ബാസിത്–അഖിൽ സഖ്യം തുണയായി; കൊല്ലം സെയ്‌ലേഴ്സിന് സീസണിലെ രണ്ടാം തോൽവി സമ്മാനിച്ച് ട്രിവാൻഡ്രം
Mail This Article
തിരുവനന്തപുരം∙ തുടർവിജയങ്ങളുമായി സെമിഫൈനൽ ഉറപ്പാക്കിയ ഏരീസ് കൊല്ലം സെയ്‌ലേഴ്സിന്, കെസിഎൽ പ്രഥമി സീസണിലെ രണ്ടാം തോൽവി. പൊരുതിക്കളിച്ച കൊല്ലം സെയ്‌ലേഴ്സിനെ, ട്രിവാൻഡ്രം റോയൽസാണ് വീഴ്ത്തിയത്. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത കൊല്ലം സെയ്‌ലേഴ്സ് നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 131 റൺസ്. മറുപടി ബാറ്റിങ്ങിൽ ട്രിവാൻഡ്രം റോയൽസ് 10 പന്തും നാലു വിക്കറ്റും ബാക്കിയാക്കി വിജയത്തിലെത്തി.
ഒരു ഘട്ടത്തിൽ ആറിന് 83 റൺസ് എന്ന നിലയിൽ തകർന്ന ട്രിവാൻഡ്രം റോയൽസിന്, പിരിയാത്ത ഏഴാം വിക്കറ്റിൽ ക്യാപ്റ്റൻ അബ്ദുൽ ബാസിതും എം.എസ്. അഖിലും ചേർന്ന് പടുത്തുയർത്തിയ 49 റൺസിന്റെ കൂട്ടുകെട്ടാണ് വിജയത്തിലേക്ക് വഴിവെട്ടിയത്. ഇരുവരും ചേർന്ന 28 പന്തിലാണ് 49 റൺസ് അടിച്ചുകൂട്ടിയത്.
ബാസിത് 22 പന്തിൽ രണ്ടു വീതം സിക്സും ഫോറും ഹിതം 34 റൺസുമായി പുറത്താകാതെ നിന്നു. അഖിൽ 17 പന്തിൽ ഒരു ഫോറും മൂന്നു സിക്സും സഹിതം 29 റൺസോടെയും പുറത്താകാതെ നിന്നു. ട്രിവാൻഡ്രം നിരയിൽ ഓപ്പണർ എസ്. സുബിൻ (27 പന്തിൽ 30), റിയ ബഷീർ (15 പന്തിൽ 19), ആകർശ് (22 പന്തിൽ 11) എന്നിവരുടെ പ്രകടനവും നിർണായകമായി.
കൊല്ലത്തിനായി വിജയ് വിശ്വനാഥ് നാല് ഓവറിൽ 12 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. ബിജു നാരായണൻ നാല് ഓവറിൽ 24 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു.
നേരത്തെ, അർധസെഞ്ചറി നേടിയ വത്സൽ ഗോവിന്ദിന്റെ മികവിലാണ് കൊല്ലം സെയ്‌ലേഴ്സ് ഭേദപ്പെട്ട സ്കോറിലെത്തിയത്. വത്സൽ 49 പന്തിൽ അഞ്ച് ഫോറുകളോടെ 52 റൺസെടുത്തു. 36 പന്തിൽ മൂന്നു ഫോറും രണ്ടു സിക്സും സഹിതം 35 റൺസെടുത്ത അനന്ദു സുനിൽ, 11 പന്തിൽ 10 റൺസെടുത്ത രാഹുൽ ശർമ, ആറു പന്തിൽ 11 റൺസുമായി പുറത്താകാതെ നിന്ന അമൽ എന്നിവർ ചേർന്നാണ് കൊല്ലത്തെ 131ൽ എത്തിച്ചത്.
ട്രിവാൻഡ്രം റോയൽസിനായി വിനോദ് കുമാർ നാല് ഓവറിൽ 24 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. അഖിൻ സത്താർ, ക്യാപ്റ്റൻ അബ്ദുൽ ബാസിത്, ശ്രീഹരി നായർ, എം.എസ്. അഖിൽ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.