ADVERTISEMENT

മെറ്റാ കമ്പനി വില്‍ക്കുന്ന റേ–ബാന്‍ സ്മാര്‍ട്ട് ഗ്ലാസസിന് ഇപ്പോള്‍ സ്മാര്‍ട്ട്‌ഫോണിന്റെ ഇടനില ഇല്ലാതെ നിങ്ങളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലേക്ക് സ്‌റ്റോറീസ് പോസ്റ്റ് ചെയ്യാന്‍ സാധിക്കും. ക്യാമറ ഉള്ള കണ്ണടയാണ് റേ-ബാന്‍ സ്മാര്‍ട്ട് ഗ്ലാസസ്. ഫോട്ടോ എടുക്കുന്നതിനുമുൻപോ എടുത്തതിനു ശേഷമോ വോയിസ് കമാന്‍ഡ് വഴി ചിത്രം പോസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെടാം: ചിത്രം എടുത്തു കഴിഞ്ഞ് 'ഹെയ് മെറ്റാ, ഷെയര്‍ മൈ ലാസ്റ്റ് ഫോട്ടോ റ്റു ഇന്‍സ്റ്റഗ്രാം' എന്നു പറയണമെന്നും, ഫോട്ടോ എടുക്കുന്നതിനു മുമ്പാണെങ്കില്‍, 'പോസ്റ്റ് എ ഫോട്ടോ റ്റു ഇന്‍സ്റ്റഗ്രാം' എന്നും പറയണമെന്ന് ദി വേര്‍ജിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

ആമസോണ്‍ മ്യൂസിക് 

ഈ മാറ്റത്തിനു പുറമെ, ആമസോണ്‍ മ്യൂസിക് സബ്‌സ്‌ക്രിപ്ഷന്‍ ഉള്ളവര്‍ക്ക് ഇനി ഗ്ലാസസ് വഴി പാട്ടു കേള്‍ക്കാം. 'ഹെയ് മെറ്റാ, പ്ലേ ആമസോണ്‍ മ്യൂസിക്' എന്ന കമാന്‍ഡ് നല്‍കിയാല്‍ ഉപയോക്താവ് നേരത്തെ ക്യുറേറ്റ് ചെയ്തിരിക്കുന്ന പ്ലേ ലിസ്റ്റ് കേള്‍പ്പിക്കും. പാട്ടിന്റെ ശബ്ദം കുറയ്ക്കുക, പോസ് ചെയ്യുക തുടങ്ങിയവ ടച് കൺട്രോൾ വഴിയോ, വോയിസ് കമാന്‍ഡ് വഴിയോ നടത്തുകയും ചെയ്യാം. ഇതിനും ഫോണ്‍ പുറത്തെടുക്കേണ്ടതില്ല. സ്‌പോട്ടിഫൈ, ആപ്പിള്‍ മ്യൂസിക് എന്നിവയ്ക്ക് നേരത്തെ സപ്പോര്‍ട്ട് ലഭിച്ചുവന്നതിന് പുറമെയാണ് പുതിയ മാറ്റം.

മെഡിറ്റേഷനും

മെഡിറ്റേഷന്‍ ആപ്പായ കാം (Calm) മെറ്റായുമായി സഹകരിച്ച് ആയിരിക്കും മൈന്‍ഡ്ഫുള്‍നെസ് എക്‌സര്‍സൈസ് ഫീച്ചര്‍ റേ-ബാന്‍ സ്മാര്‍ട്ട് ഗ്ലാസസ് ഉപയോക്താക്കള്‍ക്ക് നല്‍കുക. സഞ്ചാര മധ്യേ പോലും ധ്യാനനിരതരാകാന്‍ സാധിക്കുന്ന രീതിയില്‍ ഗൈഡഡ് മെഡിറ്റേഷന്‍ ഫീച്ചറായിരിക്കും നല്‍കുക. ഇതിന് വരിസംഖ്യ അടയ്‌ക്കേണ്ടി വരുമെങ്കിലും, മൂന്നു മാസം ഫ്രീയായി നല്‍കുന്നുണ്ട്. ഇഷ്ടപ്പെട്ടാല്‍ മാത്രം സബ്‌സ്‌ക്രൈബ് ചെയ്താല്‍ മതിയാകും. ഈ ഫീച്ചറുകളെല്ലാം ഘട്ടംഘട്ടമായി ആയിരിക്കും ലോകമെമ്പാടുമുള്ള ഉപയോക്താക്കള്‍ക്ക് നല്‍കുക എന്ന് മെറ്റാ അറിയിച്ചു. 

ആപ്പിളിനെ വെല്ലുവിളിച്ച് ഇന്റല്‍ ലൂനാര്‍ ലെയ്ക് പ്രൊസസര്‍

കംപ്യൂട്ടിങ് പ്രൊസസര്‍ നിര്‍മാണ മേഖലയില്‍ വന്‍മാറ്റങ്ങളാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ഇന്റലിന്റെ പ്രൊസസറുകള്‍ ഉപയോഗിച്ച് കംപ്യൂട്ടറുകള്‍ നിര്‍മ്മിച്ചുവന്ന ആപ്പിള്‍ സ്വന്തം എം സീരിസ് ചിപ്പുകളുമായി എത്തി മികവുകാട്ടിയതിനു പിന്നാലെ എഎംഡി, ക്വാല്‍കം കമ്പനികളുംമികച്ച പ്രൊസസറുകള്‍ അവതരിപ്പിച്ചു. ഇപ്പോള്‍ ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണ് ഇന്റലെന്ന് പുതിയ റിപ്പോര്‍ട്ട്. 

കമ്പനി താമസിയാതെ പുറത്തിറക്കാന്‍ പോകുന്ന ലൂനാര്‍ ലെയ്ക് പ്രൊസസര്‍ സീരിസ്, മൈക്രോസോഫ്റ്റ് കഴിഞ്ഞ ദിവസം പരിചയപ്പെടുത്തിയ കോപൈലറ്റ് പ്ലസ് പിസികള്‍ക്ക് ഏറെ മികവോടെ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന കരുത്താണ് കാട്ടാന്‍ പോകുന്നതെന്നാണ് സൂചന. നിര്‍മിത ബുദ്ധിയില്‍ (എഐ) അധിഷ്ഠിതമായാണ് അടുത്ത തലമുറ പിസികള്‍ പ്രവര്‍ത്തിക്കുക. ഇരുപതു പ്രശസ്ത ലാപ്‌ടോപ് നിര്‍മ്മാണ കമ്പനികള്‍ ഇപ്പോള്‍ നിര്‍മ്മിച്ചുവരുന്ന 80ലേറെ ലാപ്‌ടോപ് മോഡലുകളുടെ നെഞ്ചിലേറിയായിരിക്കും പുതിയ പ്രൊസസര്‍ സീരിസ് എത്തുക. 

പുതിയ സിപിയു കോറുകള്‍, ഇന്റലിന്റെ അതിനൂതന എക്‌സ്ഇ2 ജിപിയു ആര്‍ക്കിടെക്ചര്‍ തുടങ്ങിയവ ഇവയില്‍ ഉള്‍ക്കൊള്ളിക്കും. ഇവയ്ക്ക് സെക്കന്‍ഡില്‍ 60 ടെറാ ഓപറേഷന്‍സ് (ടോപ്‌സ്) നടത്താനുള്ള ശേഷിയുണ്ടായിരിക്കും. പുതിയ ന്യൂറല്‍ പ്രൊസസിങ് എഞ്ചിന് 45 ടോപ്‌സ് വരെ നടത്താന്‍ സാധിക്കുമെന്നുംറിപ്പോര്‍ട്ട്. ആപ്പിള്‍ അടക്കമുളള മറ്റു പ്രൊസസര്‍ നിര്‍മ്മാണ കമ്പനികള്‍ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തിയേക്കും ഇന്റലിന്റെ പുതിയ ലൂനാര്‍ ലെയ്ക് പ്രൊസസര്‍ സീരിസ്.

ഷഓമി റെഡ്മി പാഡ് എസ്ഇ ടാബ്, റെഡ്മി ബഡ്‌സ് 5എ ഇയര്‍ഫോണ്‍സ് പുറത്തിറക്കി

തങ്ങളുടെ 'സ്മാര്‍ട്ടര്‍ ലിവിങ്' ഇവന്റില്‍ പുതിയ റെഡ്മി പാഡ് എസ്ഇ ടാബ്‌ലറ്റ് പുറത്തിറക്കിയിരിക്കുകയാണ് ചൈനീസ് ടെക്‌നോളജി ഭീമന്‍ ഷഓമി. ടാബിന് 11-ഇഞ്ച് ഫുള്‍എച്ഡി പ്ലസ് റെസലൂഷനുള്ള ഡിസ്‌പ്ലെയാണ് ഉള്ളത്. സ്‌നാപ്ഡ്രാഗണ്‍ 680 പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്നു. ടാബിന് സെല്യുലാർ വേര്‍ഷന്‍ ഇല്ല. വൈ-ഫൈ കണക്ടിവിറ്റി മാത്രമേയുള്ളു. 

rayban2 - 1

ടാബിന്റെ 4ജിബി/128ജിബി വേരിയന്റിന് 13,999 രൂപയാണ് വില. 8ജിബി/128ജിബി വേരിയന്റിന് 14,999 രൂപ നല്‍കണം. ഐസിഐസിഐ ബാങ്ക് കാര്‍ഡ് ഉടമകള്‍ക്ക് 1000 രൂപയുടെ കിഴിവ് നല്‍കുന്നുണ്ട് കമ്പനി. തുടക്ക വേരിയന്റ്ഇത് എഴുതുന്ന സമയത്ത് 12999 രൂപയ്ക്കാണ്  ആമസോണ്‍ വില്‍ക്കുന്നത്.

റെഡ്മി ബഡ്‌സ് 5എ ടിഡബ്ല്യൂഎസ് ഇയര്‍ബഡ്‌സിന് 1,499 രൂപയാണ് വില. ഇതിന് 25ഡിബി വരെ ആക്ടിവ് നോയിസ് ക്യാന്‍സലേഷന്‍ ഉണ്ട്. ഗൂഗിള്‍ ഫാസ്റ്റ് പെയര്‍, ഐപിഎക്‌സ്4 റേറ്റിങ്, ബ്ലൂടൂത് 5.4, 30 മണിക്കൂര്‍ വരെ ബാറ്ററി ലൈഫ് തുടങ്ങിയവയും പുതിയ വയര്‍ലെസ് ഇയര്‍ഫോണ്‍സിന് ഉണ്ട്. വെറും 10 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 90 മിനിറ്റ് നേരത്തേക്ക് പ്രവര്‍ത്തിപ്പിക്കാമന്നും കമ്പനി അവകാശപ്പെടുന്നു. 

അലക്‌സയുടെ എഐ സേവനത്തിന് പൈസ ഈടാക്കാന്‍ ആമസോണ്‍

ആമസോണ്‍ കമ്പനി പ്രവര്‍ത്തിപ്പിക്കുന്ന ലോകപ്രശസ്തമായ വോയിസ് അസിസ്റ്റന്റ് അലക്‌സയ്ക്ക് പുതിയ എഐ വേര്‍ഷന്‍ പുറത്തിറക്കിയേക്കുമെന്ന് സിഎന്‍ബിസി. ഇത് ഉപയോഗിക്കേണ്ടവര്‍ മാസവരി നല്‍കണം. ആമസോണ്‍ പ്രൈം വരിസംഖ്യയ്ക്കുള്ളില്‍ വരില്ല ഈ തുക എന്നാണ് സൂചന. ആപ്പിളിന്റെ സിരിക്കുംപുതിയ പെയ്ഡ് വേര്‍ഷന്‍ ഇറക്കിയേക്കുമെന്നും പറയുന്നു. എഐ അസിസ്റ്റന്റുകളുടെ പ്രവര്‍ത്തനവും എഐ മത്സരത്തിന്റെ കളമാകുന്നു എന്നതാണ് ഇതെല്ലാം കാണിക്കുന്നത്. 

artificial-intelligence

ആര്‍ക്കെങ്കിലും വേണമെങ്കില്‍ വിറ്റേക്കാമെന്ന് ഹ്യുമെയ്ന്‍ എഐ പിന്‍

സ്മാര്‍ട്ട്‌ഫോണിന് എതിരാളിയാകാന്‍ എത്തിയ ഉപകരണമായ ഹ്യൂമെയ്ന്‍ എഐ പിന്‍ ആര്‍ക്കെങ്കിലും വേണമെങ്കില്‍ വിറ്റേക്കാമെന്ന് ഉടമകള്‍. ആരംഭിച്ചു മാസങ്ങള്‍ക്കുള്ളിലാണ്ഈ വെയറബ്ള്‍ വില്‍ക്കാന്‍ ഒരുങ്ങുന്നത്. റിവ്യൂകളില്‍ നിശിത വിമര്‍ശനം ഏല്‍ക്കേണ്ടിവന്നതാണ് വില്‍ക്കാനുള്ള പ്രധാന കാരണം എന്നാണ് പറയുന്നത്. ഇതിലുളളത് പാതിവെന്ത ടെക്‌നോളജിയാണ് എന്നും വിമര്‍ശനമുണ്ട്.

ai-pin-1 - 1

പ്രതീക്ഷിക്കുന്ന വില ഏകദേശം 750 ദശലക്ഷം മുതല്‍ 1 ബില്ല്യന്‍ ഡോളര്‍ വരെയാണെന്ന് ബ്ലൂംബര്‍ഗ്. മുന്‍ ആപ്പിള്‍ ജീവനക്കാരായ ഇമ്രാന്‍ ചൗധരിയും, ബെതനി ബോന്‍ഗിരോനോയും ചേര്‍ന്നാണ് കമ്പനി ആരംഭിച്ചതും പ്രവര്‍ത്തിപ്പിക്കുന്നതും. എഐ പിന്‍ ഉപകരണം വാങ്ങാന്‍ 699 ഡോളര്‍ നല്‍കണം. മാസവരിയായി 24 ഡോളറും. റാബിറ്റ് ആര്‍1 എന്ന പേരില്‍ സമാനതകളുള്ള മറ്റൊരു ഉപകരണവും പുറത്തിറക്കിയിരുന്നു. ഇതും ശോഭിച്ചില്ല.

ബിങ് സേര്‍ച്ചും, കോപൈലറ്റും പണിമുടക്കി

ജിപിറ്റി-4 എഐയുടെ ശേഷിയുള്ള മൈക്രോസോഫ്റ്റ് കോപൈലറ്റ്, ബിങ് ഇന്റര്‍നെറ്റ് സേര്‍ച്ച് എന്നിവ ലോകത്തിന്റെ പല ഭാഗങ്ങളിലും മെയ് 23ന് കുറേ നേരത്തേക്ക് പ്രവര്‍ത്തനരഹിതമായെന്ന് ഡൗണ്‍ഡിറ്റെക്ടര്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. 

bing - 1

ഷി ജിന്‍പിങിനെ കേന്ദ്രമാക്കി ചാറ്റ്‌ബോട്ട് ഇറക്കി ചൈന!

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങിന്റെ ചിന്തകളെ കേന്ദ്രമാക്കി പുതിയ എഐ ചാറ്റ്‌ബോട്ട് പുറത്തിറക്കി എന്ന് ദി ഫൈനാന്‍ഷ്യല്‍ ടൈംസ്. ഷിയുടെ തത്വചിന്തയെ അടിസ്ഥാനമാക്കിയാണ് പുതിയ ചാറ്റ്‌ബോട്ട് പ്രവര്‍ത്തിക്കുക. ലോകമെമ്പാടും ഈ ട്രെന്‍ഡ് പിടിപെടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com