അശ്ലീലം പറ്റില്ല, ഡീപ്ഫെയ്ക് പരസ്യങ്ങളിൽ നിര്‍ണായക മാറ്റങ്ങളുമായി ഗൂഗിൾ
Mail This Article
ഡീപ്ഫെയ്കിലൂടെ സൃഷ്ടിക്കപ്പെട്ട അശ്ലീല രംഗങ്ങളും മറ്റും പരിധിവിടുന്നെന്നും സ്വകാര്യത ലംഘിക്കുന്നുവെന്നുമുള്ള ആശങ്ക പലരും പങ്കുവച്ചിരുന്നു. ടെക് ഭീമന്‍മാരും സർക്കാരുകളും ഒരുമിച്ചാൽ മാത്രമേ ഫലപ്രദമായ നിയന്ത്രണം സാധ്യമാകുകയുള്ളെന്ന അഭിപ്രായം നിരീക്ഷകരെല്ലാം പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ഡീപ്ഫെയ്ക് പരസ്യങ്ങളിൽ നിര്‍ണായക നിലപാടുമായി രംഗത്തുവരാൻ നിർബന്ധിതരായിരിക്കുകയാണ് ഗൂഗിൾ.
ലൈംഗികത പ്രകടമാക്കുന്നതോ നഗ്നത ഉൾക്കൊള്ളുന്നതോ ആയ ഡീപ്ഫെയ്കിലൂടെ മാറ്റം വരുത്തിയതോ സൃഷ്‌ടിച്ചതോ ആയ കണ്ടന്റ് പ്രമോട്ട് ചെയ്യുന്നത് തടയുന്ന രീതിയിൽ ഗൂഗിൾ 'Inappropriate Content Policy' അപ്‌ഡേറ്റ് ചെയ്‌തു. അടുത്തിടെ ഡീപ്ഫെയ്ക് പോൺ പ്രോത്സാഹിപ്പിക്കുന്ന 3 ആപ്പുകൾ ആപ്സ്റ്റോറിൽ നിന്നും ഗൂഗിൾ എടുത്തുകളഞ്ഞിരുന്നു.
ഗൂഗിൾ ഈ നയത്തിന്റെ ലംഘനങ്ങളെ വളരെ ഗൗരവമായി കാണുകയാണ്. ഇത്തരം അക്കൗണ്ടുകൾ കണ്ടെത്തി മുൻകൂർ മുന്നറിയിപ്പ് കൂടാതെ സസ്പെൻഡ് ചെയ്യും. ഇത്തരം നയലംഘനങ്ങൾ കാരണം 2023ൽ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് 2.28 ദശലക്ഷത്തിലധികം ആപ്ലിക്കേഷനുകൾ തടഞ്ഞതായി ഗൂഗിൾ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. 2022ൽ പ്രസിദ്ധീകരിക്കുന്നതിൽനിന്നും നിരസിച്ച 1.43 ദശലക്ഷം ആപ്പുകളിൽ നിന്ന് ഗണ്യമായ വർധനവാണ് കഴിഞ്ഞ വർഷമുണ്ടായത്.