രാമനന്ദ് സാഗറിന്റെ രാമായണവും ചിരഞ്ജീവിയുടെ അഞ്ചിയും പുകഴ്ത്തി ആരാധർ; മോഷൻ ക്യാപ്ചറിനെന്തുപറ്റി?
Mail This Article
അഞ്ഞൂറും ആയിരവും കോടി രൂപ മുടക്കിയ ചിത്രങ്ങളിറങ്ങുമ്പോൾ, അതും ഗ്രാഫിക്സിനു പ്രാധാന്യം നൽകിയതാകുമ്പോൾ ആരാധകരുടെ പ്രതീക്ഷ വാനോളമാകുന്നത് സ്വാഭാവികം. അത്തരമൊരു ആകാംക്ഷയുടെ വേലിയേറ്റത്തിലായിരുന്നു സംവിധായകൻ ഓം റൗട്ടിന്റെ 'ആദിപുരുഷ്' വെള്ളിയാഴ്ച (ജൂൺ 16) ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ എത്തിയത്. വളരെ പ്രതീക്ഷയോടെ എത്തിയ ചിത്രത്തിലെ പല വിഷ്വലുകളും പക്ഷേ ട്രോളുകളിൽ നിറഞ്ഞ് നിൽക്കുകയാണ്.
കഴിഞ്ഞ വർഷം ഒക്ടോബർ രണ്ടിന് ടീസർ പുറത്തിറങ്ങിയതു മുതൽ സിജി രംഗങ്ങൾ വിവാദങ്ങളിൽ അകപ്പെട്ടെങ്കിലും വീണ്ടും മെച്ചപ്പെടുത്തിയെന്നും മാറ്റംവരുത്തിയതായും വാർത്തകൾ വന്നതോടെ അഡ്വാൻസ് ബുക്കിങിൽ നിന്ന് മാത്രം 12 കോടിയോളം രൂപ നേടിയാണ് ആദിപുരുഷ് പലരെയും അത്ഭുതപ്പെടുത്തിയത്. ഇന്ത്യയിലെ ഏറ്റവും മുതൽമുടക്കേറിയ ചിത്രങ്ങളിലൊന്നാണ്(700 കോടി) ആദിപുരുഷ്. നിർമാണച്ചെലവിൽ 250 കോടിയും വിഎഫ്എക്സിനു വേണ്ടിയാണ്.
ചിത്രത്തിലെ വിഎഫ്എക്സിനെ പലരും താരതമ്യം ചെയ്യുന്നത് റാ–വണും ചീരഞ്ജീവിയുടെ അഞ്ചിയുമായിട്ടാണ്. എന്തൊരു വിസ്മയമായിരുന്നു നിങ്ങൾ അന്നു കാണിച്ചതെന്നു തിരിച്ചറിയതെ പോയെന്നാണ് ആരാധകർ പറയുന്നത് ആ സിനിമകൾ പുറത്തിറങ്ങിയപ്പോഴും ശരിക്കും വിമർശിക്കപ്പെട്ടിരുന്നുവെന്നതാണ് യഥാർഥ വസ്തുത. അതേപോലെ മോഷൻ ക്യാപ്‌ചർ സാങ്കേതിക വിദ്യ പരമാവധി ഉപയോഗിച്ച ചിത്രമാണ് സൗന്ദര്യ രജനികാന്ത് സംവിധാനം ചെയ്ത രജനി ചിത്രം കൊച്ചടൈയാൻ. നൂറുകണക്കിന് സിനിമകളില്‍ പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച അന്തരിച്ച തമിഴ് ഹാസ്യനടന്‍ നാഗേഷ് അനിമേഷനിലൂടെ പുനരവതരിച്ച ചിത്രമായിരുന്നു അത്.
രാജീവ് അഞ്ചലിന്റെ മെയ്ഡ് ഇന്‍ യുഎസ്എ എന്ന ചിത്രത്തില്‍ പുന്നെല്ലിന്‍ കതിരോലത്തുമ്പത്ത്... എന്നുതുടങ്ങുന്ന ഗാനരംഗത്തില്‍ കാവേരി എട്ടുവയസുകാരിയായെത്തിയത് ഏവരെയും ഞെട്ടിച്ചിരുന്നു. എന്നാൽ അതു സിജിഐ ആയിരുന്നില്ല. രാഞ്ചീവ് അഞ്ചല്‍ 18 വര്‍ഷം മുമ്പ് സംവിധാനം ചെയ്ത അമ്മാനംകിളിയിലെ രംഗങ്ങൾ സമർഥമായി കൂട്ടിയിണക്കിയതായിരുന്നു. മലയാളത്തിൽ പുറത്തിറങ്ങാനിരിക്കുന്ന ജയസൂര്യയുടെ കത്തനാർ മോഷൻ ക്യാപ്ചർ സാധ്യതകൾ ഉപയോഗിക്കുന്ന ഒരു ചിത്രമാണ്.
മോഷൻ ക്യാപ്‌ചർ അഥവാ മോ-ക്യാപ്
ആളുകളുടെയോ വസ്തുക്കളുടെയോ ചലനം രേഖപ്പെടുത്തുന്ന സാങ്കേതികവിദ്യയുടെ പേരാണ് മോഷൻ ക്യാപ്‌ചർ അഥവാ മോ-ക്യാപ്. ഇങ്ങനെ ക്യാപ്‌ചർ ചെയ്യുന്ന ഡാറ്റ ഒരു കമ്പ്യൂട്ടർ പ്രോഗ്രാമിലേക്ക് മാറ്റുകയും സിജിഐ(കമ്പ്യൂട്ടര്‍ ജെനറേറ്റഡ് ഇമേജറി.) ആക്കി മാറ്റുകയും ചെയ്യാം. മോ-ക്യാപ് ഓരോ വ്യക്തിയുടെയും അല്ലെങ്കിൽ ഏവർക്കും അറിയാവുന്ന നടന്റെ മുഖഭാവങ്ങളും ശരീര ചലനങ്ങളും അതേപോലെ ട്രാക്ക് ചെയ്യുന്നു,
മോ-ക്യാപ് സ്യൂട്ട്, തലയിൽ ഘടിപ്പിച്ച ക്യാമറ, ഡിജിറ്റൽ പ്രതീകം സൃഷ്ടിക്കാൻ ആവശ്യമായ സോഫ്റ്റ്വെയർ തുടങ്ങിയ ഘടകങ്ങളുടെ സഹായത്തോടെയാണ് സാങ്കേതികവിദ്യ പ്രവർത്തിക്കുന്നത്. മോ-ക്യാപ് സ്യൂട്ട് ഒരു അഭിനേതാവിന്റെ ശരീരചലനങ്ങൾ പകർത്തുമ്പോൾ, തലയിൽ ഘടിപ്പിച്ച ക്യാമറ അവരുടെ മുഖഭാവങ്ങൾ ട്രാക്ക് ചെയ്യുന്നു, അതിൽ ചെറിയ ഭാവങ്ങൾ ഉൾപ്പെടെ വരും.
സോഫ്‌റ്റ്‌വെയർ ഭീമനായ അഡോബിന്റെ അഭിപ്രായത്തിൽ മോഷൻ ക്യാപ്‌ചർ വിജയകരമായി ആദ്യം ഉപയോഗിച്ചത് ദ ലോർഡ് ഓഫ് ദ റിംഗ്സ്: ദ ടു ടവേഴ്‌സ് എന്ന സിനിമയിലാണ്, എന്നാൽ ജെയിംസ് കാമറൂണിന്റെ അവതാർ ആണ് ഈ സാങ്കേതികവിദ്യയെ ലോകമെമ്പാടും ജനകീയമാക്കിയത്. അവഞ്ചേഴ്‌സ് സീരീസിലെ താനോസും ഈ അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് സൃഷ്ടിച്ചതാണ്.
മോഷൻ ക്യാപ്‌ചർ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ആദ്യ ചിത്രമല്ല ആദിപുരുഷ്. എന്നാൽ ഹൈന്ദവ പുരാണങ്ങളിൽ നിന്നുള്ള ഒരു കഥ പറയാൻ ഇത് ഉപയോഗിക്കുന്ന ആദ്യ സിനിമകളിൽ ഒന്നാണിത്. ഇന്ത്യൻ സിനിമാ വ്യവസായത്തെ സംബന്ധിച്ചിടത്തോളം ഇതൊരു സുപ്രധാന ചുവടുവയ്പ്പായിരുന്നു. നമ്മുടെ പുരാണ ഇതിഹാസങ്ങളിലെ അനന്തമായ കഥപറച്ചിൽ സാധ്യതകളെ പ്രയോജനപ്പെടുത്താൻ സിജിഐയുടെ ബുദ്ധിപരമായ ഉപയോഗത്തിനു മാത്രമേ സാധിക്കുകയുള്ളൂ.
യഥാർഥത്തിൽ മോഷൻ ക്യാപ്ചർ പ്രവർത്തിക്കുന്നത് എങ്ങനെയായിരിക്കും. ആദിപുരുഷിലേത് ഉദാഹരണമാക്കി പറഞ്ഞാൽ
സെൻസറുകൾ കൊണ്ട് പൊതിഞ്ഞ പ്രത്യേക സ്യൂട്ടാണ് പ്രഭാസ് ധരിച്ചിരിക്കുന്നത്. ഈ സെൻസറുകൾ ചലനങ്ങൾ ട്രാക്ക് ചെയ്യുകയും കമ്പ്യൂട്ടറിലേക്ക് അയയ്ക്കുകയും ചെയ്യുന്നു.
പ്രഭാസിന്റെ ഡിജിറ്റൽ അവതാർ സൃഷ്ടിക്കാൻ കമ്പ്യൂട്ടർ സെൻസറുകളിൽ നിന്നുള്ള ഡാറ്റ ഉപയോഗിക്കുന്നു. ഡിജിറ്റൽ അവതാർ പിന്നീട് സിനിമാ നിർമ്മാതാക്കൾ ആനിമേഷൻ ചെയ്യുന്നു. അവതാർ എങ്ങനെ വേണമെങ്കിലും നീക്കാൻ അവർക്ക് കഴിയും.അന്തിമ ഉൽപ്പന്നം പ്രഭാസിന്റെ റിയലിസ്റ്റിക്, ലൈഫ് ലൈക്ക് ആനിമേഷൻ ആയിരിക്കും.
പല തരത്തിലുള്ള മോഷൻ ക്യാപ്‌ചർ സംവിധാനങ്ങൾ ഉണ്ട്, എന്നാൽ അവയെല്ലാം ഒരേ അടിസ്ഥാന തത്വത്തിലാണ് പ്രവർത്തിക്കുന്നത്. ട്രാക്ക് ചെയ്യപ്പെടുന്ന വസ്തുവിലോ വ്യക്തിയിലോ ഘടിപ്പിച്ചിരിക്കുന്ന മാർക്കറുകളുടെയോ സെൻസറുകളുടെയോ സ്ഥാനവും ചലനവും സിസ്റ്റം ട്രാക്ക് ചെയ്യുന്നു. ഈ ഡാറ്റ പിന്നീട് റെക്കോർഡ് ചെയ്യപ്പെടുകയും വസ്തുവിന്റെ അല്ലെങ്കിൽ വ്യക്തിയുടെ ഒരു ഡിജിറ്റൽ മോഡൽ സൃഷ്ടിക്കാൻ ഉപയോഗിക്കുകയും ചെയ്യാം.
ഏറ്റവും സാധാരണമായ തരം മോഷൻ ക്യാപ്‌ചർ സിസ്റ്റം മാർക്കറുകൾ ട്രാക്ക് ചെയ്യാൻ ക്യാമറകൾ ഉപയോഗിക്കുന്നു. മാർക്കറുകൾ സാധാരണയായി ചെറിയ, പ്രതിബിംബ ഗോളങ്ങളാണ്, അവ ട്രാക്ക് ചെയ്യപ്പെടുന്ന വസ്തുവുമായോ വ്യക്തിയുമായോ ഘടിപ്പിച്ചിരിക്കുന്നു. ക്യാമറകൾ മാർക്കറുകളുടെ ചലനം ട്രാക്ക് ചെയ്യുകയും വസ്തുവിന്റെ അല്ലെങ്കിൽ വ്യക്തിയുടെ ഒരു 3D മോഡൽ സൃഷ്ടിക്കാൻ ഈ ഡാറ്റ ഉപയോഗിക്കുകയും ചെയ്യുന്നു.ചെറിയ മാർക്കുകളിട്ട വിചിത്രമായ നിറങ്ങളുള്ള വസ്ത്രങ്ങൾ ധരിച്ചു നടീനടന്മാർ നിൽക്കുന്നത് ഗ്രാഫിക്സ് പ്രാധാന്യമുള്ള സിനിമകളുടെ ചിത്രീകരണ ദൃശ്യങ്ങൾ പുറത്തുവരുമ്പോൾ നാം കാണാറുണ്ട്.
ആദിപുരുഷിന്റെ വിഷ്വൽ ഇഫക്‌റ്റുകൾക്ക് മേൽനോട്ടം വഹിച്ചത് മേഖലയിൽ 25 വർഷത്തെ അനുഭവപരിചയമുള്ള പ്രസാദ് സുതാറാണ്. താനാജി, ബാജിറാവു മസ്താനി, ഡോൺ 2 തുടങ്ങിയ 150 ചിത്രങ്ങളുടെ വിഎഫ്എക്സ് അനുഭവ സമ്പത്തുള്ളയാളാണ് സുതാര്‍. ഇപ്പോൾ സുതാറിന്റെ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിലുള്ള ആക്രമണമാണ് അരങ്ങേറുന്നത്. എന്തായാലും ചരിത്രസിനിമകളിൽ സിജിഐ പരീക്ഷണം നടത്താനൊരുങ്ങുന്നവർ ഇനി ഒന്നു മടിച്ചേക്കും.