ആപ്പിൾ ഇവന്റ് എത്തുന്നു; ഐഫോണ്‍ പ്രേമികളുടെ കണ്ണില്‍ പൊന്നീച്ച പറക്കുമോ?
Mail This Article
മൂന്നാഴ്ചയ്ക്കുള്ളില്‍ പുറത്തിറക്കുമെന്നു കരുതപ്പെടുന്ന ആപ്പിളിന്റെ ഐഫോണ്‍ 15 സീരിസിലെ ഏറ്റവും കപ്പാസിറ്റിയുള്ള പ്രോ മോഡലിന്റെ വില 2.4 ലക്ഷം രൂപയിലേറെ വന്നേക്കുമെന്നു റിപ്പോർട്ടുകൾ. ഐഫോണ്‍ 15 പ്രോ മാക്‌സിന്റെ 2 ടിബി വേരിയന്റിനാണ് ഈ വില പ്രതീക്ഷിക്കുന്നത്. നിലവിലുള്ളമോഡലുകളുടേതിനേക്കാള്‍ 500 ഡോളര്‍ അധികമായിരിക്കും ഇതിനു വില എന്നാണ് ബിജിആര്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. ഇപ്പോള്‍ വില്‍പ്പനയിലുള്ള ഐഫോണ്‍ 14 പ്രോ മാക്‌സിന്റെ 1 ടിബി വേരിയന്റിന്റെ വില 1599 ഡോളറാണ്. ഇതിന് ഇന്ത്യയിലെ എംആര്‍പി 1,89,900 രൂപയാണ്.
ഐഫോണ്‍ 15 പ്രോ മാക്‌സ് 2ടിബിയുടെ വില 2,100 ഡോളറായിരിക്കുമെന്നാണ് ഇപ്പോഴത്തെ ഊഹം. ഏകദേശം രണ്ടര ലക്ഷത്തോളം രൂപക്കായിരിക്കും ഇത് ഇന്ത്യയില്‍ വില്‍ക്കുക. ഒരു ഫോണിന് മാക്ബുക്ക് പ്രോയേക്കാള്‍ 60 ശതമാനം അധിക വില നല്‍കേണ്ടി വരുന്ന സാഹചര്യമാണ് ഇപ്പോള്‍ സംജാതമായിരിക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് മാക്ബുക്കുകള്‍ സ്വപ്‌ന ഉപകരണങ്ങള്‍ ആയിരുന്നു. ഇപ്പോള്‍ 13-ഇഞ്ച് മാക്ബുക്ക് പ്രോ ലാപ്‌ടോപ് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ നല്‍കേണ്ടത് കുറഞ്ഞത് 1,299 ഡോളറാണ്.
വില വര്‍ദ്ധന എന്തുകൊണ്ട്?
ഐഫോണ്‍ 14 പ്രോ സീരിസിനെക്കാള്‍ ചില അധിക ടെക്നോളജിയിൽ നിര്‍മിച്ചതായിരിക്കും 15 പ്രോ മാക്‌സ് സീരിസ്. കൂടുതല്‍ ആധുനിക ലൈഡാര്‍ സെന്‍സറുകള്‍, 3എന്‍എം സാങ്കേതികവിദ്യ ഉപയോഗിച്ചു നിര്‍മ്മിച്ച എ17 ബയോണിക് പ്രൊസസര്‍, മികവുറ്റ ക്യാമറാ സിസ്റ്റം എന്നിവ ഉറപ്പായും ഉണ്ടായിരിക്കും എന്നാണ് സൂചന. ഈ വര്‍ഷത്തെ പ്രോ മോഡലുകളില്‍ 8കെ വിഡിയോ റെക്കോഡിങ് സാധിച്ചേക്കുമെന്ന വാദമുണ്ട്. പക്ഷെ, പലരും അതു പ്രതിക്ഷിക്കുന്നില്ല. എന്നാല്‍, ഐഫോണ്‍ 14 പ്രോ സീരിസിനു സാധിക്കാത്ത രീതിയില്‍ സ്‌പെഷ്യല്‍ ഫോട്ടോകളും, വിഡിയോകളും പകര്‍ത്താനുള്ള ശേഷി ആര്‍ജിച്ചേക്കുമെന്നാണ് പരക്കെയുള്ള വിശ്വാസം.
ഈ വര്‍ഷം വില്‍പ്പനയെക്കെത്തുന്ന ആപ്പിള്‍ വിഷന്‍ പ്രോ ഹെഡ്‌സെറ്റില്‍ വീക്ഷിക്കാനുള്ള കണ്ടെന്റ് ആയിരിക്കും ഇത്തരത്തില്‍ സൃഷ്ടിക്കുക. 3ഡി ചിത്രങ്ങള്‍ അടക്കം പിടിച്ചെടുക്കുമ്പോള്‍ സംഭരണശേഷി വര്‍ദ്ധിക്കേണ്ടതായും വന്നേക്കും. മുമ്പില്ലാതിരുന്ന യുഎസ്ബി-സി പോര്‍ട്ടും കണ്ടെന്റ് ക്രിയേറ്റര്‍മാര്‍ക്കും ഗുണം ചെയ്‌തേക്കും. മാക്‌സ് സീരിസിന് ടൈറ്റാനിയം ഉപയോഗിച്ചുള്ള നിര്‍മ്മാണം, 10 മടങ്ങ് സൂമുള്ള ക്യാമറ തുടങ്ങിയവയും പ്രവചിക്കപ്പെടുന്നു.
അതിനു പുറമെ പ്രൊ സീരിസിനു മൊത്തം 100 ഡോള്‍ വീതം വര്‍ദ്ധിപ്പിക്കുന്നുണ്ട് എന്നും കേള്‍ക്കുന്നു. ഐഫോണ്‍ 14 പ്രോയുടെ തുടക്ക വേരിയന്റ് 999 ഡോളറിനാണ് വില്‍ക്കുന്നത്. എന്നാല്‍ അത് 1099 ഡോളറായി വര്‍ദ്ധിപ്പിക്കുമത്രെ. അപ്പോള്‍ തുടക്ക വേരിയന്റിന് 256ജിബി സംഭരണശേഷിയും ലഭിക്കുമെന്നും പറയുന്നു.
അധിക വിലയല്ലെന്നും ചിലര്‍
ഇന്ത്യന്‍ ഐഫോണ്‍ പ്രേമികളുടെ കണ്ണില്‍ പൊന്നീച്ച പറക്കുന്ന വില വന്നേക്കാമെങ്കിലും, ഡോളറിന്റെ മൂല്യം ഇടിഞ്ഞിരിക്കുന്നതു കണക്കിലെടുത്താല്‍ ഈ വര്‍ഷത്തെ ഐഫോണ്‍ 15 പ്രോ സീരിസിന് ഇത് അധിക വിലയല്ലെന്നുളള വാദവുമുണ്ട്. ഐഫോണ്‍ X മോഡലിന്റെ തുടക്ക വേരിയന്റിന് 2017ല്‍ ഇട്ട വിലയായ 999 ഡോളര്‍ ഇതുവരെ തുടരുകയായിരുന്നു.
ഈ വര്‍ഷം ഐഫോണ്‍ 15 പ്രോ മാക്‌സ് അല്ലെന്ന്
ടൈറ്റാനിയം ഉപയോഗിച്ചുള്ള നിര്‍മാണം, ചില അധിക ഫീച്ചറുകള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തി പുറത്തിക്കുന്ന ഫോണിന് ഐഫോണ്‍ 15 അള്‍ട്രാ എന്നു നാമകരണം ചെയ്‌തേക്കുമെന്നാണ് ആപ്പിള്‍ ഇന്‍സൈഡറിലെ ആന്‍ഡ്രു ഒഹാറ പ്രവചിച്ചിരിക്കുന്നത്. വില വര്‍ദ്ധനയെക്കുറിച്ചും പുതിയ ഫീച്ചറുകളെക്കുറിച്ചും, പേരിനെക്കുറിച്ചും ആപ്പിള്‍ ഇതുവരെ ഒന്നും ഔദ്യോഗികമായി പറഞ്ഞിട്ടില്ലെന്നുള്ളതും മനസില്‍ വയ്ക്കണം.
ലോകത്തെ ആദ്യത്തെ എച്ഡിആര്‍ 10പ്ലസ് ഗെയിം പുറത്തിറക്കാന്‍ സാംസങ്
ഉന്നതമായ കാഴ്ചാനുഭവം നല്‍കുന്ന ഹൈ ഡൈനാമിക് റെയ്ഞ്ജ് (എച്ഡിആര്‍)10പ്ലസ് നിലവാരമുളള ലോകത്തെ ആദ്യത്തെ കംപ്യൂട്ടര്‍ ഗെയിം തങ്ങള്‍ പുറത്തിറക്കുമെന്ന് സാംസങ് പ്രഖ്യാപിച്ചു. ദി ഫസ്റ്റ് ഡിസെന്‍ഡന്റ് എന്നായിരിക്കും അതിന്റെ പേര്. ഇത് നെക്‌സോണ്‍ആണ് വികസിപ്പിച്ചത്. ഗെയിംസ്‌കോം 2023ല്‍ ഔദ്യോഗികമായി പരിചയപ്പെടുത്തും.
27,990 രൂപയ്ക്ക് ലാപ്‌ടോപ് അവതരിപ്പിച്ച് ഇന്‍ഫിനിക്‌സ്
12-ാം തലമുറയിലെ ഇന്റല്‍ കോര്‍ ഐ3, ഐ5, ഐ7 എന്നീ പ്രൊസസറുകള്‍ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന പുതിയ ലാപ്‌ടോപ് സീരിസ് പുറത്തിറക്കിയിരിക്കുകയാണ് ഇന്‍ഫിനിക്‌സ്. ഇന്‍ബുക്ക് എക്‌സ്3 സ്ലിം (INBook X3 Slim) എന്നാണ് സീരിസിന്റെ പേര്. 14-ഇഞ്ച്ഫുള്‍എച്ഡി സ്‌ക്രീന്‍ ഉണ്ട്. 16ജിബി വരെയുള്ള റാമുള്ള വേരിയന്റുകളും ഉണ്ട്. തുടക്ക വേരിയന്റിന്റെ വില 27,990 രൂപ ആയിരിക്കും.
English Summary: Apple’s September 2023 iPhone 15 event: what will launch