ഇനി വാട്സാപ്പിലും പരസ്യവിളികളെത്തും, ആകർഷിക്കാനായി എഐ;ഒഴിവാക്കണമെങ്കിൽ ഇങ്ങനെ
Mail This Article
പരസ്യങ്ങളും പരസ്യവിളികളും ഇനി വാട്സാപ്പിലുമെത്തും. ടെലികോം റഗുലേറ്ററി അതോറിറ്റി (ട്രായ്) നിയന്ത്രണം കടുപ്പിച്ചതോടെ മന്ദഗതിയിലായ ടെലിമാർക്കറ്റിങ് മേഖലയെ വാട്സാപ് ബിസിനസ് ആപ്പിലേക്ക് ആകർഷിക്കാനായി എഐ മോഡലുകൾ അവതരിപ്പിക്കാൻ തയാറെടുക്കുകയാണ് മെറ്റ ഇന്ത്യ കമ്പനി. നിർമിത ബുദ്ധി ഉപയോഗിച്ച് ചെറുകിട സ്ഥാപനങ്ങൾക്ക് വ്യക്തി കേന്ദ്രീകൃത പരസ്യങ്ങളും ബൾക്ക് മാർക്കറ്റിങ് കോളുകളും ചെയ്യാനുള്ള സൗകര്യമാണ് വാട്സാപ് വാഗ്ദാനം ചെയ്യുന്നത്.
എഐ അസിസ്റ്റന്റ്, എഐ ഏജന്റ് എന്നിങ്ങനെ രണ്ടു സംവിധാനങ്ങളാണ് വാട്സാപ് ബിസിനസ് ആപ്പിൽ മെറ്റ ഉടൻ പരീക്ഷിക്കാൻ ആലോചിക്കുന്നത്. ഉപയോക്താക്കളുമായി നേരിട്ടു സംവദിക്കാനും ബിസിനസ് മോഡലുകൾ പ്ലാൻ ചെയ്യാനും എഐ ഏജന്റ് സഹായിക്കും. ചെറുകിട കച്ചവടക്കാർക്കായി വ്യക്തിഗത പരസ്യങ്ങളും മാർക്കറ്റിങ്ങുമാണ് എഐ അസിസ്റ്റന്റിന്റെ പ്രത്യേകത. അമേരിക്കയിലും സിംഗപ്പൂരിലും എഐ അസിസ്റ്റന്റ് നിലവിലുണ്ട്.
വാട്സാപ്പിൽ പരസ്യങ്ങളുമായി എത്തുന്ന കമ്പനികളെ ബ്ലോക്ക് ചെയ്യാനുള്ള സംവിധാനവും ഉപയോക്താക്കൾക്ക് നൽകിയാകും ബിസിനസ് മോഡൽ അവതരിപ്പിക്കുക. റജിസ്റ്റർ ചെയ്യാതെ, തുടർച്ചയായി അനാവശ്യ കോളുകളും സന്ദേശങ്ങളും അയച്ച 2.75 ലക്ഷം ടെലിമാർക്കറ്റിങ് നമ്പറുകൾ ട്രായ് അടുത്തിടെ വിഛേദിച്ചിരുന്നു.
ടെലി മാർക്കറ്റിങ് കമ്പനികൾക്ക് റജിസ്ട്രേഷൻ നിർബന്ധമാണ്. റജിസ്റ്റർ ചെയ്യാത്ത ടെലിമാർക്കറ്റിങ് കമ്പനികളുടെ എല്ലാ സന്ദേശങ്ങളും എത്രയും വേഗം നിർത്തണമെന്നും കോളുകൾ ആവർത്തിച്ചാൽ വിലക്കു വീഴുമെന്നും ട്രായ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.