വത്തില്‍ ഹാക്കര്‍മാരുടെ സൈന്യം തന്നെയുണ്ടെന്ന് റിപ്പോര്‍ട്ട്. ചൈനയിലെ നാഷണല്‍ കംപ്യൂട്ടര്‍ വൈറസ് എമര്‍ജന്‍സി റെസ്പോണ്‍സ് സെന്ററും (CVERC) സൈബര്‍ സുരക്ഷാ കമ്പനിയായ 360യും ചേര്‍ന്നു തയാറാക്കിയ റിപ്പോര്‍ട്ടിലാണ് പരാമര്‍ശമുള്ളത്. രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎയുടെ നേതൃത്വത്തില്‍ ഹാക്കര്‍മാരെ വിപുലമായി ഉപയോഗിക്കുന്ന സംവിധാനം അമേരിക്കക്കുണ്ടെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
ചൈനയില്‍ നടന്ന സൈബര്‍ ആക്രമണങ്ങളെക്കുറിച്ച് പഠിച്ചാണ് ഈ റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. ഈ ആക്രമണങ്ങള്‍ക്കായി ഉപയോഗിച്ച ട്രോജന്‍ പ്രോഗ്രാമുകളേയും പ്ലഗ് ഇന്നുകളേയും സൈബര്‍ ആക്രമണ രീതിയേയും പഠിച്ചപ്പോഴാണ് ഇവക്കെല്ലാം സിഐഎയുമായി അടുത്ത ബന്ധമുണ്ടെന്ന് തിരിച്ചറിഞ്ഞത്. 'ഈ സൈബര്‍ ആയുധങ്ങള്‍ വ്യക്തമായ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് പ്രഫഷണലായി നിര്‍മിച്ചവയാണ്. ലോകത്തെ ഏതാണ്ടെല്ലാ ഇന്റര്‍നെറ്റുമായി ബന്ധമായ ഉപകരണങ്ങളില്‍ നിന്നും കംപ്യൂട്ടര്‍ ശൃംഖലകളില്‍ നിന്നും ഏതു സമയും ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ അവര്‍ക്ക് സാധിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
വ്യോമയാന മേഖല, ഗവേഷണ സ്ഥാപനങ്ങള്‍, പെട്രോളിയം - പെട്രോകെമിക്കല്‍ വ്യവസായങ്ങള്‍, ഇന്റര്‍നെറ്റ് കമ്പനികള്‍, വിവിധ രാജ്യങ്ങളിലെ സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവയെല്ലാം അമേരിക്കന്‍ നിയന്ത്രിത സൈബര്‍ ആക്രമണങ്ങള്‍ക്ക് വിധേയരായിട്ടുണ്ട്. സിഐഎയുമായി ബന്ധിപ്പിക്കുന്ന സൈബര്‍ ആക്രമണം 2011 മുതല്‍ തന്നെ ഉണ്ടായിട്ടുണ്ട്. വിദേശ സര്‍ക്കാരുകളുമായും പൗരന്മാരുമായും കമ്പനികളുമായുമൊക്കെ ബന്ധപ്പെട്ട തന്ത്രപ്രധാന വിവരങ്ങള്‍ സിഐഎ ഇത്തരം സൈബര്‍ ആക്രമണങ്ങള്‍ വഴി ശേഖരിക്കുകയും അമേരിക്കന്‍ സര്‍ക്കാരിനു കൈമാറുകയും ചെയ്യുന്നുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.
നേരിട്ടും അല്ലാതെയും അമ്പതിലേറെ രാജ്യങ്ങളുടെ രാഷ്ട്രീയത്തിലും സര്‍ക്കാരുകളിലും ഇടപെടല്‍ നടത്താന്‍ അമേരിക്ക ശ്രമിച്ചിട്ടുണ്ട്. ഇതില്‍ പലയിടത്തും അമേരിക്കന്‍ അനുകൂല വിഭാഗങ്ങള്‍ക്ക് വേണ്ടിയും സിഐഎയുടെ സൈബര്‍ സേന ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. ഇന്റര്‍നെറ്റില്‍ ഉറവിടം വ്യക്തമാവാതെ തിരയാന്‍ സഹായിക്കുന്ന TOR സാങ്കേതികവിദ്യ യുഎസ് സൈന്യവുമായി ബന്ധമുള്ള കമ്പനിയാണ് വികസിപ്പിച്ചതെന്നും ചൈനീസ് റിപ്പോര്‍ട്ട് ആരോപിക്കുന്നു. ഇത്തരം സാങ്കേതികവിദ്യകള്‍ പശ്ചിമേഷ്യയിലെ പല രാജ്യങ്ങളിലടക്കം കലാപങ്ങള്‍ക്ക് വലിയ തോതില്‍ ഉപയോഗിച്ചിരുന്നു.
അമേരിക്കയുടെ ഇത്തരം നടപടികളെ രാജ്യാന്തര സമൂഹം ജാഗ്രതയോടെ കാണണമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്കുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ പുറത്തുവന്ന സിവിഇആര്‍സി റിപ്പോര്‍ട്ടില്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടെ ചൈനക്കെതിരെ ആയിരക്കണക്കിന് സൈബര്‍ ആക്രമണങ്ങള്‍ അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജന്‍സി നടത്തിയിരുന്നതായി പറഞ്ഞിരുന്നു. ചൈനയില്‍ നിന്നും അമേരിക്കക്കു നേരെയാണ് സൈബര്‍ ആക്രമണങ്ങള്‍ നടക്കുന്നതെന്നാണ് 2022 ഒക്ടോബറില്‍ വാഷിങ്ടണ്‍ ഇതേക്കുറിച്ച് പ്രതികരിച്ചത്.
English Summary: US-controlled ‘empire of hackers’ attacking China, other countries