പാട്ടുപാടിത്തരും, പാഠം പഠിപ്പിച്ചുതരും; എല്ലാത്തിനും ജിപിടി4ഒ, അതും സൗജന്യം
Mail This Article
ചാറ്റ്ജിപിടിയുടെ പുതിയ ഡെസ്ക്ടോപ് വെർഷനും എഐ മോഡലും മാതൃകമ്പനിയായ ഓപ്പൺ എഐ ഇന്നലെ അവതരിപ്പിച്ചു. ഇന്നലെ നടത്തിയ സ്പ്രിങ് അപ്ഡേറ്റ് ഇവന്റിൽ ചാറ്റ്ജിപിടിയുടെ പുതിയ പരിഷ്കാരങ്ങൾ സിഇഒ സാം ആൾട്മാൻ പ്രഖ്യാപിച്ചു. ജിപിടി–4ഒ എന്നു പേരിട്ടിരിക്കുന്ന പരിഷ്കരിച്ച നാലാം മോഡൽ സൗജന്യമായും ഉപയോഗിക്കാം. മുൻമോഡലുകളെ അപേക്ഷിച്ച് കൂടുതൽ വേഗം ഇതിനുണ്ട്. പ്രീമിയം വേണ്ട ഉപയോക്താക്കൾക്ക് ചാറ്റ്ജിപിടി പ്ലസ്, ടീം പ്ലാനുകൾ എടുക്കാനും അവസരമുണ്ട്.
ജിപിടി ഫോറിന്റെ ഇതിനു മുൻപിറങ്ങിയ പരിഷ്കരിച്ച പതിപ്പായ ജിപിടി 4 ടർബോയ്ക്ക് ചിത്രങ്ങളും അക്ഷരങ്ങളും വിലയിരുത്താനും ചിത്രങ്ങളിൽ നിന്ന് അക്ഷരങ്ങൾ പകർത്തിയെടുക്കാനുമൊക്കെയുള്ള ശേഷിയുണ്ടായിരുന്നു. എന്നാൽ ജിപിടി 4ഒയിൽ സംസാരവും കലരുന്നുണ്ട്. എന്നാൽ ഈ ഫീച്ചർ എല്ലാ ഉപയോക്താക്കൾക്കും ഉടനെ കിട്ടില്ല. ചെറിയ ഒരു ഉപയോക്തവൃന്ദത്തിൽ പരീക്ഷിച്ച ശേഷം ഇതും പൊതുധാരയിലെത്തിക്കും.
ഒരു എഐ അസിസ്റ്റന്റിനോട് സംസാരത്തിലൂടെ സംവദിക്കുന്നതുപോലെ ജിപിടി 4ഒയുമായി സംവദിക്കാൻ ഉപയോക്താവിനാകും. നേരത്തെ നമ്മൾ കണ്ടിരുന്ന ചാറ്റ്ജിപിടിയിൽ ഒരു കാര്യം ചോദിച്ചാൽ ആ ചോദ്യത്തിനുള്ള ഉത്തരം തരുകയായിരുന്നു പതിവ്. എന്നാൽ ഇനി ഉത്തരം തരുന്ന സമയത്ത് തന്നെ ഇടയ്ക്ക് കയറി സംശയങ്ങൾ ചോദിക്കാനും ഇടപെടാനുമൊക്കെ ഉപയോക്താവിന് അവസരമുണ്ട്. ശരിക്കും പറഞ്ഞാൽ രണ്ട് മനുഷ്യർ തമ്മിലുള്ളതുപോലെ സംസാരിക്കാം.നേരത്തെ പറഞ്ഞതോർക്കുക, ഈ ഫീച്ചർ ഉടനെ ലഭ്യമല്ല.
ക്യാമറയിലൂടെ മുഖം നോക്കി ഒരാളുടെ വികാരങ്ങൾ കണ്ടെത്താൻ ചാറ്റ്ജിപിടിക്ക് കഴിയും.ഇക്കാര്യം ചാറ്റ്ജിപിടിയുടെ ഡെമോ വിഡിയോയിൽ തന്നെ കണ്ടതാണ്. ഒരാളുടെ സന്തുഷ്ടമായ മുഖം നോക്കി. ഹായ് സന്തോഷമായിരിക്കുമല്ലോ, കാരണം എന്നോടുംകൂടി പറയുമോ എന്നു ചോദിക്കാൻ ചാറ്റ്ജിപിടിക്കായി.അതേപോലെ തന്നെ ശബ്ദത്തിലൂടെയും വികാരങ്ങൾ ചാറ്റ്ജിപിടി 4ഒ മനസ്സിലാക്കും.
മറ്റൊന്ന് ശബ്ദം പിടിച്ചെടുത്ത് അതേസമയം വിവർത്തനം ചെയ്യാനുള്ള ടൂളാണ്. സഞ്ചാരികൾക്ക് ഉപകാരപ്രദമാകും ഇത്. ഗ്രാഫുകളും മറ്റ് വിവരങ്ങളും മനസ്സിലാക്കി ഉപയോക്താവിനെ പഠിപ്പിക്കാനുള്ള ശേഷിയും ഇനി ചാറ്റ്ജിപിടിക്ക് ഉണ്ടാകും.അൻപതിലധികം ഭാഷകളിൽ ജിപിടി 4ഒയ്ക്ക് പ്രാവീണ്യമുണ്ടെന്ന് ഓപ്പൺഎഐ അവകാശപ്പെടുന്നു.
നിലവിൽ പത്തുകോടിയിലധികം ഉപയോക്താക്കൾ ചാറ്റ്ജിപിടിക്കുണ്ട്.കഴിഞ്ഞ നവംബർ 30ന് ആണ് ചാറ്റ്ജിപിടി പുറത്തിറങ്ങിയത്. വിവിധ തുറകളിലുള്ള ഉപയോക്താക്കൾക്കിടയിൽ ചാറ്റ്ജിപിടി വലിയ ഹിറ്റായി. ഇന്ത്യയിലെ വ്യവസായപ്രമുഖനായ ഗൗതം അദാനി പോലും ചാറ്റ് ജിപിടി തനിക്കു വലിയ താൽപര്യമുള്ള കാര്യമാണെന്നു പറഞ്ഞത് ശ്രദ്ധേയമായിരുന്നു. ചാറ്റ്ജിപിടിക്ക് ഒരു ബദൽ എന്ന നിലയിലാണു ഗൂഗിളിന്റെ ബാർഡ് രംഗത്തെത്തിയത്. മറ്റൊരു ടെക് വമ്പൻമാരായ മൈക്രോസോഫ്റ്റും ഈ രംഗത്തേക്കു ശക്തമായി ഇറങ്ങാനുള്ള നടപടികളിലാണ്.