ADVERTISEMENT

ഓണ്‍ലൈന്‍ വഴി അശ്ലീലവും, കുട്ടികളെയും, മുതിര്‍ന്നവരെയും ലൈംഗികമായി ഉപദ്രവിക്കുന്ന ഉള്ളടക്കവും പ്രചരിക്കുന്നതില്‍ അനിഷ്ടം പ്രകടിപ്പിച്ചു കേന്ദ്ര സര്‍ക്കാര്‍ . യൂട്യൂബ്, ടെലഗ്രാം, എക്‌സ്, മറ്റു സമൂഹ മാധ്യമങ്ങള്‍ എന്നിവ വഴി അശ്ലീലകണ്ടെന്റ് പ്രചരിക്കുന്നതിന്റെ കാര്യത്തില്‍  കമ്പനികള്‍ നല്‍കിയ പ്രതികരണത്തില്‍ ഗവണ്‍മെന്റിന് തൃപ്തിയില്ലെന്നാണ് റിപ്പോർട്ടുകൾ. അതിനാല്‍ ഇക്കാര്യത്തില്‍ ഓരോ കമ്പനിയും സ്വീകരിച്ചിരിക്കുന്ന നടപടിക്രമങ്ങളുടെ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ഇപ്പോള്‍. 

അശ്ലീല ഉള്ളടക്കം പൂര്‍ണ്ണമായും തടയണം  

അശ്ലീല ഉള്ളടക്കം തടയുന്ന കാര്യത്തില്‍ കമ്പനികള്‍ക്ക് ഗവണ്‍മെന്റ് ഒക്ടോബര്‍ 6ന് ആണ് നോട്ടിസ് നല്‍കിയിരിക്കുന്നത്. മിനിസ്ട്രി ഓഫ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയാണ് ഇത് പുറപ്പെടുവിച്ചിരിക്കുന്നത്. ഇത്തരം അശ്ലീല ഉള്ളടക്കം ബ്ലോക്ക് ചെയ്യണമെന്നാണത്രെ ഉത്തരവ്.  ആധൂനിക ടെക്‌നോളജി ഉപയോഗിക്കണമെന്നാണ് മന്ത്രാലയം പറയുന്നത്.

ഓട്ടോമേറ്റഡ് ടൂളുകള്‍ പ്രവര്‍ത്തിപ്പിച്ച് അശ്ലീല കണ്ടെന്റ് തിരിച്ചറിയണം. അത് എന്നന്നേക്കുമായി ബ്ലോക്കു ചെയ്യണം. ബലാത്സംഗം, കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് തുടങ്ങിയവ കാണിക്കുന്ന വിഡിയോകളോ, അവയുടെ അനുകരണങ്ങളോ (simulation)പ്രചരിക്കുന്നത് തടയണം.

കമ്പനികള്‍ക്ക് നഷ്ടപ്പെടാനേറെ

ഗവണ്‍മെന്റ് പറയുന്നതു കേട്ടില്ലെങ്കില്‍ സമൂഹ മാധ്യമങ്ങള്‍ക്കും മറ്റും, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി റൂള്‍സ് 2021 പ്രകാരം തങ്ങള്‍ ആസ്വദിച്ചു വരുന്ന സെയിഫ് ഹാര്‍ബര്‍ ആനുകൂല്ല്യം ഇല്ലാതായേക്കും. അതേസമയം, ഇക്കാര്യത്തില്‍ യൂട്യൂബും ടെലഗ്രാമും പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. തങ്ങള്‍ ഒരു തരത്തിലും കുട്ടികളെ ഉപദ്രവിക്കുന്ന കണ്ടെന്റിനോട് സഹിഷ്ണുത കാണിക്കുന്നില്ലെന്നാണ് ഇരു കമ്പനകളും അറിയിച്ചത്. 

Besides student names, images, ID card numbers, class, phone numbers, parent names, and information regarding staff, the login details of the software used to conduct the SSLC IT examination too were stolen. Photo: Istockphoto/towfiqu ahamed
Photo: Istockphoto/towfiqu ahamed

കുരുന്നുകളെ അപകടത്തിലാക്കുന്ന ഒരു തരം കണ്ടെന്റും തങ്ങള്‍ക്ക് അംഗീകരിക്കാനാവില്ലെന്ന് അവര്‍ പറഞ്ഞു. ഇത്തരം ഉള്ളടക്കം കണ്ടെത്തിയാല്‍ അതിവേഗം അത് നീക്കം ചെയ്യുന്നുണ്ടെന്ന് യൂട്യൂബ് പറഞ്ഞു. 2023 രണ്ടാം പാദത്തില്‍ മാത്രം 94,000 ചാനലുകളും, 25 ലക്ഷം വിഡിയോകളും നീക്കം ചെയ്തു. ഇവയെല്ലാം കുട്ടികളുടെ സുരക്ഷയ്ക്കായി തങ്ങള്‍ പാലിച്ചുവരുന്ന നയങ്ങള്‍ ലംഘിക്കുന്നവയായിരുന്നു, യൂട്യൂബ് അറിയിച്ചു. ഈ നയം തുടരുമെന്നും കമ്പനിയുടെ വക്താവ് പറഞ്ഞു.

ആമസോണിന്റെ ക്ലൗഡ്‌ടെയില്‍ ഇന്ത്യയ്ക്ക് വരുമാനത്തില്‍ 84 ശതമാനം ഇടിവ്

തലേ വര്‍ഷത്തെ അപേക്ഷിച്ച് 2023 സാമ്പത്തിക വര്‍ഷത്തില്‍ പ്രമുഖ ഓണ്‍ലൈന്‍ സ്ഥാപനമായ ആമസോണിന്റെ ക്ലൗഡ്‌ടെയില്‍ ഇന്ത്യയ്ക്ക്  പ്രവര്‍ത്തന വരുമാനം 84 ശതമാനം ഇടിഞ്ഞ് 2,977.8 കോടി രൂപയായി കുറഞ്ഞു എന്നും ഇടി റിപ്പോര്‍ട്ടു ചെയ്യുന്നു. ഇന്‍ഫോസിസ്സ്ഥാപകന്‍ എന്‍ആര്‍ നാരായണമൂര്‍ത്തിയുമായി ചേര്‍ന്നായിരുന്നു ആമസോണ്‍ ക്ലൗഡ്‌ടെയില്‍ പ്രവര്‍ത്തിപ്പിച്ചിരുന്നത്. 

അദ്ദേഹം ഒഴിവായതോടെ, പ്രൈവണ്‍ ബിസിസന് സര്‍വിസ് എന്ന പേരില്‍ പ്രവര്‍ത്തിച്ചുവന്ന ക്ലൗഡ്‌ടെയിലിന്, ആമസോണ്‍ സ്മാര്‍ട്ട് കൊമേഴ്‌സ് സൊലൂഷന്‍സ് എന്നായി പേര്. ക്ലൗഡ്‌ടെയില്‍ 2014ല്‍ ആണ് സ്ഥാപിക്കപ്പെട്ടത്. ആമസോണ്‍ ഇന്ത്യയിലെ ഏറ്റവും വലിയ സെല്ലര്‍മാരില്‍ ഒന്നു കൂടെയായിരുന്ന ക്ലൗഡ്‌ടെയില്‍ ഇപ്പോള്‍ ഒരു സെല്ലര്‍ എന്ന നിലയില്‍ സജീവമല്ല. കേന്ദ്ര ഗവണ്‍മെന്റിന്റെ നയങ്ങളാണ് പുതിയ സാഹചര്യത്തിലേക്ക് നയിച്ചത്. 

ഡോക്ടര്‍മാര്‍ക്ക് കരുത്തന്‍ എഐ ചാറ്റ്‌ബോട്ടുമായി മൈക്രോസോഫ്റ്റ്

(Photo by Lionel BONAVENTURE / AFP)
(Photo by Lionel BONAVENTURE / AFP)

ആഷര്‍ (Azure) എഐ ഹെല്‍ത് ബോട്ട് എന്ന പേരില്‍ പുതിയ കരുത്തുറ്റ എഐ ചാറ്റ് സംവിധാനം ഡോക്ടര്‍മാര്‍ക്കും പതോളജിസ്റ്റുകള്‍ക്കുമായി പുറത്തിറക്കിയിരിക്കകുയാണ് ടെക്‌നോളജി ഭീമന്‍ മൈക്രോസോഫ്റ്റ്. ആരോഗ്യ പരിപാലന മേഖലയിലുള്ളവര്‍ക്കായാണ് പുതിയചാറ്റ്‌ബോട്ട് എന്ന് സിഎന്‍ബിസി റിപ്പോര്‍ട്ടു ചെയ്യുന്നു.

ജെനറേറ്റിവ് എഐ, ടെക്‌സ്റ്റ് അനലിറ്റിക്‌സ് ഫോര്‍ ഹെല്‍ത്, ആരോഗ്യപരിപാലന ഉള്‍ക്കാഴ്ചകള്‍ തുടങ്ങിയവയാണ് ചാറ്റ്‌ബോട്ടിന് നല്‍കാന്‍ സാധിക്കുന്നത്. രോഗങ്ങളെക്കുറിച്ചും, ഇന്റേണല്‍ പ്രോട്ടോകോളുകളെക്കുറിച്ചും, പ്രൊസസുകളെക്കുറിച്ചും മറ്റു മെഡിക്കല്‍ വിഷയങ്ങളെക്കുറിച്ചുമുള്ള സംശയങ്ങള്‍ക്ക് മറുപടി പറയാന്‍ ഇതിന് സാധിക്കും. 

ഫിംഗര്‍പ്രിന്റ് ഉപയോഗിച്ചു ലോക് ചെയ്യാവുന്ന പെന്‍ഡ്രൈവുമായി ലെക്‌സാര്‍

പ്രമുഖ മെമ്മറി കാര്‍ഡ്, പെന്‍ഡ്രൈവ് നിര്‍മ്മാതാവായ ലെക്‌സാര്‍ പുതിയ യുഎസ്ബി ഡ്രൈവ് അവതരിപ്പിച്ചു. ജംപ്‌ഡ്രൈവ് (JumpDrive) എഫ്35 എന്ന പേരില്‍ പുറത്തിറക്കിയ യുഎസ്ബി 3.0 ഡ്രൈവിന് 300എംബിപിഎസ് വരെ റീഡ് സ്പീഡ് കിട്ടുമെന്ന് കമ്പനി പറയുന്നു. ലെക്‌സാര്‍ ജംപ്‌ഡ്രൈവ് എഫ്35 ന്, 256 എഇഎസ് എന്‍ക്രിപ്ഷന്‍ ഉണ്ട്. ഇത് വ്യക്തികള്‍ക്കും പ്രൊഫഷണലുകള്‍ക്കും പ്രയോജനപ്പെടും. ഡ്രൈവില്‍ സൂക്ഷിച്ചിരിക്കുന്ന ഫയലുകള്‍ വിരലടയാളം ഉപയോഗിച്ച് ലോക് ചെയ്യാം എന്നതാണ് ഇതിന്റെ പ്രധാന സിവശേഷത. 

ഒരു കമ്പനിയോ മറ്റോ ഉപയോഗിക്കുന്ന ഡ്രൈവ് ആണെങ്കില്‍ പത്തു പേരുടെ വരെ വിരലടയാളം സ്റ്റോറു ചെയ്യാനുള്ള ഓപ്ഷനും ഉണ്ട്. തങ്ങളുടെ ഡേറ്റ മറ്റാരുടെയും കൈയ്യില്‍ ചെന്നെത്തരുത് എന്ന ആഗ്രഹിക്കുന്ന കമ്പനികള്‍ക്കും വ്യക്തികള്‍ക്കും പുതിയ ഡ്രൈവ്പ്രയോജനപ്പെടുത്താമെന്ന് ലെക്‌സാര്‍ പറയുന്നു.

Image Credit: Thapana_Studio/shutterstock.com
Image Credit: Thapana_Studio/shutterstock.com

പിന്‍ മറന്നു പോകുമോ എന്ന പേടിയും വേണ്ട. വെറും 1 സെക്കന്‍ഡിനുള്ളില്‍ ഫിങ്ഗര്‍പ്രിന്റ് റീഡ് ചെയ്യുമെന്നും ലെക്‌സാര്‍ പറയുന്നു. ഇത് 32/64ജിബി സംഭരണശേഷിയുമായാണ് എത്തുന്നത്. ഇവയ്ക്ക് യഥാക്രമം 150/300 എംബിപിഎസ് റീഡ് സ്പീഡാണ്ഉള്ളത്. വില യഥാക്രമം 4,500 രൂപ, 6,000 രൂപ.

പിക്‌സല്‍ ബഡ്‌സ് പ്രോയ്ക്ക് ട്രാന്‍സ്പരന്‍സി മോഡ്; എന്താണത്?

ഗൂഗിളിന്റെ പ്രീമിയം വയര്‍ലെസ് ഇയര്‍ഫോണ്‍ സിസ്റ്റമാണ് പിക്‌സല്‍ ബഡ്‌സ് പ്രോ എന്ന പേരില്‍ വില്‍ക്കുന്നത്. ഇതിനുള്ള പുതിയ 5.9 സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റിലുള്ള ഒരു ഫീച്ചറാണ് ട്രാന്‍സപരന്‍സി മോഡ്. നിങ്ങള്‍ പിക്‌സല്‍ ബഡ്‌സ് പ്രോ അണിഞ്ഞു പാട്ടു കേട്ടു പോകുകയാണെന്ന് കരുതുക.

അപ്പോള്‍ ആരെങ്കിലുമായി സംസാരിക്കുകയാണെങ്കില്‍ അത് മനസിലാക്കി പാട്ട് കേള്‍പ്പിക്കുന്നത് നിറുത്തും. സംസാരം തീരുമ്പോള്‍ ഓട്ടോമാറ്റിക്കായി ആക്ടിവ് നോയിസ് ക്യാന്‍സലേഷന്‍ പ്രവര്‍ത്തിപ്പിക്കും, പാട്ട് നിറുത്തിയിടത്തു നിന്ന് തുടരും. ഈ ഫീച്ചറിനെയാണ് ട്രാന്‍സ്പരന്‍സി മോഡ് എന്ന് വിളിക്കുന്നത്. 

ഗെയിമര്‍മാര്‍ക്ക് വയര്‍ലെസ് ഇയര്‍ബഡ്‌സുമായി സോണി

ഇന്‍സോണ്‍ (InZone) ബഡ്‌സ് എന്ന പേരില്‍ പ്രമുഖ ജാപ്പനീസ് ഇലക്ട്രോണിക്‌സ് ഉപകരണ ഭീമന്‍ സോണി ഗെയിമിങ് പ്രേമികള്‍ക്കായി പുതിയ വയര്‍ലെസ് ഇയര്‍ബഡ്‌സ് അവതരിപ്പിച്ചു. ഇതിന് തുടര്‍ച്ചയായി 12 മണിക്കൂര്‍ ബാറ്ററി ലൈഫ് ലഭിക്കുമെന്ന് കമ്പനി. 30 മിലിസെക്കന്‍ഡ്‌സില്‍ താഴെയാണ് ലേറ്റന്‍സി. 360 ഡിഗ്രി സ്‌പേഷ്യല്‍ ഓഡിയോ സപ്പോര്‍ട്ടും ഉണ്ട്. വില 199.99 ഡോളര്‍. ഇന്ത്യയിലെ വില പ്രഖ്യാപിച്ചിട്ടില്ല.

വണ്‍പ്ലസിന്റെ മടക്കാവുന്ന ഫോണിന്റെ വില ഇതോ?

വണ്‍പ്ലസ് കമ്പനി തങ്ങളുടെ ആദ്യ ഫോള്‍ഡബ്ള്‍ ഫോണ്‍ പുറത്തിറക്കാന്‍ ഒരുങ്ങുകയാണെന്ന് ശ്രുതി. വണ്‍പ്ലസ് ഓപണ്‍ എന്നായിരിക്കും അതിന്റെ പേരെന്നും പറയുന്നു. വിന്‍ഫ്യൂച്ചര്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം ഫോണിന് 1,699 ഡോളര്‍ ആയിരിക്കും വില. ഇന്ത്യയില്‍ ഏകദേശം 1,41,500 രൂപയോളം വില വന്നേക്കും. 

English Summary:

Child pornography, revenge porn are serious issues, government working to curb it

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com