ADVERTISEMENT

ഈ വേനല്‍ക്കാലത്ത് പലരും ഫോണും ലാപ്‌ടോപ്പും ടാബ്‌ലറ്റും അടക്കമുള്ള ഉപകരണങ്ങളുടെ ചാര്‍ജിങ്ങിന്റെ കാര്യത്തില്‍ പലവിധ പ്രശന്ങ്ങള്‍ നേരിടുന്നുണ്ട്. മിക്കവരുടെയും പരാതി ഫോണ്‍ ചാര്‍ജിങ് മന്ദഗതിയിലായിരിക്കുന്നു എന്നതാണ്. ചിലര്‍ക്ക് ചാര്‍ജ് ചെയ്യല്‍ ഇടയ്ക്കുവച്ചു മുറിയുന്നു. മറ്റു ചിലര്‍ക്ക് ഫോണിന്റെ പ്രവര്‍ത്തനം തന്നെ മന്ദീഭവിച്ചു. ചിലര്‍ക്ക് വെറുതെ ബ്രൗസിങ് നടത്തുമ്പോള്‍ പോലും ഫോണ്‍ ചൂടാകുന്നതെന്ത് എന്ന് മനസിലാകുന്നില്ല. പ്രകൃതിയില്‍ ഇത്രയധികം ചൂട് ഉണ്ടായിരിക്കുന്ന സമയത്ത് നിങ്ങളുടെ വിലയേറിയ ഉപകരണങ്ങളുടെ സംരക്ഷണത്തിന് ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കണം.

ചൂടും തണുപ്പും അധികമായാല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ അടക്കമുള്ളവയുടെ പ്രവര്‍ത്തനത്തില്‍ പ്രശ്‌നങ്ങള്‍ വരാം. സന്തുലിത കാലാവസ്ഥയുള്ളപ്പോള്‍ വെബ് ബ്രൗസിങ് പോലെയുള്ള ലളിതമായ കാര്യങ്ങള്‍ നടത്തുമ്പോള്‍ ഫോണിനും ഒട്ടും ആയാസപ്പെടേണ്ടതായി വരുന്നില്ല. പ്രകൃതിയിലുള്ള ചൂട് ഉപകരണങ്ങളെയും ബാധിക്കുന്നു. ഏതാനും ചില ഗെയിമിങ് ഫോണുകള്‍ക്കൊഴികെ മിക്ക ഫോണുകള്‍ക്കും ചൂട് പുറംതള്ളാനുള്ള വെന്റിലേഷനോ മറ്റ് സംവിധാനങ്ങളോ ഇല്ല.

മിക്ക ഉപകരണങ്ങളുടെയും ഡിസ്‌പ്ലെയുടെ വലുപ്പവും ബ്രൈറ്റ്‌നസും കഴിഞ്ഞ ഏതാനും വര്‍ഷത്തിനിടയില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. ഇത് നല്ല ഒരു കാര്യമാണെങ്കിലും ചൂടുകാലത്ത് ഉപകരണങ്ങള്‍ ചൂടാകാനും കാരണമാകും. ഡിസ്‌പ്ലെ ബ്രൈറ്റ്‌നസ് കുറച്ച് ചൂടാകല്‍ കുറയുന്നുണ്ടോ എന്ന് പരീക്ഷിച്ചു നോക്കുക. എന്തായാലും, ഒരിക്കല്‍ ചൂടായാല്‍ അത് വീണ്ടും തണുത്തു വരാന്‍ അല്‍പം സമയമെടുക്കും.

നേരിട്ട് സൂര്യപ്രകാശം സ്‌ക്രീനില്‍ അടിക്കുന്ന സാഹചര്യമുണ്ടെങ്കില്‍ ദീര്‍ഘനേരം ഉപയോഗിക്കാതിരിക്കുക. മിക്ക ഫോണ്‍ സ്‌ക്രീനുകളും തെളിമ നല്‍കാനായി സ്വയം ക്രമീകരിക്കുകയും അത് ചൂടാകലില്‍ കലാശിക്കുകയു ചെയ്യും. ഫോണ്‍ ചൂടായി കഴിഞ്ഞാല്‍ അതിന്റെ പ്രകടനത്തെയും ബാധിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. ഈ സമയത്ത് ഗെയിമുകള്‍ കളിക്കാന്‍ ശ്രമിക്കുന്നതും ഫോണുകളെ പ്രതികൂലമായി ബാധിക്കാം.

Image Source: Photoroyalty | Shutterstock
Image Source: Photoroyalty | Shutterstock

ഫോണ്‍ ചാര്‍ജിങ് ഇടയ്ക്കുവച്ച് മുറിയുന്നത് ചൂടുമൂലം ഉണ്ടായേക്കാവുന്ന തകരാര്‍ ഒഴിവാക്കാനായാണത്രെ. മിക്ക ഫോണുകളും ഈ കാലത്ത് ഫാസ്റ്റ് ചാര്‍ജിങ് രീതികള്‍ പ്രയോജനപ്പെടുത്തുന്നുണ്ടല്ലോ. എന്നുപറഞ്ഞാൽ ധാരാളം വൈദ്യുതി ഒറ്റയടിക്ക് ഫോണ്‍ ബാറ്ററിയിലേക്ക് കടത്തിവിടാന്‍ ശ്രമിക്കുന്നു. ഈ സമയത്ത് ഫോണ്‍ ചൂടാകുന്നു. മിക്ക ഫോണുകളിലും ചൂട് അറിയാനുള്ള സെന്‍സറുകള്‍ ഉണ്ട്. ഇവ സന്ദര്‍ഭോചിതമായി ഉണര്‍ന്നു പ്രവര്‍ത്തിച്ചാണ് ഫോണിലേക്കുള്ള വൈദ്യുത പ്രവാഹം കട്ട് ആക്കുന്നത്. ചിലപ്പോള്‍ ഇത്തരം സാഹചര്യങ്ങളില്‍ ചാര്‍ജിങ് സ്പീഡ് കുറയ്ക്കുകയാകാം ചെയ്യുന്നത്. ഫോണില്‍ നിന്ന് ചൂട് വലിഞ്ഞുപോയിരിക്കുന്ന സമയത്താണെങ്കില്‍ ക്വിക് ചാര്‍ജിങും മറ്റും പ്രതീക്ഷിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നതായും കാണാം.

ചാര്‍ജിങ് നടക്കുന്നില്ല എന്നാല്‍ ഫോണ്‍ ചാര്‍ജ് ചെയ്‌തേ മതിയാകൂ എന്ന ഒരു സാഹചര്യമുണ്ടെങ്കില്‍ എന്തു ചെയ്യാം? ഫോണില്‍ കേസ് ഇട്ടിട്ടുണ്ടെങ്കില്‍ അത് ഊരിവച്ച് അല്‍പം തണുത്ത ശേഷം ചാര്‍ജ് ചെയ്ത് നോക്കുക. വയര്‍ലെസ് ചാര്‍ജര്‍ ആണ് ഉപയോഗിക്കുന്നതെങ്കില്‍ അതിനു പകരം വയേഡ് ചാര്‍ജര്‍ കണക്ടു ചെയ്തു നോക്കാം. വയര്‍ലെസ് ചാര്‍ജര്‍ സ്വന്തമായി ചൂടുണ്ടാക്കുമല്ലോ.

ചാര്‍ജിങ് നടക്കുന്ന സമയത്ത് അത് ഉപയോഗിക്കാതിരിക്കുന്നതും (ഗെയിമിങ്, ബ്രൗസിങ്, വാട്‌സാപ് നോട്ടം) ഗുണം ചെയ്‌തേക്കാം. ചില ഫോണുകളില്‍ ബൈപാസ് ചാര്‍ജിങ് എന്ന് ഒരു ഓപ്ഷന്‍ ഉണ്ട്. ഇത് ബാറ്ററി ഓഴിവാക്കി നേരിട്ട് പ്രൊസസറിന് വൈദ്യുതി നല്‍കുന്നു. ഇത് ഉപയോഗിച്ചാലും ഗെയിം കളിക്കുകയാണെങ്കില്‍ മിക്ക ഫോണുകളും ചൂടാകുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

അന്തരീക്ഷ താപം മാത്രമാണോ ചാര്‍ജ് ചെയ്യുമ്പോള്‍ ഫോണ്‍ ചൂടാകാന്‍ കാരണം? ഏതാനും വര്‍ഷം പഴയ ഫോണാണെങ്കില്‍ അതിന്റെ ബാറ്ററിയുടെ ഭാഗങ്ങളും നശിച്ചു തുടങ്ങിയിട്ടുണ്ടാകാം. മോശം ബാറ്ററിയും അന്തരീക്ഷതാപവും കൂടി ചേരുമ്പോള്‍ ഫോണുകള്‍ക്ക് അധിക പ്രശ്‌നങ്ങള്‍ വരാം. ഫോണിന്റെ ബാക് പാനല്‍ അല്‍പമെങ്കിലും പുറത്തേക്ക് തള്ളിവന്നിട്ടുണ്ടെങ്കില്‍ അത് ബാറ്ററി കേടായി തുടങ്ങിയതു മൂലമായിരിക്കാം.

ഐഫോണുകള്‍ അടക്കം ചില ഹാന്‍ഡ്‌സെറ്റുകളില്‍ ബാറ്ററി ഹെല്‍ത് വിഭാഗമുണ്ട്. ബാറ്ററി മാറ്റാൻ സമയമായോ എന്ന് അവിടെ നോക്കി തിട്ടപ്പെടുത്താം. ബാറ്ററിയുടെ ശേഷി കുറഞ്ഞിട്ടുണ്ടെങ്കില്‍ അതിന് ഫോണിനു പ്രവര്‍ത്തിക്കാൻ അനുയോജ്യമായ ചാര്‍ജ് നല്‍കാന്‍ സാധിക്കണമെന്നില്ല. ഇതും പ്രകടനത്തെ ബാധിച്ചേക്കാം. പൊതുവെ 2 വര്‍ഷത്തിനിടയ്ക്ക് ഫോണുകളുടെ ബാറ്ററികള്‍ കേടാകാറില്ല. അതിലും പഴക്കമുള്ള ഫോണുകള്‍ ആണെങ്കില്‍ ബാറ്ററിയുടെ ആരോഗ്യം പരിശോധിക്കുന്നതും നന്നായിരിക്കും.

പറ്റുമെങ്കില്‍ ഫോണ്‍ നിര്‍മാതാവ് ഒരു പ്രത്യേക മോഡലിനായി ഇറക്കിയിരിക്കുന്ന ചാര്‍ജര്‍ തന്നെ ചാര്‍ജിങ്ങിന്  ഉപയോഗിക്കണം. പകരം ഏതെങ്കിലും കമ്പനി നിര്‍മിച്ച ചാര്‍ജര്‍ ഉപയോഗിക്കുന്നതും ചൂടാകല്‍ പ്രശ്‌നങ്ങള്‍ വഷളാകാന്‍ ഇടയാക്കാം. ഫോണ്‍ അമിതമായി ചൂടായിട്ടില്ലെങ്കില്‍ അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ല. സാധിക്കുന്നിടത്തോളം ഫോണ്‍ ഒന്നു തണുക്കാന്‍ കാത്തിരിക്കുന്നത് ഫോൺ ഹെൽത്തിന് കുറിച്ച് ഉത്കണ്ഠയുള്ളവര്‍ പരിശീലിക്കേണ്ട കാര്യമാണ്. ചാര്‍ജ് ചെയ്യാനായി രാത്രി മുഴുവന്‍ കുത്തിയിടുന്നതും സാധിക്കുമെങ്കില്‍ ഒഴിവാക്കുക.

ഓപ്പണ്‍എഐയുമായി ആപ്പിള്‍ ചര്‍ച്ച പുനരാംഭിച്ചു

ഫോണ്‍ നിര്‍മാണത്തില്‍ മികവു പുലര്‍ത്തുന്നുണ്ടെങ്കിലും നിര്‍മിത ബുദ്ധി (എഐ) വികസിപ്പിക്കുന്ന കാര്യത്തില്‍ ആപ്പിളിന് മറ്റു കമ്പനികള്‍ക്കൊപ്പം എത്താന്‍ സാധിച്ചിട്ടില്ലെന്നുള്ള കാര്യംഇപ്പോള്‍ പരസ്യമായ രഹസ്യമാണ്. ഐഫോണ്‍ 16 സീരിസില്‍ എഐയുടെ ശക്തമായ സന്നിധ്യം ഉണ്ടാകണം എന്ന് കമ്പനിക്ക് ആഗ്രഹമുണ്ട്. ഇതിനായി ഓപ്പണ്‍എഐ, ഗൂഗിള്‍, ചൈനീസ് കമ്പനിയായ ബൈഡു തുടങ്ങിയവയുടെ പ്രതിനിധികളുമായി ആപ്പിള്‍ ചര്‍ച്ച നടത്തിയിരുന്നു.

വൈറല്‍ എഐ സേര്‍ച്ച് സംവിധാനമായ ചാറ്റ്ജിപിറ്റിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഓപ്പണ്‍എഐയുമായുള്ള ചര്‍ച്ച ഇടയ്ക്കു വച്ച് നിറുത്തി, ഗൂഗിളിന്റെ ജെമിനൈ ഉള്‍ക്കൊള്ളിക്കാനുള്ള ശ്രമത്തിലാണ് ആപ്പിള്‍ എന്നായിരുന്നു അടുത്തിടെ വരെ കേട്ടത്. ഐഫോണ്‍ രൂപകല്‍പന ചെയ്യാന്‍ മുന്നില്‍ നിന്ന് മുന്‍ ആപ്പിള്‍ ഡിസൈനര്‍ ജോണി ഐവും ഓപ്പണ്‍എഐ മേധാവി സാം ഓള്‍ട്ട്മാനും, ഐഫോണിന് അപ്പുറമുള്ള ഒരു ഉപകരണം നിര്‍മ്മിച്ചെടുക്കാനുള്ള ശ്രമത്തിലാണെന്നും കേട്ടിരുന്നു. അതും ഓപ്പണ്‍എഐ-ആപ്പിൾ ചര്‍ച്ചകള്‍ പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ കാരണമായോ എന്ന സംശയം ചിലര്‍ ഉന്നയിച്ചിരുന്നു. 

എന്തായാലും ആപ്പിളും ഓപ്പണ്‍എഐയും വീണ്ടും സഹകരിക്കാനായി ചര്‍ച്ചകള്‍ ആരംഭിച്ചു എന്നാണ് ബ്ലൂംബര്‍ഗ് റിപ്പോർട്ട്. ഐഒഎസ് 18നില്‍ എങ്ങനെ എഐ സന്നിവേശിപ്പിക്കാം എന്ന കാര്യത്തിലാണ് ചര്‍ച്ച. ഇരു കമ്പനികളും ഈ റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരിക്കാന്‍ വിസമ്മതിച്ചു. ജെമിനൈയുടെ ചില ഫീച്ചറുകള്‍ ഐഫോണ്‍ 16 സീരിസില്‍ എത്തിക്കാനായി നടത്തിവന്ന ചര്‍ച്ചകളും ഉപേക്ഷിച്ചിട്ടില്ലെന്നും കേള്‍ക്കുന്നു.

ഗൂഗിള്‍ മീറ്റിനു സമാനമായ ഫീച്ചറുകള്‍ എക്‌സില്‍ എത്തിയേക്കും

ടെസ്‌ലാ മേധാവി ഇലോണ്‍ മസ്‌കിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സമൂഹ മാധ്യമ കമ്പനയായ എക്‌സില്‍ ഗൂഗിള്‍ മീറ്റിനു സമാനമായ കോണ്‍ഫറന്‍സ് ഫീച്ചറുകള്‍ എത്തിയേക്കും. എക്‌സ് സ്‌പെയ്‌സസില്‍ ആയിരിക്കാം പുതിയ ഫീച്ചര്‍. എക്‌സില്‍ വന്ന ഒരു പോസ്റ്റ് തന്നയാണ് ഈ ദിശയിലേക്ക് വിരല്‍ ചൂണ്ടിയിരിക്കുന്നത്

English Summary:

Beat the Heat: Top Tips to Keep Your Smartphone Cool and Charging Efficiently This Summer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com