ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക് അക്കൗണ്ടുകൾ ലോകമെമ്പാടും 'ഡൗൺ'; എക്സിൽ ട്രോളോടു ട്രോൾ
Mail This Article
മെറ്റ കമ്പനിയുടെ ഉടമസ്ഥതയിലുള്ള സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളായ ഫെയ്സ്‌ബുക്കും ഇൻസ്റ്റഗ്രാമും ലോകമെമ്പാടും മണിക്കൂറുകളോളം പ്രവര്‍ത്തനം നിലച്ചതായി റിപ്പോർട്ടുകൾ. രാജ്യത്തുടനീളമുള്ള ഉപയോക്താക്കളും ഫെയ്സ്ബുക്കിൽനിന്നു തനിയെ ലോഗ് ഔട്ട് ആയതായും അക്കൗണ്ടുകളിലേക്ക് തിരികെ ലോഗിൻ ചെയ്യാൻ കഴിയുന്നില്ലെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു. ഇന്‍സ്റ്റഗ്രാം ലോഗ് ഔട്ടായില്ലെങ്കിലും ഉള്ളടക്കങ്ങളൊന്നും കാണാനാകുന്നില്ല. ചൊവ്വാഴ്ച രാത്രി ഇന്ത്യൻ സമയം 10 മണിയോടെ പ്രശ്നം പരിഹരിക്കപ്പെട്ടു.
പെട്ടെന്നു ലോഗ് ഔട്ട് ആകുകയും തിരികെ ലോഗിൻ ചെയ്യാനും കഴിയാതെ വന്നതോടെ, അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്നു ധരിച്ച ഉപഭോക്താക്കൾ പരിഭ്രാന്തരായി. കാര്യമെന്താണ് എന്നറിയാൻ ഏവരും എക്സ്(ട്വിറ്റർ) പ്ലാറ്റ്ഫോമിലേക്കു പാഞ്ഞു. പെട്ടെന്നുള്ള ട്രാഫിക്കിൽ അമ്പരന്നെങ്കിലും മെറ്റയെ കണക്കിനു പരിഹസിക്കാൻ എക്സ് മറന്നില്ല. ഒറ്റയടിക്ക് ഉപഭോക്താക്കളുടെ എണ്ണം വർധിച്ചതു ശ്രദ്ധിച്ച 'എക്സ്' ‘നിങ്ങളെല്ലാം ഇവിടെ ഉള്ളതിന്റെ കാരണം ഞങ്ങൾക്കറിയാ’മെന്നു പോസ്റ്റ് ചെയ്തു.
എക്‌സിന്റെ ഉടമയായ എലോൺ മസ്‌ക് ഒട്ടും പിന്നിലായിരുന്നില്ല, അദ്ദേഹം മെറ്റയെ പരിഹസിച്ചുകൊണ്ട് പറഞ്ഞു, "നിങ്ങൾ ഈ പോസ്റ്റ് വായിക്കുന്നുണ്ടെങ്കിൽ, അത് ഞങ്ങളുടെ സെർവറുകൾ പ്രവർത്തിക്കുന്നതിനാലാണ്'.
കഴിഞ്ഞ വർഷം ജൂലൈയിൽ വാട്സാപ് ഉൾപ്പെടെയുള്ള മെറ്റാ പ്ലാറ്റ്‌ഫോമുകളിൽ വലിയൊരു തകരാർ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. #instagramdown എന്ന ഹാഷ്ടാഗിൽ തകരാർ എക്സിൽ ട്രെൻഡിങ്ങായി. നിരവധി ട്രോളുകളും ആശങ്കകളുമാണ് ഈ ഹാഷ്ടാഗിൽ ഉപഭോക്താക്കൾ പോസ്റ്റ് ചെയ്തത്.
മാർക്ക് സക്കർബർഗിന് ഏകദേശം 100 മില്യൻ ഡോളർ വരുമാനം ഏതാനും മണിക്കൂറിലെ തടസ്സത്തിൽ നഷ്ടപ്പെട്ടതായി വെഡ്ബുഷ് സെക്യൂരിറ്റീസ് മാനേജിങ് ഡയറക്ടർ ഡാൻ ഐവ്സ് ഒരു മാധ്യമത്തിൽ നടത്തിയ വിലയിരുത്തലിൽ പറയുന്നു. മെറ്റയുടെ ഓഹരി വിലയും കുറഞ്ഞതായി റിപ്പോർട്ടുകള്‍ വന്നു.