ഗൂഗിളിൽ ജോലിയാണോ ലക്ഷ്യം,എന്തൊക്കെ കഴിവുകൾ വേണം? പ്രൊഡക്ട് മാനേജരായ കഥയുമായി വിനോദ് തോമസ്
Mail This Article
കളിപ്പാട്ടങ്ങളും കംപ്യൂട്ടറുകളും അഴിച്ചു പണിയാനുള്ള ഒരു കുട്ടികൗതുകത്തിൽനിന്നും,ഇപ്പോള്‍ ഗൂഗിളിലെ വമ്പൻപ്രൊജക്ടുകള്‍ക്കും നേതൃത്വം നല്‍കിവരുന്ന പ്രധാനപ്പെട്ട പ്രൊഡക്ട് മാനേജര്‍മാരില്‍ ഒരാളായി തീര്‍ന്നത് വിനോദ് തോമസിന്റെ അർപ്പണബോധത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും കഥയാണ്. ഗൂഗിള്‍ പോലുള്ള ടെക് ഭീമന്‍മാരിൽ ജോലി നേടാനാഗ്രഹിക്കുന്ന എല്ലാ ഉദ്യോഗാര്‍ഥികൾക്കും പഠിക്കാവുന്നതും പകര്‍ത്താവുന്നതുമായ നേട്ടമാണ് ഈ മലയാളിയുടെ പക്കാ പ്രൊഫഷണൽ ജീവിതം.
ടെക്‌നോളജിയോടുള്ള സ്നേഹം ചെറുപ്പത്തില്‍ത്തന്നെ
സങ്കീര്‍ണങ്ങളായ ചോദ്യങ്ങള്‍ ചോദിച്ച് മാതാപിതാക്കളെ സദാ കുഴപ്പിച്ചുകൊണ്ടിരുന്ന ബാലൻ രണ്ടായിരമാണ്ടിന്റെ തുടക്കത്തിൽ, കംപ്യൂട്ടറുകളെക്കുറിച്ച് കൂടുതൽ അറിഞ്ഞുതുടങ്ങിയപ്പോൾ, സ്വന്തമായി ഒരു വെബ്‌സൈറ്റ് തന്നെ ഉണ്ടാക്കി. കുടുംബത്തിലെ പല അംഗങ്ങളും വൈദ്യശാസ്ത്ര മേഖലയിലെ ജോലികള്‍ ചെയ്തു വന്നിരുന്നെങ്കിലും ടെക്നോളജി പ്രേമത്താൽ എൻജിനിയറിങ്ങിലേക്കു തിരിയാൻ തീരുമാനിച്ചു. അടക്കാനാകാത്ത ജിജ്ഞാസയുടെയും, ടെക്‌നോളജി മേഖലയില്‍ നേട്ടങ്ങളുണ്ടാക്കാനുള്ള ആഗ്രഹത്തിന്റെയും ഫലമായിരുന്നു ഈ മേഖലയിലേക്കുള്ള എടുത്തുചാട്ടം.
കിന്‍ഡര്‍ഗാര്‍ട്ടന്‍ മുതല്‍ ഹൈസ്‌ക്കൂള്‍ വരെ അഞ്ച് വ്യത്യസ്ത സ്‌കൂളുകളില്‍ പഠിക്കേണ്ടിവന്നത് ഒരു വെല്ലുവിളി തന്നെ ആയിരുന്നെങ്കിലും നിരന്തര മാറ്റങ്ങളിലൂടെ കടന്നുപോകുകയെന്നത് പിന്നീട് അനുകൂല ഘടകമായി മാറി. നിരന്തരം മാറിക്കൊണ്ടിരിക്കുന്ന മേഖലയായ ടെക്‌നോളജി ഇൻഡസ്ട്രിയിൽ മാറ്റങ്ങളോടു പൊരുത്തപ്പെടുകയെന്നത് അതിനിര്‍ണായകമായ കഴിവാണ്.
അസാധാരണ കഴിവ് മാത്രമല്ല പഠിക്കാനും പരിണമിക്കാനും ഏതു സാഹചര്യത്തിലും പൊരുത്തപ്പെടാനുമുള്ള കഴിവുമാണ് ഗൂഗിളിൽ ജോലി തേടുന്ന ഉദ്യോഗാർഥിക്ക് ആവശ്യമെന്നത് ഡേവിഡ് റൂബൻസ്റ്റൈന്റെ പീയർ ടു പിയർ കോൺവർസേഷൻ എന്ന ടോക് ഷോയിൽ ഗൂഗിളിന്റെ തൊഴിൽ ആശയങ്ങൾ സിഇഒ സുന്ദർ പിച്ചൈ പങ്കുവച്ചതും ഇതുമായി കൂട്ടി വായിക്കാം.
പൈതൃകമായി നേട്ടങ്ങള്‍-കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ട്
ഡോക്ടേഴ്സ് ആയ മാതാപിതാക്കളും ഉയർന്ന പദവികള്‍ വഹിച്ചിരുന്ന അവരുടെ രക്ഷിതാക്കളുമൊക്കെ അവരവരുടെ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരായിരുന്നു. ഇതേപോലെ വിദ്യാഭ്യാസത്തിന് വലിയ മൂല്യം കല്‍പ്പിച്ചിരുന്ന ഒരു കുടുംബത്തില്‍ വളര്‍ന്നുവന്ന വിനോദിന്, ഏതു നേട്ടങ്ങളും മറികടക്കാനുള്ളതാണെന്ന ആത്മവിശ്വാസം നൽകിയതും കുടുംബമാണ്. ഈ മാനസികാവസ്ഥയാണ് ഇപ്പോഴും അദ്ദേഹത്തിന്‍ ചാലകശക്തിയായി പ്രവര്‍ത്തിച്ച്, നേട്ടങ്ങള്‍ കൈവരിച്ച വ്യക്തികളുടെ അനുഭവങ്ങളില്‍ നിന്ന് പഠിച്ചെടുക്കാന്‍ പ്രേരണ നല്‍കിക്കൊണ്ടിരിക്കുന്നത്.
വഴിത്തിരിവായ പഠനം
ഏറ്റവും മികച്ച എൻജിനിയറിങ് സ്ഥാപനങ്ങളിലൊന്നായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, തിരുച്ചിറപ്പള്ളിയില്‍ ചേരാന്‍ സാധിച്ചതാണ്ജീവിതത്തിലെ ഒരു വഴിത്തിരിവായത്. അതിനൂതന സാങ്കേതികവിദ്യയെക്കുറിച്ച് അറിയാൻ ലോക നിലവാരമുള്ള അധ്യാപകരുടെ ക്ലാസുകള്‍ സഹായകമായി. ഏറ്റവും മികച്ച സഹപാഠികൾക്കൊപ്പം എന്നാൽ അതേസമയം കഠിനമായ വിദ്യാഭ്യാസ കാലഘട്ടം വിവിധ കമ്പനികളില്‍ അദ്ദേഹത്തിന് സഹായകരമായി.
ആദ്യ ജോലി ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡില്‍ (എച്പിസിഎല്‍) ആയിരുന്നു. ഇവിടെ റീട്ടെയില്‍ ഔട്ട്‌ലറ്റുകളിലേക്കുള്ള പെട്രോള്‍ വിതരണം ഓട്ടോമേറ്റ് ചെയ്യുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. ബിസിനസ് സ്ഥാപനങ്ങളുടെ മാര്‍ക്കറ്റ് പ്ലേസുകള്‍ മാനേജ് ചെയ്യാന്‍ സാധിച്ചു. ഇത് പ്രൊഡക്ട് മാനേജ്‌മെന്റ് മേഖലയില്‍ മികവു പുലര്‍ത്താന്‍ ഗുണകരമായി. കൂടാതെ, ഭാവിയില്‍ ബിസിനസ് മേഖലയിലെ മാര്‍ക്കറ്റ് പ്ലേസസ് ഉയര്‍ത്തുന്ന വെല്ലുവിളികളെക്കുറിച്ചും, നല്‍കുന്ന അവസരങ്ങളെക്കുറിച്ചും ബോധവാനാകാന്‍ എച്പിസിഎല്‍ അനുഭവം അദ്ദേഹത്തെ സഹായിച്ചു. ഇത് പില്‍ക്കാലത്ത് അമൂല്ല്യമായ അനുഭവ സമ്പത്തായി മാറുകായിരുന്നു.
വളർച്ചയിലേക്കൊരു ചവിട്ടുപടി
ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബേസോസിന്റെ റിഗ്രെറ്റ് മിനിമൈസേഷന്‍ ഫ്രേംവര്‍ക് ആശയത്തില്‍ ആവേശം തോന്നിയാണ് അമേരിക്കയില്‍ പോയി കൂടുതല്‍ വിദ്യാഭ്യാസം നേടണമെന്ന തീരുമാനത്തിലെത്തിയത്. അജ്ഞാതമായ ഇടത്തേക്കുള്ള ഈ എടുത്തുചാട്ടമാണ് വിദ്യാഭ്യാസത്തെക്കുറിച്ചും, തൊഴിലിടങ്ങളെക്കുറിച്ചും സങ്കല്‍പ്പങ്ങള്‍ക്ക് മാറ്റംവരുത്തിയതും. വീട്ടില്‍ നിന്ന് ഏറെ അകലെ ജീവിക്കേണ്ടി വരുമ്പോള്‍ ഉണ്ടാകുന്ന വെല്ലുവിളികള്‍ക്കിടയിൽ നിരന്തരം പഠിച്ചും, വിദഗ്ധരുടെ ഉപദേശങ്ങള്‍ തേടിയും ലക്ഷ്യത്തേക്കുള്ള യാത്ര തുടങ്ങി.
ഗൂഗിള്‍: സ്വപ്‌ന സാഫല്ല്യം
ഗൂഗിള്‍ വിനോദിന് എക്കാലത്തെയും സ്വപ്‌ന കമ്പനികളിലൊന്നായിരുന്നു. ഊബര്‍, ആമസോണ്‍, ഗ്രൂപ്പോള്‍, എച്പിസിഎല്‍ തുടങ്ങിയ കമ്പനികളില്‍ ജോലിയെടുത്തിരുന്നു എങ്കിലും ഗൂഗിളിന്റെ തൊഴിൽ സംസ്‌കാരവും, നിപുണരായ ജീവനക്കാരും, പ്രചോദനകമായ ദൗത്യങ്ങളും വിനോദിനെ അതിയായി ആകർഷിച്ചു.
ഗൂഗിളിലേക്കുള്ള വിനോദിന്റെ പ്രയാണം ഒരു ജോലി സമ്പാദിക്കുക എന്ന ലക്ഷ്യപ്രാപ്തിക്കു വേണ്ടിയായിരുന്നില്ല; മറിച്ച് ജീവിതകാലം മുഴുവന്‍ കൊണ്ടു നടന്നിരുന്ന ഒരു ആഗ്രഹ സഫലീകരണം ആയിരുന്നു. ഇതിനു വേണ്ടി നടത്തിയ മുന്നൊരുക്കത്തിനായി അത്യധ്വാനം ചെയ്യേണ്ടിവന്നു.
മൊത്തം അനുഭവങ്ങളില്‍ നിന്നും ഊര്‍ജ്ജമെടുത്തായിരുന്നു ഇന്റര്‍വ്യൂവിന് തയാറെടുത്തത്. ടെക്‌നോളജിയില്‍ അഗാധമായ താൽപര്യമുണ്ടെന്നുള്ളത് മാത്രമല്ല, ഗൂഗിളിന് ചേര്‍ന്നയാളാണ് താന്‍ എന്നു കമ്പനിയെ ധരിപ്പിക്കാന്‍ വിനോദിന് സാധിച്ചതോടെയാണ് വാതിലുകൾ തുറന്നത്. അധ്വാനവും, മേഖലയിലെ പരിചയവും ഒക്കെ യഥാസമയങ്ങളില്‍ അദ്ദേഹത്തിന് തുണയായി.
ഇപ്പോൾ ഗൂഗിളിലെ പ്രൊഡക്ട് മാനേജര്‍ പദവിയിലിരുന്ന്, കണക്ടട് ടിവി പരസ്യ ബിസിനസ് വിഭാഗത്തെ നയിക്കുകയാണ് വിനോദ് തോമസ്. ഡിസ്‌പ്ലെ ആന്‍ഡ് വിഡിയോ 360 എന്ന ടീമിനുള്ളിലാണ് ഈ വിഭാഗം പ്രവര്‍ത്തിക്കുന്നത്. ഇതിന് ഒരു എന്റര്‍പ്രൈസ് ഡിമാന്‍ഡ് സൈഡ് പ്ലാറ്റ്‌ഫോം എന്ന വിവരണമാണ് ഉള്ളത്. ഈ വിഭാഗത്തിനു വേണ്ട തന്ത്രങ്ങള്‍ മെനയുക, മുന്നോട്ടുളള ചുവടുവയ്പ്പുകള്‍ തീരുമാനിക്കുക, സഹപ്രവര്‍ത്തകരും പുറത്തുള്ളവരുമായി സഹകരിച്ച് പുതുമയും പുരോഗതിയും കൈവരിക്കുക തുടങ്ങിയവയാണ് വിനോദിന്റെ ഇപ്പോഴത്തെ ചുമതലകള്‍.
അടുത്തിടെ കണക്ടട് ടിവികള്‍ക്ക് (Connected TV (CTV) ഡിസ്‌പ്ലെ ആന്‍ഡ് വിഡിയോ 360യില്‍, പബ്ലിഷര്‍ എലിജിബിലിറ്റി ചെക്ക്‌സ് (Publisher Eligibility Checks) അവതരിപ്പിക്കുന്നതില്‍ അദ്ദേഹം നിർണായക പങ്കുവഹിച്ചു. സിടിവി പബ്ലിഷര്‍മാര്‍ പ്രതീക്ഷിക്കുന്ന ഉന്നത നിലവാരം തങ്ങളുടെപരസ്യങ്ങള്‍ക്ക് ഉണ്ടെന്ന് ഉറപ്പുവരുത്താന്‍ പരസ്യദാതാക്കള്‍ക്ക് തട്ടിച്ചുനോക്കാന്‍ സാധിക്കുന്ന ഒന്നാണ് ഈ ടൂള്‍. കണക്ടഡ് ടിവി അഡ്വര്‍ട്ടൈസിങ് വിഭാഗത്തില്‍ എത്തുന്നതിനു മുമ്പ് വിനോദ് ഗൂഗിള്‍ ഡൊമെയ്ന്‍സിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ആഗോള തലത്തില്‍ സ്‌മോള്‍ ആന്‍ഡ്മീഡിയം ബിസിനസുകാര്‍ക്കായുള്ള ലോകത്തെ ഏറ്റവും വലിയ ഡൊമെയ്ന്‍ റജിസ്ട്രാറുകളില്‍ ഒന്നായിരുന്നു അത്.
ജിജ്ഞാസയും, കാഴ്ചപ്പാടുമാണ് വിജയകരമായ പ്രൊഡക്ട് മാനേജ്‌മെന്റിന് അത്യന്താപേക്ഷിതമായ കാര്യങ്ങളെന്ന് വിനോദ് ഉറച്ചുവിശ്വസിക്കുന്നു. പ്രത്യേകിച്ചും നിര്‍മ്മിത ബുദ്ധി, മെഷീന്‍ ലേണിങ്, ഹ്യൂമന്‍ മെഷീന്‍ ഇന്റര്‍ഫെയ്‌സുകള്‍ തുടങ്ങിയവ സദാ ഉരുത്തിരിഞ്ഞു വന്നുകൊണ്ടിരിക്കുന്നഈ കാലത്ത് ലോകത്തെക്കുറിച്ച് ജിജ്ഞാസാ പൂര്‍വ്വമായ ഒരു കാഴ്ചപ്പാട് നിലനിര്‍ത്തണം എന്ന് അദ്ദേഹം ഊന്നിപ്പറയുന്നു. ഈ പുതിയ ടെക്‌നോളജികള്‍ തന്ത്രപരമായി ഉപയോഗിച്ച് അര്‍ത്ഥവത്തായ പുതിയ ഉല്‍പ്പന്നങ്ങള്‍ സൃഷ്ടിച്ചെടുക്കണമെന്നും അദ്ദേഹം പറയുന്നു.
നൂറുകണക്കിന് ഉപയോക്താക്കളുള്ള ഗൂഗിള്‍ ഉല്‍പ്പന്നങ്ങള്‍ക്ക് സൂക്ഷ്മതയ്ക്കും, ഉപയോക്താക്കളുടെ സംതൃപ്തിക്കും പ്രാധാന്യം നല്‍കുക എന്നത് നിര്‍ണ്ണായകമായ കാര്യമാണ്. തന്റെ ഉത്തരവാദിത്വത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഓരോ പ്രൊഡക്ടിനെക്കുറിച്ചും സ്വയം വീണ്ടുവിചാരംനടത്തുമെന്ന് വിനോദ് പറയുന്നു-ഒരു ഉപയോക്താവ് എന്ന നിലയില്‍ ഇതിന്റെ പ്രവര്‍ത്തനത്തില്‍ താന്‍ തൃപ്തനാണോ, എന്നായിരിക്കും അദ്ദേഹം സ്വയം ചോദിക്കുക. അതിനാല്‍ തന്നെ ഓരോ ഉല്‍പ്പന്നത്തിന്റെയും ഒരോ വിഭാഗവും നന്നായി പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പാക്കാന്‍ സാധിക്കുന്നു.
മുന്നോട്ടു കടന്നുവരുന്ന കേരളത്തിലെ മിടുക്കര്‍ക്കുള്ള ഉപദേശം
കേരളത്തില്‍ അവിശ്വസനീയമായ സാമാര്‍ത്ഥ്യമുള്ള പ്രൊഫഷണലുകള്‍ ഉണ്ട്. എന്നാല്‍, ഇവര്‍ക്ക് സഹപാഠികളില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും മത്സരം നേരിടേണ്ടിവരാത്തതും, കൃത്യമായ ഉപദേശങ്ങള്‍ ലഭിക്കാത്തതും നിര്‍ണ്ണായകമായ തീരുമാനങ്ങള്‍ എടുക്കുന്നതിൽ സഹായകമാകുന്നില്ലെന്നുളള കാര്യം താന്‍ ശ്രദ്ധിച്ചുവരികയാണെന്ന് വിനോദ് പറയുന്നു.
യുവപ്രൊഫഷണലുകള്‍ ലിങ്ക്ട്ഇന്‍, യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകള്‍ പ്രയോജനപ്പെടുത്തി വിജയിച്ച പ്രൊഫഷണലുകളുടെ വഴിത്താരകളെക്കുറിച്ച് പഠിക്കണം എന്ന് അദ്ദേഹം നിര്‍ദ്ദേശിക്കുന്നു.
കരുത്തുറ്റ ഒരു പ്രൊഫഷണല്‍ നെറ്റ്‌വര്‍ക് ഉണ്ടായിരിക്കുക എന്നത് മാത്സര്യം നിറഞ്ഞ ടെക്‌നോളജി മേഖലിയിലെ വെല്ലുവിളികള്‍ നേരിടുന്ന കാര്യത്തില്‍ നിര്‍ണ്ണായകമാണ്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ പദ്ധതികള്‍ രൂപപ്പെടുത്തുക. ചെറിയ വിജയങ്ങള്‍ ആഘോഷമാക്കുക. ചുറ്റും പിന്തുണയ്ക്കുന്നവര്‍ അല്ലെങ്കില്‍ സഹായകമായ സിസ്റ്റം ഉണ്ടെന്ന് ഉറപ്പുവരുത്തുക, അദ്ദേഹം ഉപദേശിക്കുന്നു.
ഗൂഗിള്‍ പോലെയുള്ള ടെക്‌നോളജി ഭീമന്മാരില്‍ ജോലിയെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഒരു ഉപദേശം നല്‍കുന്നുണ്ട് വിനോദ്: അടിസ്ഥാന തത്വങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു പുറമെ ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ കഴിവുകള്‍ വളര്‍ത്തിക്കൊണ്ടിരിക്കുക. അപേക്ഷയില്‍ പ്രാധാന്യമര്‍ഹിക്കുന്ന (quantifiable) നേട്ടങ്ങള്‍ക്ക് പ്രഥമസ്ഥാനം നല്‍കുക. തയാറെടുക്കലാണ് മറ്റൊരു നിര്‍ണ്ണായകമായ ഘടകം. മോക് ഇന്റര്‍വ്യൂകളില്‍ പങ്കെടുക്കുക, മറ്റുള്ളവരുടെ പ്രതികരണങ്ങള്‍ കേള്‍ക്കുക. നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുക എന്നതും നിര്‍ണ്ണായകമാണ്.
ഭാവി ലക്ഷ്യങ്ങള്‍: എഐ മേഖലയില്‍ നൂതനത്വം കൊണ്ടുവരിക, ടെക്‌നോളജി മേഖലയ്ക്ക് സംഭാവനകള്‍ നല്‍കുക
ഗുണകരമായ രീതിയല്‍ നവീനമായ ഉല്‍പ്പന്നങ്ങള്‍ സൃഷ്ടിക്കുക. അതിനായി പ്രൊഡക്ട് മനേജ്‌മെന്റില്‍ തന്റെ വൈദഗ്ധ്യം പ്രയോജനപ്പെടുത്തുക എന്നതാണ് ലക്ഷ്യം എന്ന് വിനോദ് പറയുന്നു. നിര്‍മിതബുദ്ധിയുടെ കാര്യത്തില്‍ ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്ന പുരോഗതി പ്രയോജനപ്പെടുത്തി ബിസിനസുകാര്‍ക്ക് പ്രയോജനകരമായ ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കാനും അദ്ദേഹം ആഗ്രഹിക്കുന്നു.
ഔദ്യോഗികജീവിതം വിജയകരമായി മുന്നോട്ടു പോകുന്ന ഈ ഘട്ടത്തില്‍ തന്നാലാകുന്നത് ടെക്‌നോളജി മേഖലയ്ക്ക് തിരിച്ചു നല്‍കണമെന്നും അദ്ദേഹം ആഗ്രഹിക്കുന്നു. പുതു തലമുറയ്ക്കായി ഉപദേശം നല്‍കുക എന്നതും, തന്റെ ആര്‍ജ്ജിത വിജ്ഞാനം പങ്കുവയ്ക്കുക എന്നതും ഈ മേഖലയുടെ പുരോഗതിക്ക് ഗുണകരമാകുമെന്നും വിനോദ് തോമസ് പറയുന്നു.