നരഭോജികളായ ചെന്നായ്ക്കളുടെ ഭീകരവാഴ്ച, 2 മാസത്തിനിടെ 8 മരണം; ഇൻഫ്രാറെഡ് ഡ്രോണുകളുമായി യുപി വനംവകുപ്പ്
Mail This Article
യുപിയിലെ ബഹ്റൈച്ച് പ്രദേശത്ത് കഴിഞ്ഞ രണ്ട് മാസമായി പ്രദേശത്തെ ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ് നരമാംസം രുചിച്ച ചെന്നായ്ക്കൾ. ഇതുവരെ കുറച്ച് ചെന്നായ്ക്കളെ വനംവകുപ്പ് പിടികൂടിയിട്ടുണ്ട്, ബാക്കിയുള്ളവയെ പിടികൂടാനുള്ള ശ്രമത്തിലുമാണ്. ജില്ലാ വനം വകുപ്പ് 'ഓപ്പറേഷൻ ഭേദിയ' ആരംഭിച്ചിരിക്കുന്നത്. നരഭോജികളായ ചെന്നായ്ക്കളുടെ ഭീകരത തുടരുന്ന സാഹചര്യത്തിൽ പിടികൂടാൻ ഭരണകൂടം പുതിയ രീതികൾ പരീക്ഷിക്കുകയാണ്.
പുലിയെയും കടുവയെയും കുടുക്കാനുള്ള തന്ത്രങ്ങൾ ചെന്നായ്ക്കളെ പിടിക്കുന്നതിൽ ഫലിക്കുന്നില്ലെന്നു കണ്ടതോടെയാണ് വനംവകുപ്പ് ഇൻഫ്രാറെഡ് ഡ്രോണുകൾ ബഹ്റൈച്ച് പ്രദേശത്ത് വിന്യസിച്ചത്. തെർമൽ ക്യാമറയുപയോഗിച്ചുള്ള പരിശോധനയിൽ ചില ചെന്നായ്ക്കളെ കണ്ടെത്തുകയും ചെയ്തു. പിടികൂടിയവയെ ഷെൽറ്ററുകളിലേക്കു മാറ്റുകയും ചെയ്തു
ഇൻഫ്രാറെഡ് ക്യാമറ ഡ്രോണുകൾ അല്ലെങ്കിൽ തെർമൽ ഡ്രോണുകൾ താപം തിരിച്ചറിയാൻ കഴിയുന്ന പ്രത്യേക ക്യാമറകൾ കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ആളില്ലാ വിമാനങ്ങളാണ് (UAVs). ഇത്തരത്തിലുള്ള ഡ്രോണുകൾ ഓപ്പറേറ്റ് ചെയ്യുന്ന പതിനാറോളം സംഘങ്ങളെയാണ് വിന്യസിച്ചിരിക്കുന്നത്.
ഇൻഫ്രാറെഡ് ക്യാമറകൾ എങ്ങനെ പ്രവർത്തിക്കുന്നു
ഇൻഫ്രാറെഡ് ക്യാമറകൾ വസ്തുക്കൾ പുറത്തുവിടുന്ന താപ ഊർജ്ജം കണ്ടെത്തുന്നു.ഈ ചൂട് മനുഷ്യന്റെ കണ്ണിന് അദൃശ്യമാണെങ്കിലും ദൃശ്യ ചിത്രങ്ങളായി പകർത്താനും പ്രദർശിപ്പിക്കാനും കഴിയും. ക്യാമറയുടെ സെൻസർ ഇൻഫ്രാറെഡ് വികിരണം അളക്കുകയും അതിനെ ഒരു വൈദ്യുത സിഗ്നലാക്കി മാറ്റുകയും ചെയ്യുന്നു, അത് ഒരു തെർമൽ ഇമേജ് സൃഷ്ടിക്കാൻ പ്രോസസ്സ് ചെയ്യുന്നു.